വൈവിധ്യങ്ങളാൽ സമ്പൂഷ്‌ടമായ ഭൂമിയെ മറ്റു ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് വിവിധങ്ങളായ ജലസ്രോതസ്സുകളുടെ സാന്നിദ്ധ്യമാണ്. ഭൂമിയിൽ ജീവന്റെ കണികകളുടെ ഉത്ഭവത്തിനും നിലനിൽപ്പിനും സുപ്രധാന പങ്ക് വഹിക്കുന്നത് ജലത്തിന്റെ സാന്നിദ്ധ്യം തന്നെയാണ്. ജലമില്ലാതെ ജീവജാലങ്ങൾക്ക് ഈ പ്രപഞ്ചത്തിൽ നിലനിൽപ്പില്ല. ഭൂമി നീല ഗ്രഹമായി കാണപ്പെടുന്നതിന് കാരണമാകുന്നത് ജലത്തിന്റെ സാന്നിദ്ധ്യമാണ്. ഭൂമിയിൽ കാണപ്പെടുന്ന ജലത്തിന്റെ ആകെ അളവിൽ 2.5% മാത്രമാണ് ശുദ്ധജലം. ഇക്കാരണത്താൽ ജലസ്രോതസ്സുകളും അവയുടെ സംരക്ഷണവും വളരെ പ്രാധാന്യത്തോടെ നാം കണക്കാക്കേണ്ടി വരുന്നു. ഭൂമി എക്കാലവും കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ പ്രകൃതിക്ഷോഭങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനവും അശാസ്ത്രീയ ഭൂവിനിയോഗവും അമിത പ്രകൃതി വിഭവ ചൂഷണവും ഭൂമിയെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. ആയതിനാൽ ജലസ്രോതസ്സുകളുടെ നശീകരണത്തിന് സുപ്രധാന പങ്ക് വഹിക്കുന്നത് ഇവയാണെന്ന് പറയാം.
ഒരു പ്രദേശത്തിന്റെ ഭൂവിജ്ഞാനീയം, ഭൂരൂപങ്ങൾ, ഭൂവിനിയോഗം, മണ്ണ്, ചരിവ് ലഭ്യമായ മഴ തുടങ്ങി വിവിധങ്ങളായ പ്രത്യേകതകളും ഒപ്പം ജല ഉപഭോഗത്തിന്റെ അളവും മാനുഷിക ഇടപെടലുകളും ആ പ്രദേശത്തിന്റെ ആകെ ജലലഭ്യതയെ സ്വാധീനിക്കുന്നു. അക്കാരണത്താൽ ഓരോ പ്രദേശത്തിന്റെയും വിവരങ്ങൾ ശേഖരിക്കുന്നതിനോടൊപ്പം ശാസ്ത്രീയമായ പഠനത്തെക്കൂടി മുൻനിർത്തി ജലം സംരക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയുടെ ആവശ്യമായി വരുന്നു. കാരണം വരൾച്ചയുടെ മുൾമുനയിൽ നിൽക്കുന്ന ഈ കാലഘട്ടത്തിൽ ഭൂമിയുടെ ജലസമ്പത്തിനെ പരിപോഷിപ്പിച്ചില്ലെങ്കിൽ അത് വരും തലമുറയുടേയും ഭൂമിയുടേയും നാശത്തിലേക്ക് വഴിതെളിയിക്കുമെന്നതിൽ സംശയമില്ല.
വളരെയധികം ജലസ്രോതസ്സുകൾ കൊണ്ട് സമ്പന്നമാണ് കേരള സംസ്ഥാനം. എന്നിരുന്നാലും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ആഗ്നേയ ശിലകളുടെ സാന്നിദ്ധ്യവും ഭൂജലസമ്പത്തിന്റെ ലഭ്യതയെ പരിമിതപ്പെടുത്തുന്നു. അടുത്ത കാലങ്ങളായി കണ്ടു വരുന്ന ഭൂവിനിയോഗത്തിലെ അപാകതകളും നഗരവത്കരണവും കൃഷി രീതികളുമെല്ലാം ഒരു പരിധിവരെ ജലദൗർലഭ്യത്തിന്റെ തോത് ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മണ്ണ്, ജലം, ജൈവ സമ്പത്ത് തുടങ്ങിയവയുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കി വരുന്ന കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്, 2024-25 സാമ്പത്തിക വർഷം തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കണ്ണൂർ ജില്ലയിലെ പാനൂർ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ ജലവിഭവ പരിപാലന രേഖ തയ്യാറാക്കുകയാണ്. ഭൂഗർഭ ജലത്തിന്റെ ഉപഭോഗ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ള സംസ്ഥാന ഭൂജല വകുപ്പിന്റെ ക്ലാസ്സിഫിക്കേഷനിൽ സെമി ക്രിട്ടിക്കൽ കാറ്റഗറിയിലാണ് ഈ മൂന്നു ബ്ലോക്കുകളും ഉൾപ്പെട്ടിരിക്കുന്നത്. വാട്ടർ റിസോഴ്സ് കൺസർവേഷൻ ആൻഡ് മാനേജ്‌മന്റ് പ്ലാൻ സെമി ക്രിട്ടിക്കൽ ബ്ലോക്‌സ് എന്ന പദ്ധതിക്കു കീഴിലാണ് ഇവ വിഭാവനം ചെയ്തിട്ടുള്ളത്.
ജലസ്രോതസ്സുകളുടെ വിവരശേഖരം തയ്യാറാക്കുകയും അവയെ ശാസ്ത്രീയമായി വിശകലനം ചെയ്ത് ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും, പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പരിപാലനമുറകൾ തയ്യാറാക്കുകയാണ് സജലം പദ്ധതിയുടെ ലക്ഷ്യം. ഐക്യരാഷ്ട്രസഭ 2030-ഓടെ നേടിയെടുക്കാൻ ഉദ്ദേശിച്ച് മുന്നോട്ടുവച്ചിട്ടുള്ള 17 ലക്ഷ്യങ്ങളായ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ [Sustainable Development Goals (SDG)] ആറാമത്തേതായുള്ള ശുദ്ധമായ വെള്ളവും ശുചിത്വവും എന്ന ലക്ഷ്യവുമായി ചേർന്ന് പോകുന്ന ഒന്നായി പരിഗണിക്കാവുന്നതാണ് സജലം പദ്ധതി.