അഴൂർ ഗ്രാമ പഞ്ചായത്ത്

അടിസ്ഥാന വിവരങ്ങൾ


തിരുവനന്തപുരം ജില്ലയില്‍ ചിറയിൻകീഴ് താലൂക്കില്‍ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് അഴൂർ. അഴൂർ വില്ലേജ്  ഉൾപ്പെട്ടിരിക്കുന്ന പഞ്ചായത്തിന്റെ ആകെ വിസ്തീർണം   12.46 ചതുരശ്ര കിലോമീറ്റർ. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ കീഴിലാണ് അഴൂർ പഞ്ചായത്ത് പ്രവർത്തിക്കുന്നത്. 

അടിസ്ഥാന വിവരങ്ങൾ - അഴൂർ ഗ്രാമപഞ്ചായത്ത്

പഞ്ചായത്തിന്റെ  പേര്അഴൂർ
ജില്ലതിരുവനന്തപുരം
താലൂക്ക്ചിറയിൻകീഴ്
ഉള്‍പ്പെടുന്ന വില്ലേജ്അഴൂർ
ബ്ലോക്ക്     പോത്തൻകോട്
വിസ്തൃതി12.46  ച. കി മീ
അക്ഷാംശം8037'6.237" N - 8039'28.86" N
രേഖാംശം76047'27.88" E - 76050'8.49" E
വാര്‍ഡുകള്‍18
ജനസംഖ്യ (2011 സെന്‍സസ്)27390
പുരുഷന്മാര്‍12386
സ്ത്രീ12386
അതിരുകള്‍
വടക്ക്കിഴുവിലം ഗ്രാമപഞ്ചായത്ത്
കിഴക്ക്മംഗലപുരം ഗ്രാമപഞ്ചായത്ത്
തെക്ക്       കഠിനംകുളം ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്


വാര്‍ഡുകൾ

   ക്രമ നം.         വാര്‍ഡിന്റെ പേര്
1മാടൻവിള
2അഴൂർ ക്ഷേത്രം
3ഗണപതിയാംകോവിൽ
4മാവിന്റെമൂട്
5കോളിച്ചിറ
6അഴൂർ എൽ പി എസ്
7കൃഷ്ണപുരം
8മുട്ടപ്പലം
9തെറ്റിച്ചിറ
10ഗാന്ധിസ്മാരകം
11കന്നുകാലിവനം
12 നാലുമുക്ക്
13ചിലമ്പിൽ
14അക്കരവിള
15പെരുങ്ങുഴി ജംഗ്ഷൻ 
16പഞ്ചായത്ത് ഓഫീസ്
17റെയിൽവേ സ്റ്റേഷൻ
18കൊട്ടാരം തുരുത്ത് 
ചരിത്രം


സ്വാതന്ത്ര്യാനന്തരം 1948-ൽ രൂപീകരിച്ച അഴൂർ ഗ്രാമോദ്ധാരണ കേന്ദ്രമാണ് പിന്നീട് അഴൂർ പഞ്ചായത്തായി രൂപാന്തരം പ്രാപിച്ചത്. ജാതിഭ്രഷ്ട് അതിന്റെ ഏറ്റവും നീചമായ അവസ്ഥ പഞ്ചായത്തിലൂടനീളം നിലനിന്നിരുന്നു. താഴ്ന്ന ജാതിയിലുള്ളവരുടെ നിലവാരം ജീവിത നിലവാരം ദയനീയമാംവിധം ദുരിതം നിറഞ്ഞതായിരുന്നു. പ്രധാനമായും കൃഷി മാത്രമായിരുന്നു അന്നത്തെ ഉപജീവനമാർഗ്ഗം.  ഈ കാലഘട്ടത്തിൽ തന്നെ കൊപ്രയാട്ട് വ്യവസായം, അവൽ നിർമ്മാണം തുടങ്ങിയ കൂടിൽ വ്യവസായങ്ങൾ നിലനിന്നിരുന്നു. കൈത്തറി വ്യവസായം, കയർ വ്യവസായം എന്നിവയായിരുന്നു മറ്റു പ്രധാന മേഖലകൾ. കൂടിപ്പള്ളിക്കൂടങ്ങളും, അഴൂർ ലോവർ പ്രൈമറി സ്‌കൂളുമായിരുന്നു പ്രധാന വിദ്യാകേന്ദ്രങ്ങൾ. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ധാരാളമാളുകൾ കോൺഗ്രസിനോട് ആഭിമുഖ്യമുളളവരായി മുന്നോട്ട് വന്നിരുന്നു. വാരിയംപറമ്പിൽ കയർ ഫാക്ടറിയാണ് അഴൂർ പഞ്ചായത്തിലെ ആദ്യ കയർ ഫാക്ടറി. ഗതാഗതവും ചരക്കു ഗതാഗതവും പൂർണ്ണമായും കെട്ടുവള്ളങ്ങളെ ആശ്രയിച്ചാണ് നടന്നിരുന്നത്.

അഴൂർ പഞ്ചായത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ എടുത്ത് പറയത്തക്ക സംഭവങ്ങൾ നടന്നതായി അറിയാൻ കഴിഞ്ഞിട്ടില്ല. പ്രധാനമായും കൃഷി മാത്രമായിരുന്നു അന്നത്തെ ഉപജീവനമാർഗ്ഗം. വനങ്ങൾ ഏറെയായിരുന്നതിനാൽ കൃഷിയോഗ്യമായിരുന്നില്ല. പ്രതേകിച്ചു പഞ്ചായത്തിലെ അഴൂർ ഹൈസ്‌കൂൾ പ്രദേശം, അഞ്ചാം വാർഡിലെ മുട്ടപ്പലം എന്നീ സ്ഥലങ്ങൾ. കുറുക്കൻ, കാട്ടുമുയൽ, പള്ളിപ്പുലിക്കാട്ടുപൂച്ച, ഉഗ്രവിഷമുള്ള പാമ്പുകൾ തുടങ്ങിയവ ധാരാളമായി ഉണ്ടായിരുന്നു. ജനങ്ങൾ പൊതുവെ അന്ധവിശ്വാസത്തിലും അനാചാരത്തിലും ആണ്ടിരുന്നു.  ജാതിഭൃഷ്‌ട് അതിന്റെ ഏറ്റവും നീചമായ അവസ്ഥയിൽ പഞ്ചായത്തിൽ ഉടനീളം നിലനിന്നിരുന്നു. ഈഴവ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഈഴവരാദി പിന്നോക്ക ജാതികൾക്ക് മറ്റ് ഉയർന്ന ജാതിക്കാരുടെ വീടിന്റെ ഉമ്മറത്തുപോലും കയറുന്നതിനോ, കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനോ അനുവാദം ഇല്ലായിരുന്നു. താഴ്ന്ന ജാതിയിലുള്ളവരുടെ ജീവിതനിലവാരം ദയനീയമാംവിധം ദുരിതം നിറഞ്ഞതായിരുന്നു. ചായക്കടകളിൽ ഈ വിഭാഗത്തിലുള്ളവർക്ക് ചായ നൽകുന്നതിന് പ്രത്യേകം ചിരട്ട വച്ചിരുന്നു. കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്ന ഈ വിഭാഗക്കാർക്ക് ആഹാരം നൽകിയിരുന്നത് പാളയിലും കുഴികുത്തി അതിൽ ഇലവച്ച് കഞ്ഞിയും നൽകിയിരുന്നു. മാനസികരോഗത്തിന് വ്യാപകമായി മന്ത്രവാദം തുടങ്ങിയ ആഭിചാരക്രിയകൾ ചെയ്തിരുന്നു.

കൃഷിപ്പണികൾ കൂടുതലും പരമ്പരാഗതമായ രീതിയിലായിരുന്നു. പച്ചിലയും, ചാണകവും. ചാരവും വളമായി ഉപയോഗിച്ചിരുന്നു. കീടനാശിനിപ്രയോഗം ഇല്ലായിരുന്നു. വിത്തുകൾ അതാതു പ്രദേശത്തെ കൃഷിക്കാർതന്നെ തയ്യാറാക്കി സൂക്ഷിച്ചിരുന്നു. എടുത്തുപറയത്തക്ക വരൾച്ചയോ വെള്ളപ്പൊക്കമോ ഉണ്ടായി കൃഷി നശിച്ചതായി ആദ്യദശകങ്ങളിൽ കാണുന്നില്ല. ചികിത്സകൾ കൂടുതലും നാട്ടുവൈദ്യൻമാരാണ് ചെയ്തിരുന്നത്. മൃഗചികിത്സക്കും നാട്ടുവൈദ്യൻമാരെയാണ് ജനങ്ങൾ സമീപിച്ചിരുന്നത്. പശു. ആട്, എരുമ, ഉഴവുകാള, പോത്ത് എന്നീ മൃഗങ്ങളെ വ്യാപകമായി വളർത്തിയിരുന്നു. താറാവ്, കോഴി എന്നീ പക്ഷികളെ വ്യാപകമായി വളർത്തിയിരുന്നില്ല. സ്വാതന്ത്ര്യാനന്തരം ഭുവുടമാബന്ധങ്ങളിൽ മാറ്റം വരുകയും റിസർവ് വനങ്ങൾ കൃഷിക്കാർക്ക് പതിച്ചു നൽകുകയും ചെയ്തതിന്റെ ഫലമായി കാർഷികമേഖലയിൽ വൻപുരോഗതി ദൃശ്യമാകുകയും ഉത്പാദനം വർദ്ധിക്കുകയും ചെയ്തു.  എന്നാൽ നമ്മൾ ഉദ്ദേശിച്ചരീതിയിലുള്ള ഉത്പാദനക്ഷമത കൈവരിക്കാൻ കഴിഞ്ഞില്ല എന്നത് എടുത്തുപറയേണ്ടതാണ്. വാസ്തവത്തിൽ കൃഷിസ്ഥലത്തിലുണ്ടായ വർദ്ധനയാണ് ഉല്പാദനത്തിൽ ദൃശ്യമായത്. 

 (അവലംബം: അഴൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വികസന രേഖ, 1996)

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ


ഭൂമിശാസ്ത്രപരമായ സ്ഥാനം

അഴൂർ ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ വടക്കേ അക്ഷാംശം 8037'6.237" - 8039'28.86" നും കിഴക്കേ രേഖാംശം 76047'27.88" - 76050'8.49" നും ഇടയിൽ സ്ഥിതി ചെയുന്നു.

ഭൂപ്രകൃതി

ഒരു പ്രദേശത്തിന്റെ വികസനം പ്രധാനമായും അവിടുത്തെ ഭൂപ്രകൃതിയേയും, ജനശ ക്തിയേയും ആശ്രയിച്ചാണിരിക്കുന്നത്. ഭൂപ്രകൃതിഎന്നു പറയുമ്പോൾ, ഭൂമിയുടെ കിടപ്പ് മണ്ണിന്റെ ഘടന അഥവാ സ്വഭാവം, ജലലഭ്യത, കാലാവസ്ഥ എന്നിവയെയാണ് അർത്ഥമാക്കുന്നത്. കേരളത്തെ സംബന്ധിച്ചടത്തോളം ഭൂപ്രകൃതി വളരെ വൈചിത്ര്യവും വൈവിധ്യവും നിറഞ്ഞതാണ്. പൊതുവെ മലനാട്, ഇടനാട്, തീരപ്രദേശം എന്ന് വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും തീരപ്രദേശത്തോട് ചേർന്ന് കുന്നുകളും മലമ്പ്രദേശങ്ങളിൽ തന്നെ സമതലങ്ങളും സർവ്വസാധാരണമാണ്. കുന്നുകളും അവയുടെ ചരിവുകളും താഴ്വാരങ്ങളും സമതലങ്ങളും നിറഞ്ഞതാണ്  പഞ്ചായത്ത്.

മണ്ണിനങ്ങള്‍

          ജലം സംഭരിച്ചു നിര്‍ത്തുവാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണിയാണ് മണ്ണ്. അടിസ്ഥാന പ്രകൃതി വിഭവങ്ങളില്‍ ഒന്നായ മണ്ണിനെക്കറിച്ചുള്ള സൂക്ഷ്മതലത്തിലുള്ള അറിവ് സുസ്ഥിരവും സമഗ്രവുമായ ദീര്‍ഘകാല വികസന പദ്ധതികളുടെ ആവിഷ്കാരഘട്ടത്തില്‍ നിര്‍ണ്ണായകവും അത്യന്താപേക്ഷിതവുമാണ്. ധാതുക്കള്‍, ജൈവാംശം, ഈര്‍പ്പം, വായു എന്നിവ മണ്ണിലടങ്ങിയിട്ടുള്ള പ്രധാന ഘടകങ്ങളാണ്.

മണ്ണ് ശ്രേണി (Soil series)

ഒരേ  കാലാവസ്ഥയിലും, ആവാസവ്യവസ്ഥയിലും കാണപ്പെടുന്നതും സമാന സ്വഭാവമുള്ള ശിലകളിൽ നിന്നും രൂപപ്പെട്ടതും  സമാന സവിശേഷതകൾ ഉള്ള മണ്ണുകളെ ചേർത്താണ് ഒരു മണ്ണ് ശ്രേണി രൂപീകരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു മണ്ണ് ശ്രേണിക്ക്    സാധാരണയായി ആദ്യമായി തിരിച്ചറിഞ്ഞ പ്രദേശത്തിന്റെയോ,  സമീപത്തോ ഉള്ള ഒരു പട്ടണത്തിന്റെയോ പേര് നൽകുന്നു. സമാനമായ പരിസ്ഥിതിയിൽ കാണപ്പെടുന്നതിനാൽ ഇവയുടെ പരിപാലന രീതികളും സമാനമായിരിക്കും.

വിശദമായ മണ്ണ് പര്യവേക്ഷണത്തിന്റെയും, രാസപരിശോധനകളുടെയും, ലഭ്യമായ മണ്ണിന രേഖകളുടെയും അടിസ്ഥാനത്തില്‍ അഴൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ആനാട്, കല്ലിയൂർ എന്നീ 2 വ്യത്യസ്ത ശ്രേണി വിഭാഗത്തില്‍പ്പെടുന്ന മണ്ണ് തരങ്ങളാണ് വേര്‍തിരിച്ചിരിക്കുന്നത്. ആനാട് ശ്രേണി വിഭാഗമാണ് പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടുന്നത്. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1049.69 ഹെക്ടര്‍ (84.24%) വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുകയാണ്. 115.27ഹെക്ടര്‍ (9.25%) കല്ലിയൂർ ശ്രേണി വിഭാഗത്തിലും കാണപ്പെടുന്നു. കൂടാതെ 81.04 ഹെക്ടര്‍ (6.50%) പ്രദേശം ജലാശയമായും രേഖപ്പെടുത്തിയിരിക്കുന്നു.

മണ്ണിന്റെ ശ്രേണി- വിശദാംശങ്ങൾ

ക്രമ നം.ശ്രേണി വിഭാഗംവിസ്തീർണം(ഹെ.)ശതമാനം
1ആനാട്1049.6984.24
2കല്ലിയൂർ115.279.25
3ജലാശയം81.046.50
 ആകെ1246.00100

മണ്ണിന്റെ ആഴം

അഴൂർ ഗ്രാമപഞ്ചായത്തിൽ വളരെ ആഴമുള്ള (d5), ആഴമുള്ള (d4), മണ്ണ് വിഭാഗങ്ങളാണ് കണ്ടുവരുന്നത്. പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആഴമുള്ള (d4) മണ്ണ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1054.73 ഹെക്ടര്‍ (84.65%) വിസ്തൃതിയില്‍ കാണപ്പെടുന്നു. കൂടാതെ വളരെ ആഴമുള്ള മണ്ണ് (d5) 110.23 ഹെക്ടര്‍ (8.85%) പ്രദേശങ്ങളിലും കണ്ടുവരുന്നു. 81.04 ഹെക്ടര്‍ (6.50%) പ്രദേശം ജലാശയമായും രേഖപ്പെടുത്തിയിരിക്കുന്നു.

മണ്ണിന്റെ ആഴം വിശദാംശങ്ങൾ

ക്രമ നം.വിഭാഗംവിസ്തീർണം(ഹെ.)ശതമാനം
1 ആഴമുള്ള മണ്ണ് (d4)1054.7384.65
2വളരെ ആഴമുള്ള മണ്ണ് (d5)110.238.85
3ജലാശയം81.046.50
ആകെ1246.00100
ഭൂവിജ്ഞാനീയം


ഭൂമി നിര്‍മ്മിതമായിരിക്കുന്ന ഖര-ദ്രാവക രൂപങ്ങളിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനമാണ് ഭൂവിജ്ഞാനീയം. ഭൂമിയിലെ ഘടകങ്ങളുടെ വിന്യാസം, ഘടന, ഭൗതികസ്വഭാവം, ചലനം, ചരിത്രം എന്നിവയെക്കുറിച്ചും അവയുടെ രൂപവത്ക്കരണം, ചലനം, രൂപാന്തരം എന്നിവയ്ക്കിടയായ പ്രക്രിയകളെ കുറിച്ചുള്ള പഠനം ഭൂഗര്‍ഭശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു.

അഴൂർ ഗ്രാമപഞ്ചായത്തിൽ പ്രധാനമായും സാൻഡ്‌സ്‌റ്റോൺ  ആൻഡ്  ക്ലേ  വിത്ത്  ലിഗ്‌നൈറ്റ് ഇന്റർകാലഷൻ ശിലാവിഭാഗങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 609.04 ഹെക്ടര്‍ (48.88%) പ്രദേശത്ത് കാണുന്നത്. അഴൂർ ഗ്രാമപഞ്ചായത്തിൽ 361.40 ഹെക്ടര്‍ (29.00%) പ്രദേശത്ത് സാൻഡ് ആൻഡ് സിൽറ്റ് ശിലാവിഭാഗം രേഖപ്പെടുത്തിയിരിക്കുന്നു. കോണ്ടലൈറ്റ്   ഗ്രൂപ്പ്  ഓഫ്  റോക്ക്സ് 194.52 ഹെക്ടര്‍ കാണുന്നു. ജലാശയങ്ങള്‍ 81.04 ഹെക്ടര്‍ (6.50%) കണ്ടുവരുന്നു.

ശിലാവിഭാഗങ്ങളുടെ വിശദാംശങ്ങൾ

ക്രമ നം.ശിലാവിഭാഗങ്ങള്‍വിസ്തീർണം(ഹെ.)ശതമാനം
1കോണ്ടലൈറ്റ്  ഗ്രൂപ്പ്  ഓഫ്  റോക്ക്സ്194.5215.62
2സാൻഡ് ആൻഡ് സിൽറ്റ്361.4029.00
3സാൻഡ്‌സ്‌റ്റോൺ  ആൻഡ്  ക്ലേ  വിത്ത്  ലിഗ്‌നൈറ്റ്              ഇന്റർകാലഷൻ609.0448.88
4ജലാശയങ്ങള്‍81.046.50
ആകെ1246.00100
ഭൂരൂപങ്ങള്‍ (Geomorphology)


ഭൂമിയുടെ ഉപരിതല രൂപങ്ങളെകുറിച്ചുള്ള ശാസ്ത്രീയമായ പഠനമാണ് ജിയോമോര്‍ഫോളജി. അഴൂർ ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ പ്രധാനമായുംതീര സമതലം (Coastal Plain), നിമ്ന പീഠഭൂമി (lower plateau Lateritic Dissected), Mud Flat, Swale(coastal plain), നികന്ന താഴ്വാരം (Valley fill), എന്നിങ്ങനെ 5 ആയി തരംതിരിച്ചിരിക്കുന്നു.

മലനിരമുകള്‍ പ്രദേശങ്ങളേയും താഴ്വരകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിമ്ന്നോന്നമായ ഭൂപ്രകൃതിയില്‍ കാണപ്പെടുന്ന നിമ്ന പീഠഭൂമി (Lower plateau Lateritic Dissected) ആണ് അഴൂർ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടുന്നത്. ഇത് 776.93 ഹെക്ടര്‍ (5.00%) പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ പഞ്ചായത്തിന്റെ 114.72 ഹെക്ടര്‍ (9.21%) പ്രദേശം നികന്ന താഴ് വാരമായും (Valley Fills), 194.52ഹെക്ടര്‍ (15.61%) പ്രദേശം തീര സമതലം ആയും രേഖപ്പെടുത്തിയിരിക്കുന്നു.

പഞ്ചായത്തില്‍ 81.04 ഹെക്ടര്‍ (6.50%) പ്രദേശങ്ങള്‍ ജലാശയമായി രേഖ പ്പെടുത്തിയിരിക്കുന്നു.

ഭൂരൂപങ്ങള്‍ - വിശദാംശങ്ങൾ

ക്രമ നം.ഭൂരൂപങ്ങള്‍വിസ്തീർണം(ഹെ.)ശതമാനം
1തീര സമതലം (Coastal Plain)194.5215.61
2നിമ്ന പീഠഭൂമി (Lower plateau Lateritic Dissected)776.935.00
3Mud Flat68.875.53
4Swale(coastal plain)9.920.06
5നികന്ന താഴ് വാരം (Valley Fill)114.729.21
6ജലാശയം81.046.50
 ആകെ1246.00100
ഉന്നതി


അഴൂർ ഗ്രാമപഞ്ചായത്തിൽ ഭൂപ്രദേശങ്ങള്‍ ശരാശരി സമുദ്രനിരപ്പില്‍ നിന്നും 0 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.

ശരാശരി സമുദ്രനിരപ്പില്‍ നിന്നും 0-20 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ് പഞ്ചായത്തിൽ ഭൂരിഭാഗവും കാണപ്പെടുന്നത്. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 41.48% (516.85 ഹെക്ടര്‍) കാണപ്പെടുന്നു. 20 മീറ്റര്‍ മുതല്‍ 40 മീറ്റര്‍ വരെ ഉയരത്തില്‍ 415.03 ഹെക്ടര്‍ പ്രദേശങ്ങളും (33.31%), 40 മീറ്റര്‍ മുതല്‍ 60 മീറ്റര്‍ ഉയരത്തില്‍ 296.47 ഹെക്ടര്‍ പ്രദേശങ്ങളും (23.79%) സ്ഥിതിചെയ്യുന്നു. കൂടാതെ സമുദ്രനിരപ്പില്‍ നിന്നും 60 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 17.65 ഹെക്ടര്‍ പ്രദേശവും (1.42%) പഞ്ചായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഉന്നതി-വിശദാംശങ്ങൾ

ക്രമ നം.ഉന്നതി (മീ)വിസ്തീർണം(ഹെ.)ശതമാനം
10-20516.8541.48
220-40415.0333.31
340-60296.4723.79
460-8017.651.42
 ആകെ1246.00100.00
ചരിവ്


ഒരു പ്രദേശത്തിന്റെ ചരിവ് സൂചിപ്പിക്കുന്നത് ഉപരിതലത്തിലുളള ഏറ്റക്കുറച്ചിലുകളെയാണ്. ഓരോ സ്ഥലത്തിന്റെയും ചരിവ് വിഭാഗങ്ങളെ രേഖപ്പെടുത്തുമ്പോള്‍ അവിടുത്തെ ചരിവിന്റെ മാനം, രൂപം, സങ്കീര്‍ണ്ണത, വ്യാപ്തി എന്നിവയെല്ലാം കണക്കിലെടുക്കാറുണ്ട്. ചരിവിന്റെ മാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രസ്തുത ഉപരിതലം നിരപ്പായ പ്രതലവുമായി പരസ്പരം ഛേദിക്കുമ്പോള്‍ ഉണ്ടാകുന്ന കോണിന്റെ അളവാണ്. രണ്ട് ബിന്ദുക്കള്‍ തമ്മിലുളള ഉയര വ്യത്യാസത്തെ ആ ബിന്ദുക്കള്‍ തമ്മിലുളള അകലത്തിന്റെ ശതമാനമായിട്ടാണ് രേഖപ്പെടുത്തുന്നത്. 100 മീറ്റര്‍ അകലത്തിലുളള 2 ബിന്ദുക്കള്‍ തമ്മില്‍ ഒരു മീറ്ററിന്റെ ഉയര വ്യത്യാസമുണ്ടെങ്കിൽ അത് 1 ശതമാനം ചരിവായിട്ടാണ് കണക്കാക്കുന്നത്. ഓരോ പ്രദേശത്തുമുണ്ടാകുന്ന മണ്ണൊലിപ്പ് ചരിവിന്റെ സങ്കീര്‍ണ്ണതയുമായി ബന്ധപ്പെട്ടതാണ്. ഉപരിതലത്തില്‍ ഏത് ദിശയിലേയ്ക്കാണ് ചരിവ് എന്നതാണ് ചരിവിന്റെ രൂപം കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ ചരിവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മണ്ണൊലിപ്പ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

 അഴൂർ ഗ്രാമപഞ്ചായത്തിൽ 6 ചരിവ് വിഭാഗങ്ങളാണ് വേര്‍തിരിച്ച് രേഖപ്പെടു ത്തിയിട്ടുള്ളത്. പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ മിതമായ ചരിവ് (5-10%) വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 32.33% (402.84 ഹെക്ടര്‍) ആണ്. വളരെ ലഘുവായ ചരിവ് വിഭാഗത്തില്‍ 252.33 ഹെക്ടര്‍ (20.25%) ഭൂപ്രദേശവും ലഘുവായ ചരിവ് (3-5%) വിഭാഗത്തില്‍ 183.40 ഹെക്ടര്‍ (14.72%) ഭൂപ്രദേശവും, ശക്തമായ ചരിവ് (10-15 %) 194.72 ഹെക്ടര്‍ (15.63%) ഭൂപ്രദേശവും, മിതമായ കുത്തനെയുള്ള ചരിവ് (15-35%) വിഭാഗത്തില്‍ 209.87 ഹെക്ടര്‍ (16.84%) ഭൂപ്രദേശവും കാണപ്പെടുന്നു. കുത്തനെയുള്ള ചരിവ് (>35)  2.98 ഹെക്ടര്‍ (0.24%) ഭൂപ്രദേശവും  കാണപ്പെടുന്നു

ചരിവ്- വിശദാംശങ്ങൾ

ക്രമ നം.  ചരിവ് വിഭാഗംചരിവ് (%)വിസ്തീർണം (ഹെ.)ശതമാനം
1വളരെ ലഘുവായ ചരിവ്0-3252.3320.25
2ലഘുവായ ചരിവ്3-5183.4014.72
3മിതമായ ചരിവ്5-10402.8432.33
4ശക്തമായ ചരിവ്10-15194.7215.63
5മിതമായ കുത്തനെയുള്ള ചരിവ്15-35209.8716.84
6കുത്തനെയുള്ള ചരിവ്>352.980.24
 ആകെ 1246.00100
ഭൂവിനിയോഗം


അഴൂർ ഗ്രാമപഞ്ചായത്തിലെ വ്യത്യസ്ത ഭൂവിനിയോഗ രീതികൾ അവയുടെ വിന്യാസം എന്നിവ പ്രതിപാദിക്കുന്ന മേഖലയാണ് ഭൂവിനിയോഗം. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ആണ് നിലവിലെ ഭൂവിനിയോഗം കണ്ടെത്തിയിരിക്കുന്നത്. ഭൂവിനിയോഗത്തെ മുഖ്യമായും നിർമിതി പ്രദേശങ്ങൾ, കാർഷിക ഭൂമി, വയൽ ഭൂമി, തരിശ്ശു ഭൂമി, വെള്ളക്കെട്ടുകൾ, ജലാശയം എന്നിങ്ങനെ തരം തിരിക്കാം.

നിര്‍മ്മിതി പ്രദേശം

അഴൂർ ഗ്രാമപഞ്ചായത്തില്‍ 300.22 ഹെക്ടര്‍ പ്രദേശം നിര്‍മ്മിതി ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്നു. ഇതിൽ 244.89ഹെക്ടര്‍ പ്രദേശം ഭവന നിര്‍മ്മിതികള്‍ക്കായും, 31.43 ഹെക്ടര്‍ പ്രദേശം വാണിജ്യ ആവശ്യങ്ങൾക്കായും ശേഷിക്കുന്ന 11.66 ഹെക്ടര്‍ ഭൂപ്രദേശം മറ്റു നിര്‍മ്മിതി ആവശ്യങ്ങള്‍ക്കായും വിനിയോഗിച്ചിരിക്കുന്നു. 6.25 ഹെക്ടര്‍ ഭൂപ്രദേശം റോഡുകളാണ്.

കാർഷിക ഭൂമി

അഴൂർ ഗ്രാമപഞ്ചായത്തില്‍ കാർഷിക വിളകൾ, തോട്ടവിളകള്‍, മിശ്രിതവിളകള്‍, തുടങ്ങിയവ കൃഷി ചെയ്യുന്നതായി കാണപ്പെടുന്നു. 42.47 ഹെക്ടര്‍  പ്രദേശത്തിൽ തെങ്ങും 61.81 ഹെക്ടര്‍ പ്രദേശം തെങ്ങ് കൂടുതലുള്ള മിശ്രിതവിള കൃഷിക്കായും വിനിയോഗിച്ചിരിക്കുന്നു. ഒരേ വളപ്പില്‍ വ്യത്യസ്ത വിളകള്‍ ഒരുമിച്ചു കൃഷിചെയ്യുന്നതിനെ മിശ്രിത കൃഷിയായി കണക്കാക്കാം. പഞ്ചായത്തില്‍ 352.45 ഹെക്ടര്‍ പ്രദേശം മിശ്രിതവിള കൃഷിക്കായി വിനിയോഗിച്ചിരിക്കുന്നു.

155.68 ഹെക്ടര്‍ പ്രദേശം കാർഷിക തോട്ടവിളകൾ- റബ്ബർ പ്രദേശമായി കാണപ്പെടുന്നു. കാർഷിക തോട്ടവിളകൾ /മറ്റു തോട്ടവിളകൾ 3.01 ഹെക്ടര്‍ പ്രദേശത്തില്‍ കാണപ്പെടുന്നു. കാർഷികവിളകൾ മറ്റു കാർഷികവിളകൾ 0.08 ഹെക്ടര്‍ പ്രദേശത്തില്‍ കാണപ്പെടുന്നു.

കൃഷിക്കായോ നിര്‍മ്മിതിക്കായോ വിനിയോഗിക്കാതെ ഉപയോഗശൂന്യമായ പ്രദേശം തരിശുഭൂമിയായി കണക്കാക്കാം. അഴൂർ ഗ്രാമപഞ്ചായത്തിലെ 100.75 ഹെക്ടര്‍ പ്രദേശം കാർഷിക തരിശ്ശു ഭൂമി/ നിലവിലെ തരിശുഭൂമിയായി കാണപ്പെടുന്നു. കാർഷിക തരിശ്ശു ഭൂമി / ദീർഘകാല തരിശുഭൂമിയായി 7.49 ഹെക്ടര്‍ പ്രദേശം കാണപ്പെടുന്നു.

വയൽ ഭൂമി

നെല്‍ വയല്‍, വയല്‍ നികത്തിയ ഭൂമി, വയല്‍ തരിശ്ശ് എന്നിങ്ങനെയാണ് വയല്‍ പ്രദേശം പരിഗണിക്കപ്പെടുന്നത്. അഴൂർ ഗ്രാമപഞ്ചായത്തില്‍ ലഭ്യമായ 28.64 ഹെക്ടര്‍ വയൽ നികത്തി തെങ്ങ് കാണപ്പെടുന്നു. വയൽ നികത്തി മിശ്രിത വിളകൾ 25.48 ഹെക്ടര്‍ പ്രദേശത്തില്‍ കാണപ്പെടുന്നു. വയൽ നികത്തി കാലിക  വിളകൾ 16.74 ഹെക്ടര്‍ പ്രദേശത്തില്‍ കാണപ്പെടുന്നു. വയൽ നികത്തി വയൽ ഭൂമി വെള്ളക്കെട്ട് 8.04 ഹെക്ടര്‍ പ്രദേശത്തില്‍ കാണപ്പെടുന്നു.

1.40 ഹെക്ടര്‍ പ്രദേശം നിലവിൽ വയൽ - വിരിപ്പ് പ്രദേശമായും, 30.41 ഹെക്ടര്‍ നിലവിൽ വയൽ പ്രദേശം- അക്വാകൾചർ ആയും കാണുന്നു. 20.37 ഹെക്ടര്‍ പ്രദേശം നിലവിൽ വയൽ തരിശ്ശു  പ്രദേശം/ വയൽ പ്രദേശം- നിലവിലെ തരിശായും കാണുന്നു. 8.83 ഹെക്ടര്‍ പ്രദേശം വയൽ തരിശ്ശു  പ്രദേശം/ വയൽ പ്രദേശം- ദീർഘകാല തരിശ് ഭൂമിയായി വിനിയോഗിച്ചിരിക്കുന്നു.

തരിശു ഭൂമി

കൃഷിക്കായോ നിര്‍മ്മിതിക്കായോ വിനിയോഗിക്കാതെ ഉപയോഗശൂന്യമായ പ്രദേശം തരിശു ഭൂമിയായി കണക്കാക്കാം. 7.26 ഹെക്ടര്‍ പ്രദേശം പാറപ്രദേശമാണ്. 2.10 ഹെക്ടര്‍ പ്രദേശം കുറ്റിച്ചെടികളുള്ള ഭൂമിയിൽ ഉൾപ്പെടുന്നു.

ജലാശയം

അഴൂർ ഗ്രാമപഞ്ചായത്തില്‍ ആകെ മൊത്തം  ജലാശയങ്ങൾ  55.19 ഹെക്ടര്‍ പ്രദേശത്തില്‍ കാണപ്പെടുന്നു.

അഴൂർ ഗ്രാമപഞ്ചായത്ത്ഭൂവിനിയോഗം

ഭൂവിനിയോഗംഭൂവിനിയോഗം (വിശദമായി)വിസിതീർണ്ണം (ഹെ.)ശതമാനം
നിർമ്മിതി പ്രദേശംവാണിജ്യം31.432.52
മറ്റുള്ള നിര്‍മ്മിതിപ്രദേശം11.660.94
റെയിൽ5.990.48
ഗാർഹികം244.8919.65
റോഡുകൾ6.250.50
കാർഷിക പ്രദേശംതെങ്ങ്42.473.41
തെങ്ങ് അധികരിച്ച മിശ്രിത വിളകളോടു കൂടിയ പ്രദേശം61.814.96
മിശ്രിത വിളകൾ മറ്റു കാർഷിക വിളകൾ352.4528.29
കാർഷികവിളകൾ മറ്റു കാർഷികവിളകൾ0.080.01
കാർഷിക തരിശ്ശു ഭൂമി/ നിലവിലെ തരിശ്100.758.09
കാർഷിക തരിശ്ശു ഭൂമി / ദീർഘകാല തരിശ്7.490.60
കാർഷിക തോട്ടവിളകൾ /മറ്റു തോട്ടവിളകൾ3.010.24
കാർഷിക തോട്ടവിളകൾ- റബ്ബർ155.6812.49
വയൽ പ്രദേശംവയൽ നികത്തി തെങ്ങ്28.642.30
വയൽ നികത്തി മിശ്രിത വിളകൾ25.482.05
വയൽ നികത്തി വയൽ ഭൂമി വെള്ളക്കെട്ട്8.040.65
വയൽ നികത്തി റബ്ബർ5.150.41
വയൽ നികത്തി കാലിക  വിളകൾ16.741.34
വയൽ നികത്തി നിർമ്മിതി പ്രദേശം/ മിശ്രിത വിളകൾ3.770.30
വയൽ  നികത്തി നിർമ്മിതി പ്രദേശം വാണിജ്യം0.080.01
വയൽ നികത്തി നിർമ്മിതി പ്രദേശം/ മറ്റുള്ള നിര്‍മ്മിതിപ്രദേശം1.010.08
വയൽ നികത്തി ഗാർഹികം4.860.39
വയൽ പ്രദേശം- അക്വാകൾചർ30.412.44
വയൽ പ്രദേശം- വിരിപ്പ്1.400.11
വയൽ തരിശ്ശു  പ്രദേശം/ വയൽ പ്രദേശം- നിലവിലെ തരിശ്20.371.63
വയൽ തരിശ്ശു  പ്രദേശം/ വയൽ പ്രദേശം- ദീർഘകാല തരിശ്8.830.71
തരിശ്ശു ഭൂമികുറ്റിച്ചെടികളോടുകൂടിയ ഭൂമി/കുറ്റിച്ചെടികൾ ഇല്ലാത്ത പ്രദേശം2.100.17
പാറ പ്രദേശം7.260.58
തരിശ് പാറ0.730.06
വെള്ളക്കെട്ടുകൾവെള്ളക്കെട്ടുകൾ1.920.15
വെള്ളക്കെട്ടുകൾ /വെള്ളം വ്യാപിച്ചു കിടക്കുന്നവ0.060.01
ജലാശയങ്ങൾകുളങ്ങൾ1.420.11
പാറ കുളങ്ങൾ1.550.12
നദികൾ / തോടുകൾ9.270.74
കായലുകൾ42.953.45
ആകെ1246.00100
നീര്‍ത്തടങ്ങൾ


ഒരു പുഴയിലേയ്ക്കോ അരുവിയിലേയ്ക്കോ എത്രമാത്രം പ്രദേശത്തുള്ള വെള്ളം ഒഴുകി എത്തുന്നുവോ, ആ പ്രദേശത്തെ, ആ പുഴയുടെ അല്ലെങ്കിൽ അരുവിയുടെ നീർത്തടം എന്നു പറയുന്നു. ഒരു നീർത്തടത്തിൽ ഏറ്റവും ഉയർന്ന നീർമറി പ്രദേശവും, ചരിഞ്ഞ പ്രദേശവും, സമതല പ്രദേശങ്ങളും, പ്രധാന നീർച്ചാലുകളും ഉൾപ്പെടുന്നു. പ്രകൃതിയിൽ മണ്ണും വെളളവും ചലിക്കുന്നത് ക്ലിപ്തമായ അതിർത്തിക്കുളളിലാണ്. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ പരസ്പര ബന്ധിതവും പൂരകവുമായി നിലകൊളളുന്ന പ്രകൃതിയുടെ അടിസ്ഥാന യൂണിറ്റാണ് നീർത്തടം. ഒരു നീർത്തടത്തെ ഒന്നാകെ കണ്ടുകൊണ്ടുള്ള ഇടപെടലിലൂടെ മാത്രമേ മണ്ണ്, വെള്ളം, ജൈവസമ്പത്ത് എന്നിവയുടെ സമഗ്രവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളൂ. ലഭ്യമായ പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയമായ വിനിയോഗം വഴി കൂടുതൽ ഉല്പാദനക്ഷമത കൈവരിക്കുന്നതിനും വിഭവപരിപാലനവും പരിസ്ഥിതി സംരക്ഷണം സാധ്യമാക്കുന്നതിനും അങ്ങനെ ആ പ്രദേശത്തിന്റെ സർവ്വതോമുഖമായ വികസനത്തിനും നീർത്തടാധിഷ്ഠിത ആസൂത്രണം വഴി തുറക്കുന്നു.

ഈ പ്രദേശം  മാമം, വാമനപുരം എന്നീ നദികളുടെ വൃഷ്ടി പ്രദേശങ്ങളിലുൾപ്പെടുന്നു. 3M2a, 3M3a 3M6a എന്നിങ്ങനെ 3 ചെറുനീർത്തടങ്ങളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും 574.36 ഹെക്ടര്‍ എന്ന 3M3a നീർത്തടത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 481.55 ഹെക്ടര്‍ പ്രദേശം വരുന്ന 3M2a ഇതിൽ ഉൾപ്പെടുന്നു. 109.05 ഹെക്ടര്‍ പ്രദേശം വരുന്ന 3M6a ചെറുനീർത്തടവും 13.65 ഹെക്ടര്‍ പ്രദേശം വരുന്ന 4V29e ചെറുനീർത്തടവും ഉൾപ്പെടുന്നു. 81.04 ഹെക്ടര്‍ പ്രദേശം  ജലാശയവുമാണ്.

ചെറുനീർത്തടങ്ങളുടെ വിശദാംശങ്ങള്‍

ക്രമ നം.ചെറുനീർത്തടം (കോഡ്)വിസ്തീർണം(ഹെ.)ശതമാനം
13M2a481.5538.65
23M3a574.3646.09
33M6a109.058.76
4ജലാശയങ്ങൾ81.046.50
ആകെ1246.00100
ജലവിഭവ അവലോകനം


ജലവിഭവങ്ങളുടെ ചെയ്യുന്നതിനും പരിപാലനത്തിനും നിലവിലുള്ള ജലസ്രോതസ്സുകളെക്കുറിച്ച് അറിയേണ്ടതുണ്ട്. പഞ്ചായത്തിലെ ജലമിത്രങ്ങൾ നടത്തിയ  ഫീൽഡ് തല സർവ്വേ, പഞ്ചായത്തിൽ ലഭ്യമായ രേഖകളിൽ നിന്നുമുള്ള ദ്വിതീയ വിവര ശേഖരണം എന്നിവയിലൂടെ ലഭിച്ച വിവരങ്ങളും പ്രദേശ നിവാസികൾ, കർഷകർ, നാട്ടുകാർ എന്നിവരുമായി ജലമിത്രങ്ങൾ സംവദിച്ചതിൽ നിന്നും ഉയർന്നു വന്നിട്ടുള്ള നിർദേശങ്ങളും വാർഡ് തിരിച്ച് ചുവടെക്കൊടുക്കുന്നു. ജലസ്രോതസ്സുകൾ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ  ഫോട്ടോകളും ഉൾപേജിൽ നൽകിയിട്ടുണ്ട്.

  • വിളയിൽതോട്

മാടൻവിള ഭാഗത്ത് നിന്നും ഒഴുകുന്ന വറ്റാത്ത പൊതുതോട് ആണ് വിളയിൽ തോട്. നിലവിൽ കാടുകയറിയ അവസ്ഥയാണ്. 1 മീ വീതിയുള്ള വിളയിൽതോടിന് സംരക്ഷണഭിത്തി ഭാഗികമായേ ഉള്ളൂ.

നിലവിലുള്ള കാടും പാഴ്ച്ചെടികളും നീക്കം ചെയ്ത്  തോടിന്റെ വശം കെട്ടി കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്.

  • വലിയവിളാകം / താഴെ വിളാകംതോട്

          1500 മീറ്റർ നീളമുള്ള വറ്റാത്ത തോടാണ് വലിയവിളാകംതോട്. നിലവിൽ പായലും പാഴ്ച്ചെടികളും നിറഞ്ഞ അവസ്ഥയിലാണ്. തോടിന്റെ വശങ്ങൾ ഭാഗികമായേ  കെട്ടിയിട്ടുള്ളൂ.

നിലവിലുള്ള പായലും പാഴ്ച്ചെടികളും നീക്കം ചെയ്ത് തോടിന്റെ വശങ്ങൾ കെട്ടി വൃത്തിയായി സംരക്ഷിക്കുക.

  • പണിവിളാകംതോട്

മാടൻവിള പണി വിളാകം ഭാഗത്ത് നിന്നും ഒഴുകുന്ന വറ്റാത്ത പൊതു തോടാണ് പണിവിളാകംതോട്. നിലവിൽ എക്കൽ നിറഞ്ഞ് മലിനമായി കാടുകയറിയ അവസ്ഥയിലാണ്. തോടിന്റെ വശങ്ങൾ കെട്ടിയിട്ടില്ല.

പായലും, മാലിന്യവും നീക്കം ചെയ്ത് കാടുവെട്ടി വശങ്ങൾ കെട്ടി വൃത്തിയായി സംരക്ഷിക്കുക.

  • തോണിച്ചാൽതോട്

2000 മീ നീളമുള്ള വറ്റാത്ത തോടാണ് തോണിച്ചാൽ തോട്. നിലവിൽ എക്കൽ  നിറഞ്ഞു കാടുകയറി അവസ്ഥയാണ്. വശങ്ങൾ കെട്ടിയിട്ടില്ല.

നിലവിലുള്ള പായലും എക്കലും നീക്കം ചെയ്ത് കാട് വെട്ടി വൃത്തിയായി സംരക്ഷിക്കുക. വശങ്ങൾ കെട്ടി ആഴം കൂട്ടുക.

  • അഴൂർ കടവ് തോട്

2000 മീ നീളമുള്ള വറ്റുന്ന തോട് ആണ് അഴൂർ കടവ് തോട്. 1 മീ വീതിയുള്ള അഴൂർ കടവ് തോടിന് വശങ്ങൾ ഭാഗികമായേ ഉള്ളൂ. നിലവിൽ മാലിന്യം നിറഞ്ഞ പാഴ്ച്ചെടികൾ കൊണ്ട് കാണപ്പെടുന്നു.

നിലവിലുള്ള മാലിന്യവും പാഴ്ച്ചെടികളും വൃത്തിയാക്കി വശങ്ങൾ കെട്ടി ആഴം കൂട്ടി വൃത്തിയായി സംരക്ഷിക്കുക.

  • അഴൂർ വയൽത്തിട്ടതോട്

അഴൂർ വയൽത്തിട്ട ഭാഗത്തുനിന്ന് ഒഴുകുന്ന വറ്റാത്ത പൊതു തോടാണ് അഴൂർ വയലത്തിട്ടതോട്. ഈ തോട് പകുതി ഭാഗവും ഓട കെട്ടി നിർത്തിയിരിക്കുന്നു. നിലവിൽ കാടുകയറി വശങ്ങൾ കെട്ടാതെ കാണപ്പെടുന്നു.

കാടു വെട്ടി വശങ്ങൾ കെട്ടി വൃത്തിയായി സംരക്ഷിച്ചാൽ കൃഷിക്ക് ഉചിതം.

  • അഴൂർ കുഴിയം തോട്

അഴൂർ കുഴിയം ഭാഗത്തുനിന്നും ഒഴുകുന്ന വറ്റാത്ത പൊതു തോടാണ് അഴൂർ കുഴിയം തോട്. 2100 മീ നീളവും 1 മീ വീതിയും ഉള്ള ഈ തോടിന്റെ വശങ്ങൾ കെട്ടിയിട്ടില്ല. നിലവിൽ തോടിന്റെ ഇരുവശങ്ങളിലും കാടുകയറി മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.

നിലവിലുള്ള കാടു വെട്ടി മാലിന്യം നീക്കം ചെയ്ത് ഇരുവശങ്ങളും കെട്ടി വൃത്തിയായി സംരക്ഷിക്കുക.

  • അരിയോട്ടുവിളാകം തോട്

1900 മീ നീളമുള്ള വറ്റാത്ത തോടാണ് അരിയോട്ടുവിളാകം തോട്. ഒരു മീ വീതിയുള്ള ഈ തോടിന്റെ വശങ്ങൾ കെട്ടിയിട്ടില്ല. നിലവിൽ തോടിന്റെ ഇരുവശങ്ങളിലും പാഴ്ച്ചെടികൾ നിറഞ്ഞ അവസ്ഥയാണ്.

പാഴ്ച്ചെടികൾ വെട്ടി മാറ്റി ആഴം കൂട്ടി, വശങ്ങൾ കെട്ടി വൃത്തിയായി സംരക്ഷിക്കാവുന്നതാണ്.

  • കുഴിയം തോട് 

2100 മീ നീളമുള്ള വറ്റാത്ത പൊതു തോടാണ് കുഴിയം തോട്. 2 മീ വീതിമുള്ള ഈ തോടിന്റെ വശങ്ങൾ കെട്ടിയിട്ടില്ല. ഈ തോടിന്റെ ബാക്കിഭാഗം രണ്ടാം വാർഡിൽ ആണ് ഒഴുകുന്നത്. നിലവിൽ തോടിന്റെ ഇരുവശങ്ങളും കാടുകയറി മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.

നിലവിലുള്ള കാടുവെട്ടി മാലിന്യം നീക്കം ചെയ്ത് ഇരുവശങ്ങളും കെട്ടി വൃത്തിയായി സംരക്ഷിക്കുക.

  • കാവിന്റെ മൂല തോട്

കോളിച്ചിറ കാവിന്റെ മൂല ഭാഗത്തുനിന്ന് ഒഴുകുന്ന വറ്റാത്ത പൊതു തോടാണ് കാവിന്റെ മൂല തോട്. 1800 മീ നീളവും 1 മീ വീതിയുമുള്ള ഈ തോടിന്റെ ഇരുവശങ്ങൾ കെട്ടിയിട്ടില്ല. നിലവിൽ തോടിന്റെ ഇരുവശത്തും കാടുകയറി മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.

നിലവിലുള്ള കാട് വെട്ടി മാറ്റി മാലിന്യം നീക്കം ചെയ്ത് വശങ്ങൾ കെട്ടി വൃത്തിയായി സംരക്ഷിക്കുക.

  • നാരങ്ങാവട്ടം തോട്

   1800 മീ നീളമുള്ള വറ്റാത്ത പൊതു തോടാണ് നാരങ്ങാവട്ടം തോട്. 1മീ നീളമുള്ള ഈ തോടിന്റെ ഇരുവശങ്ങളും കിട്ടിയിട്ടില്ല.നിലവിൽ തോടിന്റെ ഇരുവശത്തും കാടുകയറി എക്കൽ  നിറഞ്ഞ അവസ്ഥയിലാണ്.

   നിലവിലുള്ള കാട് വെട്ടി എക്കൽ നീക്കം ചെയ്ത് ഇരുവശങ്ങളും കെട്ടി കൃഷിക്ക് ഉപയോഗപ്രദമാക്കണം.

  • കുളത്തിനകം തോട്

മുട്ടപ്പലം കുളത്തിനകം ഭാഗത്തുനിന്നും ഒഴുകുന്ന വറ്റാത്ത തോടാണ് കുളത്തിനകം തോട്. 1 മീ വീതിയുള്ള ഈ തോടിന് സംരക്ഷണ സൈഡ് ഭിത്തി ഇല്ല. കൃഷിക്ക് അനുയോജ്യമായ വെള്ളം ഇതിൽ നിന്നും ലഭിക്കുന്നു. നിലവിൽ  ഈ തോടിന്റെ ഇരുവശത്തും കാടുകയറി ചെളി നിറഞ്ഞ അവസ്ഥയിലാണ്.

കാടുവെട്ടി, ചെളി കോരിക്കളഞ്ഞു, സൈഡ് ഭിത്തി കെട്ടി വൃത്തിയായി സംരക്ഷിക്കുക.

  • നാരങ്ങാവട്ടം തോട്

1800 മീ നീളമുള്ള വറ്റാത്ത പൊതു തോടാണ് നാരങ്ങാവട്ടം തോട്. 2 മീ നീളമുള്ള ഈ തോടിന് സംരക്ഷണ സൈഡ് ഭിത്തിയില്ല. നിലവിൽ ഈ തോടിന്റെ ഇരുവശത്തും കാടുകയറിയ അവസ്ഥയിലാണ്.

കാടു വെട്ടി സൈഡ് വാൾ കെട്ടി വൃത്തിയായി  സംരക്ഷിക്കുക.

  • മാടൻനട തോട്

തെറ്റിച്ചിറ മാടൻനട ഭാഗത്തുനിന്നും ഒഴുകുന്ന വറ്റാത്ത തോട് ആണ് മാടൻനട തോട്.  2100 മീ നീളവും 1 മീ വീതിയും ഉള്ള ഈ തോടിനെ സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കേണ്ട തോടാണ്. എന്നാൽ സൈഡ് ഭിത്തിയില്ല. കൃഷിക്ക് അനുയോജ്യമായ ജലം ഇതിൽ നിന്നും ലഭിക്കുന്നു. നിലവിൽ കാടുകയറി ചെളി നിറഞ്ഞു കാണപ്പെടുന്നു.

നിലവിലുള്ള കാട് വെട്ടി മാറ്റി ചെളികോരി കളഞ്ഞു സൈഡ് ഭിത്തി കെട്ടി വൃത്തിയായി സംരക്ഷിക്കുക.

  • ചിറ്റാരിക്കോണം തോട്

തെറ്റിച്ചിറ ചിറ്റാരിക്കോണം ഭാഗത്തുനിന്നും ഒഴുകുന്ന വറ്റുന്ന പൊതു തോടാണ് ചിറ്റാരിക്കോണം തോട്. 1 മീ വീതിയുള്ള ഈ തോടിന് സംരക്ഷണഭിത്തിയില്ല. കാടുകയറി, പായൽ നിറഞ്ഞ നിലയിലാണ് കാണപ്പെടുന്നത്. കൃഷിക്ക് അനുയോജ്യമായ ജലം ഇതിൽ നിന്ന് ലഭിക്കുന്നു.

നിലവിലുള്ള കാട് വെട്ടി, പായൽ നീക്കം ചെയ്ത്,  സൈഡ് വാൾ കെട്ടി വൃത്തിയായി സംരക്ഷിക്കുക.

  • മരങ്ങാട്ടുകോണം തോട്

195, 196, 201, 202, 208, 207, 206, 166 എന്നീ സർവ്വേ നമ്പറിലൂടെ കടന്നുപോകുന്ന വറ്റാത്ത തോടാണ് മരങ്ങാട്ടുകോണം തോട്. 1500 മീ നീളവും 1.5 മീ വീതിമുള്ള ഈ തോടിന് ഇരുവശങ്ങളിലും സംരക്ഷണഭിത്തിയില്ല. കൃഷിക്ക് അനുയോജ്യമായ ജലം ഇതിൽ നിന്നും ലഭിക്കുന്നു. നിലവിൽ കാടുകയറി എക്കൽ  നിറഞ്ഞു കാണപ്പെടുന്നു.

കാട് വെട്ടി, എക്കൽ മാറ്റി, സൈഡ് ഭിത്തി കെട്ടി വൃത്തിയായി സംരക്ഷിക്കുക.

  • കാട്ടുവിള തോട്

ഏകദേശം 2 മീ വീതിയുണ്ടായിരുന്ന തോടിന് ഇപ്പോൾ 1 മീ വീതി മാത്രമേയുള്ളൂ. 1500 മീ. നീളമുള്ള വറ്റാത്ത പൊതു തോടാണിത്. ഭാഗികമായി സൈഡ് വാൾ കെട്ടിയിട്ടുണ്ട്. ഇരുവശങ്ങളും കാട് കയറിയ അവസ്ഥയിലാണ്. വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന എക്കൽ മണ്ണ് അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.

പാഴ്ച്ചെടികൾ വെട്ടി മാറ്റി എക്കൽ മണ്ണ് മാറ്റി ആഴം കൂട്ടിയാൽ നീരൊഴുക്ക് കൂടും. ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടണം.

  • ചിറകോട്ടുകോണം തോട്

2 മീ വീതിയുണ്ടായിരുന്ന ഈ തോടിന് ചില ഭാഗങ്ങളിൽ 1 മീ  വീതി മാത്രമേയുള്ളൂ. ഇരുവശങ്ങളിലും കാട് കയറി ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും വഹിച്ചുകൊണ്ടാണ് തോട് ഒഴുകുന്നത്. മണ്ണൊലിപ്പിന്റെ ഭാഗമായി ഉണ്ടായ മണ്ണ് അടിഞ്ഞു കൂടിയ നിലയിലാണ്, തന്മൂലം നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു.

കാട് വെട്ടി മാറ്റി, ചപ്പുചവറുകളും മാലിന്യങ്ങളും നീക്കം ചെയ്ത്, മണ്ണൊലിപ്പിന്റെ ഭാഗമായി ഉണ്ടായ മണൽ കോരി മാറ്റി  തോടിന്റെ ആഴവും വീതിയും കൂട്ടിയാൽ നീരൊഴുക്ക് ശക്തമായി നടക്കും. ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടണം.

  • ചിലമ്പ് മാർത്താണ്ഡം കോണം തോട്

2 മീ വീതിയുള്ളതും 1500 മീ നീളം ഉള്ളതുമായ വറ്റാത്ത പൊതു തോടാണിത്. തോടിന് ഇരുവശങ്ങളിലും കയർപായ കൊണ്ടുള്ള ഭാഗിക പാർശ്വഭിത്തി ഉണ്ട്. കോളനി ഭാഗത്ത് നിന്നും ഒഴുകിവരുന്ന തോട് ഗാർഹിക മാലിന്യങ്ങളും വഹിച്ചു കൊണ്ടാണ് ഒഴുകുന്നത്. തോടിന്റെ വശങ്ങളിൽ പാഴ്ചെടികൾ വളർന്ന സ്ഥിതിയാണ്. മണൽ അടിഞ്ഞു കൂടിയ നിലയിലാണ്.

പാഴ്ച്ചെടികൾ വെട്ടി മാറ്റി, വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന മണൽ കോരി മാറ്റി, തോട്ടിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനായി തോടിന് സമീപം മാലിന്യ നിർമ്മാജന പ്ലാന്റ് സ്ഥാപിച്ചു ഇരുവശങ്ങളിലും സംരക്ഷണഭിത്തിയും കെട്ടിയാൽ നീരൊഴുക്ക് ശക്തമായി നടക്കും.

  • ചിലമ്പ് കാഞ്ഞിരം മൂട് തോട്

2 മീ വീതിയുള്ളതും വറ്റാത്തതുമായ പൊതുതോടാണിത്.കയർ പായ കൊണ്ടുള്ള പാർശ്വഭിത്തി ഉണ്ടെങ്കിലും കാലപ്പഴക്കം ചെന്നതാണ്. വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന മണൽ അടിഞ്ഞ് നീരൊഴുക്ക് കുറഞ്ഞ സ്ഥിതിയാണ്. ഇരുവശങ്ങളിലും പാഴ്ച്ചെടികൾ തഴച്ചു വളർന്നിരിക്കുന്നു.

പാഴ്ച്ചെടികൾ നീക്കം ചെയ്ത്, മണൽ കോരി മാറ്റി, പാർശ്വഭിത്തി കെട്ടിയാൽ ശക്തമായ നീരൊഴുക്ക് ഉണ്ടാകുന്ന കാഞ്ഞിരം മൂട് ഭാഗത്ത് തടയണ കെട്ടിയാൽ വേനൽക്കാലത്ത് കൃഷിക്ക് ജലം സുലഭമായി ലഭിക്കും.

  • ചിലമ്പ് സ്റ്റാൻഡേർഡ് തോട് (പണ്ടാരം തൊടി)

ഭാഗികമായി കോൺക്രീറ്റ് പാർശ്വഭിത്തി ഉള്ളതും 2 മീ വീതിയുള്ളതുമായ പൊതുതോടാണിത്. ഏകദേശം 1000 മീ. നീളത്തിൽ ഒഴുകുന്ന തോട് കഠിനംകുളം കായലിൽ ചെന്ന് ചേരുന്നു. തോടിന്റെ ഇരുവശവും വാഴച്ചെടികൾ വളർന്ന്  ഗാർഹിക മാലിന്യങ്ങളും ചപ്പു ചവറുകളും മാലിന്യങ്ങളും വഹിച്ചു കൊണ്ടാണ് തോടൊഴുകുന്നത്. ചിലമ്പിൽ കലുങ്ക് ഭാഗത്ത് എക്കലും മാലിന്യങ്ങളും നിറഞ്ഞ, പാഴ്ച്ചെടികളും പുല്ലുകളും വളർന്ന്, നീരൊഴുക്ക് സാധ്യമാകാതെ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്.

പാഴ്ച്ചെടികളും മാലിന്യങ്ങളും നീക്കം ചെയ്ത് എക്കൽ കോരി മാറ്റി, ആഴം കൂട്ടിയാൽ, ശക്തമായ നീരൊഴുക്ക് ഉണ്ടാകും. ചിലമ്പിൽ കലുങ്ക് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം.

  • ഭാരതീ ക്ലേ മൈനിങ് തോട്

കെ കെ വനം കോളനി ഭാഗത്ത് നിന്നും ഒഴുകുന്ന വറ്റാത്ത തോടാണിത്. ഭാഗികമായി കയർ പായ കൊണ്ടുള്ള പാർശ്വഭിത്തിയുണ്ട്. ചില ഭാഗങ്ങളിൽ ഇരുവശവും കാടുകയറി അവസ്ഥയിലാണ്. 2മീ വീതിയുണ്ടായിരുന്ന തോടിന്, മണ്ണിടിഞ്ഞു വീണും കാടുകയറിയും ചില ഭാഗങ്ങളിൽ 1മീ വീതി മാത്രമേയുള്ളൂ.

കാട് വെട്ടി മാറ്റി, മണ്ണ് കോരി മാറ്റി തോടിന് ആഴവും വീതിയും കൂട്ടിയാൽ നല്ല നീരൊഴുക്ക് ഉണ്ടാകും. വേനൽക്കാലത്ത് കൃഷിക്ക് ഉപയോഗപ്പെടുത്താം.

  • കണ്ണേറ്റ് തോട്

           ഏകദേശം 3 മീ വീതിയുണ്ടായിരുന്ന തോടിന് ഇപ്പോൾ ഒന്നര മീറ്റർ വീതി മാത്രമേയുള്ളൂ. വേനൽക്കാലത്തും വറ്റാത്ത പൊതു തോടാണിത്. ചില ഭാഗങ്ങളിൽ കാട് കയറിയ നിലയിലാണ്. അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന മണൽ നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. ഇത് കഠിനംകുളം കായലിൽ ചേരുന്നു.

കാട് വെട്ടി മാറ്റി, മണൽ കോരി മാറ്റി സംരക്ഷണഭിത്തി കെട്ടി തോട് സംരക്ഷിക്കണം. വേനൽകാലത്ത് കൃഷിക്ക് പ്രയോജനപ്പെടുത്താം.

  • പൗരസമിതി തോട്

പൗരസമിതി റോഡിന് സമീപത്തുകൂടി ഒഴുകുന്ന 1.5 മീ വീതിയുള്ള വറ്റാത്ത പൊതു തോടാണിത്. ഇരുവശങ്ങളിലും പാഴ്ചെടികൾ വളർന്ന് കാടുപിടിച്ച അവസ്ഥയാണ്. പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും വഹിച്ചുകൊണ്ടാണ് തോട് ഒഴുകുന്നത്.

          പാഴ്ച്ചെടികളും മാലിന്യങ്ങളും നീക്കം ചെയ്ത് തോട് വൃത്തിയാക്കണം. അതിനായി തോടിനെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.

  • ചെറുമുട്ടം തോട്

ഗുരുദേവ് നഗറിൽ നിന്നും ഒഴുകിവരുന്ന തോട് ചെറുമുട്ടം വഴി കഠിനംകുളം കായലിൽ ചേരുന്നു. തോടിന്റെ ഇരുവശവും കാട് കയറിയ അവസ്ഥയിലാണ്. അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന മണ്ണിടിച്ചിലിനെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. മഴയുള്ളപ്പോൾ വെള്ളം തോട്ടിലൂടെ ഒഴുകിപ്പോകാതെ സമീപപ്രദേശങ്ങളിലെ വീടുകളിൽ കയറുന്ന അവസ്ഥയാണ്.

കാട് വെട്ടി മാറ്റി മണ്ണും മണലും കോരി മാറ്റി തോടിന്റെ ആഴവും വിസ്തൃതിയും കൂട്ടിയാൽ ജലം വഹിക്കാനുള്ള തോടിന്റെ സംവഹനശേഷി കൂടുകയും ശക്തമായ നീരൊഴുക്ക് ഉണ്ടാവുകയും ചെയ്യും.  ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടണം.

  • പറകോണം പാറയിൽ തോട്

പറകോണം കോളനി ഭാഗത്ത് കൂടി ഒഴുകുന്ന ഒന്നര മീറ്റർ വീതിയുള്ള പൊതു തോട് കോളനി നിവാസികൾക്ക് ഒരു അനുഗ്രഹം തന്നെയാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കോളനി നിവാസികൾ കുളിക്കാനും തുണി അലക്കുവാനുമായി ഈ തോടിനെയാണ് ആശ്രയിക്കുന്നത്. തോടിന്റെ ഇരുവശവും കാടുകയറിയ അവസ്ഥയിലാണ്. എക്കൽ നിറഞ്ഞു നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു.

കാട് വെട്ടി മാറ്റി, എക്കൽ കോരി മാറ്റി ആഴവും വിസൃതിയും കൂട്ടിയാൽ ശക്തമായ നീരൊഴുക്ക് ഉണ്ടാകും. ഈ ഭാഗത്ത് തടയണ കെട്ടിയാൽ കോളനി നിവാസികൾക്ക് വേനൽക്കാലത്ത് പ്രയോജനപ്പെടുത്താം.

  • ആയിരവില്ലി - ചിലമ്പ് ഭദ്രാക്ഷേത്രം തോട്

          2 മീ വീതിയുള്ള വറ്റാത്ത പൊതു തോടാണിത്. ഇത് കഠിനംകുളം കായലിലേക്ക് ഒഴുകിയെത്തുന്നു. ഇരുവശങ്ങളിലും പാഴ്ചെടികൾ വളർന്നു കയറി, ഗാർഹിക മാലിന്യങ്ങളും വഹിച്ചുകൊണ്ടാണ് തോട് ഒഴുകുന്നത്. ഭാഗികമായി കോൺക്രീറ്റ് പാർശ്വഭിത്തി ഉണ്ട്. അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം നിമിത്തം  ഉണ്ടാകുന്ന മണ്ണിടിച്ചിനെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. എക്കലും മാലിന്യങ്ങളും നിറഞ്ഞു തോടിന്റെ ആഴം കുറഞ്ഞ അവസ്ഥയാണ്. തന്മൂലം മഴയുള്ളപ്പോൾ ജലം സമീപ പ്രദേശങ്ങളിലേക്ക് കയറുന്നു.

         മണൽ കോരി മാറ്റി പാഴ്ച്ചെടികളും മാലിന്യങ്ങളും നീക്കം ചെയ്ത്, മണ്ണിടിച്ചിൽ ഒഴിവാക്കാൻ വേണ്ടി കരിങ്കൽ പാർശ്വഭിത്തി കെട്ടി തോട് സംരക്ഷിക്കണം. കൃഷിക്കും ജലസേചനത്തിനുമായി തോടിനെ ഉപയോഗപ്പെടുത്താം.

  • തണ്ണീർക്കോണം തോട്

വയലോര പ്രദേശത്തുകൂടി ഒഴുകുന്ന വേനൽക്കാലത്തും വറ്റാത്ത പൊതു തോടാണിത്. തോടിന്റെ ഇരുവശങ്ങളും പാഴ്ച്ചെടികളും പുല്ലുകളും വളർന്ന അവസ്ഥയാണ്. ചില ഭാഗങ്ങളിൽ മൂടപ്പെട്ട നിലയിലാണ്.

പാഴ്ച്ചെടികൾ വെട്ടി മാറ്റി ചെളി കോരി മാറ്റി ആഴവും വീതിയും കൂട്ടിയാൽ നീരൊഴുക്ക് തടസ്സമില്ലാതെ നടക്കും. ഇതിനായി തോടിനെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.

  • കീഴതിൽ തോട്

ഏകദേശം 1 മീ. വീതിയുള്ള വറ്റാത്ത പൊതു തോടാണിത്. ഇരുവശങ്ങളിലും വളർന്ന് കിടക്കുന്ന പാഴ്ച്ചെടികൾ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു. തോടിന് സംവഹനശേഷി കുറവാണ്.

പാഴ്ച്ചെടികൾ വെട്ടി മാറ്റി, ചെളി കോരി മാറ്റി ആഴവും വിസ്തൃതിയും കൂട്ടിയാൽ ശക്തമായ നീരൊഴുക്ക് ഉണ്ടാകും. തോടിന്റെ സംവഹനശേഷിയും കൂടും. കൃഷിക്ക് പ്രയോജനപ്പെടുത്താം.

  • നേരുകടവ് തോട്

വയലോര പ്രദേശത്തുകൂടി ഒഴുകുന്ന തോടാണിത്.  ഏകദേശം 1.5 മീ വീതിയുള്ള തോടിന്റെ ഇരുവശവും പാഴ്ച്ചെടികളും പുല്ലും വളർന്ന അവസ്ഥയിലാണ്. വയലോര പ്രദേശമായതിനാൽ തന്നെ നല്ല നീരൊഴുക്കുള്ള തോടാണിത്. പാർശ്വഭിത്തി ഇല്ല.

പാഴ്ച്ചെടികൾ വെട്ടി മാറ്റി, പാർശ്വഭിത്തി കെട്ടി തോട് സംരക്ഷിച്ചാൽ  വേനൽക്കാലത്തും കൃഷിക്കായി പ്രയോജനപ്പെടുത്താം.

  • കൊച്ചു കരിക്കുളം തോട്

           ഏകദേശം 1.5 മീ വീതിയുള്ളതും വേനൽക്കാലത്ത് വറ്റാത്ത പൊതു തോടാണിത്. ഭാഗികമായി കോൺക്രീറ്റ് പാർശ്വഭിത്തി ഉണ്ട്. ശക്തമായ നീരൊഴുക്കുള്ള തോടാണിത്. ചില ഭാഗങ്ങളിൽ ഇരുവശവും കാട് കയറിയ അവസ്ഥയിലാണ്. മണൽ നിറഞ്ഞു കിടക്കുന്നു.

കാട് വെട്ടി മാറ്റി മണൽ കോരി മാറ്റി ആഴം കൂട്ടിയാൽ നീരൊഴുക്ക് തടസ്സമില്ലാതെ നടക്കും. ഇതിനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.

  • കോളം തോട്

          തീരദേശ മേഖലയിൽ കൂടി ഒഴുകുന്ന വറ്റാത്ത പൊതുതോടാണിത്. പാഴ്ച്ചെടികൾ വളർന്നു കയറി, തോടിന്റെ ചില ഭാഗങ്ങളിൽ വീതി തീരെ കുറഞ്ഞ അവസ്ഥയാണ്. അതുമൂലം നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. പാർശ്വഭിത്തി കെട്ടിയിട്ടില്ല.

പാഴ്ച്ചെടികളും പുല്ലുകളും വെട്ടി മാറ്റി ചെളി കോരി മാറ്റി തോടിന്റെ  ആഴവും വിസ്തൃതിയും കൂട്ടി പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണം. വേനൽക്കാലത്ത് കൃഷിക്കായി തോടിനെ പ്രയോജനപ്പെടുത്താം.

  • മടയ്ക്കൽ തോട്

വയലോര പ്രദേശത്തുകൂടി ഒഴുകുന്ന ശക്തമായ നീരൊഴുക്കുള്ള തോടാണിത്.  ഇത് തൊട്ടടുത്തുള്ള കായലിൽ ചെന്ന് ചേരുന്നു. വേനൽക്കാലത്തും വറ്റാത്ത പൊതു തോടാണിത്. ചില ഭാഗങ്ങളിൽ കാട് കയറിയ സ്ഥിതിയാണ്. പാർശ്വഭിത്തിയില്ല. നിലവിൽ കൃഷിയ്ക്കും ജലസേചനത്തിനും വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്.

പാഴ്ച്ചെടികളും പുല്ലും നീക്കം ചെയ്ത് തോടിനെ വൃത്തിയാക്കി, പാർശ്വഭിത്തി കെട്ടിയാൽ പരിസരവാസികൾക്ക് തുണിയലക്കാനും കുളിക്കുവാനും തോടിനെ  ഉപയോഗപ്പെടുത്താം.

  • അസംബൽ കോളനി തോട്

           അസംബൽ കോളനി ഭാഗത്തുകൂടി ഒഴുകുന്ന പൊതു തോടാണിത്.  ഏകദേശം 1 മീ വീതി മാത്രമേയുള്ളൂ. പാർശ്വഭിത്തി തകർന്നു തോട്ടിലേക്ക് വീണ അവസ്ഥയിലാണ്, അതിനാൽ തന്നെ നീരൊഴുക്ക് കുറവാണ്. മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നു ഇരുവശങ്ങളിലും പാഴ്ചെടികൾ വളർന്ന സ്ഥിതിയാണ്.

പാഴ്ച്ചെടികളും  മാലിന്യങ്ങളും നീക്കം ചെയ്ത് തോടിന്റെ വീതിയും ആഴവും കൂട്ടി പാർശ്വഭിത്തി കെട്ടി തോടിനെ സംരക്ഷിച്ചാൽ കോളനി നിവാസികൾക്ക് തുണിയലക്കാനും മറ്റ് ദൈനംദിന പ്രവർത്തനങ്ങൾക്കും തോടിനെ പ്രയോജനപ്പെടുത്താവുന്നതാണ്. ഇത് അസംബൽ റിസോർട്ട് വഴി ഒഴുകി പെരുമാതുറ കായലിൽ ചേരുന്നു.

  • കുഴിയം തോട്

           ഏകദേശം 2 മീ വീതിയുള്ള വറ്റാത്ത പൊതു തോടാണിത്. തീരദേശ മേഖലയിൽ കൂടി ഒഴുകുന്ന തോടിന്റെ ഇരുവശവും കാട് കയറി  നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. പായലും മാലിന്യങ്ങളും നിറഞ്ഞു വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്.

          കാട് വെട്ടി മാറ്റി പായലും മാലിന്യങ്ങളും നീക്കം ചെയ്ത് ചെളി കോരി മാറ്റി പാർശ്വഭിത്തി കെട്ടി തോട് സംരക്ഷിക്കണം. ഇതിനായി തൊഴിലുറപ്പ് പദ്ധതിയിൽ തോടിനെ  ഉൾപ്പെടുത്തേണ്ടതാണ്.

  • ചല്ലിമുക്ക് തോട്

പതിനേഴാം വാർഡിലെ തീരദേശ മേഖലയിൽ കൂടി ഒഴുകുന്ന തോടിന് ഏകദേശം 1.5 മീ വീതിയുണ്ട്. ഇരുവശങ്ങളിലും ഭാഗിക സംരക്ഷണഭിത്തി ഉണ്ട്. ചപ്പുചവറുകളും മാലിന്യങ്ങളും വഹിച്ചു കൊണ്ടാണ് തോട് ഒഴുകുന്നത്. മണൽ നിറഞ്ഞു കിടക്കുന്നു. ചില ഭാഗങ്ങളിൽ പാഴ്ച്ചെടികൾ വളർന്നു കാടുകയറിയ   അവസ്ഥയിലാണ്.

പാഴ്ച്ചെടികൾ വെട്ടി മാറ്റി, മണൽ കോരി മാറ്റി ചപ്പുചവറുകളും മാലിന്യങ്ങളും നീക്കം ചെയ്താൽ ശക്തമായ നീരൊഴുക്ക് ഉണ്ടാകും. കൃഷിക്കും ജലസേചനത്തിനുമായി ഉപയോഗപ്പെടുത്താം.

  • കുഴിയം കയർ സൊസൈറ്റി- റെയിൽവേ തോട്

വയലോരം മേഖലയിൽ കൂടി ഒഴുകുന്ന വറ്റാത്ത പൊതു തോടാണിത്. കയർ സൊസൈറ്റി ഭാഗത്ത് കൂടി ഒഴുകുന്ന ഈ തോടിന് ആ ഭാഗത്ത് ഭാഗിക കയർപ്പായ പാർശ്വഭിത്തി ഉണ്ട്. തോടിന്റെ ചില ഭാഗങ്ങളിൽ പാഴ്ച്ചെടികൾ വളർന്ന്  തോട് മൂടപ്പെട്ട അവസ്ഥയിലാണ്. തന്മൂലം നീരൊഴുക്ക് തടസ്സപ്പെടുകയും, മഴയുള്ളപ്പോൾ വെള്ളം സമീപപ്രദേശങ്ങളിൽ കയറുന്നു.

പുല്ലുകൾ നീക്കം ചെയ്ത്, തോടിന്റെ ആഴവും വിസ്തൃതിയും കൂട്ടിയാൽ നീരൊഴുക്ക് തടസ്സമില്ലാതെ പോകുകയും വെള്ളം കായലിലേക്ക് എത്തപ്പെടുകയും ചെയ്യും.

  • തോണിച്ചാൽ തോട്

തീരദേശ മേഖലയിൽ കൂടി ഒഴുകുന്ന പൊതുതോടാണിത്. തോടിന്റെ  ചില ഭാഗങ്ങളിൽ പാഴ് പുല്ലുകൾ വളർന്നു കയറി തോട് മൂടപ്പെട്ട നിലയിലാണ്. വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന മണലുംനിറഞ്ഞു കിടക്കുന്നു.കാട് വളർന്നു കയറി തോടിന്റെ വീതിയും കുറഞ്ഞിട്ടുണ്ട്. പാർശ്വഭിത്തി കെട്ടിയിട്ടില്ല.

പാഴ്ച്ചെടികളും കാടും വെട്ടി മാറ്റി, തോട്ടിലെ എക്കലും മണലും കോരി മാറ്റി ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടി  തോട് സംരക്ഷിക്കണം. നീരൊഴുക്ക് ശക്തമായാൽ സമീപപ്രദേശങ്ങളിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാം.

  • അനന്തൻവിളാകം തോട്

ഏകദേശം 3 മീ വീതിയുള്ള പൊതു തോടാണ്. തോടിന്റെ ഒരു വശത്ത് കോൺക്രീറ്റ് പാർശ്വഭിത്തി ഉണ്ട്. നിലവിൽ കൃഷിക്കാണ് തോട് ഉപയോഗിക്കുന്നത്.

മറുവശത്തുകൂടി സംരക്ഷണഭിത്തി കെട്ടി, കൊഴിഞ്ഞുവീഴുന്ന ഇലകളൊക്കെ നീക്കം ചെയ്ത്, വൃത്തിയാക്കിയാൽ  തോടിന്റെ സംവഹനശേഷി കൂടുകയും മഴയുള്ളപ്പോൾ സമീപപ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുകയും വെള്ളം തോട്ടിലൂടെ ഒഴുകി തൊട്ടടുത്തുള്ള കായലിലേക്ക് എത്തപ്പെടുകയും ചെയ്യും.

സർവ്വേ നമ്പർ 379, 396 മാർത്താണ്ഡം കോണം ഭാഗത്താണ് നീരുറവ കാണപ്പെടുന്നത്. ഈ നീരുറവ വേനൽക്കാലത്തും വറ്റാത്തതാണ്. ഈ നീരുറവയ്ക്ക് ചുറ്റും ബണ്ട് കെട്ടി നിർത്തുക. ഇതിനെ വേനൽക്കാലത്തും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടു ത്താവുന്നതാണ്. മാർത്താണ്ഡം കോണം തോട് ഈ നീരുറവയിൽ നിന്നാണ് ഒഴുകി വരുന്നത്. ഈ പ്രദേശം മുഴുവൻ കാടുകയറി കിടക്കുന്നു. പൊതുജനങ്ങൾക്ക് ഇവിടെ എത്തപ്പെടാൻ പറ്റാത്ത അവസ്ഥയാണ്.

കാട് വെട്ടിതെളിച്ച് നീരുറവയ്ക്ക് ചുറ്റും ബണ്ട് കെട്ടിയോ, ആ ഭാഗത്ത് ഒരു കുളം കുഴിച്ച് നൽകുകയോ ചെയ്താൽ കോളനി നിവാസികൾക്ക് ജലക്ഷാമം ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും.

ആയിരവില്ലിപുരം ക്ഷേത്രം നീരുറവ

വേനൽക്കാലത്തും വറ്റാത്തതാണ്. പാറ ഇടുക്കുകളിൽ ഊറി വരുന്ന ജലം കോൺക്രീറ്റ് വളയത്തിൽ കെട്ടി നിർത്തി ക്ഷേത്രക്കുളമായി ഉപയോഗിച്ച് പോരുന്നു. ഉറവയിൽ നിന്നും വരുന്ന ജലം ശുദ്ധമാണ്. നല്ല രീതിയിൽ സംരക്ഷിച്ചാൽ ശുദ്ധജല ഭീഷണി നേരിടുന്ന ആയിരവില്ലിപുരം പരിസരവാസികൾക്ക് ഒരു അനുഗ്രഹമായിരിക്കും ഈ നീരുറവ.

  • അഴൂർ വയൽത്തിട്ട കുളം

സർവ്വേ നമ്പർ 107 ൽ സ്ഥിതിചെയുന്ന പൊതു കുളമാണ് അഴൂർ വയർത്തിട്ട കുളം. 10 സെന്റിലായി ഉൾകൊള്ളുന്ന വയൽത്തിട്ട കുളം വറ്റാത്തതാണ്. 7 മീറ്റർ ആഴമുള്ള കുളം പായൽ, മാലിന്യം എന്നിവയാൽ നിറഞ്ഞു  കാടുകയറിയ അവസ്ഥയാണ്. സംരക്ഷണ ഭിത്തിയുണ്ടെങ്കിലും നിലവിൽ ഉപയോഗശൂന്യമാണ്‌.

കുളത്തിൽ നിന്ന് മാലിന്യം, പായൽ, ചെളി എന്നിവ നീക്കം ചെയ്ത് വൃത്തിയായി സംരക്ഷിച്ചാൽ കുടിവെള്ളത്തിന് ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.

  • അഴൂർ അമ്പലകുളം

സർവ്വേ നമ്പർ  99 ൽ സ്ഥിതിചെയ്യുന്ന പൊതു കുളമാണ് അഴൂർ അമ്പലകുളം. 6 സെന്റിലായി ഉൾകൊള്ളുന്ന അമ്പലകുളം വറ്റാത്തതാണ്. 5 മീറ്റർ ആഴമുള്ള കുളം പുല്ല്, മാലിന്യം എന്നിവയാൽ നിറഞ്ഞു കിടക്കുകയാണ്.  സംരക്ഷ ഭിത്തിയുണ്ടെങ്കിലും നിലവിൽ ഉപയോഗശൂന്യമാണ്‌.

കുളത്തിൽ നിന്ന് മാലിന്യം, പുല്ല്, എക്കൽ എന്നിവ നീക്കം ചെയ്ത് വൃത്തിയായി സംരക്ഷിച്ചാൽ കൃഷിക്കും ജലസേചനത്തിനും ഉപയോഗിക്കാവുന്നതാണ്.

  • കുഴിയം കുളം

കുഴിയം കുളം സർവ്വേ നമ്പർ 136 ൽ സ്ഥിതിചെയ്യുന്നു. 10 സെന്റിലായി ഉൾകൊള്ളുന്ന കുഴിയം കുളം വറ്റാത്തതാണ്. 5 മീറ്റർ ആഴമുള്ള കുളം  വൃത്തിയായി സംരക്ഷിച്ചിട്ടില്ല.  പുല്ല്, എക്കൽ, മാലിന്യം എന്നിവ നിറഞ്ഞ് കാടുകയറിയ അവസ്ഥയിലാണ്. ശുദ്ധജല മല്ലാത്തതിനാൽ നിലവിൽ ആരും ഉപയോഗിക്കുന്നില്ല.

കുളത്തിൽ നിന്ന്  മാലിന്യം, പുല്ല്, എക്കൽ എന്നിവ നീക്കം ചെയ്ത് കാടു വെട്ടി വൃത്തിയായി സംരക്ഷിച്ചാൽ കൃഷിക്ക് ഉചിതമാണ്.

  • വെറുഞ്ചായകുളം

3 സെന്റിലായി  ഉൾകൊള്ളുന്ന  വെറുഞ്ചായകുളം വറ്റാത്ത സ്വകാര്യ കുളമാണ്. നിലവിൽ ഈ കുളം മാലിന്യം നിറഞ്ഞു കാടുകയറിയ അവസ്ഥയിലാണ്. സംരക്ഷണഭിത്തിയില്ല. അശുദ്ധ ജലമായതിനാൽ ആരും ഉപയോഗിക്കുന്നില്ല. 

കുളത്തിന്റെ മുഴുവൻ ഭാഗവും സംരക്ഷണഭിത്തി കെട്ടണം. മാലിന്യം നീക്കം ചെയ്ത് പാഴ്ച്ചെടികൾ വെട്ടി മാറ്റി വൃത്തിയായി സംരക്ഷിച്ചാൽ കൃഷിക്ക് ഉചിതമാണ്.

  • മാടൻനട കുളം

198 സർവ്വേ നമ്പറിൽ സ്ഥിതിചെയ്യുന്ന പൊതു കുളമാണ് മാടൻനട കുളം. 6 സെന്റിലായി ഉൾകൊള്ളുന്ന മാടൻനട കുളം വറ്റാത്തതാണ്. 10 മീറ്റർ ആഴമുള്ള  കുളം പായൽ നിറഞ്ഞ അവസ്ഥയിലാണ്. നിലവിൽ സംരക്ഷണഭിത്തിയുണ്ടെകിലും അപകട മരണം ഉണ്ടാകുന്നു.  ശുദ്ധജലമല്ലാത്തതിനാൽ നിലവിൽ ആരും ഉപയോഗിക്കുന്നില്ല.

കുളത്തിൽ നിന്ന് പായൽ നീക്കം ചെയ്ത് സംരക്ഷണഭിത്തിയുയർത്തി കെട്ടി വൃത്തിയായി സംരക്ഷിച്ചാൽ കൃഷിക്ക് ഉചിതം.

  • ചിറ്റാരിക്കോണം കുളം

210 സർവ്വേ നമ്പറിൽ  സ്ഥിതിചെയ്യുന്ന പൊതു കുളമാണ്  ചിറ്റാരിക്കോണം  കുളം. 8 സെന്റിലായി ഉൾകൊള്ളുന്ന  ചിറ്റാരിക്കോണം  കുളം വറ്റാത്തതാണ്. 10 മീറ്റർ ആഴമുള്ള കുളം പായൽ നിറഞ്ഞ ചിറകോട്ടുകോണം കുളം അവസ്ഥയിലാണ്. സംരക്ഷണഭിത്തിയുണ്ടെകിലും ശുദ്ധജലമല്ല.

കുളത്തിൽ നിന്ന് പായൽ നീക്കം ചെയ്ത് വൃത്തിയായി സംരക്ഷിച്ചാൽ കൃഷിക്കും പരിസരവാസികൾക്ക് പൊതു ആവശ്യങ്ങൾക്കു വേണ്ടിയും ഉപയോഗിക്കാവുന്നതാണ്.

  • മരങ്ങാട്ടു കോണം കുളം

182  സർവ്വേ നമ്പറിൽ  സ്ഥിതിചെയ്യുന്ന പൊതു കുളമാണ് മരങ്ങാട്ടു കോണം കുളം. 6  സെന്റിലായി  ഉൾകൊള്ളുന്ന   മരങ്ങാട്ടു കോണം കുളം വറ്റാത്തതാണ്.  8 മീറ്റർ ആഴമുള്ള കുളം പായൽ, എക്കൽ എന്നിവ നിറഞ്ഞ അവസ്ഥയിലാണ്. ഭാഗിക സംരക്ഷണ ഭിത്തിയുണ്ട്.

കുളത്തിൽ നിന്ന് പായൽ നീക്കം ചെയ്ത് സംരക്ഷണഭിത്തി പുനർനിർമാണം നടത്തി സംരക്ഷിച്ചാൽ ജലസേചനത്തിനു ഉപയോഗപ്രദമാകും.

  • ചിറകോട്ടുകോണം കുളം

6 സെന്റ് വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന സാമാന്യം വലുപ്പമുള്ളതും ആഴമേറിയതുമായ കുളമാണ് ചിറകോട്ടുകോണം കുളം.  കരിങ്കൽ സംരക്ഷണഭിത്തിയുണ്ടെകിലും പടവുകൾ ഇല്ലാത്ത അവസ്ഥയാണ്.  കുളത്തിലുടനീളം  പായൽ വളർന്ന സ്ഥിതിയാണ്.

വർഷത്തിൽ രണ്ടു തവണയെകിലും പായലുകൾ നീക്കം ചെയ്തു കുളം വൃത്തിയാക്കിയാൽ ധാരാളം ജലം ലഭിക്കും. വേനൽകാലത്തും വറ്റാത്തതിനാൽ കുളത്തെ മൽസ്യ കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്താം. നിലവിൽ കൃഷിക്കും ജലസേചനത്തിനും വേണ്ടിയാണ് കുളം ഉപയോഗിക്കുന്നത്.  

  • കാട്ടുവിള കുളം

10  സെന്റ്  വിസ്തൃതിയിൽ  സ്ഥിതിചെയ്യുന്ന കുളം  ആഴമേറിയതും വറ്റാത്തതുമായ പൊതു കുളമാണ്. കുളത്തിനു ചുറ്റും യാതൊരുവിധ സംരക്ഷണഭിത്തിയുമില്ല. ഇതിനു സമീപത്തുള്ള പൊതു വഴിയിൽ കൂടിയാണ് സ്കൂൾ കുട്ടികൾ വരെ യാത്ര ചെയുന്നത്. കുളത്തിൽ നിറയെ പായലും എക്കലും നിറഞ്ഞ അവസ്ഥയാണ് കുളത്തിനു സമീപം യാതൊരുവിധ അപകട സാധ്യത  മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടില്ല.

കുളത്തിലെ പായൽ  നീക്കം ചെയ്ത് കുളം വൃത്തിയാക്കി സംരക്ഷണഭിത്തി കെട്ടി അതിനു മുകളിൽ കമ്പി വേലി സ്ഥാപിക്കേണ്ടതാണ്.  അപകട സാധ്യത  മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കേണ്ടതാണ്.  ധാരാളം ജലം ലഭിക്കുന്ന കുളം  വേനൽക്കാലത്ത് കൃഷിക്കും ജലസേചനത്തിനും ഉപയോഗപ്പെടുത്താം.

  • സ്റ്റാൻഡേർഡ് കുളം

50  സെന്റ്  വിസ്തൃതിയിൽ കാണപ്പെടുന്ന കുളം വറ്റാത്തതും സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുമാണ് സ്ഥിതിചെയ്യുന്നത്. കളിമൺ ഖനനം മൂലം രൂപപ്പെട്ട ആഴവും  വിസ്തൃതിയുമേറിയ കുളമാണ് ഇത്‌. വെള്ളത്തിന് പുളിരസമാണ്. യാതൊരുവിധ സംരക്ഷണഭിത്തിയുമില്ലാത്ത കുളം അങ്കണവാടിക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്. സ്കൂൾ കുട്ടികൾക്ക് വരെ ജീവഹാനി വരുത്തിയിട്ടുള്ള കുളത്തിനു യാതൊരുവിധ  അപകട സാധ്യത  മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടില്ല. 

കുളത്തിനു  ചുറ്റും കമ്പി വേലി കെട്ടി സംരക്ഷണം ഉറപ്പുവരുത്തണം.  അപകട സാധ്യത മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കേണ്ടതാണ്. പൈപ്പ് കണക്ഷൻ സാധ്യമാക്കിയാൽ വേനൽ കാലത്ത് കൃഷിക്കും ജലസേചനത്തിനും കുളിക്കാനും ഉപയോഗപ്പെടുത്താം.

  • അയ്യൻ കുളം

3 സെന്റ്  വിസ്തൃതിയിൽ  സ്ഥിതിചെയ്യുന്ന കുളം വറ്റാത്തതും സ്വകാര്യ വ്യക്തിയുടെ  വസ്തുവിലുമാണ്.  രണ്ടര മീറ്റർ ആഴമേറിയ കുളത്തിന് ചുറ്റുപാടും കാടുകയറിയ നിലയിലാണ്. ഇഴജന്തുക്കളുടെ ആവാസവുമാണ്.  കളിമൺ ഖനനം മൂലം രൂപപ്പെട്ട കുളം പായൽ നിറഞ്ഞ അഴുകിയ നിലയിലാണ്. 

കാടു വെട്ടിമാറ്റി പായൽ നീക്കം ചെയ്‌ത്‌ സംരക്ഷണഭിത്തി കെട്ടിയാൽ  മൽസ്യ കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്താം.  നിലവിൽ കൃഷിക്കും ജലസേചനത്തിനും വേണ്ടിയാണ് കുളം ഉപയോഗിക്കുന്നത്.  

  • മാർത്താണ്ഡം കോണം - ചിലമ്പ് കുളം

438 സർവ്വേ നമ്പറിൽ സ്ഥിതിചെയ്യുന്ന കുളം വറ്റാത്തതും സംരക്ഷണ ഭിത്തിയില്ലാത്തതുമാണ്.  മാർത്താണ്ഡം കോണം ഉറവയിൽ നിന്ന് വരുന്ന വെള്ളം കുഴിയിൽ കെട്ടി നിന്ന് കുളമായി കാണുന്ന അവസ്ഥയാണ്.  മരത്തിന്റെ ഇലകൾ കൊഴിഞ്ഞു നിറഞ്ഞു കിടക്കുന്നു. പരിസരവാസികൾ തുണിയലക്കാനും കുളിക്കാനും കുളത്തെ ആശ്രയിക്കുന്നു.

മരത്തിന്റെ ഇലകൾ കൊഴിഞ്ഞു വീഴാതിരിക്കാനുള്ള സംവിധാനം ചെയ്തും സംരക്ഷണഭിത്തി കെട്ടിയും സംരക്ഷിച്ചാൽ വേനൽക്കാലത്ത് ധാരാളം ശുദ്ധജലം ലഭിക്കും.

  • കാഞ്ഞിരംമൂട് - ചിലമ്പിൽ കുളം

കളിമൺ ഖനനം മൂലം രൂപപ്പെട്ട ആഴവും  വിസ്തൃതിയുമേറിയ കുളം വറ്റാത്തതും സ്വകാര്യ വ്യക്തിയുടെ  വസ്തുവിലുമാണ് സ്ഥിതിചെയ്യുന്നത്.  ജലത്തിൽ ബോക്സൈറ്റ്ന്റെ  സാന്നിദ്ധ്യമുള്ളതും pH ലെവൽ 4.5  ൽ   താഴുന്നതുമാണ്. കുളത്തിന് യാതൊരുവിധ സംരക്ഷണഭിത്തിയുമില്ല. കുളത്തിന് സമീപം  യാതൊരു അപകട സാധ്യത മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടില്ല.  നിലവിൽ കൃഷിക്കാണ് കുളം ഉപയോഗിക്കുന്നത്.

കുളത്തിന് ചുറ്റും കമ്പി വേലികെട്ടി അപകട സാധ്യത മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കേണ്ടതാണ്.

  • പാലയ്ക്കൽ പൗരസമിതി ക്ഷേത്ര കുളം

344 സർവ്വേ നമ്പറിൽ സ്ഥിതിചെയ്യുന്ന ക്ഷേത്ര കുളം 12 സെന്റ്  വിസ്തൃതിയിലാണ്‌ കാണപ്പെടുന്നത്. കരിങ്കൽ സംരക്ഷണഭിത്തിക്കുമുകളിൽ ഇരുമ്പുവേലി സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ക്ഷേത്ര ആവശ്യങ്ങൾക്കും കുളിക്കാനും കുളം ഉപയോഗിക്കുന്നു. മഴക്കാലത്തു ലഭ്യമാകുന്ന അധിക ജലം കുളത്തിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് വഴി തൊട്ടടുത്തുള്ള  തോട്ടിലൂടെ ഒഴുക്കി സമീപമുള്ള കായലിലേക്ക് വിടുന്നു.

നിലവിൽ ക്ഷേത്ര കുളം നല്ല രീതിയിൽ സംരക്ഷിച്ചുപോരുന്നു.

  • ആയിരവില്ലിപുരം  ക്ഷേത്ര കുളം     

ക്ഷേത്രത്തിനു സമീപമുള്ള പാറയിടുക്കിൽ നിന്നും ഊറിവരുന്ന ജലം കോൺക്രീറ്റ് വളയത്തിൽ (ഉറ) കെട്ടിനിർത്തി ക്ഷേത്ര കുളമായി ഉപയോഗിക്കുന്നു. അതിൽ നിന്നും പൈപ്പ് കണക്ഷൻ വഴി ജലം എടുത്ത് ക്ഷേത്ര ആവശ്യങ്ങൾക്കും കൃഷിക്കും വിനിയോഗിക്കുന്നു. നിലവിൽ നല്ല രീതിയിൽ സംരക്ഷിച്ചുപോരുന്നു.

കുളത്തിന്റെ വിസ്തൃതിയും ആഴവും കൂട്ടിയാൽ ധാരാളം ജലം ലഭിക്കും. ശുദ്ധജലമായതിനാൽ വേനൽകാലത്ത് പല ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താം.

  • താഴതിൽ കുളം (തണ്ണീർക്കോണം കുളം)

255  സർവ്വേ നമ്പറിൽ  സ്ഥിതിചെയ്യുന്ന കുളം 2  സെന്റ്  വിസ്തൃതിയിലാണ്‌ കാണപ്പെടുന്നത്. 15 മീറ്റർ ആഴമേറിയതും വറ്റാത്തതുമായ പൊതു കുളമാണ് ഇത്‌. വയലോര പ്രദേശത്തു സ്ഥിതി ചെയ്യുന്നതിനാൽ ഓര് വെള്ളമാണ്. മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലാണ്. സംരക്ഷണഭിത്തി പൊട്ടിപൊളിഞ്ഞ നിലയിലാണ്. ചുറ്റുപാടും കാടുകയറിയ അവസ്ഥയാണ്. വേനൽക്കാലത്തു കൃഷിക്കുവേണ്ടിയാണ് കുളം ഉപയോഗിക്കുന്നത്.

കാടുവെട്ടിമാറ്റി സംരക്ഷണഭിത്തിയുടെ ഉയരംകൂട്ടി, പുനർനിർമാണം നടത്തണം. കുളത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത്, കുളം വൃത്തിയാക്കിയാൽ വേനൽക്കാലത്ത് കൃഷിക്കും ജലസേചനത്തിനും ഉപയോഗിക്കാം.

  • കുളത്തിൻകര - മുസ്ലിയാർറോഡ് കുളം

10 സെന്റ്  വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന വറ്റാത്ത പൊതു കുളമാണിത്. കരിങ്കൽ  സംരക്ഷണഭിത്തിക്കു മുകളിലായി ഇരുമ്പുവേലി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കുളത്തിലേക്ക് ഇറങ്ങാനായി പടവുകൾ ഉണ്ട്. നല്ല രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള കുളം പായലും ചപ്പുചവറുകളും നിറഞ്ഞു മലിനമായ നിലയിലാണ്.

ചപ്പുചവറുകളും പായലും നീക്കം ചെയ്ത് വൃത്തിയാക്കിയാൽ ധാരാളം ജലം ലഭിക്കുന്ന കുളം വേനൽ കാലത്തും പരിസാവാസികൾക്കു കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി  ഉപയോഗപ്പെടുത്താം.

  • കീഴതിൽകുളം

333 സർവ്വേ നമ്പറിൽ സ്ഥിതിചെയ്യുന്ന കുളം 2 സെന്റ് വിസ്തൃതിയിലാണ് കാണപ്പെടുന്നത്. 15 മീറ്റർ ആഴമേറിയതും വറ്റാത്തതുമായ പൊതു കുളമാണ് ഇത്‌. ജലം സുലഭമായി ഉണ്ടെങ്കിലും മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയാണ്. ജനവാസമേഖലയിൽ അപകട സാധ്യത കൂടിയ  കുളത്തിനു കരിങ്കൽ സംരക്ഷണഭിത്തി ഉണ്ടെങ്കിലും ഉയരം കുറവാണ്. നിലവിൽ ഉപയോഗശൂന്യമാണ്‌ കുളം.

സംരക്ഷണഭിത്തിക്ക് ഉയരം കൂട്ടിയും അതിനുമുകളിൽ ഇരുമ്പുവേലി സ്ഥാപിച്ചും കുളത്തെ സംരക്ഷിക്കണം. വർഷത്തിലൊരിക്കൽ കുളം വൃത്തിയാക്കിയാൽ വേനൽ കാലത്തും ജലം സുലഭമായി ലഭിക്കും. കൃഷിക്ക് ഉപയോഗപ്പെടുത്താം.

  • അവ്‌ത്തുവയലിൽ കുളം

ആഴവും വിസ്തൃതിയുമേറിയ കുളം കാടുനിറഞ്ഞ വയലോര പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ചുറ്റുപാടും മുൾകാടുകളും വൻവൃക്ഷങ്ങളുമാണ്. ഇഴജന്തുക്കളുടെ ആവാസവുമാണ് ഈ പ്രദേശം. ധാരാളം ജലം ലഭിക്കുന്ന കുളം വേനൽ കാലത്തും വറ്റാത്തതാണ്. നിലവിൽ ഉപയോഗശൂന്യമാണ്‌ കുളം. കാടുവെട്ടി തെളിച്ചു വഴി സൗകര്യം ഉണ്ടാക്കിയാൽ ആമ്പൽ, താമര എന്നിവ കൃഷിചെയ്യാം.

പദ്ധതി പ്രദേശത്ത് അവലംബിക്കാവുന്ന വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങൾ


അടിസ്ഥാന വിഭവങ്ങളായ മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവ തമ്മിലുള്ള സ്വാഭാവികമായ ബന്ധം നിലനിർത്തേണ്ടത് സുസ്ഥിരമായ വികസനത്തിന് അത്യാവശ്യമാണ്. ഇവ തമ്മിലുള്ള സന്തുലിത അവസ്ഥ പരിപാലിക്കപ്പെടേണ്ടതാണ്. ഈ അവസ്ഥക്ക് കോട്ടം തട്ടുമ്പോഴാണ് മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും പൊട്ടിപുറപ്പെടുന്നത്. ഓരോ പ്രദേശത്തിന്റെയും പൊതുവായ ഭൂപ്രകൃതി, ചരിവ്, നിലവിലുള്ള ഭൂവിനിയോഗ രീതികൾ, ജലവിഭവങ്ങൾ എന്നിവയെ സമഗ്രമായ പഠനത്തിന് വിധേയമാക്കി ശാസ്ത്രീയമായ അടിത്തറയോടെ വേണം പ്രദേശത്തെ ജലവും, അഥവാ ജല സമ്പത്തും പരിപാലിക്കപ്പെടേണ്ടത്.

ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.) സാങ്കേതികവിദ്യ ഉപയോഗിച്ച് നിലവിലെ ഭൂപ്രകൃതി, മറ്റു ഘടകങ്ങൾ എന്നിവ പരിഗണിച്ച് പദ്ധതി പ്രദേശത്ത് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി നടത്താവുന്ന ചില ഇടപെടലുകൾ ചുവടെ ക്കൊടുക്കുന്നു. ഭൂപടത്തിലും രേഖപ്പെടുത്തിയിരിക്കുന്നു.  

ഭൂവിനിയോഗത്തിൽ നിർദേശിക്കുന്ന ഇടപെടലുകൾ

ഓരോ പ്രദേശത്തേയും ഭൂമിയുടെ സ്വഭാവത്തിനും നിലനിൽക്കുന്ന പ്രകൃതി വിഭവങ്ങളുടെ ലഭ്യതയ്ക്കും കാർഷിക പാരിസ്ഥിതിക അവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. കോണ്ടൂർ കയ്യാലകൾ (Contour Bunds) നിർമ്മിക്കൽ, കാർഷിക കുളങ്ങളുടെ (Farm Ponds) നിർമ്മാണം, മേല്‍ക്കൂരയില്‍ നിന്നും മഴവെള്ള സംഭരണം (Roof Top Rain Water Harvesting), സ്റ്റാഗേർഡ് ട്രെഞ്ചുകൾ (Staggered Trenches) തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കോണ്ടൂർ കയ്യാല നിർമ്മാണം

മൺകയ്യാല (മണ്ണ് കൊണ്ട്)  നിർമ്മാണം, കല്ലുകയ്യാല (കല്ല് കൊണ്ട്) നിർമ്മാണം എന്നിവ ഇതിൽപ്പെടുന്നു. ഉപരിതല ഒഴുക്കിനെ തടയാൻ പറമ്പുകളിൽ മണ്ണുകൊണ്ടോ കല്ലുകൊണ്ടോ നിർമ്മിക്കുന്ന തടസ്സങ്ങളാണിവ. മൺകയ്യാലകൾ, തിരണകൾ, കയ്യാലമാടൽ, കൊള്ള് എന്നിങ്ങനെ പ്രാദേശിക മായി വിവിധ പേരുകൾ ഇവയ്ക്കുണ്ട്. മണ്ണിളക്കുമ്പോൾ ലഭിക്കുന്ന ലാറ്ററൈറ്റ് (ഉരുളൻ കല്ലുകൾ) കല്ലുകൾ ലഭ്യമായ മലയോര മേഖലകളിൽ നിർമ്മിക്കുന്ന കല്ലുകയ്യാലകളും കോണ്ടൂർ വരമ്പുകളുടെ ഗണത്തിൽ വരും. കേരളീയ സാഹചര്യങ്ങളിൽ മൺ കയ്യാലകൾ പൊതുവെ 12 ശതമാനം വരെ ചരിവുള്ള പ്രദേശങ്ങൾക്ക് അനുയോജ്യമാണ് ഇവയ്ക്ക് മുകളിൽ പുല്ല്, കൈത (Pineapple) എന്നിവ വച്ചുപിടിപ്പിച്ച് ബലവത്താക്കാവുന്നതാണ്. മുഴുവൻ കൃഷിയിടവും ചരിവിനു കുറുകെ നിർമ്മിക്കുന്ന മൺ വരമ്പുകളാൽ ഖണ്ഡങ്ങളാക്കി തിരിച്ച് ഇടവരമ്പുകളും തീർത്ത് വീഴുന്ന മഴവെള്ളം കയ്യാലകൾക്കിടയിൽ തന്നെ സംഭരിക്കുന്നു. കോണ്ടൂർ വരമ്പുകളും ഇടവരമ്പുകളും തീർത്തുകഴിയുമ്പോൾ ഇവ ഓരോന്നും ഒരു സൂക്ഷ്മ വൃഷ്ടിത്തടം (Micro catchement) പോലെ ജലം മണ്ണിൽ ശേഖരിച്ച് ഭൂജല പോഷണത്തിന് സഹായിക്കുന്നു. അങ്ങനെ പറമ്പുകളിൽ ജലാംശം വർദ്ധിപ്പിക്കുന്നതോടൊപ്പം കുളങ്ങളിലും കിണറുകളിലും വേനൽക്കാലത്ത് ജലസമൃദ്ധി ഉറപ്പുവരുത്താനും ഇവ സഹായിക്കുന്നു.

ചെറുകിട കർഷകർ ഉദ്ദേശ സമോച്ച രേഖ അടിസ്ഥാനമാക്കി മണ്ണ് കയ്യാലകൾ നിർമിച്ചു വരുന്നു. എങ്കിലും ഇവയുടെ നിർമ്മാണത്തിൽ ചില സാങ്കേതികതകളുണ്ട്. രണ്ട് കയ്യാലകൾ തമ്മിലുള്ള അകലം കണക്കാക്കുന്നത് ലംബ അകലം (Vertical interval) ഉപയോഗിച്ചാണ് VI= 0.3 (S/3 +2 )എന്ന ഈ സൂത്രവാക്യത്തിൽ 'S’ എന്നത് പറമ്പിന്റെ ചരിവും VI ലംബ അകലവുമാണ് ഉദാഹരണമായി 6% ചരിവുള്ള ഭൂമിയിൽ കയ്യാലകൾ തമ്മിലുള്ള ലംബ അകലം [0.3 (6/3+2) = 1.2 മീറ്റർ ആയിരിക്കും.

മൺവരമ്പുകൾക്ക് 60 മുതൽ 90 സെന്റിമീറ്റർ വരെ ഉയരം നൽകിവരുന്നു. കാലവർഷത്തിൽ, പ്രത്യേകിച്ചും കളിമണ്ണിന്റെ അംശം കൂടുതലുള്ള മൺതരങ്ങളിൽ, വരമ്പുകൾക്ക് നാശമുണ്ടാകാത വിധം അധിക ജലം ഒഴുക്കിക്കളയാനുള്ള സംവിധാനം നൽകാവുന്നതാണ്.

12 ശതമാനത്തിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ മൺ കയ്യാലകൾക്ക് കൂടുതൽ ബലം ലഭിക്കുവാൻ പുരയിടങ്ങളിൽ മണ്ണിളക്കുമ്പോൾ ലഭ്യമായ കല്ലുപയോഗിക്കുന്നു. കല്ലുകയ്യാലകൾ എന്ന് വിളിക്കുന്ന ഇത്തരം നിർമ്മിതികൾ കേരളത്തിലെ കർഷകർക്കിടയിൽ ഏറെ സ്വീകാര്യമാണ് മണ്ണിളക്കുമ്പോൾ കല്ല് കൂടുതലുള്ള കൃഷി ഭൂമികളിൽ 12 % ത്തിൽ താഴെ ചരിവ് ഉള്ളപ്പോൾ പോലും കല്ല് കയ്യാലകൾ നിർമ്മിച്ചുവരുന്നു. ദീർഘകാലം കേടുപാടുകളില്ലാതെ നിലനിൽക്കുന്നതും പറമ്പുകളിൽ നിന്നും കല്ലൊഴിവായിക്കിട്ടുന്നതുമെല്ലാം ഇതിനു കാരണമാണ്. മൺകയ്യാലകളുടെ അകലം ക്രമീകരണത്തിനുപയോഗിക്കുന്ന സൂത്രവാക്യം തന്നെ കല്ലുകയാലകൾക്കും ഉപയോഗിക്കാവുന്നതാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലകളിൽ കയ്യാലകൾ നിർമ്മിക്കുമ്പോൾ സുരക്ഷിതമായ നീർവാർച്ച ഉറപ്പാക്കുകയും, നീർച്ചാലുകൾക്ക് തടസ്സമുണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.

19, 10, 9, 61, 23, 21, 61, 51, 53, 55, 56, 37, 154, 150, 154, 153, 219 മുതലായ സർവെ നമ്പറുകളിൽ മൺ കയ്യാലകൾ നിർമ്മിക്കുന്നത് പരിഗണിക്കാവുന്നതാണ്. 

കാർഷിക കുളം

ഉപരിതലപ്രവാഹം ശേഖരിക്കാനുതകുന്ന കുളങ്ങൾ ഭൂഗർഭജലവിതാനം ഉയർത്തുന്നതിന് അനിവാര്യമാണ്. കൃഷിയാവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കുളങ്ങളുടെ പുനരുദ്ധാരണവും പുതിയ ജലസ്രോതസ്സുകളുടെ വികസനവും ആവശ്യമാണ്.  ഇതു വഴി ഭൂജലസ്രോതസ്സിന്മേലുളള ആശ്രയത്വം കുറയുകയും വേനൽക്കാലത്ത് കൂടുതൽ ജലം ലഭ്യമാകുകയും ചെയ്യും.

290, 202, 372, 148, 235, 237, 228, 208, 161, 150, 16 മുതലായ സർവെ നമ്പറുകളിൽ കാർഷിക കുളങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കാവുന്നതാണ്. 

മേല്‍ക്കൂരയില്‍ നിന്നും മഴവെള്ള സംഭരണം (Roof Top Rain Water Harvesting)

മേൽക്കൂരയിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ പി.വി സി പാത്തികളിലൂടെ ഒഴുക്കി സംഭരണികളിലേക്കോ കിണറുകളിലേക്കോ മണ്ണിലേക്ക് ഊർന്ന്  ഇറങ്ങുന്നതിനായോ ഉള്ള സംവിധാനം ഒരുക്കന്നത് വഴി ഭൂഗർഭ ജല സ്രോതസ്സ് വർദ്ധിപ്പിക്കാവുന്നതാണ്.

ഫെറോ സിമെന്റ് സംഭരണി: ടാങ്കുകളിൽ ശേഖരിച്ച് നേരിട്ട് ഉപയോഗിക്കുന്ന ലളിതമായ രീതിയാണിത്. 15000 ലിറ്റർ സംഭരണശേഷിയുള്ള ഒരു ഫെറോ സിമന്റ് ടാങ്ക് നിർമ്മിച്ചാൽ 4 പേരടങ്ങുന്ന കുടുംബത്തിന് 4 മാസം വരെ പാചകാവശ്യങ്ങൾക്കുള്ള വെള്ളം 1000 ചതുരശ്ര അടി മേൽക്കൂര വിസ്തീർണ്ണത്തിൽ നിന്ന് കണ്ടെത്താവുന്നതാണ്.

കിണർ റീചാർജ്ജിംങ്: മഴയുള്ള സമയത്ത് മേൽക്കുരയിൽ നിന്നും മഴവെള്ളം പാത്തികളിൽ കുടി ശേഖരിച്ച് കിണറിന് മുകൾ വശത്തായി എടുത്ത കുഴികളിലേയ്‌ക്കോ, അല്ലെങ്കിൽ ഫിൽറ്റർ വഴി നേരിട്ടു കിണറിലേ‌ക്കോ ഇറക്കുന്ന രീതിയാണ് ഇത്. വേനൽക്കാലത്ത് ജലലഭ്യത വർദ്ധിപ്പിക്കുന്നതോടൊപ്പം കിണറ്റിലേക്കുള്ള ഉറവകൾ ശക്തി പ്പെടുത്തുവാനും ഈ മാർഗ്ഗം സഹായിക്കും. ഉപയോഗശൂന്യമായ കിണറുകളും കുഴൽക്കിണറുകളും ഇപ്രകാരം മഴവെള്ളം ഭൂജലത്തിലേക്ക് എത്തിക്കാൻ ഉപയോഗിക്കാവുന്നതാണ്. കാലക്രമേണ ഇവയിലും ഉറവകൾ എത്തി തുടങ്ങും.

പൊതു സ്ഥാപനങ്ങളിലും മറ്റും  സ്ഥല ലഭ്യത/അനുയോജ്യത എന്നിവ അനുസരിച്ച് കൃത്രിമ ഭൂജല പോഷണം ചെയ്യാവുന്നതാണ്. ഭൂപടത്തിൽ  ചിത്രീകരണം നൽകിയിട്ടുണ്ട്.

സ്റ്റാഗേർഡ് ട്രെഞ്ചുകൾ (Staggered Trenches)

വ്യത്യസ്‌തമായ ചരിവുള്ള സാഹചര്യങ്ങളിൽ (8-33%) ഇത് അഭികാമ്യമാണ്. ഈ സാഹചര്യത്തിൽ, കിടങ്ങിന്റെ   നീളം ചെറുതായി സൂക്ഷിക്കുന്നു, അതായത് 2-3 മീറ്റർ, വരികൾ തമ്മിലുള്ള അകലം 3-5 മീറ്റർ വരെ വ്യത്യാസപ്പെടുന്നു. ഭൂപ്രകൃതിയുള്ള മലയോര പ്രദേശങ്ങൾക്ക് ഇത് ഏറെ അനുയോജ്യമാണ്.

3, 4, 2, 124, 28, 9, 7, 170, 171, 176, 175, 178, 183, 204, 205 മുതലായ സർവെ നമ്പറുകളിൽ സ്റ്റാഗേർഡ് ട്രെഞ്ചുകൾ ചെയ്യാവുന്നതാണ്.  

നീർച്ചാലുകളും ജലാശയങ്ങളിലും നിർദേശിക്കുന്ന ഇടപെടലുകൾ

പ്രദേശത്തെ നീരൊഴുക്കിന്റെ വേഗത നിയന്ത്രിക്കുന്നതിനും, സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നതുമായ പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ബ്രഷ് വുഡ് തടയണകൾ

നീരൊഴുക്ക് ശക്തിയാർജ്ജിക്കുന്ന ഇടങ്ങളിൽ ഇത്തരം തടയണകൾ നിർമ്മിക്കാം. ചാലിനു കുറുകെ നിരകളായി തളിർക്കുന്ന മരക്കുറ്റികൾ നടുകയും അവയ്ക്കിടയിൽ ചുള്ളി കമ്പുകൾ, മരച്ചില്ലകൾ, വള്ളിപ്പടർപ്പ് തുടങ്ങിയവ നിറച്ച് കെട്ടി ബലപ്പെടുത്തി യുമാണ് ബ്രഷ് വുഡ് തടയണകൾ ഉണ്ടാക്കുന്നത്. മരക്കുറ്റികൾ ക്രമേണ തളിർത്ത് തടയണകൾ ബലപ്പെടു കയും, നീരൊഴുക്കിന്റെ വേഗത കുറച്ച് മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നു.

കുഴിയം തോട് (സർവെ നമ്പർ 114, 137, 90), നാരങ്ങാവട്ടം തോട് (സർവെ നമ്പർ 239), ചിറ്റാരിക്കോണം തോട്(സർവെ നമ്പർ 210), കാട്ടുവിള തോട് (സർവെ നമ്പർ 253), മുതലായവ ബ്രഷ് വുഡ് തടയണകൾ ചെയ്യാവുന്ന തോടുകളിൽ  ചിലതാണ്.

സംയോജനം


ജലസംരക്ഷണ പരിപാലന മേഖലയിൽ പോത്തൻകോട് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ സംയോജന സാധ്യത മുന്നിൽ കണ്ടുകൊണ്ട് ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങളാണ് ഈ അധ്യായത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ജനപ്രതിനിധികളുമായും മറ്റും ജലമിത്രങ്ങൾ ചർച്ച ചെയ്തതിൻ പ്രകാരം തയ്യാറാക്കിയ സംയോജന സാധ്യത പഞ്ചായത്ത് തിരിച്ചു ചുവടെക്കൊടുക്കുന്നു.


സംയോജന  സാധ്യത - അഴൂർ പഞ്ചായത്ത്

ക്രമ നം.പ്രവൃത്തിയുടെ പേര്സംയോജനം സാധ്യമാകുന്ന വകുപ്പുകൾ
 വിളയിൽതോട് സൈഡ്‌വാൾ കെട്ടുക (വാർഡ് 1 )എം.ജി.എൻ.ആർ.ഇ.ജി.എസ്
 വലിയവിളാകം തോട്   സൈഡ്‌വാൾ കെട്ടുക (വാർഡ് 1)എം.ജി.എൻ.ആർ.ഇ.ജി.എസ്
 തോണിച്ചാൽതോട് സൈഡ്‌വാൾ കെട്ടുക (വാർഡ് 1)എം.ജി.എൻ.ആർ.ഇ.ജി.എസ്
 പണിവിളാകം തോട് വൃത്തിയാക്കൽ (വാർഡ് 1 )എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 അഴൂർ വയൽത്തിട്ടകുളം വൃത്തിയാക്കൽ (വാർഡ് 2)എം.ജി.എൻ.ആർ.ഇ.ജി.എസ്, ശുചിത്വ മിഷൻ
 വയൽത്തിട്ട തോട് സൈഡ്‌വാൾ കെട്ടുക (വാർഡ് 2)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 അരിയോട്ടുവിളാകം തോട് സൈഡ്‌വാൾ കെട്ടുക (വാർഡ് 2 )എം.ജി.എൻ.ആർ.ഇ.ജി.എസ്
 അഴൂർ കുഴിയം തോട് സൈഡ്‌വാൾ കെട്ടുക (വാർഡ് 2)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 അഴൂർ കുഴിയംകുളം വൃത്തിയാക്കൽ (വാർഡ് 3)എം.ജി.എൻ.ആർ.ഇ.ജി.എസ്, ശുചിത്വ മിഷൻ
 കാവിൻറെ മൂലതോട് സൈഡ്‌വാൾ കെട്ടുക (വാർഡ്5)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 കോളിച്ചിറ തോട്ടത്തിൽ കിണർ വൃത്തിയാക്കുക (അക്ഷാംശം : 8.6525, രേഖാംശം : 76.8035)(വാർഡ് 5)     എൽ.എസ്.ജി.ഡി വർക്കേഴ്സ്
 നാരങ്ങാവട്ടം തോട് സൈഡ്‌വാൾ കെട്ടുക (വാർഡ് 7)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 കുളത്തിനകംതോട് വൃത്തിയാക്കുക.  സൈഡ്‌വാൾ കെട്ടുക (വാർഡ് 8)എം.ജി.എൻ.ആർ.ഇ.ജി.എസ്
 നാരങ്ങാവട്ടം തോട് സൈഡ്‌വാൾ കെട്ടുക (വാർഡ് 8)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 ചിറ്റാരിക്കോണം കുളം സൈഡ്‌വാൾ ഉയർത്തണം, വൃത്തിയാക്കണം (വാർഡ് 9)എം.ജി.എൻ.ആർ.ഇ.ജി.എസ്, ശുചിത്വ മിഷൻ
 ചിറ്റാരിക്കോണം തോട് സൈഡ്‌വാൾ കെട്ടുക (വാർഡ് 9)എം.ജി.എൻ.ആർ.ഇ.ജി.എസ്
 മാടൻനട കുളം സൈഡ്‌വാൾ ഉയർത്തണം.  (വാർഡ് 9)എം.ജി.എൻ.ആർ.ഇ.ജി.എസ്, എൽ.എസ്.ജി
 മരങ്ങാട്ടുകോണംതോട് സൈഡ്‌വാൾ കെട്ടുക (വാർഡ് 9)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 മാടൻനട തോട് സൈഡ്‌വാൾ കെട്ടുക (വാർഡ് 9)എം.ജി.എൻ.ആർ.ഇ.ജി.എസ്
 മരങ്ങാട്ടുകോണം കുളം വൃത്തിയാക്കൽ (വാർഡ് 9)എം.ജി.എൻ.ആർ.ഇ.ജി.എസ്, ശുചിത്വ മിഷൻ
 ഭാവനജംഗ്ഷൻ കിണർ മൂടണം.  (അക്ഷാംശം : 8.6522, രേഖാംശം : 76.8250) (വാർഡ് 9)എൽ.എസ്.ജി
 ചിറ്റാരിക്കോണം കിണർ വൃത്തിയാക്കണം.  (അക്ഷാംശം : 8.6499, രേഖാംശം : 76.8185)  (വാർഡ് 9)എൽ.എസ്.ജി
 ചിറകോട്ടുകോണം കുളം വൃത്തിയാക്കൽ (വാർഡ് 10)ഇറിഗേഷൻ ശുചിത്വ മിഷൻ
 കാട്ടുവിള കുളം വൃത്തിയാക്കൽ സംരക്ഷണ ഭിത്തി കെട്ടൽ (വാർഡ് 10)ഇറിഗേഷൻ ശുചിത്വ മിഷൻ
 മാർത്താണ്ഡംകോണം തോട് സൈഡ്‌വാൾ കെട്ടൽ (വാർഡ് 11)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 ഭാരതീ ക്ലേ മൈനിംഗ് തോട് പാർശ്വഭിത്തി നിർമ്മാണം (വാർഡ് 11)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 മാർത്താണ്ഡംകോണം ഉറവയ്ക്ക് ചുറ്റും ബണ്ട് കെട്ടൽ,      കുളം നിർമ്മിച്ച് നൽകൽ (വാർഡ് 11)  ഇറിഗേഷൻ
 അയ്യൻകുളം വൃത്തിയാക്കൽ (വാർഡ് 11)എം.ജി.എൻ.ആർ.ഇ.ജി.എസ്, ശുചിത്വ മിഷൻ
 കന്നുകാലിവനം - കിണർ വൃത്തിയാക്കൽ (വാർഡ് 11)എൽ.എസ്.ജി സെക്ഷൻ
 ചെറുമുട്ടം തോട് - പാർശ്വഭിത്തി നിർമ്മാണം (വാർഡ് 12)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 കണ്ണേറ്റു   തോട് - വൃത്തിയാക്കൽ - പാർശ്വഭിത്തി ഉയർത്തൽ (വാർഡ് 12)എം.ജി.എൻ.ആർ.ഇ.ജി.എസ്
 ഇടഞ്ഞുംമൂല - കിണർ വൃത്തിയാക്കൽ (വാർഡ് 12)എൽ.എസ്.ജി സെക്ഷൻ
 പറകോണം - കോളനി തോട് വൃത്തിയാക്കൽ - പാർശ്വഭിത്തി നിർമ്മാണം (വാർഡ് 13)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 ആയിരവില്ലി - ചിലമ്പ് ശ്രീഭദ്രാ ക്ഷേത്രം തോട് വൃത്തിയാക്കൽ - സൈഡ് വാൾ കെട്ടൽ (വാർഡ് 13)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 ആയിരവില്ലി പുരം ക്ഷേത്ര കുളം - വിസ്തൃതി കൂട്ടി, സംരക്ഷണഭിത്തി കെട്ടൽ (വാർഡ് 13 )ഇറിഗേഷൻ
 കൃഷ്ണപുരം - മൂന്നുമുക്ക് - കിണർ വൃത്തിയാക്കൽ (വാർഡ് 14 )എൽ.എസ്.ജി സെക്ഷൻ
 തണ്ണീർക്കോണം തോട് - സൈഡ് വാൾ കെട്ടൽ (വാർഡ്  15)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 താഴതിൽകുളം - സംരക്ഷണഭിത്തി ഉയർത്തി പുനർനിർമ്മാണം - വൃത്തിയാക്കൽ (വാർഡ്15)ഇറിഗേഷൻ ശുചിത്വ മിഷൻ
 കുളത്തിൻ കര കുളം വൃത്തിയാക്കൽ (വാർഡ്15)ഇറിഗേഷൻ ശുചിത്വ മിഷൻ
 കീഴതിൽ കുളം - സംരക്ഷണഭിത്തി ഉയർത്തൽ - കമ്പിവേലി സ്ഥാപിക്കൽ - കുളം വൃത്തിയാക്കൽ           (വാർഡ് 16)ഇറിഗേഷൻ എൽ.എസ്.ജി സെക്ഷൻ
 അവുത്തു വയലിൽ കുളം - വൃത്തിയാക്കൽ  - ആമ്പൽ, താമര എന്നിവ കൃഷി ചെയ്യൽ (വാർഡ് 16)എം.ജി.എൻ.ആർ.ഇ.ജി.എസ്, ശുചിത്വ മിഷൻ
 മൂലയിൽ ഏരിയ ഭാഗത്തുള്ള കിണർ മൂടുക (വാർഡ് 16)എൽ.എസ്.ജി സെക്ഷൻ
 കോളംതോട് - പാർശ്വഭിത്തി നിർമ്മാണം (വാർഡ് 16)എം.ജി.എൻ.ആർ.ഇ.ജി.എസ്
 കീഴതിൽ തോട് - വൃത്തിയാക്കൽ സൈഡ് വാൾ കെട്ടൽ (വാർഡ് 16)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 തേരുകടവ് തോട് - പാർശ്വഭിത്തി നിർമ്മാണം - (വാർഡ് 16)എം.ജി.എൻ.ആർ.ഇ.ജി.എസ്
 മടയ്ക്കൽ തോട് പാർശ്വഭിത്തി കെട്ടൽ (വാർഡ് 17)എം.ജി.എൻ.ആർ.ഇ.ജി.എസ്
 കുഴിയം കോളനി തോട് വൃത്തിയാക്കൽ - പാർശ്വഭിത്തി നിർമ്മാണം (വാർഡ് 17)എം.ജി.എൻ.ആർ.ഇ.ജി.എസ്
 അസംബൽ കോളനി തോട് വൃത്തിയാക്കൽ - പാർശ്വഭിത്തി ഉയർത്തി - പുനർ നിർമ്മാണം (വാർഡ് 17)എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ
 കുഴിയം - കയർ സൊസൈറ്റി - റെയിൽവേ തോട് - പാർശ്വഭിത്തി കെട്ടൽ - ആഴവും വിസ്തൃതിയും കൂട്ടുക (വാർഡ് 17)എം.ജി.എൻ.ആർ.ഇ.ജി.എസ്
 ചല്ലിമുക്ക് കിണറിന്റെ സംരക്ഷണഭിത്തിക്കു ഉയരം കൂട്ടുക.  ഗ്രിൽ ഉപയോഗിച്ച് മൂടുക (വാർഡ് 17) എൽ.എസ്.ജി സെക്ഷൻ
 മാടൻവിള പള്ളിക്കു സമീപമുള്ള കിണർ വൃത്തിയാക്കൽ (വാർഡ് 18)എൽ.എസ്.ജി സെക്ഷൻ
 തോണിച്ചാൽ തോട് വൃത്തിയാക്കൽ - പാർശ്വഭിത്തി നിർമ്മാണം (വാർഡ് 18 )എം.ജി.എൻ.ആർ.ഇ.ജി.എസ്, ഇറിഗേഷൻ

..