തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് അണ്ടൂർക്കോണം. പള്ളിപ്പുറം അണ്ടൂർക്കോണം എന്നീ വില്ലേജ് ഉൾപ്പെട്ടിരിക്കുന്ന പഞ്ചായത്തിന്റെ ആകെ വിസ്തീർണം 14.24 ചതുരശ്ര കിലോ മീറ്ററാണ്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രവർത്തിക്കുന്നത്.
അടിസ്ഥാന വിവരങ്ങൾ - അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്
പഞ്ചായത്തിന്റെ പേര് | അണ്ടൂർക്കോണം |
ജില്ല | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ഉള്‍പ്പെടുന്ന വില്ലേജ് | പള്ളിപ്പുറം, അണ്ടൂർക്കോണം, |
ബ്ലോക്ക് | പോത്തൻകോട് |
വിസ്തൃതി | 14.24 ച. കി മീ |
അക്ഷാംശം | 8034'47.514" N - 8037'37.066" N |
രേഖാംശം | 76049'54.69" E - 76052'55.43" E |
വാര്‍ഡുകള്‍ | 18 |
ജനസംഖ്യ (2011 സെന്‍സസ്)* | 30,781 |
പുരുഷന്മാര്‍ | 15557 |
സ്ത്രീ | 15224 |
അതിരുകള്‍ | |
വടക്ക് | മംഗലപുരം ഗ്രാമപഞ്ചായത്ത് |
കിഴക്ക് | പോത്തൻകോട് ഗ്രാമപഞ്ചായത്ത് |
തെക്ക് | തിരുവനന്തപുരം കോർപ്പറേഷൻ |
പടിഞ്ഞാറ് | കഠിനംകുളം ഗ്രാമപഞ്ചായത്ത് |
വാര്‍ഡുകൾ
വാര്‍ഡ് നം | വാര്‍ഡിന്റെ പേര് |
1 | കരിച്ചാറ |
2 | വെല്ലൂർ |
3 | കൊയ്ത്തൂർക്കോണം |
4 | തിരുവെള്ളൂർ |
5 | അണ്ടൂർക്കോണം |
6 | കീഴവൂർ |
7 | പറമ്പിൽപാലം |
8 | പാച്ചിറ |
9 | പള്ളിച്ചവീട് |
10 | കുന്നിനകം |
11 | കണിയാപുരം |
12 | ആലുംമൂട് |
13 | തെക്കേവിള |
14 | വലിയവീട് |
15 | പള്ളിപ്പുറം |
16 | കണ്ടൽ |
17 | ശ്രീപാദം |
18 | മൈതാനി |
പള്ളിപ്പുറം വില്ലേജും അണ്ടൂർക്കോണം വില്ലേജിന്റെ ഭാഗവും ചേർത്ത് രൂപീകരിക്കപ്പെട്ട അണ്ടൂർക്കോണം പഞ്ചായത്ത് സവിശേഷതകൾ പലതും ഉൾക്കൊളളുന്ന ഒന്നാണ്. ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി ആരെയും ആകർഷിക്കുന്നു. ചെറിയ കുന്നുകളും സമതല പ്രദേശങ്ങളും നെൽപാടങ്ങളും മണൽ പ്രദേശങ്ങളുമെല്ലാം ചേർന്ന് കേരളത്തിന്റെ ഒരു കൊച്ചു മാതൃകയായി ഈ പ്രദേശം പരിലസിക്കുന്നു. അനേകം കുളങ്ങളും തോടുകളും കായലോര പ്രദേശങ്ങളും നമുക്കുണ്ട്. ഈ പഞ്ചായത്തിന്റെ വടക്കുകിഴക്കേ കോണിൽ 'ജലനിധി' യായി അഹങ്കരിച്ചു കഴിഞ്ഞിരുന്ന മുപ്പത്തിരണ്ട് ഏക്കറോളം വിസ്‌തീർണ്ണമുണ്ടായിരുന്ന ആനതാഴ്ച്ചിറയും അതിന്റെ പരിസരത്തുണ്ടായിരുന്ന കാടുകളും നമ്മുടെ നിലക്കാത്ത സമ്പത്തിന് ഉറവിടങ്ങളായിരുന്നു. കുന്നുകാട്, കുറക്കോട്, വട്ടപ്പറങ്കിമാവ്, കിഴക്കേതോപ്പ്, പടിഞ്ഞാറേതോപ്പ്, കട്ടച്ചിറക്കോണം തുടങ്ങിയുള്ള പ്രദേശങ്ങളിൽ നിന്ന് ആണ്ട് തോറും ശേഖരിച്ചിരുന്ന പച്ചിലവളം പള്ളിപ്പുറം പാടശേഖരത്തിൻറെ ചൈതന്യം നിലനിർത്തി. ആനതാഴ്ചിറയിൽ നിന്ന് നെല്പാടങ്ങളിലേയ്ക്ക് വെള്ളം ആവശ്യാനുസരണം എത്തിച്ചിരുന്ന വലിയ തോടുകൾ, മഴയില്ലാത്ത കാലങ്ങളിൽ വറ്റിവരണ്ടുകിടക്കുന്ന കാഴ്‌ച ഇന്ന് കാണാം.
ആനതാഴ്ച്ചിറ-ആന താഴ്ന്നുപോയ ചിറ തന്നെയെന്ന് പ്രായമായവർ പറയുന്നു. കുളിക്കാൻ ചിറയിൽ ഇറങ്ങിയ ആന പാപ്പാനോടൊപ്പം താണുപോയി. പൊങ്ങിയത് കടലിലാണ് പോലും! ഇക്കഥ അതിശയോക്‌തിയായി തോന്നാമെങ്കിലും, നിലക്കാത്ത ശക്തമായ ഊററ് ആ ചിറയിൽ ഉണ്ടായിരുന്നുവെന്ന്, അത് മുതൽ വേളി വരെ നീണ്ടു കിടക്കുന്ന തോടുകൾ തെളിവ് നൽകുന്നു. ചുററുമുള്ള കാടുകൾ തെളിച്ചതോടുകൂടി മണ്ണൊലിപ്പുകാരണം ചിറനികരാൻ തുടങ്ങി. ഊറ്റ് നിശേഷം അടഞ്ഞുപായി. നമ്മുടെ പഞ്ചായത്തിന്റെ തെക്ക് കിഴക്കേ കോണിൽ ദ്വീപ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ച് ഗ്രാമം ഉണ്ട്. കുന്നിനകം ആരാലും ശ്രദ്ധിക്കപ്പെടാതെ കുറെ മനുഷ്യർ അവിടെ കഴിഞ്ഞിരുന്നു. കഴിയുന്നുണ്ട്. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടായാൽ അവിടം ദ്വീപുതന്നെ. ആലുംമൂട്ടിൽ നിന്ന് അവിടേക്ക് ഒരു റോഡ് വെട്ടിയിട്ടുണ്ട്. ബാലാരിഷ്ടത തരണം ചെയ്യാതെ അതങ്ങനെ കിടക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ 'മരുമക്കത്തായ' ക്രമമനുസരിച്ച് കഴിഞ്ഞിരുന്ന ചില കുടുംബങ്ങൾ ഉണ്ടായിരുന്നു. ഒരു കുടുംബത്തിൽ തന്നെ അംഗങ്ങൾ എണ്ണത്തിൽ കൂടതലായിരുന്നു. കുടുംബനാഥനായ കാരണവർ കുടുംബാംഗങ്ങളെ ഒരു പോലെ സ്നേഹിച്ച് സംരക്ഷിച്ചിരുന്നുവെന്നു കരുതാൻ വയ്യ. സംരക്ഷണം കിട്ടാത്ത പാവങ്ങൾ കുടുംബ വക പാടങ്ങളിലും പറമ്പുകളിലും മറ്റും കൃഷിപ്പണിക്കാരോടൊപ്പം എതിർവാക്കില്ലാതെ കഠിനമായി അദ്ധ്വാനിച്ചിരുന്നു. ദായക്രമം മാറിയതേടെ ആളോഹരി വീതം വന്നു. തുണ്ടു തുണ്ടാക്കപ്പെട്ട ഭൂമി പലരുടെയും കൈകളിലായി. കുടികിടപ്പവകാശം, ഒറ്റികാലാഹരണം. ഇറയലി വസ്തു കൈവശക്കാരന് എന്നീ വ്യവസ്‌ഥകൾ മിച്ച ഭൂമി വിതരണം ഇങ്ങനെ പല കാരണങ്ങളാൽ നമ്മുടെ പഞ്ചായത്തിലും കൃഷി ഭൂമി വിഭജിക്കപ്പെട്ടു.
പള്ളിപ്പുറം വില്ലേജും, അണ്ടൂർക്കോണം വില്ലേജിന്റെ ഒരു ഭാഗവും ചേർത്ത് രൂപീകരിച്ചതാണ് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്. 1953-ൽ അണ്ടൂർക്കോണം പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. ഈ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തുള്ള ഒരു വാർഡാണ് അണ്ടൂർക്കോണം. അണ്ടൂർക്കോണം പഞ്ചായത്ത് പ്രദേശം (പ്രധാനമായും കാർഷിക മേഖലയിലാണെങ്കിലും വ്യവസായപരമായ ഒരടിത്തറ ഈ പ്രദേശത്തിനുണ്ട്. നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ അനേകം പരമ്പരാഗത കുടിൽ വ്യവസായങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ഈ പഞ്ചായത്ത് പ്രദേശം. തൊണ്ട്, കയർ, വ്യവസായങ്ങൾ, എണ്ണ ആട്ട്, നെയ്ത്ത്, കക്കനീറ്റ്, ചൂരൽ വ്യവസായം, സ്വർണ്ണപ്പണി, ഫർണിച്ചർ നിർമ്മാണം, കെട്ടിട സാമഗ്രികളുടെ നിർമ്മാണം എന്നിവ പ്രധാന കുടിൽ വ്യവസായങ്ങളായിരുന്നു. അണ്ടൂർക്കോണം പഞ്ചായത്ത് പ്രദേശത്തെ പ്രധാന പരമ്പരാഗത വ്യവസായമാണ് കൊപ്രാ സംസ്ക്‌കരണവും എണ്ണയാട്ടും.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പൂർണ്ണമായും ജനകീയ പങ്കാളിത്തത്തോടെ സ്ഥാപിച്ചിട്ടുള്ള ഒരു ബസ് ഡിപ്പോയാണ് കണിയാപുരം ബസ് ഡിപ്പോ. കഴിഞ്ഞ നൂറ്റാണ്ടിൽ അയിത്തവും ഉച്ചനീചത്വവും അതിശക്തമായി ഇവിടം നിലനിന്നിരുന്നു. അടിമക്കമ്പോളം ഉണ്ടായിരുന്നതായും അയിത്തം അതിഭീകരമായി നിലനിന്നിരുന്നതായും ചരിത്രരേഖകളുണ്ട്. ഈ പ്രദേശത്തുള്ളവരുടെ വിദ്യാഭ്യാസ സാംസ്ക്കാരിക പുരോഗതിയിൽ മുഖ്യമായ സ്ഥാനം ഇവിടത്തെ വിദ്യാലയങ്ങൾക്കുണ്ടായിരുന്നു.
(അവലംബം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സമഗ്ര വികസന രേഖ, 1996)
ഭൂമിശാസ്ത്രപരമായ സ്ഥാനം
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ വടക്കേ അക്ഷാംശം 8034'47.514" - 8037'35.066" നും കിഴക്കേ രേഖാംശം 76º49'54.69" - 76052'55.43" നും ഇടയിൽ സ്ഥിതി ചെയുന്നു.
ഭൂപ്രകൃതി
ഒരു പ്രദേശത്തിന്റെ വികസനം പ്രധാനമായും അവിടുത്തെ ഭൂപ്രകൃതിയേയും, ജനശ ക്തിയേയും ആശ്രയിച്ചാണിരിക്കുന്നത്. ഭൂപ്രകൃതി എന്നു പറയുമ്പോൾ, ഭൂമിയുടെ കിടപ്പ് മണ്ണിന്റെ ഘടന അഥവാ സ്വഭാവം, ജലലഭ്യത, കാലാവസ്ഥ എന്നിവയെയാണ് അർത്ഥമാക്കുന്നത്. കേരളത്തെ സംബന്ധിച്ചടത്തോളം ഭൂപ്രകൃതി വളരെ വൈചിത്ര്യവും വൈവിധ്യവും നിറഞ്ഞതാണ്. പൊതുവെ മലനാട്, ഇടനാട്, തീരപ്രദേശം എന്ന് വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും തീരപ്രദേശത്തോട് ചേർന്ന് കുന്നുകളും മലമ്പ്രദേശങ്ങളിൽ തന്നെ സമതലങ്ങളും സർവ്വസാധാരണമാണ്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും തീരപ്രദേശം വിഭാഗത്തിൽപ്പെടുന്നു. ഇടനാട് പ്രദേശവും ചെറിയ തോതിൽ കാണപ്പെടുന്നു.
മണ്ണിനങ്ങള്‍
ജലം സംഭരിച്ചു നിര്‍ത്തുവാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണിയാണ് മണ്ണ്. അടിസ്ഥാന പ്രകൃതി വിഭവങ്ങളില്‍ ഒന്നായ മണ്ണിന്റെ ഘടന, രചന, ആഴം, മണ്ണൊലിപ്പ്, ഭൂക്ഷമത, ജലസേചനക്ഷമത എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മതലത്തിലുള്ള അറിവ് സുസ്ഥിരവും സമഗ്രവുമായ ദീര്‍ഘകാല വികസന പദ്ധതികളുടെ ആവിഷ്കാരഘട്ടത്തില്‍ നിര്‍ണ്ണായകവും അത്യന്താപേക്ഷിതവുമാണ്. ധാതുക്കള്‍, ജൈവാംശം, ഈര്‍പ്പം, വായു എന്നിവ മണ്ണിലടങ്ങിയിട്ടുള്ള പ്രധാന ഘടകങ്ങളാണ്.
മണ്ണ് ശ്രേണി (Soil series)
ഒരേ കാലാവസ്ഥയിലും, ആവാസവ്യവസ്ഥയിലും കാണപ്പെടുന്നതും സമാന സ്വഭാവമുള്ള ശിലകളിൽ നിന്നും രൂപപ്പെട്ടതും സമാന സവിശേഷതകൾ ഉള്ള മണ്ണുകളെ ചേർത്താണ് ഒരു മണ്ണ് ശ്രേണി രൂപീകരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു മണ്ണ് ശ്രേണിക്ക് സാധാരണയായി ആദ്യമായി തിരിച്ചറിഞ്ഞ പ്രദേശത്തിന്റെയോ സമീപത്തോ ഉള്ള ഒരു പട്ടണത്തിന്റെയോ പേര് നൽകുന്നു. സമാനമായ പരിസ്ഥിതിയിൽ കാണപെടുന്നതിനാൽ ഇവയുടെ പരിപാലന രീതികളും സമാനമായിരിക്കും.
വിശദമായ മണ്ണ് പര്യവേക്ഷണത്തിന്റെയും, രാസപരിശോധനകളുടെയും, ലഭ്യമായ മണ്ണിന രേഖകളുടെയും അടിസ്ഥാനത്തില്‍ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പരിധിയിൽ ആനാട്, കല്ലിയൂർ, കണ്ടല, സ്വാമിക്കുന്ന്, എന്നീ 4 വ്യത്യസ്ത ശ്രേണി വിഭാഗത്തില്‍പ്പെടുന്ന മണ്ണ് തരങ്ങളാണ് വേര്‍തിരിച്ചിരിക്കുന്നത്.
ആനാട് ശ്രേണി വിഭാഗമാണ് പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടുന്നത്. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1017.69 ഹെക്ടര്‍ (71.47%) വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുകയാണ്. 191.18 ഹെക്ടര്‍ (13.43%) സ്വാമിക്കുന്ന് ശ്രേണി വിഭാഗത്തിലും 146.38 ഹെക്ടര്‍ (10.28%) പ്രദേശം കണ്ടല വിഭാഗത്തിലും 64.45 ഹെക്ടര്‍ (4.53%) പ്രദേശം കല്ലിയൂർ ശ്രേണി വിഭാഗത്തിലും കാണപ്പെടുന്നു. കൂടാതെ 4.30 ഹെക്ടര്‍ (0.30%) പ്രദേശം ജലാശയമായും രേഖപ്പെടുത്തിയിരിക്കുന്നു.
മണ്ണിന്റെ ശ്രേണി - വിശദാംശങ്ങൾ
ക്രമ നം. | ശ്രേണി വിഭാഗം | വിസ്തീർണം(ഹെ.) | ശതമാനം |
1 | ആനാട് | 1017.69 | 71.47 |
2 | കല്ലിയൂർ | 64.45 | 4.53 |
3 | കണ്ടല | 146.38 | 10.28 |
4 | സ്വാമിക്കുന്ന് | 191.18 | 13.43 |
5 | ജലാശയം | 4.30 | 0.30 |
ആകെ | 1424.00 | 100 |
മണ്ണിന്റെ ആഴം
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ആഴമുള്ള മണ്ണ് (d4), വളരെ ആഴമുള്ള മണ്ണ് (d5) എന്നീ വിഭാഗങ്ങളാണ് കണ്ടുവരുന്നത്. പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആഴമുള്ള മണ്ണ് (d4) മണ്ണ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1208.87ഹെക്ടര്‍ (84.89%) വിസ്തൃതിയിലും വളരെ ആഴമുള്ള മണ്ണ് (d5) വിഭാഗം 210.83 ഹെക്ടറും കാണപ്പെടുന്നു. 4.30ഹെക്ടര്‍ (0.30%) പ്രദേശം ജലാശയമായും രേഖപ്പെടുത്തിയിരിക്കുന്നു.
മണ്ണിന്റെ ആഴം - വിശദാംശങ്ങൾ
ക്രമ നം. | വിഭാഗം | വിസ്തീർണം(ഹെ.) | ശതമാനം |
1 | ആഴമുള്ള മണ്ണ് (d4) | 1208.87 | 84.89 |
2 | വളരെ ആഴമുള്ള മണ്ണ് (d5) | 210.83 | 14.81 |
3 | ജലാശയം | 4.30 | 0.30 |
ആകെ | 1424.00 | 100.00 |
ഭൂമി നിര്‍മ്മിതമായിരിക്കുന്ന ഖര-ദ്രാവക രൂപങ്ങളിലുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ് ഭൂവിജ്ഞാനീയം. ഭൂമിയിലെ ഘടകങ്ങളുടെ വിന്യാസം, ഘടന, ഭൗതികസ്വഭാവം, ചലനം, ചരിത്രം എന്നിവയെക്കുറിച്ചും അവയുടെ രൂപവത്ക്കരണം, ചലനം, രൂപാന്തരം എന്നിവയ്ക്കിടയായ പ്രക്രിയകളെ കുറിച്ചുള്ള പഠനം ഭൂഗര്‍ഭശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു.
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ പ്രധാനമായും 3 ശിലാവിഭാഗങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലഭ്യമായ രേഖകള്‍ അനുസരിച്ച് പഞ്ചായത്തിൽ കോണ്ടലൈറ്റ് ഗ്രൂപ്പ് ഓഫ് റോക്ക്സ്, സാൻഡ്‌സ്‌റ്റോൺ ആൻഡ് ക്ലേ വിത്ത് ലിഗ്‌നൈറ്റ് ഇന്റർകാലഷൻ അവസാദ ശിലാവിഭാഗത്തില്‍ ഉള്‍പ്പെടുന്ന സാൻഡ് ആൻഡ് സീൽറ്റ് ശിലാവിഭാഗവുമാണ് രേഖപ്പെടുത്തിയിട്ടുളളത്.
പഞ്ചായത്തിൽ 578.51 ഹെക്ടര്‍ (40.63%) പ്രദേശം സാൻഡ്‌സ്‌റ്റോൺ ആൻഡ് ക്ലേ വിത്ത് ലിഗ്‌നൈറ്റ് ഇന്റർകാലഷൻ (ഇട കലർന്ന പാളികൾ) ശിലാവിഭാഗവും 548.18 ഹെക്ടര്‍ (38.50%) പ്രദേശത്ത് അവസാദ ശിലാവിഭാഗത്തില്‍ ഉള്‍പ്പെടുന്ന സാൻഡ് ആൻഡ് സിൽറ്റ് ശിലാവിഭാഗവും 293.02 ഹെക്ടര്‍ (38.50%) പ്രദേശത്ത് കോണ്ടലൈറ്റ് ഗ്രൂപ്പ് ഓഫ്റോക്ക്സ് രേഖപ്പെടുത്തിയിരിക്കുന്നു.
ശിലാവിഭാഗങ്ങളുടെ വിശദാംശങ്ങൾ
ക്രമ നം. | ശിലാവിഭാഗങ്ങള് | വിസ്തീർണം(ഹെ.) | ശതമാനം |
1 | കോണ്ടലൈറ്റ് ഗ്രൂപ്പ് ഓഫ് റോക്ക്സ് | 293.02 | 20.58 |
2 | സാൻഡ് ആൻഡ് സിൽറ്റ് | 548.18 | 38.50 |
3 | സാൻഡ്‌സ്‌റ്റോൺ ആൻഡ് ക്ലേ വിത്ത് ലിഗ്‌നൈറ്റ് ഇന്റർകാലഷൻ | 578.51 | 40.63 |
4 | ജലാശയങ്ങള്‍ | 4.30 | 0.30 |
ആകെ | 1424.00 | 100 |
ഭൂമിയുടെ ഉപരിതല രൂപങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനമാണ് ജിയോമോര്‍ഫോളജി.
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ പ്രധാനമായും തീര സമതലം (Coastal plain) നിമ്ന പീഠഭൂമി (lower plateau Lateritic Dissected), Mud flat- coastal plain Swale- coastal plain, നികന്ന താഴ്‌വാരം (Valley fill), എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു. മലനിരമുകള്‍ പ്രദേശങ്ങളേയും താഴ്‌വാരകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിമ്ന്നോന്നമായ ഭൂപ്രകൃതിയില്‍ കാണപ്പെടുന്ന നിമ്ന പീഠഭൂമി (lower plateau Lateritic Dissected) എന്ന ഭൂരൂപവിഭാഗം പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടുന്നു. ഇത് 980.34 ഹെക്ടര്‍ (68.84%). വിസ്തൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നികന്ന താഴ്‌വാരം (Valley fill) എന്ന ഭൂരൂപവിഭാഗം പഞ്ചായത്തിൽ 21724 ഹെക്ടര്‍ (15.26%) പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ പഞ്ചായത്തിൽ 186.83 ഹെക്ടര്‍ (13.12%) പ്രദേശം നികന്ന താഴ്വാരമായും (Valley Fills), 27.64 ഹെക്ടര്‍ പ്രദേശം (1.94%) Swale (coastal plain) രേഖപ്പെടുത്തിയിരിക്കുന്നു. പഞ്ചായത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് Mud flat- coastal plain ആണ്. ഇത് 7.65 ഹെക്ടര്‍ (0.54%) വിസ്തൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു
ഭൂരൂപങ്ങള്‍ - വിശദാംശങ്ങൾ
ക്രമ നം. | ഭൂരൂപങ്ങള്‍ | വിസ്തീർണം(ഹെ.) | ശതമാനം |
1 | തീര സമതലം (Coastal plain) | 186.83 | 13.12 |
2 | നിമ്ന പീഠഭൂമി (lower plateau Lateritic Dissected) | 980.34 | 68.84 |
3 | Mud flat- coastal plain | 7.65 | 0.54 |
4 | Swale- coastal plain | 27.64 | 1.94 |
5 | നികന്ന താഴ്‌വാരം (Valley fill) | 217.24 | 15.26 |
6 | ജലാശയം | 4.30 | 0.30 |
ആകെ | 1424.00 | 100 |
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ ഭൂപ്രദേശങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും 0 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.
ശരാശരി സമുദ്രനിരപ്പില്‍ നിന്നും 20-40 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ് പഞ്ചായത്തിൽ ഭൂരിഭാഗവും കാണപ്പെടുന്നത്. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 48.69% (693.37 ഹെക്ടര്‍) കാണപ്പെടുന്നു. 0 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ ഉയരത്തില്‍ 457.30 ഹെക്ടര്‍ പ്രദേശങ്ങളും (32.11%), 40 മീറ്റര്‍ മുതല്‍ 60 മീറ്റര്‍ ഉയരത്തില്‍ 255.34 ഹെക്ടര്‍ പ്രദേശങ്ങളും (17.93%) സ്ഥിതിചെയ്യുന്നു. കൂടാതെ സമുദ്രനിരപ്പില്‍ നിന്നും 60 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 17.99 ഹെക്ടര്‍ പ്രദേശവും (1.26%) പഞ്ചായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഉന്നതി-വിശദാംശങ്ങൾ
ക്രമ നം. | ഉന്നതി (മീ) | വിസ്തീർണം(ഹെ.) | ശതമാനം |
1 | 0-20 | 457.30 | 32.11 |
2 | 20-40 | 693.37 | 48.69 |
3 | 40-60 | 255.34 | 17.93 |
4 | 60-80 | 17.99 | 1.26 |
ആകെ | 1424.00 | 100.00 |
ഒരു പ്രദേശത്തിന്റെ ചരിവ് സൂചിപ്പിക്കുന്നത് ഉപരിതലത്തിലുളള ഏറ്റക്കുറച്ചിലുകളെയാണ്. ഓരോ സ്ഥലത്തിന്റെയും ചരിവ് വിഭാഗങ്ങളെ രേഖപ്പെടുത്തുമ്പോള്‍ അവിടുത്തെ ചരിവിന്റെ മാനം, രൂപം, സങ്കീര്‍ണ്ണത, വ്യാപ്തി എന്നിവയെല്ലാം കണക്കിലെടുക്കാറുണ്ട്. ചരിവിന്റെ മാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രസ്തുത ഉപരിതലം നിരപ്പായ പ്രതലവുമായി പരസ്പരം ഛേദിക്കുമ്പോള്‍ ഉണ്ടാകുന്ന കോണിന്റെ അളവാണ്. രണ്ട് ബിന്ദുക്കള്‍ തമ്മിലുളള ഉയര വ്യത്യാസത്തെ ആ ബിന്ദുക്കള്‍ തമ്മിലുളള അകലത്തിന്റെ ശതമാനമായിട്ടാണ് രേഖപ്പെടുത്തുന്നത്. 100 മീറ്റര്‍ അകലത്തിലുളള 2 ബിന്ദുക്കള്‍ തമ്മില്‍ ഒരു മീറ്ററിന്റെ ഉയര വ്യത്യാസമുണ്ടെങ്കിൽ അത് 1 ശതമാനം ചരിവായിട്ടാണ് കണക്കാക്കുന്നത്. ഓരോ പ്രദേശത്തുമുണ്ടാകുന്ന മണ്ണൊലിപ്പ് ചരിവിന്റെ സങ്കീര്‍ണ്ണതയുമായി ബന്ധപ്പെട്ടതാണ്. ഉപരിതലത്തില്‍ ഏത് ദിശയിലേയ്ക്കാണ് ചരിവ് എന്നതാണ് ചരിവിന്റെ രൂപം കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ ചരിവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മണ്ണൊലിപ്പ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ 5 ചരിവ് വിഭാഗങ്ങളാണ് വേര്‍തിരിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ മിതമായ ചരിവ് (5-10%) വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 35.35% (503.44 ഹെക്ടര്‍) ആണ്. വളരെ ലഘുവായ ചരിവ് (0-3%) 364.30ഹെക്ടര്‍ (25.58%) കാണപ്പെടുന്നു. കൂടാതെ പഞ്ചായത്തിന്റെ 240.26 ഹെക്ടര്‍ (16.87%) ഭൂപ്രദേശം ലഘുവായ ചരിവ് (3-5%) വിഭാഗത്തിലും, 114.77ഹെക്ടര്‍ (8.06%) മിതമായ കുത്തനെയുള്ള ചരിവ് (5-35%) വിഭാഗത്തിലും കാണപ്പെടുന്നു.
ചരിവ്- വിശദാംശങ്ങൾ
ക്രമ നം. | ചരിവ് വിഭാഗം | ചരിവ് (%) | വിസ്തീർണം(ഹെ.) | ശതമാനം |
1 | വളരെ ലഘുവായ ചരിവ് | 0-3 | 364.30 | 25.58 |
2 | ലഘുവായ ചരിവ് | 3-5 | 240.26 | 16.87 |
3 | മിതമായ ചരിവ് | 5-10 | 503.44 | 35.35 |
4 | ശക്തമായ ചരിവ് | 10-15 | 201.23 | 14.13 |
5 | മിതമായ കുത്തനെയുള്ള ചരിവ് | 15-35 | 114.77 | 8.06 |
ആകെ | 1424.00 | 100.00 |
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വ്യത്യസ്ത ഭൂവിനിയോഗ രീതികൾ അവയുടെ വിന്യാസം എന്നിവ പ്രതിപാദിക്കുന്ന മേഖലയാണ് ഭൂവിനിയോഗം. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ആണ് നിലവിലെ ഭൂവിനിയോഗം കണ്ടെത്തിയിരിക്കുന്നത്. ഭൂവിനിയോഗത്തെ മുഖ്യമായും നിര്‍മ്മിതി പ്രദേശങ്ങൾ, കാർഷിക ഭൂമി, വയൽ ഭൂമി, തരിശ്ശു ഭൂമി, ജലാശയം എന്നിങ്ങനെ തരം തിരിക്കാം.
നിര്‍മ്മിതി പ്രദേശം
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തില്‍ 374.61 ഹെക്ടര്‍ പ്രദേശം നിര്‍മ്മിതി ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്നു. ഇതിൽ 260.99 ഹെക്ടര്‍ പ്രദേശം ഭവന നിര്‍മ്മിതികള്‍ക്കായും, 36.46 ഹെക്ടര്‍ പ്രദേശം വാണിജ്യ ആവശ്യങ്ങൾക്കായും ശേഷിക്കുന്ന 44.15 ഹെക്ടര്‍ ഭൂപ്രദേശം മറ്റു നിര്‍മ്മിതി ആവശ്യങ്ങള്‍ക്കായും 5.38 ഹെക്ടര്‍ ഭൂപ്രദേശം കളിസ്ഥലങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്നു. 24.01 ഹെക്ടര്‍ പ്രദേശം റോഡുകളും 3.62 ഹെക്ടര്‍ ഭൂപ്രദേശം റെയിൽവേയായും കാണപ്പെടുന്നു.
കാർഷിക ഭൂമി
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തില്‍ തെങ്ങ്, റബ്ബര്‍, ബഹുവർഷ തോട്ടവിളകള്‍, മിശ്രിത വിളകള്‍, കാലിക വിളകള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നതായി കാണപ്പെടുന്നു. പഞ്ചായത്തിന്റെ ഏറിയ ഭാഗത്തും മിശ്രിത വിള കൃഷിക്കായി (194.17ഹെക്ടര്‍) വിനിയോഗിച്ചിരിക്കുന്നു. ഒരേ വളപ്പില്‍ വ്യത്യസ്ത വിളകള്‍ ഒരുമിച്ചു കൃഷി ചെയ്യുന്നതിനെ മിശ്രിത കൃഷിയായി കണക്കാക്കാം. പഞ്ചായത്തില്‍ 192.02 ഹെക്ടര്‍ പ്രദേശം തെങ്ങ് അധികരിച്ച മിശ്രിത വിളകളോടു കൂടിയ കൃഷിക്കായി വിനിയോഗിച്ചിരിക്കുന്നു. 32.79 ഹെക്ടര്‍പ്രദേശത്തിൽ തെങ്ങും. 2.20 ഹെക്ടര്‍ പ്രദേശം തോട്ടവിളകളായി കാണപ്പെടുന്നു. 148.97 ഹെക്ടര്‍ പ്രദേശം റബ്ബര്‍ കൃഷിക്കായും 0.33 ഹെക്ടര്‍ മറ്റുള്ള കൃഷിക്കായും വിനിയോഗിച്ചിരിക്കുന്നു. പഞ്ചായത്തിലെ 151.54 ഹെക്ടര്‍ പ്രദേശം കൃഷിക്കനുയോജ്യമായ തരിശുഭൂമിയായി കാണപ്പെടുന്നു. ദീർഘകാല തരിശുഭൂമിയായി 21.46 ഹെക്ടര്‍ പ്രദേശം കാണപ്പെടുന്നു.
നെല്‍ വയല്‍, വയല്‍ നികത്തിയ ഭൂമി, വയല്‍ തരിശ്ശ്, എന്നിങ്ങനെയാണ് വയല്‍ പ്രദേശം പരിഗണിക്കപ്പെടുന്നത്. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തില്‍ വയൽ നികത്തി –തെങ്ങ് 65.06 ഹെക്ടര്‍ പ്രദേശം കാണപ്പെടുന്നു. 33.70 ഹെക്ടര്‍ പ്രദേശം വയൽ നികത്തി - റബ്ബർ കാണപ്പെടുന്നു. 39.50 ഹെക്ടര്‍ പ്രദേശം വയൽ നികത്തി – മറ്റുള്ള വിളകൾ കാണപ്പെടുന്നു. വയൽ നികത്തി - നിര്‍മ്മിതിപ്രദേശം വ്യവസായം 7.93 ഹെക്ടര്‍ പ്രദേശമായി കാണുന്നു. വയൽ ഭൂമി - നിലവിലെ തരിശു ഭൂമിയായി 101.76 ഹെക്ടര്‍ പ്രദേശം രേഖപെടുത്തിയിട്ട് ഉള്ളത്. വയൽ ഭൂമി - ദീർഘകാല തരിശു ഭൂമി 2.94 ഹെക്ടര്‍ പ്രദേശമായി കാണുന്നു.
തരിശു ഭൂമി
കൃഷിക്കായോ നിര്‍മ്മിതിക്കായോ വിനിയോഗിക്കാതെ ഉപയോഗശൂന്യമായ പ്രദേശം തരിശു ഭൂമിയായി കണക്കാക്കാം. 6.71 ഹെക്ടര്‍ പ്രദേശം കുറ്റിച്ചെടികളോടുകൂടിയ ഭൂമിയായി കാണപ്പെടുന്നു. കുറ്റിച്ചെടികൾ ഇല്ലാത്ത പ്രദേശം 0.60 ഹെക്ടര്‍ കാണപ്പെടുന്നു 1.82 ഹെക്ടര്‍ പ്രദേശം മൈനിങ്/ ക്ലേ പ്രദേശമായി കാണുന്നു.
ജലാശയം
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തില്‍ ആകെ മൊത്തം ജലാശയങ്ങൾ 5.24 ഹെക്ടര്‍ ആണ് ഉള്ളത്.
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് – ഭൂവിനിയോഗം
ഭൂവിനിയോഗം | ഭൂവിനിയോഗം (വിശദമായി) | വിസിതീർണ്ണം (ഹെ.) | ശതമാനം |
നിർമ്മിതി പ്രദേശം | വാണിജ്യം | 36.46 | 2.56 |
മറ്റുള്ള നിര്‍മ്മിതിപ്രദേശം | 44.15 | 3.10 | |
കളിസ്ഥലം | 5.38 | 0.38 | |
റെയിൽവേ | 3.62 | 0.25 | |
ഗാർഹികം | 260.99 | 18.33 | |
റോഡുകൾ | 24.01 | 1.69 | |
കാർഷിക പ്രദേശം | തെങ്ങ് | 32.79 | 2.30 |
തെങ്ങ് അധികരിച്ച മിശ്രിത വിളകളോടു കൂടിയ പ്രദേശം | 192.02 | 13.48 | |
മിശ്രിത വിളകൾ | 194.17 | 13.64 | |
മറ്റുള്ളവ | 0.33 | 0.02 | |
തരിശു ഭൂമി/ നിലവിലെ തരിശ്ശു ഭൂമി | 151.54 | 10.64 | |
ദീർഘകാല തരിശു ഭൂമി | 21.46 | 1.51 | |
തോട്ടവിളകള്‍ | 2.20 | 0.15 | |
തോട്ടവിളകള്‍-റബ്ബർ | 148.97 | 10.46 | |
വയൽ പ്രദേശം | വയൽ നികത്തി -തെങ്ങ് | 65.06 | 4.57 |
വയൽ നികത്തി – മറ്റുള്ള വിളകൾ | 39.50 | 2.77 | |
വയൽ നികത്തി മറ്റുള്ള ബഹുവർഷ വിളകള്‍ | 0.29 | 0.02 | |
വയൽ നികത്തി - റബ്ബർ | 33.70 | 2.37 | |
വയൽ നികത്തി കാലിക വിളകൾ | 13.75 | 0.97 | |
വയൽ നികത്തി - നിര്‍മ്മിതിപ്രദേശം - മിശ്രിത വിളകൾ | 1.59 | 0.11 | |
വയൽ നികത്തി - നിര്‍മ്മിതിപ്രദേശം വാണിജ്യം | 2.51 | 0.18 | |
വയൽ നികത്തി - നിര്‍മ്മിതിപ്രദേശം വ്യവസായം | 7.93 | 0.56 | |
വയൽ നികത്തി - നിര്‍മ്മിതിപ്രദേശം മറ്റുള്ള നിര്‍മ്മിതിപ്രദേശം | 4.54 | 0.32 | |
വയൽ നികത്തി - നിര്‍മ്മിതിപ്രദേശം ഗാർഹികം | 7.80 | 0.55 | |
വയൽ നികത്തി - നിര്‍മ്മിതിപ്രദേശം അക്വാകൾച്ചർ | 0.19 | 0.01 | |
വയൽ ഭൂമി- നിലവിലെ തരിശ്ശു ഭൂമി | 101.76 | 7.15 | |
വയൽ ഭൂമി- ദീർഘകാല തരിശു ഭൂമി | 2.94 | 0.21 | |
തരിശ്ശു ഭൂമി | കുറ്റിച്ചെടികളോടു കൂടിയ ഭൂമി | 6.71 | 0.47 |
കുറ്റിച്ചെടികൾ ഇല്ലാത്ത പ്രദേശം | 0.60 | 0.04 | |
മൈനിങ്/ ക്ലേ | 1.82 | 0.13 | |
ജലാശയങ്ങൾ | കുളങ്ങൾ | 9.15 | 0.64 |
നദികൾ / തോടുകൾ | 5.94 | 0.42 | |
വെള്ളക്കെട്ട് | 0.15 | 0.01 | |
ആകെ | 1424.00 | 100 |
ഒരു പുഴയിലേയ്ക്കോ അരുവിയിലേയ്ക്കോ എത്രമാത്രം പ്രദേശത്തുള്ള വെള്ളം ഒഴുകി എത്തുന്നുവോ, ആ പ്രദേശത്തെ, ആ പുഴയുടെ അല്ലെങ്കിൽ അരുവിയുടെ നീർത്തടം എന്നു പറയുന്നു. ഒരു നീർത്തടത്തിൽ ഏറ്റവും ഉയർന്ന നീർമറി പ്രദേശവും, ചരിഞ്ഞ പ്രദേശവും, സമതല പ്രദേശങ്ങളും, പ്രധാന നീർച്ചാലുകളും ഉൾപ്പെടുന്നു. പ്രകൃതിയിൽ മണ്ണും വെളളവും ചലിക്കുന്നത് ക്ലിപ്തമായ അതിർത്തിക്കുളളിലാണ്. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ പരസ്പര ബന്ധിതവും പൂരകവുമായി നിലകൊളളുന്ന പ്രകൃതിയുടെ അടിസ്ഥാന യൂണിറ്റാണ് നീർത്തടം. ഒരു നീർത്തടത്തെ ഒന്നാകെ കണ്ടുകൊണ്ടുള്ള ഇടപെടലിലൂടെ മാത്രമേ മണ്ണ്, വെള്ളം, ജൈവസമ്പത്ത് എന്നിവയുടെ സമഗ്രവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളൂ. ലഭ്യമായ പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയമായ വിനിയോഗം വഴി കൂടുതൽ ഉല്പാദനക്ഷമത കൈവരിക്കുന്നതിനും വിഭവപരിപാലനവും പരിസ്ഥിതി സംരക്ഷണം സാധ്യമാക്കുന്നതിനും അങ്ങനെ ആ പ്രദേശത്തിന്റെ സർവ്വതോമുഖമായ വികസനത്തിനും നീർത്തടാധിഷ്ഠിത ആസൂത്രണം വഴി തുറക്കുന്നു.
ഈ പ്രദേശം കരമന, മാമം എന്നീ നദികളുടെ വൃഷ്ടി പ്രദേശങ്ങളിലുൾപ്പെടുന്നു. 2K5b, 3M4a എന്നിങ്ങനെ 2 ചെറുനീർത്തടങ്ങളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും (866.54 ഹെക്ടര്‍) 2K5b എന്ന നീർത്തടത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 553.16 ഹെക്ടര്‍ പ്രദേശം വരുന്ന 3M4a ചെറുനീർത്തടം ഇതിൽ ഉൾപ്പെടുന്നു. 4.30 ഹെക്ടര്‍ പ്രദേശം ജലാശയവുമാണ്.
ചെറുനീർത്തടങ്ങളുടെ വിശദാംശങ്ങള്‍
ക്രമ നം. | ചെറുനീർത്തടം (കോഡ്) | വിസ്തീർണം(ഹെ.) | ശതമാനം |
1 | 2K5b | 866.54 | 60.85 |
2 | 3M4a | 553.16 | 38.85 |
3 | ജലാശയങ്ങൾ | 4.30 | 0.30 |
ആകെ | 1424.00 | 100.00 |
ജലവിഭവങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും നിലവിലുള്ള ജലസ്രോതസ്സുകളെക്കുറിച്ച് അറിയേണ്ടതുണ്ട്. പഞ്ചായത്തിലെ ജലമിത്രങ്ങൾ നടത്തിയ ഫീൽഡ് തല സർവ്വേ, പഞ്ചായത്തിൽ ലഭ്യമായ രേഖകളിൽ നിന്നുമുള്ള ദ്വിതീയ വിവര ശേഖരണം എന്നിവയിലൂടെ ലഭിച്ച വിവരങ്ങളും പ്രദേശ നിവാസികൾ, കർഷകർ, നാട്ടുകാർ എന്നിവരുമായി ജലമിത്രങ്ങൾ സംവദിച്ചതിൽ നിന്നും ഉയർന്നു വന്നിട്ടുള്ള നിർദേശങ്ങളും വാർഡ് തിരിച്ച് ചുവടെക്കൊടുക്കുന്നു. ജലസ്രോതസ്സുകൾ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ ഫോട്ടോകളും ഉൾപേജിൽ നൽകിയിട്ടുണ്ട്.
പുഴകൾ, തോടുകൾ - അവസ്ഥയും പരിപാലനവും
വാർഡ് 1 - കരിച്ചാറ
- കായൽക്കര തോട്
കരിച്ചാറ, മൈതാനി വാർഡുകളിലൂടെ ഒഴുകുന്ന വലിയ തോടാണിത്. 1000 മീറ്റർ നീളവും 2-3 മീറ്റർ വരെ വീതിയുമുണ്ട്. രണ്ടു വശവും സംരക്ഷണ ഭിത്തിയുണ്ട്. സംരക്ഷണ ഭിത്തിയോട് ചേർന്ന് ഇരു വശങ്ങളിലും കാടു കയറിക്കിടക്കുന്നു. റോഡരികിൽ നിന്ന് കാണുന്നതിനേക്കാൾ ശോചനീയമാണ് ഉള്ളിലോട്ടുള്ള തോടിന്റെ അവസ്ഥ. പുല്ലുകൾ നിറഞ്ഞു വെള്ളം കാണാൻ സാധിക്കുന്നില്ല.
കാട് വൃത്തിയാക്കിയാൽ നിലവിൽ ജലത്തിന് ക്ഷാമമുള്ള വാർഡിൽ കൃഷി ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി തോടിലെ വെള്ളം പ്രദേശവാസികൾക്ക് ഉപയോഗപ്രദമാക്കാൻ സാധിക്കും.
വാർഡ് 2 - വെള്ളൂർ
- വെള്ളൂർ തോട്
ആനതാഴ്ച്ചിറയുടെ കൈവഴിയായി ഒഴുകുന്ന തോടാണ് വെള്ളൂർ തോട്. 90 മീറ്റർ നീളവും 1 മീറ്റർ വീതിയുമുള്ള തോട് നിലവിൽ കാടു കയറി സംരക്ഷണ ഭിത്തിയൊന്നും തന്നെയില്ലാതെ നശിച്ച അവസ്ഥയിലാണ് കാണുന്നത്. ആനതാഴ്ച്ചിറയിൽ നിന്നും ഒഴുകി വരുന്നതിനാൽ തന്നെ ഒരിക്കലും വറ്റാത്ത തോടാണിത്.
കാട് വൃത്തിയാക്കി സംരക്ഷണ ഭിത്തി കെട്ടിയാൽ കൃഷിക്കും മറ്റും തോട് ഉപയോഗപ്രദമാക്കാൻ സാധിക്കും.
- കോണത്ത് തോട്
കട്ടച്ചിറക്കോണം ചിറയിൽ നിന്നും ഒഴുകി വരുന്ന തോടാണിത്. 120 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള ഒരിക്കലും വറ്റാത്ത തോടാണിത്. നിലവിൽ കാടുകയറി ഇരുവശവും സംരക്ഷണ ഭിത്തികൾ ഒന്നുമില്ലാതെ, നടവഴിയുമായി ചേർന്ന് കിടക്കുന്ന അവസ്ഥയിലാണ്.
കാടു വെട്ടി തോട് വൃത്തിയാക്കി സംരക്ഷണഭിത്തി കെട്ടി സംരക്ഷിച്ചാൽ വളരെ വലിയ രീതിയിൽ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും തോട് ഉപയോഗപ്രദമാക്കാൻ കഴിയും.
വാർഡ് 3 - കൊയ്ത്തൂർക്കോണം
- അടിയൽ തലം തോട്
1200 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള തോടാണിത്. ഇരുവശങ്ങളിലും സംരക്ഷണ ഭിത്തിയുണ്ട്. നിറയെ വെള്ളമുള്ള വറ്റാത്ത തോടാണിത്. തോടിന്റെ ഇരുവശങ്ങളും മാലിന്യം നിറഞ്ഞ് തോടിലേക്ക് പാഴ്ചെടികൾ വളർന്ന് കാടുകയറിക്കിടക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ചുറ്റുവട്ടത്തുള്ള കൃഷിസ്ഥലങ്ങളിലേക്ക് ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
നിലവിലുള്ള കാടുവെട്ടി മാലിന്യം നീക്കം ചെയ്ത് കാട് വൃത്തിയാക്കിയാൽ പ്രദേശവാസികൾക്ക് കൃഷിക്ക് വെള്ളമെടുക്കാൻ കൂടുതൽ ഉപയോഗപ്രദമാക്കാൻ സാധിക്കും.
- പുളിനട തോട്
1300 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള തോടാണിത്. ഒരുവശം സംരക്ഷണഭിത്തിയുണ്ട്. നിലവിൽ കൃഷിക്കായി വെള്ളം ഉപയോഗിക്കുന്നു. മാലിന്യങ്ങളും ചെറിയ രീതിയിൽ കാണപ്പെടുന്നുണ്ട്.
മാലിന്യം നീക്കം ചെയ്ത് വൃത്തിയായി സംരക്ഷിക്കുക. സംരക്ഷണഭിത്തി ഇരുവശങ്ങളിലും നിർമ്മിച്ച് തോടിനെ സംരക്ഷിച്ചാൽ പ്രദേശവാസികൾക്ക് കൃഷിക്ക് നല്ല രീതിയിൽ ഉപയോഗപ്രദമാക്കാൻ സാധിക്കും
വാർഡ് 4 – തിരുവെള്ളൂർ
- MLA റോഡ് മുതൽ കുന്നിപ്പണ വരെയുള്ള തോട്
പവർഗ്രിഡിന്റെ പരിസരത്തുകൂടി ഒഴുകുന്ന തോടാണിത്. ഒരു വശം മാത്രം സംരക്ഷണഭിത്തിയുള്ള തോട്. നിലവിൽ കാട് കയറിക്കിടക്കുന്നു.
നിലവിലുള്ള കാട് വെട്ടി തോട് വൃത്തിയാക്കി മാലിന്യം നീക്കം ചെയ്ത് വശങ്ങൾ കെട്ടി വൃത്തിയായി സംരക്ഷിക്കുക. തോട് കൃഷിക്കും മറ്റും ഉപയോഗപ്രദമാക്കുക.
- ഇരവൂർക്കോണം കൈത്തോട്
ഇരവൂർക്കോണം ചിറയിൽ നിന്നും ഒഴുകി വരുന്ന കൈത്തോടാണിത്. 800 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള ഈ തോടിൽ നിലവിൽ ജലസംരക്ഷണ നിർമ്മിതികൾ ഒന്നും തന്നെയില്ല. ഒരുവശം മാത്രം സംരക്ഷണ ഭിത്തിയുണ്ട്. നിലവിൽ തോടും പരിസരവും കാട് കയറി വെള്ളംപോലും കാണാൻ സാധിക്കാത്ത അവസ്ഥയാണ്.
തോടും പരിസരവും വൃത്തിയാക്കി ജലം ഉപയോഗപ്രദമാക്കാൻ സാധിക്കും.
- കോട്ടോട്ടുകോണം കൈത്തോട്
കോട്ടോട്ടുകോണം ചിറയിൽ നിന്നും ഉത്ഭവിക്കുന്ന 600 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള തോടാണിത്. തോട് ഇപ്പോൾ വളരെയധികം ശോചനിയാവസ്ഥയിലാണ് കാണപ്പെടുന്നത്. രണ്ടുവശവും സംരക്ഷണഭിത്തികൾ ഒന്നും തന്നെയില്ല. കാടുകയറിയും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള മലിനജലം ഇറങ്ങിയും വളരെ വൃത്തിഹീനമായ അവസ്ഥയാണ്.
കാട് വൃത്തിയാക്കി, ചപ്പുചവറുകൾ നീക്കം ചെയ്ത്, സംരക്ഷണഭിത്തി കെട്ടി സംരക്ഷിച്ചാൽ വെള്ളം കൃഷിക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും.
വാർഡ് 5 – അണ്ടൂർക്കോണം
- തെറ്റിയാർ തോട്
ഒരുവശം സംരക്ഷണഭിത്തിയുള്ള തോടാണിത്. നിലവിൽ തോടിന്റെ കുറച്ച് ഭാഗം മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു. ഒരിക്കലും വറ്റാത്ത തോടാണിത്. പരിസരവാസികൾ കൃഷി ആവശ്യങ്ങൾക്കാണ് വെള്ളം ഉപയോഗിച്ച് വരുന്നത്.
നിലവിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് കാട് വൃത്തിയാക്കിയാൽ തോട് കുറച്ചുകൂടി മെച്ചപ്പെട്ടതാക്കി മാറ്റാൻ സാധിക്കും. കൃഷിക്ക് കൂടുതൽ ഉപയോഗപ്രദമാക്കണം.
- അണ്ടൂർക്കോണം തോട്
ഒരുവശം സംരക്ഷണഭിത്തിയുള്ള തോടാണിത്. നിലവിൽ വളരെ നല്ല രീതിയിൽ വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്. സംരക്ഷണഭിത്തിയോട് ചേർന്ന് കാട് കയറിക്കിടക്കുന്നു. അവിടവിടെയായി കുറച്ച് ചപ്പുചവറുകൾ കാണപ്പെടുന്നു.
ചവറുകൾ നീക്കം ചെയ്ത് സംരക്ഷിച്ചാൽ വെള്ളം കൃഷിക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും.
വാർഡ് 6 – കീഴാവൂർ
- കുഴിവിളകം കല്ലുപാലം തോട്
ഇരുവശവും സംരക്ഷണഭിത്തിയുള്ള തോടാണിത്. സംരക്ഷണഭിത്തിയോട് ചേർന്ന് രണ്ടുവശങ്ങളിലും കാടുകയറിയ അവസ്ഥയിലാണ്. 1800 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള വറ്റാത്ത തോടാണിത്. കൃഷിയിടങ്ങളിലേക്കാണ് നിലവിൽ വെള്ളമുപയോഗിക്കുന്നത്. സംരക്ഷണഭിത്തിക്ക് കേടുപാടുകൾ കാണപ്പെടുന്നു.
സംരക്ഷണഭിത്തി ഉറപ്പുള്ളതാക്കി, കാട് വൃത്തിയാക്കി സംരക്ഷിക്കുക.
- വെള്ളൂർ തോട്
ഇരുവശവും സംരക്ഷണഭിത്തിയുള്ള തോടാണിത്. 1800 മീറ്റർ നീളവും 4 മീറ്റർ വീതിയുമുണ്ട്. തോടിനകം കാട് പിടിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞും കാണുന്നു.
കാട് വൃത്തിയാക്കി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് കൃഷിക്ക് ഉപയോഗപ്രദമാക്കുക.
വാർഡ് 7 – പറമ്പിൽപ്പാലം
- തെറ്റിയാർ തോട്
ഒരു വശം മാത്രം സംരക്ഷണഭിത്തിയുള്ള 800 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള തോടാണിത്. ഒരിക്കലും വറ്റാത്ത തോടായിട്ടാണ് ഇത് പറയപ്പെടുന്നത്. കൃഷിക്ക് അനുയോജ്യമായ ജലം ഇതിൽ നിന്നും ലഭിക്കുന്നു. നിലവിൽ കാടുകയറിയും ചപ്പുചവറുകൾ നിറഞ്ഞും കിടക്കുന്ന അവസ്ഥയാണ്.
കാട് വൃത്തിയാക്കി, ചപ്പുചവറുകൾ നീക്കം ചെയ്താൽ കൃഷിക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാക്കാൻ സാധിക്കും.
- കൊച്ചുതോട്
500 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള വറ്റാത്ത തോടാണിത്. നിലവിൽ ഒരു വശം മാത്രമാണ് സംരക്ഷണഭിത്തിയുള്ളത്. കാടുകയറി ചെളി നിറഞ്ഞ അവസ്ഥയിലാണ്.
ചെളി നീക്കം ചെയ്ത്, കാട് വൃത്തിയാക്കിയാൽ കൃഷിക്ക് വെള്ളം ഉപയോഗിക്കാൻ സാധിക്കും.
വാർഡ് 8 – പായിച്ചിറ
- പള്ളിപ്പുറം തോട്
800 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള തോടാണിത്. പായിച്ചിറ വാർഡിൽ തന്നെയുള്ള പള്ളിപ്പുറം തോടും കല്ലുപാലം തോടും രണ്ട് ഏരിയകളിൽ ഈ പേരുകളിലാണ് അറിയപ്പെടുന്നത്. നിലവിൽ കാട് കയറിക്കിടക്കുന്ന അവസ്ഥയാണ്.
കാട് വെട്ടി സൈഡ് ഭിത്തി കെട്ടി തോട് വൃത്തിയായി സംരക്ഷിക്കുക.
- കല്ലുപാലം തോട്
400 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള തോടാണിത്. നിലവിൽ ധാരാളം വെള്ളം കാണപ്പെടുന്നു. വറ്റാത്ത തോടാണിത്. തോടിന്റെ കുറച്ച് ഭാഗം വളരെ നല്ലരീതിയിൽ വൃത്തിയായി കാണപ്പെടുന്നു, എന്നാൽ ഉൾവശത്തേക്ക് പോകുംതോറും കാട് കയറി വെള്ളം കാണാൻ സാധിക്കാത്ത അവസ്ഥയാണ്.
പ്രദേശവാസികൾ കൃഷിക്കും കന്നുകാലികളെ കുളിപ്പിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന തോട് പുല്ല് നീക്കം ചെയ്ത് മാലിന്യങ്ങൾ വലിച്ചെറിയപ്പെടാതെ സംരക്ഷിച്ചാൽ കൃഷിക്ക് കൂടുതൽ നല്ലരീതിയിൽ വെള്ളം ഉപയോഗപ്രദമാക്കാം.
വാർഡ് 9 – പള്ളിച്ചവീട്
- കുഴിയലയ്ക്കൽ തോട്
പള്ളിച്ചവീട് വാർഡിലെ വളരെ ശോചനിയാവസ്ഥയിലുള്ള ഒരു തോടാണിത്. ഇരു വശങ്ങളിലും സംരക്ഷണഭിത്തിയില്ല. വെള്ളംപോലും കാണാൻ കഴിയാത്ത വിധത്തിൽ കാട് കയറിക്കിടക്കുന്നു. ചെളി നിറഞ്ഞും ചപ്പുചവറുകൾ വലിച്ചെറിയപ്പെട്ടും വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് തോടിന്റെ ഇപ്പോഴത്തെ അവസ്ഥ.
ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമ്മിച്ച് കാട് വൃത്തിയാക്കിയാൽ കൃഷിക്കും മറ്റും ഉപയോഗ്യമാക്കാം.
- പള്ളിപ്പുറം ഏലാം തോട് (വലിയപാലം)
റോഡരികത്തായി സ്ഥിതി ചെയ്യുന്ന തോടാണിത്. ഒരു വശം സംരക്ഷണഭിത്തിയുണ്ട്. വറ്റാത്ത തോടാണിത്. നിലവിൽ ചെറിയ രീതിയിൽ കാട് കയറിയിട്ടുണ്ട്. എക്കൽ മണ്ണ് നിറഞ്ഞിരിക്കുന്നു. 1800 മീറ്റർ നീളവും 8 മീറ്റർ വീതിയുമുള്ള ഈ തോടിൽ നിലവിൽ ജലസംരക്ഷണ നിർമിതികൾ ഒന്നും തന്നെയില്ല.
എക്കൽ മണ്ണ് നീക്കം ചെയ്ത് കാട് വൃത്തിയാക്കിയാൽ തോട് സംരക്ഷിക്കാൻ സാധിക്കും.
വാർഡ് 10 – കുന്നിനകം
- തെറ്റിയാർ തോട്
ഇരുവശവും സംരക്ഷണഭിത്തികൾ ഇല്ലാത്ത വലിയ തോടാണിത്. ചുറ്റും വയലുകളാണ്. 1800 മീറ്റർ നീളവും 6-8 മീറ്റർ വരെ വീതിയുമുള്ള ഒരിക്കലും വറ്റാത്ത തോടാണിത്.
സംരക്ഷണഭിത്തി കെട്ടി തോടിനെ കുറച്ചുകൂടി മെച്ചപ്പെട്ട വിധത്തിൽ സംരക്ഷിക്കാവുന്നതാണ്.
- അലവങ്കര തോട്
പവർ ഗ്രിഡിന്റെ അകത്തുകൂടി ഒഴുകി വരുന്ന തോടാണിത്. 900 മീറ്റർ നീളവും 3-5 മീറ്റർ വരെ വീതിയുമുണ്ട്. ഇരുവശവും സംരക്ഷണഭിത്തികൾ ഉണ്ടായിട്ടും വളരെയധികം വൃത്തിഹീനമായാണ് തോട് കാണപ്പെടുന്നത്. ചപ്പുചവറുകൾ നിറഞ്ഞിരിക്കുന്നു. മലിനജലം തോടിലേക്ക് ഇറങ്ങുന്ന അവസ്ഥയാണ്.
മാലിന്യങ്ങൾ നീക്കം ചെയ്ത്, കാട് വൃത്തിയാക്കി തോട് സംരക്ഷിക്കുക.
വാർഡ് 11 – കണിയാപുരം
തോട് ഇല്ല.
വാർഡ് 12 – ആലുമ്മൂട്
തോട് ഇല്ല.
വാർഡ് 13 - തെക്കേവിള
- വെട്ടുറോഡ് കുളിർനീറ്റിക്കരി തോട്
ഇരുവശവും സംരക്ഷണഭിത്തിയുള്ള തോടാണിത്. വറ്റാത്ത തോടാണിത്. നിലവിൽ 1200 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള തോടാണിത്. ഒരു വശം മാത്രം സംരക്ഷണഭിത്തിയുള്ള തോടാണിത്. നിറയെ വെള്ളമുള്ള തോടിൽ മാലിന്യങ്ങൾ നിറഞ്ഞാണ് കാണപ്പെടുന്നത്.
തോട് വൃത്തിയാക്കി സംരക്ഷിക്കുക
- കാവോട്ട്മുക്ക് കാട്ടുതോട്
1500 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള നിറയെ വെള്ളമുള്ള തോടാണിത്. ഇരുവശങ്ങളിലും സംരക്ഷണഭിത്തിയുണ്ട്. കുറേഭാഗം സംരക്ഷണഭിത്തിയോട് ചേർന്ന് ചെറിയ രീതിയിൽ കാട് പിടിച്ച് കിടക്കുന്നു. എന്നാൽ കുറേഭാഗം വലിയ രീതിയിൽ കാടുപിടിച്ചാണ് കാണപ്പെടുന്നത്.
ഇപ്പോഴുള്ള കാട് വൃത്തിയാക്കിയാൽ തോടിനെ സംരക്ഷിക്കാൻ സാധിക്കും.
വാർഡ് 14 – വലിയവീട്
- കാട്ടുകുളം തോട്
ഇരുവശങ്ങളിലും സംരക്ഷണഭിത്തിയുള്ള തോടാണിത്. സംരക്ഷണഭിത്തിയോട് ചേർന്ന് ചെറിയ രീതിയിൽ കാട് കയറിക്കിടക്കുന്നു.മാലിന്യങ്ങളും ചെളിയും കാണപ്പെടുന്നു.
മാലിന്യങ്ങൾ നീക്കം ചെയ്ത്, ചെളി നീക്കം ചെയ്ത് തോട് വൃത്തിയാക്കി സൂക്ഷിക്കുക.
- അലക്കുതോട്
രണ്ട് വശങ്ങളിലും സംരക്ഷണഭിത്തിയോട് കൂടി വളരെ നല്ല രീതിയിൽ കാണപ്പെടുന്ന തോടാണിത്. പരിസരവാസികൾ തുണികൾ അലക്കുന്നതിനായി ഉപയോഗിക്കുന്നു. തെളിഞ്ഞ വെള്ളമാണ് കാണപ്പെടുന്നത്.
അലക്കുന്ന മലിനജലം ഒഴുക്കിവിടാൻ ഒരു ഓട വേണമെന്നാണ് പരിസരവാസികളുടെ ആവശ്യം. അത് നിർമ്മിച്ചാൽ തോടിനെ കൂടുതൽ വൃത്തിയുള്ളതാക്കി മാറ്റാൻ സാധിക്കും.
- കല്ലിങ്കര മക്കാമുക്ക് തോട്
1800 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള തോടാണിത്. രണ്ട് വശവും സംരക്ഷണ ഭിത്തിയുണ്ട്. നിലവിൽ കാടുകയറി ശോചനിയാവസ്ഥയിലാണ് തോട്. മാലിന്യങ്ങൾ അവിടവിടെയായി കാണുന്നുണ്ട്.
മാലിന്യങ്ങൾ നീക്കം ചെയ്ത് കാട് വൃത്തിയാക്കിയാൽ തോടിനെ സംരക്ഷിക്കാൻ സാധിക്കും.
വാർഡ് 15 - പള്ളിപ്പുറം
- പള്ളിപ്പുറം പഴയ റോഡ് തോട്
രണ്ട് വശവും സംരക്ഷണഭിത്തിയുള്ള തോടാണിത്. 1600 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള വറ്റാത്ത വലിയ തോടാണിത്. നിലവിൽ സംരക്ഷണഭിത്തിയോട് ചേർന്ന് കാട് കയറിക്കിടക്കുന്ന അവസ്ഥയാണ്. ചപ്പുചവറുകൾ ധാരാളം കാണപ്പെടുന്നു.
ചപ്പുചവറുകൾ നീക്കം ചെയ്ത് തോടിനെ വൃത്തിയായി സംരക്ഷിക്കുക.
- ചിറ്റുപറമ്പിൽ തോട്
രണ്ട് വാർഡുകളിലായി ഒഴുകുന്ന ഏകദേശം 1800 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള തോടാണിത്. പാഴ്ച്ചെടികൾ നിറഞ്ഞും ചെളി നിറഞ്ഞും തോട് വൃത്തിഹീനമാണ്. മാലിന്യങ്ങൾ നീക്കം ചെയ്ത് തോടിനെ സംരക്ഷിക്കുക.
വാർഡ് 16 - കണ്ടൽ
- മങ്കാട്ട് തോട്
കണ്ടൽ വാർഡിലുള്ള വറ്റാത്ത തോടാണിത്. 2000 മീറ്ററോളം നീളവും 3 മീറ്റർ വീതിയുമുണ്ട്. കാടുകയറി വെള്ളംപോലും കാണാൻ സാധിക്കാത്ത അവസ്ഥയിലാണുള്ളത്.
കാട് വൃത്തിയാക്കി തോട് സംരക്ഷിച്ചാൽ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം.
- തോട്ടിൻകര തോട്
വറ്റാത്ത തോടാണിത്. നിലവിൽ 900 മീറ്റർ നീളവും 5 മീറ്റർ വീതിയുമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞും കാട് കയറിയും വൃത്തിഹീനമായിക്കിടക്കുന്നു.
മാലിന്യങ്ങൾ നീക്കം ചെയ്ത് തോടിനെ സംരക്ഷിക്കുക.
- ചിറ്റുപറമ്പിൽ തോട്
1900 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള തോടാണിത്. ഒരു വശം സംരക്ഷണഭിത്തിയുണ്ട്. മറുവശത്തു ഭിത്തി ഇല്ലാത്തതിനാൽ അവിടുന്ന് മണ്ണിടിഞ്ഞു തോടിലേക്ക് വീഴുന്നുണ്ട്. അതിനാൽ വെള്ളം കൂടുതൽ മലിനമാകുന്നുണ്ട്.
തോടിന്റെ അടുത്ത് കൃഷി സ്ഥലങ്ങൾ ഉള്ളതിനാൽ തോട് വൃത്തിയാക്കിയാൽ കൃഷി കൂടുതൽ വിപുലമാക്കാൻ സാധിക്കും.
- വലിയപാലം തോട്
ഇരുവശവും സംരക്ഷണഭിത്തിയുള്ള തോടാണിത്. റോഡിന്റെ ഇരുവശത്തായി ഒഴുകുന്ന തോട് ഒരു വശം വലിയ രീതിയിൽ കാട് കയറിക്കിടക്കുന്നു. മറുഭാഗം അത്രത്തോളം കാട് കയറിയിട്ടില്ല, വെള്ളം കാണാൻ കഴിയുന്നുണ്ട്. നിലവിൽ 1100 മീറ്റർ നീളവും 3 മീറ്റർ വീതിയുമുണ്ട്.
സംരക്ഷണഭിത്തിക്ക് ചുറ്റുമുള്ള കാട് വൃത്തിയാക്കിയാൽ തോട് ഉപയോഗപ്രദമാകും.
- കൂടത്തിട്ട തോട്
ഒരു വശം സംരക്ഷണഭിത്തിയുള്ള തോടാണിത്. നിലവിൽ വളരെ ശോചനിയാവസ്ഥയിലാണ് ഈ തോടിന്റെ ഇപ്പോഴത്തെ സ്ഥിതി. കാടുകയറിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും ഉപയോഗപ്രദമാക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
മാലിന്യങ്ങൾ നീക്കം ചെയ്യുക.
- മങ്ങനാത്ത് തോട്
1800 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള തോടാണിത്. നിലവിൽ ഒരുവശം മാത്രം സംരക്ഷണഭിത്തിയുള്ള തോട് മാലിന്യങ്ങൾ നിറഞ്ഞു വൃത്തിഹീനമാണ്.
മാലിന്യങ്ങൾ നീക്കം ചെയ്യുക.
വാർഡ് 17 - ശ്രീപാദം
- മുഴുത്തിരിയാവട്ടം തോട്
ശ്രീപാദം വാർഡിലുള്ള തോടാണിത്. നിലവിൽ 1600 മീറ്റർ നീളവും 4 മീറ്റർ വീതിയുമുണ്ട്. സംരക്ഷണഭിത്തിയൊന്നും തന്നെയില്ല. മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു. പണഭാഗങ്ങളിൽ നിന്നും ഒഴുകി വരുന്ന തോട് റോഡരികിൽ കുറച്ചുകൂടി വൃത്തിയിൽ കാണപ്പെടുന്നു.
മാലിന്യങ്ങൾ നീക്കം ചെയ്ത് തോട് ജനങ്ങൾക്ക് ഉപയോഗപ്രദമാക്കുക.
- തോട്ടുമുഖം തോട്
1500 മീറ്റർ നീളവും 4 മീറ്റർ വീതിയുമുണ്ട്. ഒരുവശത്തു സംരക്ഷണഭിത്തി നിലവിലുണ്ട്. ചെളി നിറഞ്ഞ കലങ്ങൽ വെള്ളമാണ് ഒഴുകുന്നത്.
ചെളി നീക്കം ചെയ്ത് തോടിനെ സംരക്ഷിക്കുക.
വാർഡ് 18 - മൈതാനി
- തോട്ടിൻ മുഖത്ത് തോട്
1500 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള തോടാണിത്. സംരക്ഷണഭിത്തിയില്ല. ചെളിനിറഞ്ഞു കാടുകയറിയാണ് തോട് കാണപ്പെടുന്നത്. തെറ്റിയാർ തോടിന്റെ ഒരു കൈവഴിയാണ് ഈ തോട്., അതിനാൽത്തന്നെ ഒരിക്കലും വറ്റാത്ത തോടാണിത്.
വറ്റാത്ത തോടായതിനാൽ സംരക്ഷണഭിത്തി നിർമ്മിച്ചാൽ കൂടുതൽ ഉപയോഗപ്രദമാക്കാം.
- കണ്ടൽ തോട്
1000 മീറ്ററോളം നീളവും 5 മീറ്റർ വീതിയുമുള്ള തോടാണിത്. സംരക്ഷണഭിത്തിയില്ല. കോർപറേഷൻ ഏരിയയിൽ നിന്നും വരുന്ന തോട് നിലവിൽ കാടുകയറി നശിച്ച അവസ്ഥയിലാണ്.
സംരക്ഷണഭിത്തി നിർമ്മിച്ച് കാട് വൃത്തിയാക്കി തോട് വൃത്തിയാക്കുക.
- ചെറുകായൽക്കര തോട്
1600 മീറ്ററോളം നീളവും 3 മീറ്റർ വീതിയുമുള്ള തോടാണിത്. കുറയ്ക്കോട് ഭാഗത്തു കൂടി ഒഴുകുന്ന ഈ തോട് കഠിനംകുളം കായലിലാണ് ചെന്നെത്തുന്നത്. വറ്റാത്ത തൊടിനുചുറ്റും സംരക്ഷണഭിത്തിയില്ല. കാടുകയറിക്കിടക്കുന്നു.
കാട് വൃത്തിയാക്കി സംരക്ഷണഭിത്തി നിർമ്മിച്ച് തോടിനെ സംരക്ഷിക്കുക.
കുളങ്ങൾ - അവസ്ഥയും പരിപാലനവും
വാർഡ് 2 - വെളളൂർ
- വെളളൂർ ആനത്താഴ്ച്ചിറ കുളം
വെളളൂർ വാർഡിൽ ഏകദേശം 800 സെന്റ് വിസ്തൃതിയിൽ കാണപ്പെടുന്ന കുളമാണ് ആനത്താഴ്ച്ചിറ കുളം. ധാരാളം വെളളം എത്തിച്ചേരുകയും അതുപോലെ തന്നെ ഒഴുകിപോകുകയും ചെയ്യുന്നുണ്ട്. എന്നിരിന്നാലും ജലനിരപ്പ് ഒരു പരിധിയിൽ കൂടൂതൽ താഴാതെ നിലനിർത്തുന്നു. അതുപോലെ വറ്റാത്തതുമാണ് ഈ കുളം. കൃഷി ആവശ്യത്തിനും ജലസേചനത്തിനും നിലവിൽ ഉപയോഗിക്കുന്നുണ്ട്.
പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകാത്ത രീതിയിലുളള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി, നല്ല രീതിയിൽ കുളത്തിനെ സംരക്ഷിക്കുക (സംരക്ഷണഭിത്തി നിർമ്മിക്കുക, കുളം വൃത്തിയാക്കുക).
- കട്ടച്ചിറക്കോണം കോട്ടാൻചിറ കുളം
വെളളൂർ വാർഡിൽ ഏകദേശം 15 സെന്റ് വിസ്തൃതിയിൽ കാണപ്പെടുന്ന കുളമാണിത്. വേനൽകാലത്തും ഇത് വറ്റാറില്ല. നിലവിൽ പായൽ മൂടി, സമീപപ്രദേശങ്ങളാകെ കാടുകയറി കിടക്കുന്ന അവസ്ഥയാണ്.
പായൽ മാറ്റി, സംരക്ഷണഭിത്തി നിർമ്മിച്ച്, സമീപപ്രദേശങ്ങളിലെ കാടുവെട്ടി ശരിയായ രീതിയിൽ സംരക്ഷിച്ചാൽ, സമീപ പ്രദേശങ്ങളിലെ കൃഷി ആവശ്യത്തിനും ഗാർഹികാവശ്യത്തിനുമൊക്കെ ഉപയോഗിക്കാവുന്നതാണ്.
വാർഡ് 3 - കൊയ്ത്തൂർക്കോണം
- ചെക്കാലക്കുളം
കൊയ്ത്തൂർക്കോണം വാർഡിൽ ഏകദേശം 5 സെന്റ് വിസ്തൃതിയിൽ ചെക്കാലക്കുളം കാണപ്പെടുന്നു. സംരക്ഷണഭിത്തിയുളള നല്ല രീതിയിൽ സംരക്ഷിച്ചുപോരുന്ന കുളമാണിത്. നിലവിൽ കുട്ടികൾ നീന്തൽ പരിശീലനം നടത്തുന്ന നിലവാരമുളള നിലയിൽ സ്ഥിതി ചെയ്യുന്ന കുളമാണിത്.
- ശ്രീകൃഷ്ണകാവ് കുളം
ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തായി കാണപ്പെടുന്ന ഈ കുളം നിലവിൽ ഉപയോഗമില്ലാത്ത അവസ്ഥയിലാണ്. കാട് കയറി കുളത്തിന്റെ സമീപത്തുപോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് കാണപ്പെടുന്നത്.
കാട് വൃത്തിയാക്കി, സംരക്ഷണഭിത്തി നിർമ്മിച്ചാൽ കാർഷിക ആവശ്യങ്ങൾക്കും മറ്റും ഈ ജലം ഉപയോഗപ്പെടുത്താം.
വാർഡ് 4 - തിരുവെളളൂർ
- ഇരവൂർക്കോണം ചിറ കൂളം
ഏകദേശം 10 സെന്റ് വിസ്തൃതിയിൽ കാണപ്പെടുന്ന കുളമാണിത്. നിലവിൽ പായൽ മൂടി സംരക്ഷണഭിത്തിയില്ലാതെ ചുറ്റും കാടുകയറിയിട്ടുളള അവസ്ഥയാണ്. വേനൽകാലത്തും വറ്റാത്ത കുളമാണിത്.
കാട് വൃത്തിയാക്കി, പായൽ മാറ്റി, സംരക്ഷണഭിത്തി നിർമ്മിച്ച് വൃത്തിയാക്കിയാൽ കാർഷികാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാം.
- കൊട്ടോട്ടുകോണം ചിറ കുളം
ഏകദേശം 12 സെന്റ് വിസ്തൃതിയിൽ കാണപ്പെടുന്ന കുളമാണിത്. സമീപപ്രദേശങ്ങൾ കാടുകയറി കുളം മലിനമായ അവസ്ഥയിലാണ്. സംരക്ഷണ ഭിത്തിയില്ല.
കാട് വൃത്തിയാക്കി, പായൽ മാറ്റി, സംരക്ഷണഭിത്തി നിർമ്മിച്ച് കുളത്തിലോട്ട് എത്തിച്ചേരാനുളള വഴി കൃത്യമാക്കിയാൽ കാർഷികാവശ്യങ്ങൾക്കും ഗാർഹികാവശ്യങ്ങൾക്കും ഈ കുളത്തിലെ ജലം ഉപയോഗപ്പെടുത്താം.
വാർഡ് 5 - അണ്ടൂർക്കോണം
- കരിഞ്ചെളളൂർകാവിൽ കുളം
അണ്ടൂർക്കോണം വാർഡിൽ ഏകദേശം 5 സെന്റ് വിസ്തൃതിയിൽ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. സൈഡ് വാൾ കെട്ടി, നല്ല വൃത്തിയായി കുളം സംരക്ഷിച്ചിരിക്കുന്നു. ശുദ്ധജലമാണ്. കുളവും പരിസരവും നല്ല വൃത്തിയിൽ സംരക്ഷിച്ചിരിക്കുന്നു.
വാർഡ് 6 - കീഴാവൂർ
- കീഴാവൂർ കുളം
കീഴാവൂർ വാർഡിൽ ഏകദേശം 5 സെന്റ് വിസ്തൃതിയിൽ കാണപ്പെടുന്ന ഈകുളം വറ്റാത്തതാണ്. ഏകദേശം 3 മീറ്റർ ആഴമുളള കീഴാവൂർ കുളം നിലവിൽ പായൽ മൂടി, മലിനമായ അവസ്ഥയിലാണ്. ഭാഗികമായി മാത്രമേ സംരക്ഷണഭിത്തിയുളളു.
സംരക്ഷണഭിത്തി നിർമ്മിച്ച് പായൽമാറ്റി, ജലം ശുദ്ധീകരിച്ചാൽ കാർഷികാവശ്യങ്ങൾക്കും ഗാർഹികാവശ്യങ്ങൾക്കും മറ്റും ഈ കുളം പ്രയോജനപ്പെടുത്താം.
വാർഡ് 7 - പറമ്പിപ്പാലം
- പറമ്പിപ്പാലം കുളം
പറമ്പ്കുളം എന്നും അറിയപ്പെടുന്ന ഈ കുളം ഏകദേശം 8 സെന്റ് വിസ്തൃതിയിലാണ് സ്ഥിതിചെയ്യുന്നത്. ഭാഗികമായി മാത്രമേ സംരക്ഷണഭിത്തിയുളളു. നിലവിൽ ജലം ശുദ്ധമാണ്. ഗാർഹിക ആവശ്യങ്ങൾക്കും കൃഷിയ്ക്കും മറ്റും ഈ ജലം ഉപയാഗിക്കപ്പെടുന്നുണ്ട്.
സംരക്ഷണഭിത്തി നിർമ്മിക്കുക.
വാർഡ് 8 - പാച്ചിറ
- പാച്ചിറകുളം
ഏകദേശം 15 സെന്റ് വിസ്തൃതിയിൽ കാണപ്പെടുന്ന പാച്ചിറകുളം നിലവിൽ പായൽ മൂടി, ജലം മലിനമായ അവസ്ഥയിലാണ്. സംരക്ഷണഭിത്തിയില്ല, പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് കുളം മലിനമാക്കിയിരിക്കുന്നു. കുളത്തിന് ചുറ്റും കാട് കയറിയ അവസ്ഥയിലാണ്.
പായൽ മാറ്റി, സംരക്ഷണഭിത്തി നിർമ്മിച്ച്, കുളം ശുദ്ധീകരിച്ചാൽ കാർഷികാവശ്യങ്ങൾക്കും മറ്റും ഉപയോഗപ്പെടുന്നതാണ്.
വാർഡ് 9 - പളളിച്ചവീട്
- ചേനാത്ത്കുളം
ഏകദേശം 10 സെന്റ് വിസ്തൃതിയിൽ കാണപ്പെടുന്ന കുളമാണ് ചേനാത്ത്കുളം. പായൽ മൂടി മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ് സംരക്ഷണഭിത്തിയില്ല.
പായൽമാറ്റി ജലം ശുദ്ധീകരിച്ച് സംരക്ഷണഭിത്തി നിർമ്മിച്ച് പരിസരപ്രദേശങ്ങളിൽ കാട് വെട്ടിമാറ്റിയാൽ കാർഷികാവശ്യങ്ങൾക്കും മറ്റും ഈ കുളം പ്രയോജനപ്പെടുത്താം.
- താമരക്കുളം
ഏകദേശം 6 സെന്റ് വിസ്തൃതിയിൽ കാണപ്പെടുന്ന താമരക്കുളം നിലവിൽ മാലിന്യങ്ങൾ കൊണ്ട് മൂടി, ചെന്ന് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ്. സംരക്ഷണഭിത്തി ഒന്നും തന്നെയില്ല.മാലിന്യങ്ങൾ മാറ്റി, സംരക്ഷണഭിത്തി നിർമ്മിച്ച്, ജലം ശുദ്ധീകരിച്ചാൽ കാർഷിക ആവശ്യങ്ങൾക്കും മറ്റും ഇത് പ്രയോജനപ്പെടുത്താം.
വാർഡ് 10 - കുന്നിനകം
- തണ്ണീർക്കെട്ട് കുളം
ഏകദേശം 10 സെന്റ് വിസ്തൃതിയിൽ കാണപ്പെടുന്നു. സംരക്ഷണഭിത്തിയുണ്ട്, എന്നിരുന്നാലും ജലം മലിനമാണ്. പായൽ നിറഞ്ഞ അവസ്ഥയാണ്. ചുറ്റും കാട് കയറി കുളത്തിനടുത്തേയ്ക്ക് എത്തിപ്പെടാൻ കഴിയില്ല.
ചുറ്റുപ്പാടും വൃത്തിയാക്കി, പായൽ മാറ്റി ജലം ശുദ്ധീകരിച്ചാൽ കാർഷികാവശ്യങ്ങൾക്കും മറ്റും ഈ കുളം ഉപയോഗപ്പെടുത്താം.
- പാലമൺ കുളം
ഏകദേശം 10 സെന്റ് വിസ്തൃതിയിൽ കാണപ്പെടുന്നു. സംരക്ഷണഭിത്തിയില്ല. ജലം മലിനമാണ്. പായൽ നിറഞ്ഞിരിക്കുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും കൊണ്ട് കുളം മലിനമാക്കപ്പെട്ടിരക്കുന്നു.
ചുറ്റുമതിൽ കെട്ടി, പായൽ നീക്കം ചെയ്ത്, ജലം ശുദ്ധീകരിച്ചാൽ, കാർഷിക ആവശ്യങ്ങൾക്കും ഗാർഹികാവശ്യങ്ങൾക്കും മറ്റും ജലം ഉപയോഗപ്പെടുത്താം.
- ശ്രീധരമംഗലം കുളം
ഏകദേശം 12 സെന്റ് വിസ്തൃതിയിൽ കാണപ്പെടുന്നു. ക്ഷേത്രത്തിനു സമീപമായി കാണപ്പെടുന്ന ഈ കുളത്തിന് സംരക്ഷണഭിത്തിയില്ല. പായൽ നിറഞ്ഞിരിക്കുന്നു. ജലം മലിനമാണ് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് കുളം മലിനമാക്കപ്പെട്ടിരിക്കുന്നു.
സംരക്ഷണഭിത്തി നിർമ്മിച്ച് പായൽ നീക്കം ചെയ്ത് ജലം ശുദ്ധീകരിക്കുക. കുളത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത്, പ്ലാസ്റ്റിക്, മറ്റു വേസ്റ്റുകൾ എന്നിവ വലിച്ചെറിയാതിരിക്കാനുളള മാർഗ്ഗം സ്വീകരിച്ചാൽ കുളത്തിലെ ജലം കാർഷികാവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താം.
വാർഡ് 17 - ശ്രീപാദം
- മുഴിതിരിയാവട്ടം കുളം
ഏകദേശം 5 സെന്റ് വിസ്തൃതിയിലാണ് കുളമുളളത്. സംരക്ഷണഭിത്തിയില്ല. പായൽ നിറഞ്ഞ് ജലം മലിനമാണ്. കുളത്തിന് പരിസരപ്രദേശങ്ങൾ കാട് കയറി മലിനമാക്കപ്പെട്ടിരിക്കുന്നു.
സംരക്ഷണഭിത്തി നിർമ്മിക്കുക, പായൽ മാറ്റി ജലം ശുദ്ധീകരിക്കുക, കുളത്തിന്റെ പരിസരപ്രദേശങ്ങൾ കാട് തെളിച്ച് വൃത്തിയായി സംരക്ഷിച്ചാൽ പ്രദേശവാസികൾക്ക് കാർഷികാവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താം
ഉറവ
വാർഡ് 1 - കരിച്ചാറ
കരച്ചാറ വാർഡിൽ പണ്ടാരക്കുഴി കാവിനടുത്തായി ഒരു നീരുറവ കാണുന്നു. പ്രകൃതിയാൽ തന്നെ കാണപ്പെടുന്ന ഈ ഉറവ മണ്ണിനടിയിൽ നിന്നാണ് രൂപപ്പെടുന്നത്. ശുദ്ധജലമാണ്. സംരക്ഷണഭിത്തിയില്ല.
പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകാത്ത രീതിയിലുളള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഇതിനെ സംരക്ഷിച്ചാൽ സമീപ പ്രദേശത്തെ കുടിവെളള ക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകും
അടിസ്ഥാന വിഭവങ്ങളായ മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവ തമ്മിലുള്ള സ്വാഭാവികമായ ബന്ധം നിലനിർത്തേണ്ടത് സുസ്ഥിരമായ വികസനത്തിന് അത്യാവശ്യമാണ്. ഇവ തമ്മിലുള്ള സന്തുലിത അവസ്ഥ പരിപാലിക്കപ്പെടേണ്ടതാണ്. ഈ അവസ്ഥക്ക് കോട്ടം തട്ടുമ്പോഴാണ് മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും പൊട്ടിപ്പുറപ്പെടുന്നത്. ഓരോ പ്രദേശത്തിന്റെയും പൊതുവായ ഭൂപ്രകൃതി, ചരിവ്, നിലവിലുള്ള ഭൂവിനിയോഗ രീതികൾ, ജലവിഭവങ്ങൾ എന്നിവയെ സമഗ്രമായ പഠനത്തിന് വിധേയമാക്കി ശാസ്ത്രീയമായ അടിത്തറയോടെ വേണം പ്രദേശത്തെ ജലവും, അഥവാ ജല സമ്പത്തും പരിപാലിക്കപ്പെടേണ്ടത്.
ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.) സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലവിലെ ഭൂപ്രകൃതി, മറ്റു ഘടകങ്ങൾ എന്നിവ പരിഗണിച്ച് പദ്ധതി പ്രദേശത്ത് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി നടത്താവുന്ന ചില ഇടപെടലുകൾ ചുവടെ ക്കൊടുക്കുന്നു. ഭൂപടത്തിലും രേഖപ്പെടുത്തിയിരിക്കുന്നു.
ഭൂവിനിയോഗത്തിൽ നിർദേശിക്കുന്ന ഇടപെടലുകൾ
ഓരോ പ്രദേശത്തേയും ഭൂമിയുടെ സ്വഭാവത്തിനും നിലനിൽക്കുന്ന പ്രകൃതി വിഭവങ്ങളുടെ ലഭ്യതയ്ക്കും കാർഷിക പാരിസ്ഥിതിക അവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. കോണ്ടൂർ കയ്യാലകൾ (Contour Bunds) നിർമ്മിക്കൽ, കാർഷിക കുളങ്ങളുടെ (Farm Ponds) നിർമ്മാണം, മേല്‍ക്കൂരയില്‍ നിന്നും മഴവെള്ള സംഭരണം (Roof Top Rain Water Harvesting), സ്റ്റാഗേർഡ് ട്രെഞ്ചുകൾ (Staggered Trenches) തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കോണ്ടൂർ കയ്യാല നിർമ്മാണം
മൺകയ്യാല (മണ്ണ് കൊണ്ട്) നിർമ്മാണം, കല്ലുകയ്യാല (കല്ല് കൊണ്ട്) നിർമ്മാണം എന്നിവ ഇതിൽപ്പെടുന്നു. ഉപരിതല ഒഴുക്കിനെ തടയാൻ പറമ്പുകളിൽ മണ്ണുകൊണ്ടോ കല്ലുകൊണ്ടോ നിർമ്മിക്കുന്ന തടസ്സങ്ങളാണിവ. മൺകയ്യാലകൾ, തിരണകൾ, കയ്യാലമാടൽ, കൊള്ള് എന്നിങ്ങനെ പ്രാദേശിക മായി വിവിധ പേരുകൾ ഇവയ്ക്കുണ്ട്. മണ്ണിളക്കുമ്പോൾ ലഭിക്കുന്ന ലാറ്ററൈറ്റ് (ഉരുളൻ കല്ലുകൾ) കല്ലുകൾ ലഭ്യമായ മലയോര മേഖലകളിൽ നിർമ്മിക്കുന്ന കല്ലുകയ്യാലകളും കോണ്ടൂർ വരമ്പുകളുടെ ഗണത്തിൽ വരും. കേരളീയ സാഹചര്യങ്ങളിൽ മൺ കയ്യാലകൾ പൊതുവെ 12 ശതമാനം വരെ ചരിവുള്ള പ്രദേശങ്ങൾക്ക് അനുയോജ്യമാണ് ഇവയ്ക്ക് മുകളിൽ പുല്ല്, കൈത (Pineapple) എന്നിവ വച്ചുപിടിപ്പിച്ച് ബലവത്താക്കാവുന്നതാണ്. മുഴുവൻ കൃഷിയിടവും ചരിവിനു കുറുകെ നിർമ്മിക്കുന്ന മൺ വരമ്പുകളാൽ ഖണ്ഡങ്ങളാക്കി തിരിച്ച് ഇടവരമ്പുകളും തീർത്ത് വീഴുന്ന മഴ വെള്ളം കയ്യാലകൾക്കിടയിൽ തന്നെ സംഭരിക്കുന്നു. കോണ്ടൂർ വരമ്പുകളും ഇടവരമ്പുകളും തീർത്തുകഴിയുമ്പോൾ ഇവ ഓരോന്നും ഒരു സൂക്ഷ്മ വൃഷ്ടിത്തടം (Micro catchement) പോലെ ജലം മണ്ണിൽ ശേഖരിച്ച് ഭൂജല പോഷണത്തിന് സഹായിക്കുന്നു. അങ്ങനെ പറമ്പുകളിൽ ജലാംശം വർദ്ധിപ്പിക്കുന്നതോടൊപ്പം കുളങ്ങളിലും കിണറുകളിലും വേനൽക്കാലത്ത് ജലസമൃദ്ധി ഉറപ്പുവരു ത്താനും ഇവ സഹായിക്കുന്നു.
ചെറുകിട കർഷകർ ഉദ്ദേശ സമോച്ച രേഖ അടിസ്ഥാനമാക്കി മണ്ണ് കയ്യാലകൾ നിർമിച്ചു വരുന്നു. എങ്കിലും ഇവയുടെ നിർമ്മാണത്തിൽ ചില സാങ്കേതികതകളുണ്ട്. രണ്ട് കയ്യാലകൾ തമ്മിലുള്ള അകലം കണക്കാക്കുന്നത് ലംബ അകലം (Vertical interval) ഉപയോഗിച്ചാണ് VI= 0.3 (S/3 +2 )എന്ന ഈ സൂത്രവാക്യത്തിൽ 'S’ എന്നത് പറമ്പിന്റെ ചരിവും VI ലംബ അകലവുമാണ് ഉദാഹരണമായി 6% ചരിവുള്ള ഭൂമിയിൽ കയ്യാലകൾ തമ്മിലുള്ള ലംബ അകലം [0.3 (6/3+2) = 1.2 മീറ്റർ ആയിരിക്കും.
മൺവരമ്പുകൾക്ക് 60 മുതൽ 90 സെന്റിമീറ്റർ വരെ ഉയരം നൽകിവരുന്നു. കാലവർഷത്തിൽ, പ്രത്യേകിച്ചും കളിമണ്ണിന്റെ അംശം കൂടുതലുള്ള മൺതരങ്ങളിൽ, വരമ്പുകൾക്ക് നാശമുണ്ടാകാത വിധം അധിക ജലം ഒഴുക്കിക്കളയാനുള്ള സംവിധാനം നൽകാവുന്നതാണ്.
12 ശതമാനത്തിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ മൺ കയ്യാലകൾക്ക് കൂടുതൽ ബലം ലഭിക്കുവാൻ പുരയിടങ്ങളിൽ മണ്ണിളക്കുമ്പോൾ ലഭ്യമായ കല്ലുപയോഗിക്കുന്നു. കല്ലുകയ്യാലകൾ എന്ന് വിളിക്കുന്ന ഇത്തരം നിർമ്മിതികൾ കേരളത്തിലെ കർഷകർക്കിടയിൽ ഏറെ സ്വീകാര്യമാണ് മണ്ണിളക്കുമ്പോൾ കല്ല് കൂടുതലുള്ള കൃഷി ഭൂമികളിൽ 12 % ത്തിൽ താഴെ ചരിവ് ഉള്ളപ്പോൾ പോലും കല്ല് കയ്യാലകൾ നിർമ്മിച്ചുവരുന്നു. ദീർഘകാലം കേടുപാടുകളില്ലാതെ നിലനിൽക്കുന്നതും പറമ്പുകളിൽ നിന്നും കല്ലൊഴിവായിക്കിട്ടുന്നതുമെല്ലാം ഇതിനു കാരണമാണ്. മൺ കയ്യാലകളുടെ അകലം ക്രമീകരണത്തിനുപയോഗിക്കുന്ന സൂത്രവാക്യം തന്നെ കല്ലുകയാലകൾക്കും ഉപയോഗിക്കാവുന്നതാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലകളിൽ കയ്യാല കൾ നിർമ്മിക്കുമ്പോൾ സുരക്ഷിതമായ നീർവാർച്ച ഉറപ്പാക്കുകയും, നീർച്ചാലുകൾക്ക് തടസ്സമുണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം. 62, 63, 53, 64, 65, 75, 30, 58, 65, 66, 34, 35, 33, 34, 602, 601, 599, 598, 601 മുതലായ സർവെ നമ്പറുകളിൽ മൺ കയ്യാലകൾ നിർമ്മിക്കുന്നത് പരിഗണിക്കാവുന്നതാണ്.
കാർഷിക കുളം
ഉപരിതലപ്രവാഹം ശേഖരിക്കാനുതകുന്ന കുളങ്ങൾ ഭൂഗർഭജലവിതാനം ഉയർത്തുന്നതിന് അനിവാര്യമാണ്. കൃഷിയാവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കുളങ്ങളുടെ പുനരുദ്ധാരണവും പുതിയ ജലശ്രോതസ്സുകളുടെ വികസനവും ആവശ്യമാണ്. ഇതു വഴി ഭൂജലസ്രോതസ്സിന്മേലുളള ആശ്രയത്വം കുറയുകയും വേനൽക്കാലത്ത് കൂടുതൽ ജലം ലഭ്യമാകുകയും ചെയ്യും. 178, 607, 88, 513, 471, 292, 112, 182, 179, 187, 73 മുതലായ സർവെ നമ്പറുകളിൽ കാർഷിക കുളങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കാവുന്നതാണ്.
മേല്‍ക്കൂരയില്‍ നിന്നും മഴവെള്ള സംഭരണം (Roof Top Rain Water Harvesting)
മേൽക്കൂരയിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ പി.വി.സി പാത്തികളിലൂടെ ഒഴുക്കി സംഭരണികളിലേക്കോ കിണറുകളിലേക്കോ മണ്ണിലേക്ക് ഊർന്ന് ഇറങ്ങുന്നതിനായോ ഉള്ള സംവിധാനം ഒരുക്കന്നത് വഴി ഭൂഗർഭ ജല സ്രോതസ്സ് വർധിപ്പിക്കാവുന്നതാണ്.
ഫെറോ സിമെന്റ് സംഭരണി: ടാങ്കുകളിൽ ശേഖരിച്ച് നേരിട്ട് ഉപയോഗിക്കുന്ന ലളിതമായ രീതിയാണിത്. 15000 ലിറ്റർ സംഭരണശേഷിയുള്ള ഒരു ഫെറോ സിമന്റ് ടാങ്ക് നിർമ്മിച്ചാൽ 4 പേരടങ്ങുന്ന കുടുംബത്തിന് 4 മാസം വരെ പാചകാവശ്യങ്ങൾക്കുള്ള വെള്ളം 1000 ചതുരശ്ര അടി മേൽക്കൂര വിസ്തീർണ്ണത്തിൽ നിന്ന് കണ്ടെത്താവുന്നതാണ്.
കിണർ റീചാർജ്ജിംങ്: മഴയുള്ള സമയത്ത് മേൽക്കുരയിൽ നിന്നും മഴവെള്ളം പാത്തികളിൽ കുടി ശേഖരിച്ച് കിണറിന് മുകൾ വശത്തായി എടുത്ത കുഴികളിലേയ്‌ക്കോ, അല്ലെങ്കിൽ ഫിൽറ്റർ വഴി നേരിട്ടു കിണറിലേക്കോ ഇറക്കുന്ന രീതിയാണ് ഇത്. വേനൽക്കാലത്ത് ജലലഭ്യത വർദ്ധിപ്പിക്കുന്നതോടൊപ്പം കിണറ്റിലേക്കുള്ള ഉറവകൾ ശക്തി പ്പെടുത്തുവാനും ഈ മാർഗ്ഗം സഹായിക്കും. ഉപയോഗശൂന്യമായ കിണറുകളും കുഴൽക്കിണറുകളും ഇപ്രകാരം മഴവെള്ളം ഭൂജലത്തിലേക്ക് എത്തിക്കാൻ ഉപയോഗി ക്കാവുന്നതാണ്. കാലക്രമേണ ഇവയിലും ഉറവകൾ എത്തി തുടങ്ങും.
പൊതു സ്ഥാപനങ്ങളിലും മറ്റും സ്ഥല ലഭ്യത/അനുയോജ്യത എന്നിവ അനുസരിച്ച് കൃത്രിമ ഭൂജല പോഷണം ചെയ്യാവുന്നതാണ്. ഭൂപടത്തിൽ ചിത്രീകരണം നൽകിയിട്ടുണ്ട്.
സ്റ്റാഗേർഡ് ട്രെഞ്ചുകൾ (Staggered Trenches)
വ്യത്യസ്‌തമായ ചരിവുള്ള സാഹചര്യങ്ങളിൽ (8-33%) ഇത് അഭികാമ്യമാണ്. ഈ സാഹചര്യത്തിൽ, കിടങ്ങിന്റെ നീളം ചെറുതായി സൂക്ഷിക്കുന്നു, അതായത് 2-3 മീറ്റർ, വരികൾ തമ്മിലുള്ള അകലം 3-5 മീറ്റർ വരെ വ്യത്യാസപ്പെടുന്നു. ഭൂപ്രകൃതിയുള്ള മലയോര പ്രദേശങ്ങൾക്ക് ഇത് ഏറെ അനുയോജ്യമാണ്.
2, 520, 66, 62, 59, 57, 56, 60, 61, 43, 35, 36, 24, 136, 135, 131, 192, 155, 169, 167, 166 മുതലായ സർവെ നമ്പറുകളിൽ സ്റ്റാഗേർഡ് ട്രെഞ്ചുകൾ ചെയ്യാവുന്നതാണ്.
നീർച്ചാലുകളും ജലാശയങ്ങളിലും നിർദേശിക്കുന്ന ഇടപെടലുകൾ
പ്രദേശത്തെ നീരൊഴുക്കിന്റെ വേഗത നിയന്ത്രിക്കുന്നതിനും, സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നതുമായ വിവിധതരം പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ബ്രഷ് വുഡ് തടയണകൾ
നീരൊഴുക്ക് ശക്തിയാർജ്ജിക്കുന്ന ഇടങ്ങളിൽ ഇത്തരം തടയണകൾ നിർമ്മിക്കാം. ചാലിനു കുറുകെ നിരകളായി തളിർക്കുന്ന മരക്കുറ്റികൾ നടുകയും അവയ്ക്കിടയിൽ ചുള്ളി കമ്പുകൾ, മരച്ചില്ലകൾ, വള്ളിപ്പടർപ്പ് തുടങ്ങിയവ നിറച്ച് കെട്ടി ബലപ്പെടുത്തി യുമാണ് ബ്രഷ് വുഡ് തടയണകൾ ഉണ്ടാക്കുന്നത്. മരക്കുറ്റികൾ ക്രമേണ തളിർത്ത് തടയണകൾ ബലപ്പെടു കയും, നീരൊഴുക്കിന്റെ വേഗത കുറച്ച് മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നു. വെള്ളൂർ തോട് (സർവെ നമ്പർ 94) പുളി നട (സർവെ നമ്പർ 57, 58) ഇറവൂർക്കോണം ചിറ (സർവെ നമ്പർ 165) കുഴിവിളകം കല്ല്പാലം (സർവെ നമ്പർ 201, 226) മുതലായ തോടുകളിൽ ബ്രഷ് വുഡ് തടയണകൾ ചെയ്യാവുന്നതാണ്.