കഠിനംകുളം ഗ്രാമ പഞ്ചായത്ത്

അടിസ്ഥാന വിവരങ്ങൾ



തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കഠിനംകുളം.  കഠിനംകുളം, മേനംകുളം വില്ലേജ്  ഉൾപ്പെട്ടിരിക്കുന്ന പഞ്ചായത്തിന്റെ ആകെ വിസ്തീർണം 25.28 ചതുരശ്ര കിലോമീറ്റർ.  പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ കീഴിലാണ് കഠിനംകുളം പഞ്ചായത്ത് പ്രവർത്തിക്കുന്നത്. 

അടിസ്ഥാന വിവരങ്ങൾ - കഠിനംകുളം  ഗ്രാമപഞ്ചായത്ത്

പഞ്ചായത്തിന്റെ  പേര്കഠിനംകുളം
ജില്ലതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ഉള്‍പ്പെടുന്ന വില്ലേജ്കഠിനംകുളം, മേനംകുളം
ബ്ലോക്ക്     പോത്തൻകോട്
വിസ്തൃതി17.68  ച. കി മീ
അക്ഷാംശം8032'48.18" N - 8037'47.46" N
രേഖാംശം76047'55.50" E - 76052'16.23" E
വാര്‍ഡുകള്‍23
ജനസംഖ്യ (2011 സെന്‍സസ്)46476
പുരുഷന്മാര്‍22044
സ്ത്രീ24432
അതിരുകള്‍
വടക്ക്ചിറയിൻകീഴ്,അഴൂർ ഗ്രാമപഞ്ചായത്തുകൾ
കിഴക്ക്മംഗലപുരം ഗ്രാമപഞ്ചായത്ത്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്,  തിരുവനന്തപുരം കോർപ്പറേഷൻ
തെക്ക്       തിരുവനന്തപുരം കോർപ്പറേഷൻ
പടിഞ്ഞാറ്ലക്ഷദ്വീപ് കടൽ


വാര്‍ഡുകൾ

വാര്‍ഡ് നം         വാര്‍ഡിന്റെ പേര്
1ചേരമാന്തുരുത്ത്
2കഠിനംകുളം
3കണ്ടവിള
4ചാന്നാങ്കര
5അണക്കപ്പിള്ള
6പടിഞ്ഞാറ്റ്മുക്ക്
7ചിറക്കൽ
8ചിറ്റാറ്റ്മുക്ക്
9മേനംകുളം
10കല്പന
11വിളയിൽകുളം
12തുമ്പ
13സെന്റ് ആൻഡ്രൂസ്
14പുത്തൻതോപ്പ് സൗത്ത്
15പുത്തൻതോപ്പ് നോർത്ത്
16വെട്ടുത്തുറ
17പുതുവൽ
18മര്യനാട് സൗത്ത്
19മര്യനാട് നോർത്ത്
20പുതുകുറിച്ചി ഈസ്റ്റ്
21  പുതുകുറിച്ചി  വെസ്റ്റ്
22പുതുകുറിച്ചി നോർത്ത്
23മര്യനാട് സൗത്ത്
ചരിത്രം


മേനംകുളം, കഠിനംകുളം വില്ലേജുകൾ ഉൾപ്പെടുന്ന കഠിനംകുളം ഗ്രാമപഞ്ചായത്ത് ഉദ്ദേശം ഏഴു ശതാബ്ദങ്ങൾക്കു മുമ്പ്, ഒരു ചെറുഭൂചലനത്തിന്റെ ഫലമായി കഠിനംകുളം മഹാദേവർ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് സമുദ്രതീരത്തിനു സമീപം വളരെ ആഴവും വിസ്‌തീർണ്ണവുമുള്ള ഒരു കുളം രൂപപ്പെടുകയും പിന്നീട് വലിയകുളം എന്ന പേരിൽ ക്ഷേത്രത്തിന്റെ വകയായിത്തീരുകയും ചെയ്‌തുവത്രെ.  ഇന്നു കാണുന്ന മുതലപ്പൊഴി മേൽപ്പറഞ്ഞ ഭൂചലനത്തിനു മുമ്പ് ഇവിടെ ആയിരുന്നുവെന്നും പറഞ്ഞുകേൾക്കുന്നു. മേൽപ്പറഞ്ഞ കുളത്തിന്റെ ആഴവും വിസ്തീർണ്ണവും കണക്കിലെടുത്താണ് കഠിനംകുളം എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു.         

കഠിനംകുളം കായൽ പ്രദേശം വലിയ കുളമായിരുന്നെന്നും മറ്റു കായലുകളെ അപേക്ഷിച്ച് ഇതുവഴിയുള്ള യാത്ര അതീവ ദുഷ്‌കരമായിരുന്നെന്നും പറയപ്പെടുന്നു.  ഏതു സമയവും ക്ഷോഭമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഉണ്ടായാൽ രക്ഷപ്പെടാൻ പ്രയാസമായിരുന്നതിനാലാണ് ഈ കായലിനെ കഠിനംകുളം കായൽ എന്നുവിളിക്കുന്നതെന്നും, ഇതിൽ നിന്നാകാം കഠിനംകുളം എന്ന പേര് ലഭിച്ചതെന്നും നിഗമനമുണ്ട്. ഈ പ്രദേശങ്ങൾ ചതുപ്പു നിലങ്ങളായിരുന്നു എന്നുളളതിന് തെളിവായി മേനംകുളം, വിളയിൽകുളം, ചന്ത്രക്കുളം എന്നീ സ്ഥലനാമങ്ങൾ ചൂണ്ടിക്കാണിക്കാം.  ഉദ്ദേശം ഒന്നര നൂറ്റാണ്ടിനപ്പുറത്ത് ഈ ഗ്രാമപ്രദേശത്ത് ജീവിച്ചിരുന്ന വിദ്യാസമ്പന്നരും സേവന തൽപ്പരരുമായിരുന്ന ചില വ്യക്തികളുടെ ശ്രമഫലമായിട്ടാണ് ഈ പ്രദേശത്ത് അവിടവിടെ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടത്.

കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ വ്യാവസായിക പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും വികസനരംഗത്ത് ഒരുപോലെ പങ്കുണ്ട്.  പഞ്ചായത്തിൽ പൊതുമേഖലയിൽ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നത് 1980-കളിലാണ്.  തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള കടലോരങ്ങളിൽപ്പെട്ടതാണ് പുത്തൻതോപ്പ്, സെന്റ് ഡോമിനിക്, വെട്ടുകാട് എന്നിവ. ഇന്നു കാണുന്ന മുതലപ്പൊഴി മേൽപ്പറഞ്ഞ ഭൂചലനത്തിനു മുമ്പ് ഇവിടെ ആയിരുന്നുവെന്നും പഴമക്കാർ പറയുന്നു. അതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കുവാൻ കഴിയുന്നത് ഇവിടെ നിന്നും തുടങ്ങുന്ന വിസ്തീർണ്ണമുള്ള കായൽ പ്രദേശം തന്നെയാണ്. പിൽക്കാലത്ത് കായലിന്റെ പല ഭാഗങ്ങളും നികത്തി തൊണ്ട് പൂഴ്ത്തുന്നതിനുള്ള വട്ടങ്ങളായിത്തീർത്തു.  മേല്പറഞ്ഞ കുളത്തിന്റെ ആഴവും വിസ്തീർണ്ണവും കണക്കിലെടുത്താണ് കഠിനംകുളം എന്ന പേര് ലഭിച്ചത് എന്നും പറയപ്പെടുന്നു.

പഴഞ്ചിറക്കാടും അരയൻപുലിക്കാടും എന്നു പണ്ടുള്ളവർ വിളിച്ചിരുന്ന ഒരു പ്രദേശവും കഠിനംകുളം പഞ്ചായത്തിലുണ്ട്. പേരിനെ അന്വർത്ഥമാക്കുന്നതരത്തിൽ കഠിനംകുളം ഗ്രാമപഞ്ചായത്തിലെ കഠിനംകുളം, മേനംകുളം ഭാഗങ്ങളിൽ പൂല, ഞാറ, കണ്ടൻച്ചെടികൾ, പൂവരശുകൾ, പോണ്ട്, ആൽ, അരശ് തുടങ്ങിയ വൃക്ഷങ്ങളാൽ നിബിഡമായിരുന്നതായി അനുമാനിക്കാം. കഠിനംകുളം പഞ്ചായത്തിന്റെ മധ്യഭാഗത്തു കൂടിപ്പോകുന്ന ജലമാർഗ്ഗമാണ് പാർവ്വതീപുത്തനാർ. ഇതിന്റെ ഇന്നത്തെ ശോചനീയവസ്ഥ പറയേണ്ടതില്ല. മാലിന്യകൂമ്പാരം വഹിച്ചുകൊണ്ട് ഒഴുകുന്നു. വിനോദസഞ്ചാരത്തിന് ഊന്നൽ നൽകിക്കൊണ്ട് ഇത് ശുചീകരിച്ച് പുനരുദ്ധരിക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

(അവലംബം: കഠിനംകുളം ഗ്രാമപഞ്ചായത്ത് സമഗ്ര വികസന രേഖ, 1996)

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ


ഭൂമിശാസ്ത്രപരമായ സ്ഥാനം

കഠിനംകുളം ഗ്രാമ പഞ്ചായത്ത് തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ വടക്കേ അക്ഷാംശം 8032'48.18" - 8037'47.46" നും കിഴക്കേ രേഖാംശം 76047'55.50" - 76052'16.23 നും ഇടയിൽ സ്ഥിതി ചെയുന്നു.

ഭൂപ്രകൃതി

ഒരു പ്രദേശത്തിന്റെ വികസനം പ്രധാനമായും അവിടുത്തെ ഭൂപ്രകൃതിയേയും, ജനശ ക്തിയേയും ആശ്രയിച്ചാണിരിക്കുന്നത്. ഭൂപ്രകൃതിഎന്നു പറയുമ്പോൾ, ഭൂമിയുടെ കിടപ്പ് മണ്ണിന്റെ ഘടന അഥവാ സ്വഭാവം, ജലലഭ്യത, കാലാവസ്ഥ എന്നിവയെയാണ് അർത്ഥമാക്കുന്നത്. കേരളത്തെ സംബന്ധിച്ചടത്തോളം ഭൂപ്രകൃതി വളരെ വൈചിത്ര്യവും വൈവിധ്യവും നിറഞ്ഞതാണ്. പൊതുവെ മലനാട്, ഇടനാട്, തീരപ്രദേശം എന്ന് വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും തീരപ്രദേശത്തോട് ചേർന്ന് കുന്നുകളും മലമ്പ്രദേശങ്ങളിൽ തന്നെ സമതലങ്ങളും സർവ്വസാധാരണമാണ്. പഞ്ചായത്ത്  തീരപ്രദേശം വിഭാഗത്തിൽപ്പെടുന്നു.

മണ്ണിനങ്ങള്‍

ജലം സംഭരിച്ചു നിര്‍ത്തുവാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണിയാണ് മണ്ണ്. അടിസ്ഥാന പ്രകൃതി വിഭവങ്ങളില്‍ ഒന്നായ മണ്ണിനെക്കുറിച്ചുള്ള സൂക്ഷ്മതലത്തിലുള്ള അറിവ് സുസ്ഥിരവും സമഗ്രവുമായ ദീര്‍ഘകാല വികസന പദ്ധതികളുടെ ആവിഷ്കാരഘട്ടത്തില്‍ നിര്‍ണ്ണായകവും അത്യന്താപേക്ഷിതവുമാണ്. ധാതുക്കള്‍, ജൈവാംശം, ഈര്‍പ്പം, വായു എന്നിവ മണ്ണിലടങ്ങിയിട്ടുള്ള പ്രധാന ഘടകങ്ങളാണ്.

മണ്ണ് ശ്രേണി (Soil series)

ഒരേ  കാലാവസ്ഥയിലും, ആവാസവ്യവസ്ഥയിലും കാണപ്പെടുന്നതും സമാന സ്വഭാവമുള്ള ശിലകളിൽ നിന്നും രൂപപ്പെട്ടതും  സമാന സവിശേഷതകൾ ഉള്ള മണ്ണുകളെ ചേർത്താണ് ഒരു മണ്ണ് ശ്രേണി രൂപീകരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു മണ്ണ് ശ്രേണിക്ക്    സാധാരണയായി ആദ്യമായി തിരിച്ചറിഞ്ഞ പ്രദേശത്തിന്റെയോ  സമീപത്തോ ഉള്ള ഒരു പട്ടണത്തിന്റെയോ പേര് നൽകുന്നു. സമാനമായ പരിസ്ഥിതിയിൽ കാണപ്പെടുന്നതിനാൽ ഇവയുടെ പരിപാലന രീതികളും സമാനമായിരിക്കും.

വിശദമായ മണ്ണ് പര്യവേക്ഷണത്തിന്റെയും, രാസപരിശോധനകളുടെയും, ലഭ്യമായ മണ്ണിന രേഖകളുടെയും അടിസ്ഥാനത്തില്‍ കഠിനംകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ ആനാട്, കല്ലിയൂർ, കണ്ടല, തിരുവല്ലം,  എന്നീ 4 വ്യത്യസ്ത ശ്രേണി വിഭാഗത്തില്‍പ്പെടുന്ന മണ്ണ് തരങ്ങളാണ് വേര്‍തിരിച്ചിരിക്കുന്നത്. തിരുവല്ലം ശ്രേണി വിഭാഗമാണ് പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടുന്നത്. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 826.06ഹെക്ടര്‍ (46.73%) വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുകയാണ്. 657.23 ഹെക്ടര്‍ (37.18%) ആനാട് ശ്രേണി വിഭാഗത്തിലും 24.98ഹെക്ടര്‍ (1.41%) പ്രദേശം കണ്ടല ശ്രേണി വിഭാഗത്തിലും   രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ 257.48 ഹെക്ടര്‍ (14.57%) പ്രദേശം ജലാശയമായും രേഖപ്പെടുത്തിയിരിക്കുന്നു.

മണ്ണിന്റെ ശ്രേണി- വിശദാംശങ്ങൾ

ക്രമ നം.ശ്രേണി വിഭാഗംവിസ്തീർണം(ഹെ.)ശതമാനം
1ആനാട്657.2337.18
2കല്ലിയൂർ24.981.41
3കണ്ടല1.710.11
4തിരുവല്ലം826.0646.73
5ജലാശയം257.4814.57
 ആകെ1768.00100.00

മണ്ണിന്റെ ആഴം

കഠിനംകുളം ഗ്രാമപഞ്ചായത്തിൽ വളരെ ആഴമുള്ള (d5), ആഴമുള്ളതു (d4) മണ്ണ് വിഭാഗങ്ങളാണ് കണ്ടുവരുന്നത്. പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആഴമുള്ള (d4) മണ്ണ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 779.49ഹെക്ടര്‍ (44.08%) വിസ്തൃതിയില്‍ കാണപ്പെടുന്നു. കൂടാതെ  വളരെ ആഴമുള്ള മണ്ണ് (d5) 731.03ഹെക്ടര്‍ (41.36%) പ്രദേശങ്ങളിലും കണ്ടുവരുന്നു. 257.48ഹെക്ടര്‍(14.56%) പ്രദേശം ജലാശയമായും രേഖപ്പെടുത്തിയിരിക്കുന്നു.

മണ്ണിന്റെ ആഴം വിശദാംശങ്ങൾ

ക്രമ നം.വിഭാഗംവിസ്തീർണം(ഹെ.)ശതമാനം
1ആഴമുള്ള മണ്ണ് (d4)779.4944.08
2വളരെ ആഴമുള്ള മണ്ണ് (d5)731.0341.36
5ജലാശയം257.4814.56
ആകെ1768.00100
ഭൂവിജ്ഞാനീയം


ഭൂമി നിര്‍മ്മിതമായിരിക്കുന്ന ഖര-ദ്രാവക രൂപങ്ങളിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനമാണ് ഭൂവിജ്ഞാനീയം. ഭൂമിയിലെ ഘടകങ്ങളുടെ വിന്യാസം, ഘടന, ഭൗതികസ്വഭാവം, ചലനം, ചരിത്രം എന്നിവയെക്കുറിച്ചും അവയുടെ രൂപവത്ക്കരണം, ചലനം, രൂപാന്തരം എന്നിവയ്ക്കിടയായ പ്രക്രിയകളെ കുറിച്ചുള്ള പഠനം ഭൂഗര്‍ഭശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു.

കഠിനംകുളം ഗ്രാമപഞ്ചായത്തിൽ പ്രധാനമായും സാൻഡ് ആൻഡ് സിൽറ്റ് ശിലാവിഭാഗങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഠിനംകുളം ഗ്രാമപഞ്ചായത്തിൽ 1503.74 ഹെക്ടര്‍ (85.05%) പ്രദേശത്ത് സാൻഡ് ആൻഡ് സിൽറ്റ് ശിലാവിഭാഗം രേഖപ്പെടുത്തിയിരിക്കുന്നു. ജലാശയങ്ങള്‍ 257.48ഹെക്ടര്‍ (14.56%) കണ്ടുവരുന്നു..

ശിലാവിഭാഗങ്ങളുടെ വിശദാംശങ്ങൾ

ക്രമ നം.ശിലാവിഭാഗങ്ങള്‍വിസ്തീർണം(ഹെ.)ശതമാനം
1സാൻഡ് ആൻഡ് സിൽറ്റ്1503.7485.05
2സാൻഡ്‌സ്‌റ്റോൺ  ആൻഡ്       ക്ലേ  വിത്ത്  ലിഗ്‌നൈറ്റ്      ഇന്റർകാലഷൻ6.780.38
3  ജലാശയങ്ങള്‍257.4814.56
ആകെ1768.00100.00
ഭൂരൂപങ്ങള്‍ (Geomorphology)


ഭൂമിയുടെ ഉപരിതല രൂപങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനമാണ് ജിയോമോര്‍ഫോളജി.  കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ  ഭൂപ്രദേശത്തെ പ്രധാനമായും Beach (Coastal Plain),നിമ്ന പീഠഭൂമി (lower plateau Lateritic Dissected), തീര സമതലം (Coastal Plain), നികന്ന താഴ്വാരം (Valley fill), Mud Flat , Swale(costal plain)എന്നിങ്ങനെ 6 ആയി തരംതിരിച്ചിരിക്കുന്നു.

കഠിനംകുളം ഗ്രാമപഞ്ചായത്തില്‍ തീര സമതലം ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടുന്നു. ഇത് 1358.72ഹെക്ടര്‍ (76.85%) പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ പഞ്ചായത്തിന്റെ 108.71ഹെക്ടര്‍ (6.15%) പ്രദേശം Swale(costal plain), 28.37ഹെക്ടര്‍ (1.60%) പ്രദേശം Beach (Coastal Plain)ആയും രേഖപ്പെടുത്തിയിരിക്കുന്നു.

മലനിരമുകള്‍ പ്രദേശങ്ങളേയും താഴ്വരകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിമ്ന്നോന്നമായ ഭൂപ്രകൃതിയില്‍ കാണപ്പെടുന്ന നിമ്ന പീഠഭൂമി (Lower plateau Lateritic Dissected) എന്ന ഭൂരൂപവിഭാഗം പഞ്ചായത്തില്‍ 2.49ഹെക്ടര്‍ (0.14%) പ്രദേശത്ത്കാണപ്പെടുന്നു. ഭൂമിക്കകത്തും പുറത്തുമുള്ള ശക്തികളാൽ ഭൗമോപരിതലത്തിന്റെ ആകൃതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ഉയർന്ന പ്രതലങ്ങളും കുന്നുകളും  നിരന്തരമായ മണ്ണൊലിപ്പിന് വിധേയമാകുന്നതിനെ  തുടർന്ന്  അവയുടെ രൂപത്തിന് വ്യതിയാനം സംഭവിക്കാറുണ്ട്. ഇത്തരത്തിൽ മാറ്റങ്ങൾക്കു വിധേയമായ  ഭൂപ്രകൃതിയാണ് അവസാദ കുന്നുകൾ എന്ന് വിളിക്കുന്നത്. പഞ്ചായത്തില്‍ 257.48 ഹെക്ടര്‍ (14.56%) പ്രദേശങ്ങള്‍ ജലാശയമായി രേഖപ്പെടുത്തിയിരിക്കുന്നു.

ഭൂരൂപങ്ങള്‍ - വിശദാംശങ്ങൾ

ക്രമ നം.ഭൂരൂപങ്ങള്‍വിസ്തീർണം(ഹെ.)ശതമാനം
1Beach (Coastal Plain)28.371.60
2തീര സമതലം1358.7276.85
3നിമ്ന പീഠഭൂമി (Lower plateau Lateritic Dissected)2.490.14
4Mud Flat (Coastal Plain)11.960.68
5Swale(costal plain)108.716.15
6 നികന്ന താഴ് വാരം (Valley Fill)0.270.02
7ജലാശയം257.4814.56
 ആകെ1768.00100
ഉന്നതി


കഠിനംകുളം ഗ്രാമപഞ്ചായത്തിൽ ഭൂപ്രദേശങ്ങള്‍ സമുദ്രനിരപ്പു മുതൽ 20 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ് പഞ്ചായത്തിൽ  മുഴുവൻ ഭാഗവും കാണപ്പെടുന്നത്. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 100% (1768.00 ഹെക്ടര്‍) കാണപ്പെടുന്നു.

ഉന്നതി-വിശദാംശങ്ങൾ

ക്രമ നം.ഉന്നതി (മീ)വിസ്തീർണം(ഹെ.)ശതമാനം
10-201768.00100
 ആകെ1768.00100.00
ചരിവ്


ഒരു പ്രദേശത്തിന്റെ ചരിവ് സൂചിപ്പിക്കുന്നത് ഉപരിതലത്തിലുളള ഏറ്റക്കുറച്ചിലുകളെയാണ്. ഓരോ സ്ഥലത്തിന്റെയും ചരിവ് വിഭാഗങ്ങളെ രേഖപ്പെടുത്തുമ്പോള്‍ അവിടുത്തെ ചരിവിന്റെ മാനം, രൂപം, സങ്കീര്‍ണ്ണത, വ്യാപ്തി എന്നിവയെല്ലാം കണക്കിലെടുക്കാറുണ്ട്. ചരിവിന്റെ മാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രസ്തുത ഉപരിതലം നിരപ്പായ പ്രതലവുമായി പരസ്പരം ഛേദിക്കുമ്പോള്‍ ഉണ്ടാകുന്ന കോണിന്റെ അളവാണ്. രണ്ട് ബിന്ദുക്കള്‍ തമ്മിലുളള ഉയര വ്യത്യാസത്തെ ആ ബിന്ദുക്കള്‍ തമ്മിലുളള അകലത്തിന്റെ ശതമാനമായിട്ടാണ് രേഖപ്പെടുത്തുന്നത്. 100 മീറ്റര്‍ അകലത്തിലുളള 2 ബിന്ദുക്കള്‍ തമ്മില്‍ ഒരു മീറ്ററിന്റെ ഉയര വ്യത്യാസമുണ്ടെങ്കിൽ അത് 1 ശതമാനം ചരിവായിട്ടാണ് കണക്കാക്കുന്നത്. ഓരോ പ്രദേശത്തുമുണ്ടാകുന്ന മണ്ണൊലിപ്പ് ചരിവിന്റെ സങ്കീര്‍ണ്ണതയുമായി ബന്ധപ്പെട്ടതാണ്. ഉപരിതലത്തില്‍ ഏത് ദിശയിലേയ്ക്കാണ് ചരിവ് എന്നതാണ് ചരിവിന്റെ രൂപം കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ ചരിവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മണ്ണൊലിപ്പ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

കഠിനംകുളം ഗ്രാമപഞ്ചായത്തിൽ 5 ചരിവ് വിഭാഗങ്ങളാണ് വേര്‍തിരിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ വളരെ ലഘുവായ ചരിവ് (0-3%) വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 52.06% (920.43 ഹെക്ടര്‍) ആണ്. ലഘുവായ ചരിവ് (3-5%) വിഭാഗത്തില്‍ 257.80 ഹെക്ടര്‍ (14.58%) ഭൂപ്രദേശവും, മിതമായ ചരിവ് (5-10%) വിഭാഗത്തില്‍ 425.01 ഹെക്ടര്‍ (24.04%) ഭൂപ്രദേശവും, മിതമായ കുത്തനെയുള്ള ചരിവ് (15-35%) വിഭാഗത്തില്‍ 65.47 ഹെക്ടര്‍ (3.70%) ഭൂപ്രദേശവും കാണപ്പെടുന്നു.

ചരിവ് - വിശദാംശങ്ങൾ

ക്രമ നം.ചരിവ് വിഭാഗംചരിവ് (%)വിസ്തീർണം (ഹെ.)ശതമാനം
1വളരെ ലഘുവായ ചരിവ്0-3920.4352.06
2ലഘുവായ ചരിവ്3-5257.8014.58
3മിതമായ ചരിവ്5-10425.0124.04
4ശക്തമായ ചരിവ്10-1599.295.62
5മിതമായ കുത്തനെയുള്ള ചരിവ്15-3565.473.70
ആകെ1768.00100
ഭൂവിനിയോഗം


കഠിനംകുളം ഗ്രാമപഞ്ചായത്തിലെ വ്യത്യസ്ത ഭൂവിനിയോഗ രീതികൾ അവയുടെ വിന്യാസം എന്നിവ പ്രതിപാദിക്കുന്ന മേഖലയാണ് ഭൂവിനിയോഗം. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ആണ് നിലവിലെ ഭൂവിനിയോഗം കണ്ടെത്തിയിരിക്കുന്നത്. ഭൂവിനിയോഗത്തെ മുഖ്യമായും നിർമിതി പ്രദേശങ്ങൾ, കാർഷിക ഭൂമി, വയൽ ഭൂമി, കണ്ടൽ കാടുകൾ, വെള്ളക്കെട്ട്, ജലാശയം എന്നിങ്ങനെ തരം തിരിക്കാം.

നിര്‍മ്മിതി പ്രദേശം

കഠിനംകുളം ഗ്രാമപഞ്ചായത്തില്‍ 474.15 ഹെക്ടര്‍ പ്രദേശം നിര്‍മ്മിതി ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്നു. ഇതിൽ 315.32 ഹെക്ടര്‍ പ്രദേശം ഭവന നിര്‍മ്മിതികള്‍ക്കായും, 32.05 ഹെക്ടര്‍ പ്രദേശം വാണിജ്യ ആവശ്യങ്ങൾക്കായും ശേഷിക്കുന്ന 88.57 ഹെക്ടര്‍ ഭൂപ്രദേശം മറ്റു നിര്‍മ്മിതി ആവശ്യങ്ങള്‍ക്കായും വിനിയോഗിച്ചിരിക്കുന്നു. 19.27 ഹെക്ടര്‍ ഭൂപ്രദേശം റോഡുകളാണ്.

കാർഷിക ഭൂമി

കഠിനംകുളം ഗ്രാമപഞ്ചായത്തില്‍ നെല്ല്, തോട്ടവിളകള്‍, മിശ്രിതവിളകള്‍, കാലിക വിളകൾ തുടങ്ങിയവ കൃഷി ചെയ്യുന്നതായി കാണപ്പെടുന്നു. 248.87 ഹെക്ടര്‍  പ്രദേശത്തിൽ തെങ്ങും 177.53 ഹെക്ടര്‍ പ്രദേശം തെങ്ങ് കൂടുതലുള്ള മിശ്രിതവിള കൃഷിക്കായും വിനിയോഗിച്ചിരിക്കുന്നു. ഒരേ വളപ്പില്‍ വ്യത്യസ്ത വിളകള്‍ ഒരുമിച്ചു കൃഷിചെയ്യുന്നതിനെ മിശ്രിത കൃഷിയായി കണക്കാക്കാം.  മിശ്രിത വിളകൾ 199.19 ഹെക്ടര്‍ പ്രദേശത്തില്‍ കാണപ്പെടുന്നു. പഞ്ചായത്തില്‍ 19.86 ഹെക്ടര്‍ പ്രദേശം തോട്ടവിളകൾ - റബ്ബർ കൃഷിക്കായി വിനിയോഗിച്ചിരിക്കുന്നു.

2.09 ഹെക്ടര്‍ പ്രദേശം വെള്ളക്കെട്ട് +തെങ്ങ് പ്രദേശമായി കാണപ്പെടുന്നു. തോട്ടവിളകൾ /മറ്റു തോട്ടവിളകൾ  18.57 ഹെക്ടര്‍ പ്രദേശത്തില്‍ കാണപ്പെടുന്നു.

കൃഷിക്കായോ നിര്‍മ്മിതിക്കായോ വിനിയോഗിക്കാതെ ഉപയോഗശൂന്യമായ പ്രദേശം തരിശുഭൂമിയായി കണക്കാക്കാം. കഠിനംകുളം ഗ്രാമപഞ്ചായത്തിലെ 101.82 ഹെക്ടര്‍ പ്രദേശം കൃഷിക്കനുയോജ്യമായ തരിശുഭൂമിയായി കാണപ്പെടുന്നു. കൃഷി തരിശ് / ദീർഘകാല  തരിശ് പ്രദേശം 4.41 ഹെക്ടര്‍ കാണപ്പെടുന്നു.

വയൽ ഭൂമി

നെല്‍ വയല്‍, വയല്‍ നികത്തിയ ഭൂമി, വയല്‍ തരിശ്ശ്,  എന്നിങ്ങനെയാണ് വയല്‍ പ്രദേശം പരിഗണിക്കപ്പെടുന്നത്. 248.87 ഹെക്ടര്‍ നിലവിൽ വയൽ നികത്തി തെങ്ങ് കൃഷി ചെയ്യുന്ന പ്രദേശമായും, 17.74 ഹെക്ടര്‍ പ്രദേശം വയൽ നികത്തി മിശ്രിത വിളകൾ ആയും കാണപ്പെടുന്നു. 38.53 ഹെക്ടര്‍ പ്രദേശം വയൽ നികത്തി അക്വാകൾചർ വിനിയോഗിച്ചിരിക്കുന്നു. വയൽ പ്രദേശം നിലവിലെ തരിശു ഭൂമി ആയി 27.55 ഹെക്ടര്‍ കാണുന്നു.

തരിശു ഭൂമി

കൃഷിക്കായോ നിര്‍മ്മിതിക്കായോ വിനിയോഗിക്കാതെ ഉപയോഗശൂന്യമായ പ്രദേശം തരിശു ഭൂമിയായി കണക്കാക്കാം. 26.91 ഹെക്ടര്‍ പ്രദേശം കുറ്റിച്ചെടികളോടുകൂടിയ ഭൂമി/ കുറ്റിച്ചെടികൾ ഇല്ലാത്ത പ്രദേശമായി കാണുന്നു.  തീരദേശ മണ്ണ് 56.82 ഹെക്ടര്‍ പ്രദേശത്തു കാണുന്നു.

ജലാശയം

കഠിനംകുളം ഗ്രാമപഞ്ചായത്തില്‍ ആകെ മൊത്തം  ജലാശയങ്ങൾ  286.01 ഹെക്ടര്‍ പ്രദേശത്തില്‍ കാണപ്പെടുന്നു.

കഠിനംകുളം ഗ്രാമപഞ്ചായത്ത്ഭൂവിനിയോഗം

ഭൂവിനിയോഗം  ഭൂവിനിയോഗം (വിശദമായി)വിസിതീർണ്ണം (ഹെ.)ശതമാനം
നിർമ്മിതി പ്രദേശംവാണിജ്യം32.051.81
വ്യവസായം10.020.57
മറ്റുള്ള നിര്‍മ്മിതിപ്രദേശം88.575.01
കളിസ്ഥലം8.730.49
റെയിൽവേ0.190.01
ഗാർഹികം315.3217.83
റോഡുകൾ19.271.09
കാർഷിക പ്രദേശംതെങ്ങ്248.8714.08
തെങ്ങ് അധികരിച്ച മിശ്രിത വിളകളോടു കൂടിയ പ്രദേശം177.5310.04
മിശ്രിത വിളകൾ199.1911.27
വെള്ളക്കെട്ട് +തെങ്ങ്2.090.12
കൃഷി തരിശ്/നിലവിലെ തരിശ്101.825.76
കൃഷി തരിശ് / ദീർഘകാല  തരിശ്4.410.25
തോട്ടവിളകൾ /മറ്റു തോട്ടവിളകൾ18.571.05
തോട്ടവിളകൾ- റബ്ബർ19.861.12
വയൽ പ്രദേശംവയൽ നികത്തി തെങ്ങ്37.742.13
വയൽ നികത്തി മിശ്രിത വിളകൾ17.741.00
വയൽ നികത്തി / വയൽ പ്രദേശം - വെള്ളക്കെട്ട്8.280.47
വയൽ നികത്തി റബ്ബർ2.280.13
വയൽ നികത്തി കാലിക വിളകൾ2.730.15
വയൽ നികത്തി നിര്‍മ്മിതിപ്രദേശം/ നിർമ്മിതി പ്രദേശം-മിശ്രിത വിള3.670.21
വയൽ നികത്തി നിർമ്മിതി പ്രദേശം/ മറ്റുള്ള നിര്‍മ്മിതിപ്രദേശം0.870.05
വയൽ നികത്തി നിർമ്മിതി പ്രദേശം ഗാർഹികം5.530.31
വയൽ നികത്തി അക്വാകൾച്ചർ38.532.18
വയൽ പ്രദേശം നിലവിലെ തരിശ്27.551.56
വയൽ പ്രദേശം ദീർഘകാല  തരിശ്5.330.30
കണ്ടൽകാടുകൾകണ്ടൽകാടുകൾ0.480.03
തരിശ്ശു ഭൂമികുറ്റിച്ചെടികളോടുകൂടിയ ഭൂമി/ കുറ്റിച്ചെടികൾ ഇല്ലാത്ത പ്രദേശം26.91  1.52
 തീരദേശ മണ്ണ്56.823.21
 നദിതട മണ്ണ്1.020.06
ജലാശയങ്ങൾകുളങ്ങൾ16.340.92
നദികൾ / അരുവി11.390.64
കനാൽ0.080.00
തടാകം 249.3214.10
വെള്ളക്കെട്ട്വെള്ളക്കെട്ട്8.880.50
ആകെ1768.00100.00
നീര്‍ത്തടങ്ങൾ


ഒരു പുഴയിലേയ്ക്കോ അരുവിയിലേയ്ക്കോ എത്രമാത്രം പ്രദേശത്തുള്ള വെള്ളം ഒഴുകി എത്തുന്നുവോ, ആ പ്രദേശത്തെ, ആ പുഴയുടെ അല്ലെങ്കിൽ അരുവിയുടെ നീർത്തടം എന്നു പറയുന്നു. ഒരു നീർത്തടത്തിൽ ഏറ്റവും ഉയർന്ന നീർമറി പ്രദേശവും, ചരിഞ്ഞ പ്രദേശവും, സമതല പ്രദേശങ്ങളും, പ്രധാന നീർച്ചാലുകളും ഉൾപ്പെടുന്നു. പ്രകൃതിയിൽ മണ്ണും വെളളവും ചലിക്കുന്നത് ക്ലിപ്തമായ അതിർത്തിക്കുളളിലാണ്. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ പരസ്പര ബന്ധിതവും പൂരകവുമായി നിലകൊളളുന്ന പ്രകൃതിയുടെ അടിസ്ഥാന യൂണിറ്റാണ് നീർത്തടം. ഒരു നീർത്തടത്തെ ഒന്നാകെ കണ്ടുകൊണ്ടുള്ള ഇടപെടലിലൂടെ മാത്രമേ മണ്ണ്, വെള്ളം, ജൈവസമ്പത്ത് എന്നിവയുടെ സമഗ്രവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളൂ. ലഭ്യമായ പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയമായ വിനിയോഗം വഴി കൂടുതൽ ഉല്പാദനക്ഷമത കൈവരിക്കുന്നതിനും വിഭവപരിപാലനവും പരിസ്ഥിതി സംരക്ഷണം സാധ്യമാക്കുന്നതിനും അങ്ങനെ ആ പ്രദേശത്തിന്റെ സർവ്വതോമുഖമായ വികസനത്തിനും നീർത്തടാധിഷ്ഠിത ആസൂത്രണം വഴി തുറക്കുന്നു.

ഈ പ്രദേശം  മാമം നദിയുടെ വൃഷ്ടി പ്രദേശത്തിലുൾപ്പെടുന്നു, 3M4a, 3M5a, 3M6a എന്നിങ്ങനെ 3 ചെറുനീർത്തടങ്ങളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും 840.49 ഹെക്ടര്‍ എന്ന 3M5a നീർത്തടത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 623.10 ഹെക്ടര്‍ പ്രദേശം വരുന്ന  3M4a ഇതിൽ ഉൾപ്പെടുന്നു. 23.10 ഹെക്ടര്‍ പ്രദേശം വരുന്ന 3M6a ചെറുനീർത്തടവും ഉൾപ്പെടുന്നു. 257.48 ഹെക്ടര്‍ പ്രദേശം  ജലാശയവുമാണ്.

ചെറുനീർത്തടങ്ങളുടെ വിശദാംശങ്ങള്‍

ക്രമ നം.ചെറുനീർത്തടം (കോഡ്)വിസ്തീർണം(ഹെ.)ശതമാനം
13M4a623.1035.24
23M5a840.4947.54
33M6a23.101.31
4ജലാശയങ്ങൾ257.4814.56
ആകെ1768.00100.00
ജലവിഭവ അവലോകനം


ജലവിഭവങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും നിലവിലുള്ള ജലസ്രോതസ്സുകളെക്കുറിച്ച് അറിയേണ്ടതുണ്ട്. പഞ്ചായത്തിലെ ജലമിത്രങ്ങൾ നടത്തിയ  ഫീൽഡ് തല സർവ്വേ, പഞ്ചായത്തിൽ ലഭ്യമായ രേഖകളിൽ നിന്നുമുള്ള ദ്വിതീയ വിവര ശേഖരണം എന്നിവയിലൂടെ ലഭിച്ച വിവരങ്ങളും പ്രദേശ നിവാസികൾ, കർഷകർ, നാട്ടുകാർ എന്നിവരുമായി ജലമിത്രങ്ങൾ സംവദിച്ചതിൽ നിന്നും ഉയർന്നു വന്നിട്ടുള്ള നിർദേശങ്ങളും വാർഡ് തിരിച്ച് ചുവടെക്കൊടുക്കുന്നു. ജലസ്രോതസ്സുകൾ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ  ഫോട്ടോകളും ഉൾപേജിൽ നൽകിയിട്ടുണ്ട്.

  • മുണ്ടഞ്ചിറതോട്

മുണ്ടഞ്ചിറതോട് വറ്റുന്ന പൊതുതോടാണ്. വശങ്ങൾ കിട്ടാത്തതിനാൽതോടും പാടവും വേർതിരിച്ചറിയാൻ കഴിയാത്തവിധം കിടക്കുന്നു.  കൂടാതെ ഇരുവശങ്ങളിലും ചെടികൾ വളർന്നു കിടക്കുന്നു. സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ തോടിന്റെ വീതി കുറഞ്ഞു പോയതായി കാണുന്നു.

നിലവിലുള്ള പായലുകളും ചെടികളും നീക്കം ചെയ്തു തോടിന്റെ ആഴം കൂട്ടുക. തോടിൽ അടിഞ്ഞുകിടക്കുന്ന എക്കൽ മണ്ണ് യഥാക്രമം നീക്കം ചെയ്യേണ്ടതാണ്.

  • കാരിത്തോട്

കാരിത്തോടിൽ നിലവിലുള്ള പായലുകളും ചെടികളും നിറഞ്ഞു കിടക്കുന്നു. സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ മഴക്കാലങ്ങളിൽ അടുത്തുള്ള വീടുകളിലും പുരയിടങ്ങളിലും കൃഷിസ്ഥലങ്ങളിലും ഒഴുകി എത്തുന്നു. അതോടൊപ്പം വശങ്ങളിൽ ഉള്ള മണ്ണുകൾ തോടിലേക്കു എപ്പോൾ വേണമെങ്കിലും വീഴാവുന്ന അവവസ്ഥയിലാണ്.

നിലവിലുള്ള പായലുകൾ പാഴ്ച്ചെടികൾ എന്നിവ നീക്കം ചെയ്യുക. തോടിന്റെ വശംകെട്ടി ഉയർത്തുക നിലവിലുള്ള അവസ്ഥയിൽ നിന്നും മാറ്റം വരുത്തി സംരക്ഷിക്കുക.

  • കണ്ടവിള തോട്

കണ്ടവിള തോട് അവസാനിക്കുന്നത് കായലിൽ ആണ്. തോടിന്റെ കുറച്ചു ഭാഗം സംരക്ഷണ ഭിത്തി ഇല്ലാത്തതായി കാണുന്നു. അതോടൊപ്പം തോട് ഒഴുകുന്ന പാത കൃത്യതഉള്ളതായി കാണുന്നില്ല. വശങ്ങളിൽ പാഴ്ചെടികൾ കാടുകയറിയത് പോലെ കാണപ്പെടുന്നു. എക്കൽ മണ്ണ് മൂലം തോടിന്റെ ആഴം കുറഞ്ഞതായും കാണുന്നു.

വശങ്ങൾ കെട്ടണം, പാഴ്ച്ചെടികൾ നീക്കം ചെയ്യൽ, എക്കൽമണ്ണ് മാറ്റൽ തുടങ്ങിയ ആവശ്യമാണ്.

  • കായൽമുഖം തോട്

കായൽമുഖം തോട് നിലയിൽ പാഴ്ച്ചെടികൾ നിറഞ്ഞു കിടക്കുന്നു. തോട് നിലയിൽ വറ്റിക്കിടക്കുന്ന അവസ്ഥയിലാണ്. മഴക്കാലങ്ങളിൽ   മാത്രമാണ്  ഇവിടെ ജലം കാണാൻ കഴിയുന്നത്.

പാഴ്ച്ചെടികൾ നീക്കം ചെയ്തു സംരക്ഷണ ഭിത്തി ഉയർത്തി കെട്ടി ജലം തോടിൽ നിലനിൽക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക.

  • കരിഞ്ഞവയൽ ചാന്നാങ്കര തോട്

കരിഞ്ഞവയൽ ചാന്നാങ്കര തോട് വറ്റുന്ന പൊതു തോടാണ്‌. തോട് നിലവിൽ പാഴ്ചെടികളാലും മലിനങ്ങളാലും നിറഞ്ഞു കിടക്കുന്നു. അതിനാൽ തോടിന്റെ ഒഴുക്ക് പൂർണമായും കാണുന്നില്ല. നിലവിൽ തോടിൽ വെള്ളമില്ല.

തോട്ടിൽ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങളും എക്കൽ മണ്ണുകളും നീക്കം ചെയ്തു ഒഴുക്ക് സുഗമമാക്കുക അതോടൊപ്പം കലങ്ങു കെട്ടി തോടിനെ സംരക്ഷിക്കുക.

  • ഇർഷാദിയ തോട്

ഇർഷാദിയ തോട് വറ്റാത്ത പൊതു തോടാണ്‌. മഴകാലത്തു വെള്ളം തോടും റോഡും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ആണ്. തോടിൽ പാഴ്ചെടികളും എക്കൽ മണ്ണും നിറഞ്ഞു കിടക്കുന്നു.

തോടിന്റെ സുഗമമായ ഒഴുക്കിനു പാഴ്ച്ചെടികൾ, എക്കൽ മണ്ണുകൾ എന്നിവ നീക്കം ചെയ്യുകയും വശങ്ങൾ കെട്ടി ഉയർത്തി സംരക്ഷിക്കുകയും വേണം.

  • വയലിക്കട തോട് (കാവോട്ടുമുക്ക്)

വയലിക്കട തോട് (കാവോട്ടുമുക്ക്) കൃഷി ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. മഴക്കാലത്തു തോട് നിറഞ്ഞുകവിഞ്ഞു അടുത്തുള്ള കൃഷി ഭൂമിയിൽ ഒഴുകിയെത്തുകയും കൃഷിനാശം സംഭവിക്കുകയം ചെയ്യുന്നത് പതിവാണ്.

തോടിന്റെ സംരക്ഷണഭിത്തി ഉയർത്തി കൊണ്ട് തൊട്ടടുത്തുള്ള കൃഷിഭൂമികളെ സംരക്ഷിക്കണം. തോടിന്റെ ഒഴുക്ക് തടസപ്പെടുന്ന പാഴ്ചെടികളും മറ്റും വെട്ടിമാറ്റുക.

  • പടിഞ്ഞാറ്റുമുക്ക് - ചിറ്റാറ്റുമുക്ക് തോട്

പടിഞ്ഞാറ്റുമുക്ക് - ചിറ്റാറ്റുമുക്ക് തോട് നിലവിൽ തോട് കൃഷി ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത് കനത്ത മഴപെയ്യുന്ന സമയങ്ങളിൽ തോടിലെ ജലം കൃഷിഭൂമിയിലേക്കെത്തുകയും കൃഷിനാശത്തിനു കാരണമാകുകയും ചെയ്യുന്നു. കൂടാതെ യാത്രക്കാരുടെ ചെറിയ നടവഴികൾ വെള്ളം കയറുന്നതിനാൽ ബുദ്ധിമുട്ട് നേരിടുകയും ചെയുന്നു.

സംരക്ഷണഭിത്തി കെട്ടി കൃഷിഭൂമി സംരക്ഷിക്കണം തോടിന്റെ ഒഴുക്ക് സുഗമമാകണം.

  • പരുത്തിയേല തോട്

പരുത്തിയേല തോട് കൃഷി ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. വശങ്ങൾ കെട്ടിയുർത്തതിനാൽ തോട് നിറഞ്ഞു കവിഞ്ഞു ഒഴുകുന്നു. തോടിന്റെ വശങ്ങളിൽ തിങ്ങിവളർന്നുകിടക്കുന്ന ചെടികളും എക്കൽ മണ്ണുകളും ശരിയായ രീതിയിലുള്ള ഒഴുക്കിന്      തടസം സൃഷ്‌ടിക്കുന്നു.  നിലവിലുള്ള ചെടികൾ നീക്കം ചെയ്യണം. എക്കൽ മണ്ണുകൾ നീക്കം      ചെയ്ത് തോടിന്റെ ആഴം കൂട്ടണം. 

  • മധുവിൻതോട്

മധുവിൻതോട് കൃഷി ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ വശങ്ങളിലുള്ള പാഴ്ചെടികൾ തോടിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. വഴിയാത്രികർ മാലിന്യങ്ങൾ തള്ളുന്നതായി കാണാം.

സംരക്ഷണഭിത്തി നിർമാണം, പാഴ്ച്ചെടികൾ വെട്ടൽ, മാലിന്യങ്ങൾ നീക്കം ചെയ്യൽ മുതലായവ നടപ്പിലാക്കണം

  • കരിഞ്ഞവയൽ തോട്

കരിഞ്ഞവയൽ തോട് വറ്റുന്ന പൊതുതോടാണ്. നിലവിൽ തോട് വറ്റിക്കിടക്കുന്ന നിലയിലാണ്. മഴക്കാലത്തുമാത്രമാണ് ഈ തോടിൽ ജലത്തിന്റെ ലഭ്യത ഉണ്ടാകുക. കൂടാതെ തോട് ചപ്പുചവറുകളാൽ മലിനമാണ്. ഗാർഹിക മാലിന്യങ്ങൾ കുഴലുകൾ വഴി ഈ തോടിൽ എത്തിക്കുന്നുണ്ട്.

നിലവിൽ തോട്ടിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യണം. തോടിൽ യഥാക്രമം ജലം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കണം.     

  • ഏലായിൽ തോട്

ഏലായിൽ തോട് നിലവിൽ ചുരുങ്ങി കലങ്ങായി കാണപ്പെടുന്നു. മേനംകുളം വശങ്ങളിൽ പാഴ്ച്ചെടികൾ നിറഞ്ഞു കിടക്കുന്നു. മാലിന്യങ്ങളും എക്കൽ മണ്ണുകളും തോടിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു.

നിലവിൽ കുറച്ചു ദൂരം മാത്രം ഒഴുകുന്ന ഈ തോട് അതേപടി നിലനിർത്തണം കൂടാതെ മാലിന്യങ്ങൾ നീക്കം ചെയ്യണം.

  • കാവോട്ടുമുക്ക് തോട്

കാവോട്ടുമുക്ക് തോട് വറ്റുന്ന  പൊതു തോടാണ്‌ നിലവിൽ എക്കൽ മണ്ണ് നിറഞ്ഞുകിടക്കുക്കയും ചപ്പുചവറുകളാൽ മലിനവുമാണ്.

തോടിനടുത്തുകൂടി നടപ്പാത ഉള്ളതിനാൽ ഉയർന്ന സംരക്ഷണ ഭിത്തിയുടെ ആവശ്യകത അനിവാര്യമാണ്. കൂടാതെ തോടിന്റെ വശങ്ങൾ ഇടിഞ്ഞു വീഴാനും സാധ്യത ഉണ്ട്.

  • മുണ്ടുകാരി തോട്

മുണ്ടുകാരി തോട് 1800 മീറ്റർ നീളത്തിൽ ഒഴുകുന്ന തോടിന്റെ വശങ്ങൾ പാഴ്ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. തോടിന്റെ സംരക്ഷണ ഭിത്തി റോഡിനേക്കാൾ ഉയരം ആക്കാത്തതിനാൽ അടുത്തുള്ള മാലിന്യങ്ങൾ ഒഴുകി തോടിൽ എത്തുന്നു.

പാഴ്ച്ചെടികൾ വെട്ടിമാറ്റിയും സംരക്ഷണഭിത്തി ഉയർത്തി നിർമ്മിച്ചുകൊണ്ടും തോടിന്റെ സംരക്ഷണം ഉറപ്പു വരുത്തുന്നു.

  • കരിഞ്ഞവയൽ തോട്

കരിഞ്ഞവയൽ തോടിന്റെ തുടക്കം കല്പന വാർഡിലെ അശ്വതി ഗാർഡൻസ് നിന്നുമാണ്. ഇവിടെ നിന്നും തോട് മറ്റു വാർഡുകളിലേക്കും ഒഴുകുന്നുണ്ട്. തോടിന്റെ ഇരുവശങ്ങളിലും കാടുപിടിച്ചു കിടക്കുന്നു. തോട് അവിടെ തോട് ഉള്ളതായിപോലും അറിയാതെ അവസ്ഥയാണ്.

തോടിന്റെ പാഴ്ചെടികൾ വെട്ടിമാറ്റണം, എക്കൽ മണ്ണ് നീക്കം ചെയ്തു തോടിന്റെ ആഴം കൂട്ടണം, തോടിന്റെ ഇരുവശവും കെട്ടിയിരിക്കുന്ന സംരക്ഷണ ഭിത്തി ഉയർത്തി സംരക്ഷിക്കണം.

  • വാടിയിൽ തോട്

വാടിയിൽ തോട് വറ്റുന്ന പൊതുതോടാണ്‌. 1000 മീറ്റർ വരെ നീളമുള്ള ഈ തോടിന്റെ സംരക്ഷണഭിത്തി തകരാറിലാണ്. വശങ്ങളിൽ പാഴ്ച്ചെടികൾ വളർന്നുകിടക്കുന്നു. ഭിത്തി ശരിയായരീതിയിൽ  അല്ലാത്തതിനാൽ വശങ്ങളിൽ നിന്നും തോടിലേക്കു കല്ലുകൾ ഇടിഞ്ഞു വീഴാറായി കിടക്കുന്നു.

സംരക്ഷണ ഭിത്തി പുനർനിർമാണം നടത്തണം, തോടിനു വശങ്ങളിലുള്ള പാഴ്ച്ചെടികൾ വെട്ടിമാറ്റണം, മാലിന്യങ്ങൾ നീക്കം  ചെയ്ത് തോട് സംരക്ഷിക്കണം.

  • ചെമ്പിളിപാടു തോട്

ചെമ്പിളിപാടു തോട് നിലവിൽ മലിനമായി കിടക്കുകയാണ്. പ്ലാസ്റ്റിക്, ഗാർഹിക മാലിന്യങ്ങൾ മുതലായവയാണ്‌ പ്രധാനമായും അടിഞ്ഞുകൂടി കിടക്കുന്നത്. തോടിൽ പായലും കാടുകയറി കിടക്കുന്നു.

  • കാക്കത്തോപ്പ്തോട്

കാക്കത്തോപ്പ്‌ തോട് നിലവിൽ ഒരേ വീതിയിൽ അല്ല ഒഴുകുന്നത്.  സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ തോട് എത്രത്തോട് ഉണ്ടെന്നു അറിയാൻ സാധിക്കില്ല. തോട് കുറച്ചു ഭാഗം പുരയിടയുമായി ചേർന്ന് ഒഴുകുന്നു. തോടിൽ മുഴുവനായും ആൽഗകൾ, പായലുകൾ, പാഴ്ചെടികൾ  എന്നിവ കാണപ്പെടുന്നു.

തോടിന് സംരക്ഷണഭിത്തി കെട്ടണം പായലുകളും പാഴ്ച്ചെടികൾ നീക്കം ചെയ്യണം.

  • താമരക്കുളം

താമരക്കുളം ഒരു പൊതുകുളമാണ്. ഈ കുളം ഉപയോഗിച്ച് വരുന്നത് മൽസ്യം വളർത്തുന്നതിനും കുട്ടികൾക്ക് നീന്തൽ പഠിക്കുന്നതിനുമാണ്. എന്നാൽ നിലവിൽ ഈ കുളത്തിൽ പുനരുധാരണം നടന്നുവരുന്നു. കുളത്തിനു ചുറ്റും നല്ലരീതിയിൽ ഉള്ള സംരക്ഷണ വലയം തീർത്തിട്ടുണ്ട്. കുളം നിലവിൽ പായലും ചെളിയുമായി കിടക്കുന്നു. പായലും ചെളിയും നീക്കം ചെയ്യുക.

  • തൊഴിലുറപ്പുകുളം 

മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ കുളം ഒരു സ്വകാര്യ കുളമാണ്. ജല സംരക്ഷണത്തിനും ജല ലഭ്യതയ്ക്കുമായി തൊഴിലുറപ്പുകാർ വെട്ടിയ കുളമാണിത്. കുളം കൃഷി ആവശ്യങ്ങൾക്കും ആ കുടുംബത്തിന്റെ ആവശ്യങ്ങൾക്കുമായാണ് ഉപയോഗിക്കുന്നത്. നിലവിൽ ഈ കുളത്തിനു സമീപം ചെന്നെത്താൻ കഴിയാത്തവിധം കാടുകയറികിടക്കുന്നു. സംരക്ഷണഭിത്തി ഉള്ളതായി കാണുന്നില്ല.

കുളത്തിലെ വെള്ളം ശുദ്ധീകരിക്കണം, സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണം.

  • മലമേല്പറമ്പ് ക്ഷേത്രക്കുളം

മലമേല്പറമ്പ് ക്ഷേത്രക്കുളം സ്വകാര്യ ക്ഷേത്രകുളമാണ്. 5 സെന്റിൽ നിലനിൽക്കുന്ന കുളമാണ്. ക്ഷേത്ര ആവശ്യങ്ങൾക്കാണ്‌ കുളം ഉപേയാഗിക്കുന്നത്. കുളം സംരക്ഷണ ഭിത്തികെട്ടി നല്ല രീതിയിൽ തന്നെ സംരക്ഷിക്കുന്നു.

കുളത്തിലെ വെള്ളത്തിന്റെ ഗുണ നിലവാരം ഉറപ്പുവരുത്തണം.

  • തൊഴിലുറപ്പുകുളം

തൊഴിലുറപ്പുകുളം തൊഴിലുറപ്പു സ്തീകൾ കൃഷി ആവശ്യത്തിനായി നിർമ്മിച്ച കുളമാണ്. മത്സ്യകൃഷിയാണ് പ്രധാനമായും ചെയ്യാനൊരുകുന്നത്. അഞ്ചു സെന്റിൽ നിറഞ്ഞു നിൽക്കുന്ന ഈ കുളം നിലവിൽ പാഴ്ചെടികൾ, പായൽ എന്നിവ നിറഞ്ഞു കിടക്കുന്നു. സംരക്ഷണ ഭിത്തി ഇല്ലാതെ അവസ്ഥയിലാണ് കാണപ്പെടുന്നത്.

 കുളത്തിന്റെ പരിസരവും കുളവും വൃത്തിയാക്കി, സംരക്ഷണ ഭിത്തി കെട്ടി നിലനിർത്തണം.

  • പാൽക്കര ദേവിക്ഷേത്രക്കുളം

പാൽക്കര ദേവിക്ഷേത്രക്കുളം സ്വകാര്യ ക്ഷേത്രകുളമാണ് . 5 സെന്റിൽ നിലനിൽക്കുന്ന കുളമാണ്. ക്ഷേത്ര ആവശ്യങ്ങൾക്കാണ്‌ കുളം ഉപേയാഗിക്കുന്നത്. ചെറിയൊരു ചുറ്റുമതിലോട് കൂടി നല്ല രീതിയിൽ ആണ് കുളം സംരക്ഷിച്ചു പോകുന്നത്.

കുളത്തിന്റെ പരിസരത്തുള്ള പാഴ്ച്ചെടികൾ വെട്ടിമാറ്റൽ, ജലത്തിന്റെ ഗുണ നിലവാരം ഉറപ്പുവരുത്തൽ എന്നിവ  ചെയ്യേണ്ടതാണ്. 

  • ശാസ്താംകോവിൽ ക്ഷേത്രക്കുളം

ശാസ്താംകോവിൽ ക്ഷേത്രക്കുളം സ്വകാര്യ ക്ഷേത്രകുളമാണ്.  കുളം സംരക്ഷണ ഭിത്തികെട്ടി നല്ല രീതിയിൽ തന്നെ സംരക്ഷിക്കുന്നു.എന്നാൽ കുളത്തിൽ പായലുകളും ആൽഗകളും കൊണ്ട് നിറഞ്ഞു കാണപ്പെടുന്നു.

കുളത്തിലെ പാഴ്ച്ചെടികൾ, ആൽഗകൾ നീക്കം ചെയ്യൽ, ജലത്തിന്റെ ഗുണ നിലവാരം ഉറപ്പുവരുത്തൽ എന്നിവ  ചെയ്യേണ്ടതാണ് 

  • ചുരക്കുളം

ചുരക്കുളം മഹാദേവക്ഷേത്രത്തിലെ ദേവസ്വത്തിന് കീഴിലുള്ള കുളമാണ്. വർഷങ്ങളോളമായി കുളം മലിനമായി കിടക്കുകയാണ്.  കാലക്രമേണ  കുളത്തിന്റെ വിസ്‌തൃതി കുറയുന്നതായും കാണുന്നു. കുളം പായലുകളും  പ്ലാസ്റ്റിക് മാലിന്യങ്ങളുമായി നിറഞ്ഞു കിടക്കുന്നു. കുളത്തിനു  സംരക്ഷണ ഭിത്തി ഉള്ളതായി കാണുന്നില്ല.

സംരക്ഷണ ഭിത്തി കെട്ടി കുളം വൃത്തിയാക്കി നല്ല രീതിയിൽ സംരക്ഷിക്കണം.   

പദ്ധതി പ്രദേശത്ത് അവലംബിക്കാവുന്ന വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങൾ


അടിസ്ഥാന വിഭവങ്ങളായ മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവ തമ്മിലുള്ള സ്വാഭാവികമായ ബന്ധം നിലനിർത്തേണ്ടത് സുസ്ഥിരമായ വികസനത്തിന് അത്യാവശ്യമാണ്. ഇവ തമ്മിലുള്ള സന്തുലിത അവസ്ഥ പരിപാലിക്കപ്പെടേണ്ടതാണ്. ഈ അവസ്ഥക്ക് കോട്ടം തട്ടുമ്പോഴാണ് മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും പൊട്ടിപ്പുറപ്പെടുന്നത്. ഓരോ പ്രദേശത്തിന്റെയും പൊതുവായ ഭൂപ്രകൃതി, ചരിവ്, നിലവിലുള്ള ഭൂവിനിയോഗ രീതികൾ, ജലവിഭവങ്ങൾ എന്നിവയെ സമഗ്രമായ പഠനത്തിന് വിധേയമാക്കി ശാസ്ത്രീയമായ അടിത്തറയോടെ വേണം പ്രദേശത്തെ ജലവും, അഥവാ ജല സമ്പത്തും പരിപാലിക്കപ്പെടേണ്ടത്.

ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.) സാങ്കേതികവിദ്യ ഉപയോഗിച്ച് നിലവിലെ ഭൂപ്രകൃതി, മറ്റു ഘടകങ്ങൾ എന്നിവ പരിഗണിച്ച് പദ്ധതി പ്രദേശത്ത് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി നടത്താവുന്ന ചില ഇടപെടലുകൾ ചുവടെ ക്കൊടുക്കുന്നു. ജലസംരക്ഷണത്തിനായി അവലംബിക്കാവുന്ന പ്രവർത്തങ്ങളുടെ അക്ഷാംശവും (latitude) രേഖാംശവും (longitude) പട്ടിക തിരിച്ച് നൽകിയിട്ടുണ്ട്. ഭൂപടത്തിലും രേഖപ്പെടുത്തിയിരിക്കുന്നു.  

ഭൂവിനിയോഗത്തിൽ നിർദേശിക്കുന്ന ഇടപെടലുകൾ

ഓരോ പ്രദേശത്തേയും ഭൂമിയുടെ സ്വഭാവത്തിനും നിലനിൽക്കുന്ന പ്രകൃതി വിഭവങ്ങളുടെ ലഭ്യതയ്ക്കും കാർഷിക പാരിസ്ഥിതിക അവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. കാർഷിക കുളങ്ങളുടെ (Farm Ponds) നിർമ്മാണം, മേല്‍ക്കൂരയില്‍ നിന്നും മഴവെള്ള സംഭരണം (Roof Top Rain Water Harvesting), സ്റ്റാഗേർഡ് ട്രെഞ്ചുകൾ (Staggered Trenches) തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കാർഷിക കുളം

ഉപരിതലപ്രവാഹം ശേഖരിക്കാനുതകുന്ന കുളങ്ങൾ ഭൂഗർഭജലവിതാനം ഉയർത്തുന്നതിന് അനിവാര്യമാണ്. കൃഷിയാവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കുളങ്ങളുടെ പുനരുദ്ധാരണവും പുതിയ ജലസ്രോതസ്സുകളുടെ  വികസനവും ആവശ്യമാണ്. ഇതു വഴി ഭൂജലസ്രോതസ്സിന്മേലുളള ആശ്രയത്വം കുറയുകയും വേനൽക്കാലത്ത് കൂടുതൽ ജലം ലഭ്യമാകുകയും ചെയ്യും.

407, 243, 232, 226, 119, 547 മുതലായ സർവെ നമ്പറുകളിൽ കാർഷിക കുളങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കാവുന്നതാണ്.

മേല്‍ക്കൂരയില്‍ നിന്നും മഴവെള്ള സംഭരണം (Roof Top Rain Water Harvesting)

മേൽക്കൂരയിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ പി.വി സി പാത്തികളിലൂടെ ഒഴുക്കി സംഭരണികളിലേക്കോ കിണറുകളിലേക്കോ മണ്ണിലേക്ക് ഊർന്ന്  ഇറങ്ങുന്നതിനായോ ഉള്ള സംവിധാനം ഒരുക്കന്നത് വഴി ഭൂഗർഭ ജല സ്രോതസ്സ് വർദ്ധിപ്പിക്കാവുന്നതാണ്

ഫെറോ സിമെന്റ് സംഭരണി: ടാങ്കുകളിൽ ശേഖരിച്ച് നേരിട്ട് ഉപയോഗിക്കുന്ന ലളിതമായ രീതിയാണിത്. 15000 ലിറ്റർ സംഭരണശേഷിയുള്ള ഒരു ഫെറോ സിമന്റ് ടാങ്ക് നിർമ്മിച്ചാൽ 4 പേരടങ്ങുന്ന കുടുംബത്തിന് 4 മാസം വരെ പാചകാവശ്യങ്ങൾക്കുള്ള വെള്ളം 1000 ചതുരശ്ര അടി മേൽക്കൂര വിസ്തീർണ്ണത്തിൽ നിന്ന് കണ്ടെത്താവുന്നതാണ്.

കിണർ റീചാർജ്ജിംങ്: മഴയുള്ള സമയത്ത് മേൽക്കുരയിൽ നിന്നും മഴവെള്ളം പാത്തികളിൽ കുടി ശേഖരിച്ച് കിണറിന് മുകൾ വശത്തായി എടുത്ത കുഴികളിലേയ്‌ക്കോ, അല്ലെങ്കിൽ ഫിൽറ്റർ വഴി നേരിട്ടു കിണറിലേ‌ക്കോ ഇറക്കുന്ന രീതിയാണ് ഇത്. വേനൽക്കാലത്ത് ജലലഭ്യത വർദ്ധിപ്പിക്കുന്നതോടൊപ്പം കിണറ്റിലേക്കുള്ള ഉറവകൾ ശക്തി പ്പെടുത്തുവാനും ഈ മാർഗ്ഗം സഹായിക്കും. ഉപയോഗശൂന്യമായ കിണറുകളും കുഴൽക്കിണറുകളും ഇപ്രകാരം മഴവെള്ളം ഭൂജലത്തിലേക്ക് എത്തിക്കാൻ ഉപയോഗിക്കാവുന്നതാണ്. കാലക്രമേണ ഇവയിലും ഉറവകൾ എത്തി തുടങ്ങും.

പൊതു സ്ഥാപനങ്ങളിലും മറ്റും  സ്ഥല ലഭ്യത/അനുയോജ്യത എന്നിവ അനുസരിച്ച് കൃത്രിമ ഭൂജല പോഷണം ചെയ്യാവുന്നതാണ്. ഭൂപടത്തിൽ  ചിത്രീകരണം നൽകിയിട്ടുണ്ട്.