മംഗലപുരം ഗ്രാമ പഞ്ചായത്ത്

അടിസ്ഥാന വിവരങ്ങൾ


തിരുവനന്തപുരം  ജില്ലയില്‍ തിരുവനന്തപുരം താലൂക്കില്‍ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മംഗലപുരം. മേൽതോന്നയ്ക്കൽ, വെയിലൂർ വില്ലേജിൽ ഉൾപ്പെട്ടിരിക്കുന്ന പഞ്ചായത്തിന്റെ ആകെ വിസ്തീർണം   21.66 ചതുരശ്ര കിലോമീറ്റർ. പോത്തൻകോട് ബ്ലോക്ക്  പഞ്ചായത്തിന് കീഴിലാണ് മംഗലപുരം പഞ്ചായത്ത് പ്രവർത്തിക്കുന്നത്. 

അടിസ്ഥാന വിവരങ്ങൾ - മംഗലപുരം ഗ്രാമപഞ്ചായത്ത്

പഞ്ചായത്തിന്റെ  പേര് മംഗലപുരം
ജില്ലതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ഉള്‍പ്പെടുന്ന വില്ലേജ്മേൽതോന്നയ്ക്കൽ, വെയിലൂർ
ബ്ലോക്ക്     പോത്തൻകോട്
വിസ്തൃതി 21.66 ച. കി മീ
അക്ഷാംശം8035'54.406" N - 8040'19.234" N
രേഖാംശം76049'54.931" E - 76051'51.086" E
വാര്‍ഡുകള്‍20
ജനസംഖ്യ (2011 സെന്‍സസ്)36,956
പുരുഷന്മാര്‍17,183
സ്ത്രീ19,773
അതിരുകള്‍
വടക്ക്മുദാക്കൽ, കിഴുവിലം ഗ്രാമപഞ്ചായത്തുകൾ
കിഴക്ക്പോത്തൻകോട് ഗ്രാമപഞ്ചായത്ത്
തെക്ക്       അണ്ടൂർക്കോണം, കഠിനംകുളം ഗ്രാമ പഞ്ചായത്തുകൾ
പടിഞ്ഞാറ്അഴൂർ, കഠിനംകുളം ഗ്രാമപഞ്ചായ ത്തുകൾ


വാര്‍ഡുകൾ

വാര്‍ഡ് നം         വാര്‍ഡിന്റെ പേര്
1കൈലത്തുകോണം
2ചെമ്പകമംഗലം
3പൊയ്കയിൽ
4പുന്നക്കുന്നം
5കുടവൂർ
6മുരിങ്ങമൺ
7പട്ടം
8തോന്നയ്ക്കൽ
9മംഗലപുരം
10കാരമൂട്
11ഇടവിളാകം
12വരിക്കമുക്ക്
13മുരുക്കുംപുഴ
14കോഴിമട
15മുണ്ടയ്ക്കൽ
16വാലിക്കോണം
17മുല്ലശ്ശേരി
18കോട്ടറക്കരി 
19വെയിലൂർ
20ശാസ്തവട്ടം
ചരിത്രം

മുല്ലമംഗലം എന്ന പഴയൊരു തറവാടിന്റെ പേരിൽ നിന്നാണ് മംഗലപുരത്തിന്റെ പുരാതന ചരിത്രം ആരംഭിക്കുന്നത്. മംഗലപുരത്തിന്റെ കാർഷികോൽപ്പന്നങ്ങളുടെ ആയവ്യയങ്ങൾക്ക് പ്രാമാണികനായ ഒരു ജന്മി മുൻകൈയെടുത്ത് സ്ഥാപിച്ച കമ്പോളമായിരുന്നു നാടിന് ആദ്യമായി നാഗരികതയുടെ ഛായ പകർന്നുകൊടുത്തത്.  1941-ൽ ആണ് മംഗലപുരം പഞ്ചായത്ത് നിലവിൽ വന്നത്. ഉജ്ജ്വലമായൊരു സാംസ്‌കാരിക പൈതൃകത്താൽ ധന്യമാണ് ശ്രീനാരായണഗുരുദേവനും കുമാരനാശാനും ഉപരിവർഗത്തെ അടിയറവു പറയിച്ച അയ്യങ്കാളിയും സാഹിത്യകാരൻ സി.വി.രാമൻപിള്ളയും തങ്ങളുടെ കർമ്മഭൂമിയായി തെരഞ്ഞെടുത്തത് ഈ ഗ്രാമമായിരുന്നുവെന്നത് ഈ നാടിനെ സംബന്ധിച്ച് അഭിമാനകരമായ യാഥാർത്ഥ്യമാണ്.

മംഗലപുരത്തിന്റെ ചരിത്രത്തിൽ അവിസ്‌മരണീയമായ കാലഘട്ടത്തിലെ സംഭവമാണ് മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണഗുരുസ്വാമികൾ നടത്തിയ പ്രതിഷ്ഠാകർമ്മം.  ഈ കാലഘട്ടത്തിൽ രൂപംകൊണ്ടതായിരുന്നു മുരുക്കുംപുഴയിൽ സ്‌ഥാപിതമായ എസ്.എൻ.വി ഗ്രന്ഥാലയം. ഹ്രസ്വമായ തന്റെ ജീവിതഘട്ടത്തിൽ കവി, പത്രാധിപർ, പുസ്‌തക പ്രസാധകൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, നിയമസഭാംഗം, കർഷകൻ, വ്യവസായി, ഗൃഹസ്ഥൻ എന്നിങ്ങനെ വ്യത്യസ്‌തമായ കർമ്മമണ്‌ഡലങ്ങളിൽ വിരാജിച്ചിരുന്ന മഹാകവി കുമാരനാശാൻ വസ്തു‌ വാങ്ങി വീടുവച്ചു താമസിച്ച ഗ്രാമമാണ് തോന്നയ്ക്കൽ.  തിരുവനന്തപുരം ജില്ലയിൽ തലസ്ഥ‌ാന നഗരിയിൽ നിന്ന് ഏകദേശം ഇരുപത്തിനാലു കിലോമീറ്റർ വടക്കുമാറി നഗരത്തിന്റെ ബഹളങ്ങളിൽ നിന്നകന്നു നാഷണൽ ഹൈവേയ്ക്കരികിലുള്ള പ്രശാന്തസുന്ദരമായ സ്ഥലത്താണ് തോന്നയ്ക്കൽ ആശാൻസ്‌മാരകം സ്ഥിതി ചെയ്യുന്നത്. പാതവക്കത്തെ കടന്ന് ചെങ്കൽപാതയിലൂടെ ഏതാനും ചുവടുകൾ പടിഞ്ഞാറോട്ടു നടന്നാൽ മഹാകവിയുടെ സ്‌മാരകമന്ദിരമായി. നേരിയൊരു പോറൽപോലുമില്ലാതെ ആശാൻഭവനം ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.  മഹാകവിയുടെ മൺകുടിൽ അന്നത്തെ അതേ നിലയിൽ ഇവിടെ നിലകൊള്ളുന്നു.                                      

കാർഷികോല്പന്നങ്ങളുടെ വിപണനത്തിനും പാരമ്പര്യ വ്യവസായമായ കള്ളു വ്യാപാരങ്ങൾക്കും പുറമെ മംഗലപുരം പഞ്ചായത്തിൽ കശുവണ്ടി സംസ്ക്‌കരണത്തിന് ഒരു ഫാക്‌ടറിയും അരനൂറ്റാണ്ടു മുമ്പ് ഉണ്ടായിരുന്നു. 1961 ൽ ആണ് മംഗലപുരം പഞ്ചായത്ത് നിലവിൽ വന്നത്.  ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുടെ അധികാരമേറ്റ ഭരണസമിതിയുടെ പ്രസിഡന്ററായി ചാർജ് എടുത്തത് ഒരു ഹരിജനായ ബാലകൃഷ്ണനായിരുന്നു.  നിയമപരിരഷയിലൂടെ അല്ലാതെയാണ് ഈ തെരഞ്ഞെടുപ്പ് എന്നതിൽ നിന്ന് ആ കാലത്ത് പുലർന്നിരുന്ന ദേശീയവീക്ഷണവും സ്ഥിതി സമത്വധാരണകളും ഇന്നത്തേതിലും എത്രയേറെ ഉയർന്നതായിരുന്നു എന്ന് നമുക്ക് കാണാം.                                        

(അവലംബം: സമഗ്ര വികസന രേഖ - മംഗലപുരം ഗ്രാമപഞ്ചായത്ത്, 1996)

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ


ഭൂമിശാസ്ത്രപരമായ സ്ഥാനം

മംഗലപുരം ഗ്രാമപഞ്ചായത്ത് തിരുവനന്തപുരം  ജില്ലയിലെ  തിരുവനന്തപുരം താലൂക്കിൽ വടക്കേ അക്ഷാംശം 8035'54.406"- 8040'19.234"നും കിഴക്കേ രേഖാംശം 76049'54.931"  - 76051'51.086" നും ഇടയിൽ സ്ഥിതി ചെയുന്നു.

ഭൂപ്രകൃതി

ഒരു പ്രദേശത്തിന്റെ വികസനം പ്രധാനമായും അവിടുത്തെ ഭൂപ്രകൃതിയേയും, ജനശ ക്തിയേയും ആശ്രയിച്ചാണിരിക്കുന്നത്. ഭൂപകൃതി എന്നു പറയുമ്പോൾ, ഭൂമിയുടെ കിടപ്പ് മണ്ണിന്റെ ഘടന അഥവാ സ്വഭാവം, ജലലഭ്യത, കാലാവസ്ഥ എന്നിവയെയാണ് അർത്ഥമാക്കുന്നത്. കേരളത്തെ സംബന്ധിച്ചടത്തോളം ഭൂപകൃതി വളരെ വൈചിത്ര്യവും വൈവിധ്യവും നിറഞ്ഞതാണ്. പൊതുവെ മലനാട്, ഇടനാട്, തീര പ്രദേശം എന്ന് വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും തീര പ്രദേശത്തോട് ചേർന്ന് കുന്നുകളും മലമ്പ്രദേശങ്ങളിൽ തന്നെ സമതലങ്ങളും സർവ്വസാധാരണമാണ്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും തീര പ്രദേശം വിഭാഗത്തിൽപ്പെടുന്നു. ഇടനാട് പ്രദേശവും കാണപ്പെടുന്നു.

മണ്ണിനങ്ങള്‍

ജലം സംഭരിച്ചു നിര്‍ത്തുവാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണിയാണ് മണ്ണ്. അടിസ്ഥാന പ്രകൃതി വിഭവങ്ങളില്‍ ഒന്നായ മണ്ണിന്റെ ഘടന, രചന, ആഴം, മണ്ണൊലിപ്പ്, ഭൂക്ഷമത, ജലസേചനക്ഷമത എന്നിവയെ കുറിച്ചുള്ള സൂക്ഷ്മതലത്തിലുള്ള അറിവ് സുസ്ഥിരവും സമഗ്രവുമായ ദീര്‍ഘകാല വികസന പദ്ധതികളുടെ ആവിഷ്കാരഘട്ടത്തില്‍ നിര്‍ണ്ണായകവും അത്യന്താപേക്ഷിതവുമാണ്. ധാതുക്കള്‍, ജൈവാംശം, ഈര്‍പ്പം, വായു എന്നിവ മണ്ണിലടങ്ങിയിട്ടുള്ള പ്രധാന ഘടകങ്ങളാണ്.

മണ്ണ് ശ്രേണി (Soil series)

ഒരേ കാലാവസ്ഥയിലും, ആവാസവ്യവസ്ഥയിലും കാണപ്പെടുന്നതും സമാന സ്വഭാവമുള്ള ശിലകളിൽ നിന്നും രൂപപ്പെട്ടതും  സമാന സവിശേഷതകൾ ഉള്ള മണ്ണുകളെ ചേർത്താണ് ഒരു മണ്ണ് ശ്രേണി രൂപീകരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു മണ്ണ് ശ്രേണിക്ക്    സാധാരണയായി ആദ്യമായി തിരിച്ചറിഞ്ഞപ്രദേശത്തിന്റെയോ  സമീപത്തോ ഉള്ള ഒരു പട്ടണത്തിന്റെയോ പേര് നൽകുന്നു. സമാനമായ പരിസ്ഥിതിയിൽ കാണപെടുന്നതിനാൽ ഇവയുടെ പരിപാലന രീതികളും സമാനമായിരിക്കും.

വിശദമായ മണ്ണ് പര്യവേക്ഷണത്തിന്റെയും, രാസപരിശോധനകളുടെയും, ലഭ്യമായ മണ്ണിന രേഖകളുടെയും അടിസ്ഥാനത്തില്‍ മംഗലപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ ആനാട്, കല്ലിയൂർ, കണ്ടല, പേപ്പാറ, സ്വാമിക്കുന്ന്, എന്നീ 5  വ്യത്യസ്ത ശ്രേണി വിഭാഗത്തില്‍പ്പെടുന്ന മണ്ണ് തരങ്ങളാണ് വേര്‍തിരിച്ചിരിക്കുന്നത്. ആനാട് ശ്രേണി വിഭാഗമാണ് പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടുന്നത്. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1335.77 ഹെക്ടര്‍ (61.67%) വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുകയാണ്. 198.39 ഹെക്ടര്‍ (9.16%) സ്വാമിക്കുന്ന് ശ്രേണി വിഭാഗത്തിലും 103.73 ഹെക്ടര്‍ (4.79%) പ്രദേശം കണ്ടല ശ്രേണി വിഭാഗത്തിലും 28.24 ഹെക്ടര്‍ (1.30%) പ്രദേശം പേപ്പാറ   ശ്രേണി വിഭാഗത്തിലും 0.15 ഹെക്ടര്‍ (0.01%) കല്ലിയൂർ ശ്രേണി വിഭാഗത്തിലും 495.30 ഹെക്ടര്‍ (22.87%) ജനവാസപ്രദേശമായും കാണപ്പെടുന്നു. കൂടാതെ 4.43ഹെക്ടര്‍ (0.20%) പ്രദേശം ജലാശയമായും രേഖപ്പെടുത്തിയിരിക്കുന്നു.

മണ്ണിന്റെ ശ്രേണി- വിശദാംശങ്ങൾ

ക്രമ നം.ശ്രേണി വിഭാഗംവിസ്തീർണം(ഹെ.)ശതമാനം
1ആനാട്1335.7761.67
2ജനവാസ പ്രദേശം495.3022.87
3കല്ലിയൂർ0.150.01
4 കണ്ടല103.734.79
5പേപ്പാറ28.241.30
6സ്വാമിക്കുന്ന്198.399.16
7ജലാശയം4.430.20
ആകെ2166.00100.00

മണ്ണിന്റെ ആഴം

മംഗലപുരം ഗ്രാമപഞ്ചായത്തിൽ സാമാന്യം ആഴമുള്ള മണ്ണ് (d3), ആഴമുള്ള മണ്ണ് (d4), വളരെ ആഴമുള്ള മണ്ണ് (d5)  വിഭാഗങ്ങളാണ്  കണ്ടുവരുന്നത്. പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആഴമുള്ള  മണ്ണ് (d4)  വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 1533.75 ഹെക്ടര്‍ (70.82%) വിസ്തൃതിയില്‍ കാണപ്പെടുന്നു. കൂടാതെ 103.95ഹെക്ടര്‍ (4.80%)  വളരെ ആഴമുള്ള മണ്ണ് (d5) വിഭാഗത്തിലും 28.26 ഹെക്ടര്‍ (1.30%) സാമാന്യം ആഴമുള്ള  മണ്ണ് (d3) മണ്ണ് വിഭാഗത്തിലും ഉള്‍പ്പെടുന്നു. 4.43 ഹെക്ടര്‍ (0.20%) പ്രദേശം ജലാശയമായും രേഖപ്പെടുത്തിയിരിക്കുന്നു.

മണ്ണിന്റെ ആഴം - വിശദാംശങ്ങൾ

ക്രമ നം.വിഭാഗംവിസ്തീർണം(ഹെ.)ശതമാനം
1സാമാന്യം ആഴമുള്ള  മണ്ണ് (d3)28.261.30
2ആഴമുള്ള  മണ്ണ് (d4)1533.7570.82
3വളരെ ആഴമുള്ള മണ്ണ് (d5)103.954.80
4ജനവാസ പ്രദേശം495.6122.88
5ജലാശയം4.430.20
ആകെ2166.00100.00
ഭൂവിജ്ഞാനീയം


ഭൂമി നിര്‍മ്മിതമായിരിക്കുന്ന ഖര-ദ്രാവക രൂപങ്ങളിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനമാണ് ഭൂവിജ്ഞാനീയം. ഭൂമിയിലെ ഘടകങ്ങളുടെ വിന്യാസം, ഘടന, ഭൗതികസ്വഭാവം, ചലനം, ചരിത്രം എന്നിവയെക്കുറിച്ചും അവയുടെ രൂപവത്ക്കരണം, ചലനം, രൂപാന്തരം എന്നിവയ്ക്കിടയായ പ്രക്രിയകളെ കുറിച്ചുള്ള പഠനം ഭൂഗര്‍ഭശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു.

മംഗലപുരം ഗ്രാമപഞ്ചായത്തിൽ പ്രധാനമായും 5 ശിലാവിഭാഗങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലഭ്യമായ രേഖകള്‍ അനുസരിച്ച് പഞ്ചായത്തിൽ ചാർണോക്കൈറ്റ്   ഗ്രൂപ്പ്  ഓഫ്  റോക്ക്സ്, കോണ്ടലൈറ്റ്   ഗ്രൂപ്പ്  ഓഫ്  റോക്ക്സ്, ലാറ്ററൈറ്റ് സാൻഡ് ആൻഡ് സിൽറ്റ്, സാൻഡ്‌സ്‌റ്റോൺ  ആൻഡ്  ക്ലേ  വിത്ത്  ലിഗ്‌നൈറ്റ് ഇന്റർകാലഷൻ ശിലാവിഭാഗവുമാണ് രേഖപ്പെടുത്തിയിട്ടുളളത്. പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സാൻഡ്‌സ്‌റ്റോൺ  ആൻഡ്  ക്ലേ  വിത്ത്  ലിഗ്‌നൈറ്റ് ഇന്റർകാലഷൻ ശിലാവിഭാഗമാണ് രേഖപ്പെടുത്തിയിട്ടുളളത്. ഇതു 1018.70 ഹെക്ടര്‍ (47.03%) പ്രദേശത്ത്  കാണുന്നു.  പഞ്ചായത്തിൽ ഏറ്റവും കുറവായ ചാർണോക്കൈറ്റ്  ഗ്രൂപ്പ്  ഓഫ്  റോക്ക്സ് 28.79 ഹെക്ടര്‍ (1.33%) പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നു.

ഭൂമിയുടെ ഉപരിതലത്തിലുള്ള ധാതുക്കളോ ജൈവകണങ്ങളോ അടിഞ്ഞു കൂടി കാലാന്തരത്തിൽ ഉറച്ചാണ് അവസാദ ശിലകൾ രൂപപ്പെടുന്നത്.  ഒരു അവസാദ  ശിലയുടെ  കണങ്ങളെ സെഡിമെന്റ്സ് എന്ന് വിളിക്കുന്നു, അവ പാറ പൊടിഞ്ഞുണ്ടായ ചെറിയ ചരൽക്കല്ലുകൾ (ജിയോളജിക്കൽ ഡിട്രൈറ്റസ്) അല്ലെങ്കിൽ ജൈവ പദാർത്ഥങ്ങൾ (ബയോളജിക്കൽ ഡിട്രൈറ്റസ്) എന്നിവയാൽ നിർമ്മിതമായിരിക്കും. പഞ്ചായത്തിൽ 271.71 ഹെക്ടര്‍ (12.54%) പ്രദേശത്ത് അവസാദ ശിലാവിഭാഗത്തില്‍ ഉള്‍പ്പെടുന്ന സാൻഡ് ആൻഡ് സിൽറ്റ് ശിലാവിഭാഗം രേഖപ്പെടുത്തിയിരിക്കുന്നു.

ശിലാവിഭാഗങ്ങളുടെ വിശദാംശങ്ങൾ

ക്രമ നം.ശിലാവിഭാഗങ്ങള്‍വിസ്തീർണം(ഹെ.)ശതമാനം
1ചാർണോക്കൈറ്റ്   ഗ്രൂപ്പ്  ഓഫ്  റോക്ക്സ്28.791.33
2കോണ്ടലൈറ്റ്   ഗ്രൂപ്പ്  ഓഫ്  റോക്ക്സ്783.2536.16
3ലാറ്ററൈറ്റ്59.122.73
4സാൻഡ് ആൻഡ് സിൽറ്റ്271.7112.54
5സാൻഡ്‌സ്‌റ്റോൺ  ആൻഡ്  ക്ലേ  വിത്ത്  ലിഗ്‌നൈറ്റ് ഇന്റർകാലഷൻ1018.7047.03
6ജലാശയങ്ങള്‍4.430.20
ആകെ2166.00100.00
ഭൂരൂപങ്ങള്‍ (Geomorphology)


ഭൂമിയുടെ ഉപരിതല രൂപങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനമാണ് ജിയോമോര്‍ഫോളജി.

മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഭൂപ്രദേശത്തെ പ്രധാനമായും നിമ്ന പീഠഭൂമി (lower plateau Lateritic Dissected), നികന്ന താഴ്‌വാരം (Valley fill), തീര സമതലം (Coastal Plain), mud flat- coastal plain എന്നിങ്ങനെ 4 ആയി തരംതിരിച്ചിരിക്കുന്നു.

മലനിരമുകള്‍ പ്രദേശങ്ങളേയും താഴ്വരകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിമ്ന്നോന്നമായ ഭൂപ്രകൃതിയില്‍ കാണപ്പെടുന്ന നിമ്ന പീഠഭൂമി (lower plateau Lateritic Dissected) എന്ന ഭൂരൂപവിഭാഗം പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ കാണപ്പെടുന്നു. ഇത് 1839.94ഹെക്ടര്‍ (84.95%) പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ പഞ്ചായത്തിന്റെ  118.51ഹെക്ടര്‍ (5.47%) പ്രദേശം തീര സമതലം (coastal plain), 12.14ഹെക്ടര്‍ (0.56%) പ്രദേശം മൺതിട്ട തീരസമതലം (mud flat-coastal plain), 190.98ഹെക്ടര്‍ (8.82%) പ്രദേശം നികന്ന താഴ്‌വാരമായും (Valley Fills) രേഖപ്പെടുത്തിയിരിക്കുന്നു.

പഞ്ചായത്തിൽ 4.43 ഹെക്ടര്‍ (0.20%) പ്രദേശങ്ങള്‍ ജലാശയമായി രേഖപ്പെടുത്തി യിരിക്കുന്നു.

ഭൂരൂപങ്ങള്‍ - വിശദാംശങ്ങള്‍

ക്രമ നം.ഭൂരൂപങ്ങള്‍വിസ്തീർണം(ഹെ.)ശതമാനം
1തീര സമതലം (coastal plain)118.515.47
2നിമ്ന പീഠഭൂമി (lower plateau Lateritic Dissected)1839.9484.95
3മൺതിട്ട തീരസമതലം12.140.56
4നികന്ന താഴ്‌വാരം190.988.82
5ജലാശയം4.430.20
ആകെ2166.00100
ഉന്നതി


മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഭൂപ്രദേശങ്ങള്‍ ശരാശരി സമുദ്രനിരപ്പില്‍ നിന്നും 0 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ശരാശരി സമുദ്രനിരപ്പില്‍ നിന്നും 40-60 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണ് പഞ്ചായത്തിൽ ഭൂരിഭാഗവും കാണപ്പെടുന്നത്. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 46.47% (1006.63ഹെക്ടര്‍) കാണപ്പെടുന്നു. 20 മീറ്റര്‍ മുതല്‍ 40 മീറ്റര്‍ വരെ ഉയരത്തില്‍ 861.44 ഹെക്ടര്‍ പ്രദേശങ്ങളും (41.34%), 40 മീറ്റര്‍ മുതല്‍ 60 മീറ്റര്‍ ഉയരത്തില്‍ 788.96 ഹെക്ടര്‍ പ്രദേശങ്ങളും (36.42%) സ്ഥിതിചെയ്യുന്നു. കൂടാതെ സമുദ്രനിരപ്പില്‍ നിന്നും 60 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന  109.15 ഹെക്ടര്‍ പ്രദേശവും (5.04%)  80 മീറ്റര്‍ മുതല്‍ 100 വരെ പഞ്ചായത്തിൽ 0.68 ഹെക്ടര്‍ (0.03) രേഖപ്പെടുത്തിയിരിക്കുന്നു.                          

ഉന്നതി-വിശദാംശങ്ങൾ

ക്രമ നം.ഉന്നതി (മീ.)വിസ്തീർണം (ഹെ.)ശതമാനം
10-20260.5812.03
220-40788.9636.42
340-601006.6346.47
460-80109.155.04
580-1000.680.03
ആകെ2166.00100.00
ചരിവ്


ഒരു പ്രദേശത്തിന്റെ ചരിവ് സൂചിപ്പിക്കുന്നത് ഉപരിതലത്തിലുളള ഏറ്റക്കുറച്ചിലുകളെയാണ്. ഓരോ സ്ഥലത്തിന്റെയും ചരിവ് വിഭാഗങ്ങളെ രേഖപ്പെടുത്തുമ്പോള്‍ അവിടുത്തെ ചരിവിന്റെ മാനം, രൂപം, സങ്കീര്‍ണ്ണത, വ്യാപ്തി എന്നിവയെല്ലാം കണക്കിലെടുക്കാറുണ്ട്. ചരിവിന്റെ മാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രസ്തുത ഉപരിതലം നിരപ്പായ പ്രതലവുമായി പരസ്പരം ഛേദിക്കുമ്പോള്‍ ഉണ്ടാകുന്ന കോണിന്റെ അളവാണ്. രണ്ട് ബിന്ദുക്കള്‍ തമ്മിലുളള ഉയര വ്യത്യാസത്തെ ആ ബിന്ദുക്കള്‍ തമ്മിലുളള അകലത്തിന്റെ ശതമാനമായിട്ടാണ് രേഖപ്പെടുത്തുന്നത്. 100 മീറ്റര്‍ അകലത്തിലുളള 2 ബിന്ദുക്കള്‍ തമ്മില്‍ ഒരു മീറ്ററിന്റെ ഉയര വ്യത്യാസമുണ്ടെങ്കിൽ അത് 1 ശതമാനം ചരിവായിട്ടാണ് കണക്കാക്കുന്നത്. ഓരോ പ്രദേശത്തുമുണ്ടാകുന്ന മണ്ണൊലിപ്പ് ചരിവിന്റെ സങ്കീര്‍ണ്ണതയുമായി ബന്ധപ്പെട്ടതാണ്. ഉപരിതലത്തില്‍ ഏത് ദിശയിലേയ്ക്കാണ് ചരിവ് എന്നതാണ് ചരിവിന്റെ രൂപം കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ ചരിവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് മണ്ണൊലിപ്പ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

മംഗലപുരം ഗ്രാമപഞ്ചായത്തിൽ 6 ചരിവ് വിഭാഗങ്ങളാണ് വേര്‍തിരിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തിൽ ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ മിതമായ ചരിവ് (5-10%) വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത് പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 35.30% (764.65 ഹെക്ടര്‍) ആണ്. 338.88 ഹെക്ടര്‍ (15.65%) ഭൂപ്രദേശം വളരെ ലഘുവായ ചരിവ് (0-3%) വിഭാഗത്തിലും കാണപ്പെടുന്നു.  മിതമായ കുത്തനെയുള്ള ചരിവ് (15-35%) 318.01 ഹെക്ടറും (14.68%) പഞ്ചായത്തിന്റെ 327.54 ഹെക്ടര്‍ (15.12%) ഭൂപ്രദേശം ലഘുവായ ചരിവ് (3-5%) വിഭാഗത്തിലും, 0.78 ഹെക്ടര്‍ (0.04%) ഭൂപ്രദേശം കുത്തനെയുള്ള ചരിവ് (>35%) വിഭാഗത്തിലും, 416.14 ഹെക്ടര്‍(19.21%) ഭൂപ്രദേശം ശക്തമായ ചരിവ് (10-15%) വിഭാഗത്തിലും കാണപ്പെടുന്നു.         

ചരിവ് - വിശദാംശങ്ങൾ

ക്രമ നം.ചരിവ് വിഭാഗംചരിവ് (%)വിസ്തീർണം (ഹെ.)ശതമാനം
1വളരെ ലഘുവായ ചരിവ്0-3338.8815.65
2ലഘുവായ ചരിവ്3-5327.5415.12
3മിതമായ ചരിവ്5-10764.6535.30
4ശക്തമായ ചരിവ്10-15416.1419.21
5മിതമായ കുത്തനെയുള്ള ചരിവ്15-35318.0114.68
6കുത്തനെയുള്ള ചരിവ്>35%0.780.04
 ആകെ 2166.00100
ഭൂവിനിയോഗം


മംഗലപുരം ഗ്രാമപഞ്ചായത്തിൽ വ്യത്യസ്ത ഭൂവിനിയോഗ രീതികൾ അവയുടെ വിന്യാസം എന്നിവ പ്രതിപാദിക്കുന്ന മേഖലയാണ് ഭൂവിനിയോഗം. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ആണ് നിലവിലെ ഭൂവിനിയോഗം കണ്ടെത്തിയിരിക്കുന്നത്. ഭൂവിനിയോഗത്തെ മുഖ്യമായും നിർമിതി പ്രദേശങ്ങൾ, കാർഷിക ഭൂമി, വയൽ ഭൂമി, തരിശു ഭൂമി ,ജലാശയം എന്നിങ്ങനെ തരം തിരിക്കാം.

നിര്‍മ്മിതി പ്രദേശം

മംഗലപുരം ഗ്രാമപഞ്ചായത്തിൽ 491.4 ഹെക്ടര്‍ പ്രദേശം നിര്‍മ്മിതി ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിരിക്കുന്നു. 382.02 ഹെക്ടര്‍ പ്രദേശം ഭവന നിര്‍മ്മിതികള്‍ക്കായും, 42.67 ഹെക്ടര്‍ പ്രദേശം വാണിജ്യ ആവശ്യങ്ങൾക്കായും 9.46 ഹെക്ടര്‍ പ്രദേശം വ്യവസായ ആവശ്യങ്ങൾക്കായും ശേഷിക്കുന്ന 36.75 ഹെക്ടര്‍ ഭൂപ്രദേശം മറ്റു നിര്‍മ്മിതി ആവശ്യങ്ങള്‍ക്കായും വിനിയോഗിച്ചിരിക്കുന്നു. 14.20 ഹെക്ടര്‍ റോഡ് നിർമ്മാണത്തിലും കാണപ്പെടുന്നു. 3.22 ഹെക്ടര്‍ റെയിൽ നിർമ്മാണത്തിലും കാണപ്പെടുന്നു. കളിസ്ഥലം 3.08 ഹെക്ടര്‍ ആവശ്യങ്ങള്‍ക്കായും വിനിയോഗിച്ചിരിക്കുന്നു.

കാർഷിക ഭൂമി

മംഗലപുരം ഗ്രാമപഞ്ചായത്തിൽ റബ്ബര്‍, മറ്റുള്ള വിളകൾ, തെങ്ങ്, , മിശ്രിതവിളകള്‍, തുടങ്ങിയവ കൃഷി ചെയ്യുന്നതായി കാണപ്പെടുന്നു. പഞ്ചായത്തിന്റെ ഏറിയ ഭാഗത്തും തെങ്ങ് കൂടുതലുള്ള മിശ്രിതവിള കൃഷിക്കായി വിനിയോഗിച്ചിരിക്കുന്നു. 169.99 ഹെക്ടര്‍ പ്രദേശത്തിൽ തെങ്ങ് അധികരിച്ച മിശ്രിതവിള കൃഷി ചെയ്യുന്നതായി കണ്ടുവരുന്നു. 63.08 ഹെക്ടര്‍ പ്രദേശത്തിൽ തെങ്ങ് കൃഷി ചെയ്യുന്നതായും 522.58ഹെക്ടര്‍ പ്രദേശത്തിൽ റബ്ബര്‍ കൃഷി ചെയ്യുന്നതായും കണ്ടുവരുന്നു. ഒരേ വളപ്പില്‍ വ്യത്യസ്ത വിളകള്‍ ഒരുമിച്ചു കൃഷി ചെയ്യുന്നതിനെ മിശ്രിത കൃഷിയായി കണക്കാക്കാം. പഞ്ചായത്തിൽ 413.46 ഹെക്ടര്‍ പ്രദേശം മിശ്രിതവിള കൃഷിക്കായി വിനിയോഗിച്ചിരിക്കുന്നു. 161.25 ഹെക്ടര്‍ പ്രദേശം കാർഷിക ഭൂമി നിലവിലെ തരിശ്ശു ഭൂമി പ്രദേശമായും കാർഷിക ഭൂമി ദീർഘകാല തരിശു ഭൂമി 9.08ഹെക്ടര്‍ പ്രദേശത്തും കാണപ്പെടുന്നു. പഞ്ചായത്തിലെ 2.60 ഹെക്ടര്‍ പ്രദേശം കാർഷിക ഭൂമി അക്യേഷ്യ/മാഞ്ചിയം കാണപ്പെടുന്നു.

വയൽ ഭൂമി

നെല്‍ വയല്‍, വയല്‍ നികത്തിയ ഭൂമി, വയല്‍ തരിശ്ശ്,  എന്നിങ്ങനെയാണ് വയല്‍ പ്രദേശം പരിഗണിക്കപ്പെടുന്നത് മംഗലപുരം ഗ്രാമപഞ്ചായത്തിൽ 62.48 ഹെക്ടര്‍ പ്രദേശം വയൽ നികത്തി തെങ്ങിനായി വിനിയോഗിച്ചിരിക്കുന്നു. വയൽ നികത്തി- റബ്ബർ 58.72 ഹെക്ടര്‍ പ്രദേശത്തും 60.27 ഹെക്ടര്‍ വയൽ പ്രദേശം - നിലവിലെ തരിശ്ശു ഭൂമി ആയും കാണപ്പെടുന്നു.

തരിശു ഭൂമി

കൃഷിക്കായോ നിര്‍മ്മിതിക്കായോ വിനിയോഗിക്കാതെ ഉപയോഗശൂന്യമായ പ്രദേശം തരിശു ഭൂമിയായി കണക്കാക്കാം. 24.03 ഹെക്ടര്‍ പ്രദേശം കുറ്റിച്ചെടികളോടുകൂടിയ ഭൂമിയായി കാണപ്പെടുന്നു. 4.58 ഹെക്ടര്‍ പ്രദേശം കുറ്റിച്ചെടികൾ ഇല്ലാത്ത പ്രദേശ ഭൂമിയായി കാണപ്പെടുന്നു. 39.31 ഹെക്ടര്‍ പ്രദേശം മൈനിങ്/ ക്ലേ ആണ്.

ജലാശയം

മംഗലപുരം ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളുടെ ആകെ വിസ്തീർണം 18.09 ഹെക്ടര്‍ ആണ്.

മംഗലപുരം ഗ്രാമപഞ്ചായത്ത്  – ഭൂവിനിയോഗം

ഭൂവിനിയോഗംഭൂവിനിയോഗം (വിശദമായി)വിസിതീർണ്ണം (ഹെ.)ശതമാനം
നിർമ്മിതി പ്രദേശംവാണിജ്യം42.671.97
വ്യവസായം9.460.44
മറ്റുള്ള നിര്‍മ്മിതിപ്രദേശം36.751.70
കളിസ്ഥലം3.080.14
റെയിൽ3.220.15
ഗാർഹികം382.0217.64
റോഡുകൾ14.200.66
കാർഷിക പ്രദേശംതെങ്ങ്63.082.91
തെങ്ങ് അധികരിച്ച മിശ്രിത വിളകളോടു കൂടിയ പ്രദേശം169.997.85
മിശ്രിത വിളകൾ413.4619.09
മറ്റുള്ള വിളകൾ0.120.01
കാർഷിക ഭൂമി നിലവിലെ തരിശ്ശു ഭൂമി161.257.44
കാർഷിക ഭൂമി ദീർഘകാല തരിശു ഭൂമി9.080.42
കാർഷിക ഭൂമി അക്കേഷ്യ/മാഞ്ചിയം2.600.12
കാർഷിക ഭൂമി റബ്ബർ522.5824.13
വയൽ പ്രദേശംവയൽ നികത്തി തെങ്ങ്62.482.88
വയൽ നികത്തി മിശ്രിത വിളകൾ22.531.04
വയൽ നികത്തി - വെള്ളക്കെട്ട്0.980.05
വയൽ നികത്തി - റബ്ബർ58.722.71
വയൽ നികത്തി - കാലിക വിളകൾ3.490.16
വയൽ നികത്തി നിർമ്മിതി പ്രദേശം- മിശ്രിത വിളകൾ12.090.56
വയൽ നികത്തി നിർമ്മിതി പ്രദേശം മറ്റുള്ളവ3.200.15
വയൽ നികത്തി നിർമ്മിതി പ്രദേശം ഗാർഹികം1.510.07
വയൽ പ്രദേശം - അക്വാകൾച്ചർ2.750.13
വയൽ പ്രദേശം - നിലവിലെ തരിശ്ശു ഭൂമി60.272.78
വയൽ പ്രദേശം ദീർഘകാല തരിശു ഭൂമി18.410.85
തരിശ്ശു ഭൂമികുറ്റിച്ചെടികളോടുകൂടിയ പ്രദേശം24.031.11
കുറ്റിച്ചെടികൾ ഇല്ലാത്ത പ്രദേശം4.580.21
മൈനിങ്/ ക്ലേ39.311.81
ജലാശയങ്ങൾകുളങ്ങൾ2.380.11
നദികൾ / അരുവി12.670.58
ക്വാറി കുളങ്ങൾ2.570.12
വെള്ളക്കെട്ട്0.200.01
തടാകം0.270.01
ആകെ2166.00100
നീര്‍ത്തടങ്ങൾ


ഒരു പുഴയിലേയ്ക്കോ അരുവിയിലേയ്ക്കോ എത്രമാത്രം പ്രദേശത്തുള്ള വെള്ളം ഒഴുകി എത്തുന്നുവോ, ആ പ്രദേശത്തെ, ആ പുഴയുടെ അല്ലെങ്കിൽ അരുവിയുടെ നീർത്തടം എന്നു പറയുന്നു. ഒരു നീർത്തടത്തിൽ ഏറ്റവും ഉയർന്ന നീർമറി പ്രദേശവും, ചരിഞ്ഞ പ്രദേശവും, സമതല പ്രദേശങ്ങളും, പ്രധാന നീർച്ചാലുകളും ഉൾപ്പെടുന്നു. പ്രകൃതിയിൽ മണ്ണും വെളളവും ചലിക്കുന്നത് ക്ലിപ്തമായ അതിർത്തിക്കുളളിലാണ്. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവ പരസ്പര ബന്ധിതവും പൂരകവുമായി നിലകൊളളുന്ന പ്രകൃതിയുടെ അടിസ്ഥാന യൂണിറ്റാണ് നീർത്തടം. ഒരു നീർത്തടത്തെ ഒന്നാകെ കണ്ടുകൊണ്ടുള്ള ഇടപെടലിലൂടെ മാത്രമേ മണ്ണ്, വെള്ളം, ജൈവസമ്പത്ത് എന്നിവയുടെ സമഗ്രവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളൂ. ലഭ്യമായ പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയമായ വിനിയോഗം വഴി കൂടുതൽ ഉല്പാദനക്ഷമത കൈവരിക്കുന്നതിനും വിഭവപരിപാലനവും പരിസ്ഥിതി സംരക്ഷണം സാധ്യമാക്കുന്നതിനും അങ്ങനെ ആ പ്രദേശത്തിന്റെ സർവ്വതോമുഖമായ വികസനത്തിനും നീർത്തടാധിഷ്ഠിത ആസൂത്രണം വഴി തുറക്കുന്നു.

ഈ പ്രദേശം  മാമം, കരമന എന്നീ നദികളുടെ വൃഷ്ടി പ്രദേശങ്ങളിലുൾപ്പെടുന്നു.

ചെറുനീർത്തടങ്ങളുടെ വിശദാംശങ്ങള്‍

ക്രമ നം.ചെറുനീർത്തടം (കോഡ്)വിസ്തീർണം(ഹെ.)ശതമാനം
13M3a710.8032.82
23M4a214.129.89
34V29b20.170.93
44V29d817.4037.73
54V29e399.0818.42
6ജലാശയം4.430.20
 ആകെ2166.00100
ജലവിഭവ അവലോകനം


ജലവിഭവങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും നിലവിലുള്ള ജലസ്രോതസ്സുകളെക്കുറിച്ച് അറിയേണ്ടതുണ്ട്. പഞ്ചായത്തിലെ ജലമിത്രങ്ങൾ നടത്തിയ  ഫീൽഡ് തല സർവ്വേ, പഞ്ചായത്തിൽ ലഭ്യമായ രേഖകളിൽ നിന്നുമുള്ള ദ്വിതീയ വിവര ശേഖരണം എന്നിവയിലൂടെ ലഭിച്ച വിവരങ്ങളും പ്രദേശ നിവാസികൾ, കർഷകർ, നാട്ടുകാർ എന്നിവരുമായി ജലമിത്രങ്ങൾ സംവദിച്ചതിൽ നിന്നും ഉയർന്നു വന്നിട്ടുള്ള നിർദേശങ്ങളും വാർഡ് തിരിച്ച് ചുവടെക്കൊടുക്കുന്നു. ജലസ്രോതസ്സുകൾ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ ഫോട്ടോകളും ഉൾപേജിൽ നൽകിയിട്ടുണ്ട്. 

  • അയിത്തിയിൽ ആലപ്പുറം കുന്ന് പടിക്കെട്ട് തോട്

ഏകദേശം 2000 മീറ്റർ നീളമുള്ള തോടാണ് അയിത്തിയിൽ ആലപ്പുറം കുന്ന് തോട് തോടിന്റെ ശരാശരി വീതി ഏകദേശം 1.5 മീറ്ററാണ്. തോടിന്റെ ഇരുവശവും കാടുകയറിയ അവസ്ഥയിലാണ്, കൂടാതെ ഇരുകരകളും മണ്ണിടിച്ചിൽ നേരിടുന്നുണ്ട്. തോടിന്റെ കരയിൽ കൂടി പ്രദേശവാസികൾക്ക് നടന്നു പോകുന്നതിനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്, കൂടാതെ ജലം തോട്ടിൽ കൂടി സുഗമമായി ഒഴുകുന്നതിന് കഴിയുന്നില്ല. മേൽ സൂചിപ്പിച്ച കാര്യങ്ങളാണ് ഈ തോട്ടിലെ നിലവിലെ അവസ്ഥ. തോട് മണ്ണ് മാറ്റി വൃത്തിയാക്കിയാൽ ജലം സുഗമമായി ഒഴുകി പോകുന്നതിന് സാധിക്കും, കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വൃത്തി യാക്കുന്നതിനും പാർശ്വഭിത്തി ഇരുവശവും നിർമ്മിച്ചാൽ  ഇരുകരകളിലെയും മണ്ണിടിച്ചിൽ പരിഹരിക്കുന്നതിനും സാധിക്കും.

  • മുക്കാൻ തോട്

ചെമ്പകമംഗലം വാർഡിൽ ആലപ്പുറംകുന്ന് പടിക്കെട്ട് മുതൽ തുടങ്ങി മുദാക്കൽ പഞ്ചായത്തിന്റെ അതിർത്തിയുടെ ആരംഭത്തിൽ അവസാനിക്കുന്ന ഏകദേശം 1400 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള തോടാണ് മുക്കാൻ തോട്. തോടിന്റെ ഇരുവശങ്ങളും കാടുകയറിയ അവസ്ഥയിലാണ് കൂടാതെ ഇരുവശങ്ങളും മണ്ണിടിഞ്ഞ് വീഴുന്നതിനുള്ള സാധ്യതയുണ്ട്.തോടിന്റെ പലസ്ഥലത്തും വീതി കുറഞ്ഞുവരുന്നുണ്ട്. പരിസരങ്ങളിൽ നിന്നുള്ള ഓടയിലെ മലിന ജലം തോട്ടിലേക്ക് ഒഴുകി ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. തോടിന്റെ ഇരുവശവും പാർശ്വഭിത്തി നിർമ്മിച്ചാൽ മണ്ണിടിച്ചാൽ പരിഹരിക്കുന്നതിന് കഴിയും. കൂടാതെ വർഷംതോറും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടിന്റെ വശങ്ങളിലും ഉള്ളിലുമുള്ള കാടുകൾ വൃത്തിയാക്കാവുന്നതാണ്. പരിസരപ്രദേശത്തെ ഓടയിൽ നിന്ന് തോട്ടിലേയ്ക്ക് ഒഴുകുന്ന മലിനജലം മറ്റ് രീതിയിൽ തിരിച്ചു വിടേണ്ടതാണ്.

  • ചെമ്പകമംഗലം ഏലാത്തോട്

ചെമ്പകമംഗലം വലിയ കുളത്തിന്റെ മുൻപിൽ കൂടി ഒഴുകുന്ന ഏകദേശം 625 മീറ്റർ നീളവും ഏകദേശം രണ്ട് മീറ്റർ വീതിയുമുള്ള തോടാണ് ചെമ്പകമംഗലം ഏലതോട്. തോടിന്റെ ഇരുവശവും കാടുകയറിയ നിലയിലാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി  തോടിന്റെ ഉള്ളിലും ഇരുവശത്തുമുള്ള കാട് നീക്കം ചെയ്യാവുന്നതാണ്.

  • ആലിയാരുകോണം കിണ്ടി മുക്ക് മുറിഞ്ഞപാലം തോട്

ഏകദേശം 500 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള  പൊയ്കയിൽ വാർഡിൽ കൂടി ഒഴുകുന്ന തോടാണ് ആലിയാരുകോണം കിണ്ടി മുക്ക് മുറിഞ്ഞ പാലം തോട്. ഈ തോട് മുറിഞ്ഞപാലം തോട്ടിൽ ചെന്ന് ചേരുന്നു.തോടിന്റെ ഇരുവശങ്ങളിലും കാട് മൂടിയിരിക്കുന്നു കൂടാതെ തോടിന്റെ ഇരുവശങ്ങളിലും വളർന്ന് നിൽക്കുന്ന മരങ്ങളിൽ നിന്നുള്ള ഇലകൾ വീഴ്ന്നും വെള്ളം    ഉപയോഗപ്രദമല്ലാത്ത രീതിയിൽ ചേറ് കൂടുതൽ കലർന്നതായി കാണുന്നു. ഈ തോടിന്റെ ഇരുവശങ്ങളിലേയും മണ്ണിടിഞ്ഞു വീഴുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇരുവശങ്ങളിലും പാർശ്വഭിത്തി നിർമ്മിച്ചും, മരച്ചില്ലകളും ഇരുവശത്തും തോട്ടിനുള്ളിൽ വളർന്നുനിൽക്കുന്ന കാടുകളും വെട്ടിമാറ്റിയും വെള്ളം ഉപയോഗപ്രദമാക്കാവുന്നതാണ്.

  • പൊയ്കയിൽ ചാരുംമൂട് കൈത്തോട്

ഏകദേശം 936 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള പൊയ്കയിൽ വാർഡിൽ കൂടി ഒഴുകുന്ന   കൈത്തോടുകളാണ് പൊയ്കയിൽ ചാരുംമൂട് കൈത്തോട്. കൈത്തോടുകളും വൃത്തിയില്ലാത്ത രീതിയിൽ കാണപ്പെടുന്നു മിക്ക സ്ഥലങ്ങളിലും തോടിനു ള്ളിൽ പ്ലാസ്റ്റിക്കും മറ്റു നിറഞ്ഞ് കിടക്കുന്നതിനാൽ വെള്ളം സുഗമമായി ഒഴുകി പോകുന്നതിന് കഴിയുന്നില്ല. കൂടാതെ കൈ തോടിന്റെ ചില ഭാഗങ്ങളിൽ കാട് മൂടിയും അതിരുകൾ ഇടിഞ്ഞും കാണുന്നു. ആയതിനാൽ ഇരു വശവും  പാർശ്വഭിത്തി നിർമ്മിച്ചും പഞ്ചായത്തിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തി കാട് വൃത്തിയാക്കിയും ഈ തോട് സംരക്ഷിക്കാവുന്നതാണ്.

  • പുരമ്പൻചാണി കൈത്തോട്

ഏകദേശം 670 മീറ്റർ നീളവും ഏകദേശം ഒരു മീറ്റർ വീതിയുമുള്ള പുരമ്പൻ ചാണി ചിറയുടെ സമീപത്തുകൂടി ഒഴുകുന്ന കൈത്തോടാണ് പുരമ്പൻ ചാണി കൈത്തോട്. ഈ തോടിന്റെ ഉൾവശവും ഇരുവശങ്ങളും  കാട് മൂടിയ അവസ്ഥയിൽ കാണപ്പെടുന്നു. ഈ തോടിന്റെ ഇരു വശത്തെയും തോടിനുള്ളിലെയും കാട് വൃത്തിയാക്കിയാൽ പ്രദേശ വാസികൾക്ക് തോട് ഉപയോഗിക്കാവുന്നതാണ്.

  • ഊരുക്കോണം കൈത്തോട്

ഏകദേശം 500 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള  ഊരുക്കോണം ചിറയുടെ സമീപത്തുകൂടി ഒഴുകിപ്പോകുന്ന കൈത്തോടാണ്  ഊരുക്കോണം കൈത്തോട്. ഈ തോട് മുറിഞ്ഞപാലം തോട്ടിൽ വന്നുചേരുന്നു. തോടിന്റെ ഇരുവശവും കാട് കയറിയ അവസ്ഥയിലാണ്, കൂടാതെ ഇരുവശവും ചില ഭാഗങ്ങളിലായി മണ്ണിടിഞ്ഞതായി കാണപ്പെടുന്നു. സമീപത്തുള്ള കാട് വൃത്തിയാക്കിയും തോടിന്റെ ഇരുവശങ്ങളിലും പാർശ്വഭിത്തി നിർമ്മിച്ചും തോട് സംരക്ഷിക്കാവുന്നതാണ്.

  • മുനമ്പൂ ചിറ കൈത്തോട്

ഏകദേശം 950 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള മുനമ്പുചിറയുടെ അടുത്ത് കൂടി ഒഴുകുന്ന തോടാണ് മുനമ്പൂ ചിറ കൈത്തോട്. തോടിന്റെ ഇരുവശവും മണ്ണിടിയുന്ന അവസ്ഥയുണ്ട് ആയതിനാൽ തോടിന്റെ ഇരുവശവും പാർശ്വഭിത്തി നിർമ്മിച്ചും കാട് മൂടി കിടക്കുന്ന ഭാഗങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാട് വൃത്തിയാക്കിയും തോട് സംരക്ഷിച്ചാൽ പ്രദേശവാസികൾക്ക് ഈ തോട് ഉപയോഗിക്കാവുന്നതാണ്.

  • മുറിഞ്ഞപാലം തോട്

മുറിഞ്ഞ പാലം തോടിന്റെ അതിരിന്റെ ഒരു ഭാഗം പുന്നൈക്കുന്നം വാർഡിൽ ഉൾപ്പെട്ടിരിക്കുന്നു. ഏകദേശം 1530 മീറ്റർ നീളവും ഏകദേശം മൂന്ന് മുതൽ നാലു വരെ മീറ്ററിനകത്ത് വീതിയും മുറിഞ്ഞപാലം തോടിനുണ്ട്. തോടിന്റെ വശത്ത് കാടുകയറിയിട്ടുണ്ട് കൂടാതെ അതിരുകൾ ഇടിയുന്നതിനുള്ള സാധ്യതയുണ്ട്. പഞ്ചായത്തിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തി കാട് വൃത്തിയാക്കുകയും തോടിന്റെ വശങ്ങളിൽ പാർശ്വഭിത്തി   നിർമ്മിച്ചും മുറിഞ്ഞപാലം തോടിനെ സംരക്ഷിച്ചു ഉപയോഗപ്രദമാക്കാവുന്നതാണ്.

  • കോട്ടറത്തല തോട്

ഏകദേശം 415 മീറ്റർ നീളവും 1-1.5 മീറ്റർ വീതിയുമുള്ള കുടവൂർ വാർഡിൽ കൂടി ഒഴുകുന്ന തോടാണ് കോട്ടറത്തല തോട്. തോടിന്റെ ഇരു വശങ്ങളിൽ നിന്നും മരങ്ങൾ ചാഞ്ഞു കിടക്കുന്നതിനാൽ തോട്ടിലേയ്ക്ക് ഇലകൾ കൂടുതലായി വീഴുന്നുണ്ട്. തോട് കാട് മൂടിയും, വെള്ളം ഉപയോഗശൂന്യമായിരിക്കുന്നു.നിലവിൽ ഈ തോടിന് പാർശ്വഭിത്തി നിർമ്മിച്ചിട്ടുണ്ട്.

  • കുടവൂർ ഏല കൈത്തോട്

ഏകദേശം 450 മീറ്റർ നീളവും. 0.75-1 മീറ്റർ വീതിയുമുള്ള കുടവൂർ വാർഡിൽ കൂടി ഒഴുകുന്ന തോടാണ് കുടവൂർ ഏല കൈത്തോട്. ഈ തോടിന്റെ വീതി പലസ്ഥലത്തും കുറഞ്ഞ് കാണുന്നു. തോടിന്റെ വീതി കൃത്യമായ രീതിയിൽ കണക്കാക്കി പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാവുന്നതാണ്. നിലവിൽ പല സ്ഥലത്തും പാർശ്വഭിത്തി നിർമ്മിച്ചിട്ടുണ്ട്. കാട് കയറിയ അവസ്ഥയിൽ ജലം ഉപയോഗപ്രദമല്ല.

  • മുറിഞ്ഞപാലം വലിയ തോട്

മുറിഞ്ഞപാലം തോടിന്റെ അതിരിന്റെ ഒരു ഭാഗം കുട വൂർ വാർഡിൽ ഉൾപ്പെട്ടിരിക്കുന്നു. ഏകദേശം 720 മീറ്റർ നീളവും 3.5 മീറ്റർ വീതിയുമുള്ള മുറിഞ്ഞ പാലം തോടിന്റെ വശത്ത് കാട് കയറിയിട്ടുണ്ട്. കൂടാതെ അതിരുകൾ ഇടിയുന്നതിനുള്ള സാധ്യതയുണ്ട്. പഞ്ചായത്തിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തി കാട് വൃത്തിയാക്കുകയും തോടിന്റെ വശങ്ങളിൽ പാർശ്വഭിത്തി നിർമ്മിച്ചും  മുറിഞ്ഞ പാലം തോടിനെ സംരക്ഷിച്ചു ഉപയോഗപ്രദമാക്കാവുന്നതാണ്.

  • കണ്ടു കൃഷി ഡാം തോട്

ഏകദേശം 680 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള മുരിങ്ങമൺ വാർഡിൽ  കൂടി ഒഴുകുന്ന തോടാണ് കണ്ട് കൃഷി ഡാം. തോടിന്റെ  വശങ്ങളിൽ കാടുകയറി മൂടിയ അവസ്ഥയാണ്. ആയതിനാൽ  തൊഴിലുറപ്പ് പദ്ധതി പോലുള്ള പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി കാട് വൃത്തിയാക്കി തോട് ഉപയോഗിക്കാവുന്നതാണ്. കൂടാതെ തോടിന്റെ വശങ്ങളിൽ മണ്ണിടിച്ചിലുള്ളതിനാൽ സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതാണ്.

  • മേലേ ചിറ തോട്

ഏകദേശം 620 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള തോടാണ് മേലേ ചിറ തോട്.
തോടിന്റെ വശങ്ങളിൽ കാട് കയറി മൂടിയ അവസ്ഥയാണ്. ആയതിനാൽ തൊഴിലുറപ്പ് പദ്ധതി പോലുള്ള പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി കാട് വൃത്തിയാക്കി തോട് ഉപയോഗിക്കാവുന്നതാണ്. കൂടാതെ  തോടിന്റെ വശങ്ങളിൽ മണ്ണിടിച്ചിൽ ഉള്ളതിനാൽ സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതാണ്.

  • മൂർത്തിക്കാവ് വയ്യേറ്റ് വാരം തോട്

ഏകദേശം 1130 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള മുരിങ്ങമൺ വാർഡിൽ കൂടി ഒഴുകുന്ന തോടാണ് മൂർത്തിക്കാവ് വയ്യേറ്റ് വാരം തോട്. തോടിന്റെ വശങ്ങളിൽ കാട് കയറി മൂടിയ അവസ്ഥയാണ് ആയതിനാൽ തൊഴിലുറപ്പ് പദ്ധതി പോലുള്ള പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി കാട് വൃത്തിയാക്കി തോട് ഉപയോഗിക്കാവുന്നതാണ്. കൂടാതെ തോടിന്റെ വശങ്ങളിൽ മണ്ണിടിച്ചിൽ ഉള്ളതിനാൽ സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതാണ്.  തോട്ടിൽ മണ്ണിടിഞ്ഞും വലിയ ഉരുളൻ കല്ലുകൾ കൊണ്ടും മൂടിയിരിക്കുന്നതിനാൽ വെള്ളം സുഗമമായി ഒഴുകുന്നതിന് സാധിക്കുന്നില്ല. തോട്ടിനുള്ളിലെ ഉരുളൻ കല്ലുകളും മണ്ണും നീക്കം ചെയ്ത് തോടിന്റെ ഉള്ളം വൃത്തിയാക്കി ജലം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കണം.

  • വിഷ്ണുമംഗലം ചിത്രാഞ്ജലി മുറിഞ്ഞ പാലം തോട്

ഏകദേശം 800 മീറ്റർ നീളവും മൂന്നുമീറ്റർ വീതിയുമുള്ള പാട്ടം വാർഡിൽ കൂടി ഒഴുകുന്ന തോടാണ് വിഷ്ണുമംഗലം ചിത്രാഞ്ജലി മുറിഞ്ഞപാലം തോട്. നിലവിൽ തോടിന് സംരക്ഷണ ഭിത്തിയുണ്ട്. വെള്ളം സുഗമമായി ഒഴുകി പോകുന്നുണ്ട്. ഇരുവശങ്ങളും നല്ല വൃത്തിയിൽ കാണുന്ന തോട്ടിൽ പ്രത്യേകിച്ച് നവീകരണങ്ങൾ ആവശ്യമായി കാണുന്നില്ല.

  • ചിത്രാഞ്ജലി വിഷ്ണുമംഗലം കൈത്തോട്

ഏകദേശം 980 മീറ്റർ നീളവും 1.5 മീറ്റർ വീതിയുമുള്ള പാട്ടം വാർഡിൽ കൂടി ഒഴുകുന്ന നീർച്ചാലാണ് ചിത്രാഞ്ജലി  വിഷ്ണു മംഗലം കൈതോട്.    തോടിന്റെ ഇരുവശങ്ങളിൽ നിന്നും മണ്ണിടിയുന്നുണ്ട്. പലസ്ഥലത്തും തോടിന്റെ വീതിയിൽ വ്യത്യാസം കാണുന്നുണ്ട്.തോടിന്റെ വശങ്ങളിൽ പാർശ്വഭിത്തി നിർമ്മിച്ചും കാട് വൃത്തിയാക്കിയും കൃത്യമായ വീതി പുനസ്ഥാപിച്ചും തോടിനെ  സംരക്ഷിക്കാവുന്നതാണ്.

  • മുറിഞ്ഞപാലം കണ്ണങ്കര കോണം കൈത്തോട്

ഏകദേശം 950 മീറ്റർ നീളവും 7 5 -1 മീറ്റർ വീതിയുമുള്ള പാട്ടം വാർഡിൽ കൂടി ഒഴുകുന്ന കൈത്തോടാണ് മുറിഞ്ഞ പാലം കണ്ണങ്കരക്കോണം കൈത്തോട്.തോടിന്റെ ഇരുവശങ്ങളിൽ നിന്നും മണ്ണിടിയുന്നുണ്ട്. പലസ്ഥലത്തും തോടിന്റെ വീതിയിൽ വ്യത്യാസം കാണുന്നുണ്ട്.തോടിന്റെ വശങ്ങളിൽ പാർശ്വഭിത്തി നിർമ്മിച്ചും കാട് വൃത്തിയാക്കിയും കൃത്യമായ വീതി പുനസ്ഥാപിച്ചും തോടിനെ  സംരക്ഷിക്കാവുന്നതാണ്.

  • കല്ലൂർ പാലം കൊപ്പം കൈത്തോട്

ഏകദേശം രണ്ടായിരം മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള തോന്നയ്ക്കൽ വാർഡിൽ കൂടി ഒഴുകുന്ന തോടാണ് കല്ലൂർ പാലം കൊപ്പം കൈത്തോട്. തോടിന്റെ ഉള്ളിലും ഇരുവശങ്ങളിലുമുള്ള കാട് നീക്കം ചെയ്ത് തോടിന്റെ പരിസരം വൃത്തിയാക്കി സംരക്ഷിക്കാവുന്നതാണ്. ഈ തോട്ടിൽ കൂടി ജലം സുഗമമായി ഒഴുകുന്നുണ്ട്.

  • കല്ലൂർ പാലം പറമ്പിൽ നട വലിയപാലം തോട്

ഏകദേശം 430 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള തോന്നയ്ക്കൽ  വാർഡിലൂടെ ഒഴുകുന്ന തോടാണ് കല്ലൂർ പാലം പറമ്പിൽ നട വലിയപാലം തോട്.തോടിനുള്ളിലും ഇരുവശത്തും കാട് മൂടിയ അവസ്ഥയിൽ തോട് കാണുന്നു. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി തോടിനുള്ളിലെയും ഇരുവശങ്ങളിലെയും കാട് വൃത്തിയാക്കിയാൽ ജലം സുഗമമായി ഒഴുകി പോകുന്നതിന് സാധിക്കും. കൂടാതെ തോടിന്റെ ഇരുവശങ്ങളിൽ നിന്നും മണ്ണിടിഞ്ഞ് വീഴാനുള്ള സാധ്യത കൂടുതലാണ്. ആയതിനാൽ  പാർശ്വഭിത്തി നിർമ്മിച്ച് തോടിനെ സംരക്ഷിക്കാവുന്നതാണ്.

  • കൊപ്പം കല്ലൂർ തോട്

ഒൻപതാം വാർഡായ മംഗലപുരം, പത്താം  വാർഡായ തോന്നയ്ക്കൽ എന്നീ വാർഡുകളിൽ കൂടി ഈ തോട് കടന്നു പോകുന്നു. മംഗലപുരം വാർഡിലെ കൊപ്പം എന്ന സ്ഥലത്ത് നിന്നും തുടങ്ങി തോന്നയ്ക്കൽ വാർഡിലെ കല്ലൂർ പ്രദേശം എന്ന സ്ഥലത്തോട്ട് അവസാനിക്കുന്നു. പലയിടങ്ങളിലും കുളവാഴകളും ചെടികളും വളർന്നുനിൽക്കുന്നതായി കാണപ്പെടുന്നു. കൂടാതെ മണ്ണിടിച്ചിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കരിങ്കൽ പാർശ്വഭിത്തി നിർമ്മാണം ഭൂഗർഭജലം വീണ്ടെടുക്കുന്നതിനായി താൽക്കാലിക തടയണകൾ എന്നിവ സ്ഥാപിക്കുകയും ചെളിയും പായലും  കോരി മാറ്റി വെള്ളത്തിന് ഒഴുകി പോകുവാനുള്ള സംവിധാനവും ഒരുക്കിയാൽ ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം കാർഷിക ,ഗാർഹിക ആവശ്യങ്ങൾ നിറവേറ്റാനും കഴിയും.

  • പാട്ടത്തിൻകര (മുള്ളൻ കോളനി ഏലാത്തോട്)

പാട്ടത്തിൻകര ഭാഗത്തുള്ള വയൽ പ്രദേശങ്ങളിലും, ചതുപ്പ് പ്രദേശങ്ങളിലുമായുള്ള വെള്ളക്കെട്ട്  തോടായി ഒഴുകി മുള്ളൻ കോളനി ഭാഗത്തുകൂടി ഏകദേശം 750 മീറ്ററോളം നീളത്തിലും, ഒന്നര മീറ്ററോളം വീതിയിലും ഒഴുകി കല്ലൂർ തോടുമായി സംഗമിക്കുന്നു. ഈ തോട്  കാണാൻ കഴിയാത്ത വിധം പുല്ലും കാടും കയറി കിടക്കുന്നു. കൂടാതെ പാർശ്വഭിത്തികൾ ഒന്നും നിർമ്മിച്ചിട്ടില്ല.

ആയത് നിർമ്മിച്ച്  പുല്ലും, ചെടികളും വൃത്തിയാക്കി, തോടിനുള്ളിൽ ഇടിഞ്ഞുവീണ മണ്ണ് കോരി, തോടിന്റെ ആഴവും, വീതിയും കൂട്ടിയാൽ വെള്ളം സുഗമമായി ഒഴുകിപ്പോകും.

  • ചെറുകായിൽക്കര തോട്

പത്താം   വാർഡായ കാരമൂടിലെ തലൈക്കോണം എന്ന സ്ഥലത്ത് നിന്നും ഉത്ഭവിച്ച് 12,13 വാർഡുകളായ വരിക്ക മുക്ക്, മുരുക്കുംപുഴ വഴി കായലിൽ അവസാനിക്കുന്നു. (സർവ്വേ നമ്പർ 355- 359). ഏകദേശം 1460 മീറ്ററോളം നീളവും, 4  മീറ്റർ,3 മീറ്റർ എന്നിങ്ങനെ പല സ്ഥലത്തും പല വീതിയിലുമായി കാണപ്പെടുന്ന ഒരു തോട് ആണ് ചെറു കായിൽക്കര തോട്. സർവ്വേ നമ്പർ (355-359). പാർശ്വഭിത്തികളുടെ സംരക്ഷണം ഇല്ലാത്തതിനാൽ മഴക്കാലങ്ങളിൽ തോട് കരകവിഞ്ഞൊഴുകാറുണ്ട്. മാത്രമല്ല മണ്ണിടിച്ചിൽ കാരണം  തോടിനുള്ളിൽ ജലസംഭരണ ശേഷിയും കുറവാണ്.

    ആയതിനാൽ തോടിലുള്ള ചെളിയും, പായലും ചുറ്റുമുള്ള കുളവാഴകളും കുറ്റിച്ചെടികളും ഒക്കെ വെട്ടി മാറ്റി, കരിങ്കൽ പാർശ്വഭിത്തി നിർമ്മിച്ച് ജലം സുഗമമായി ഒഴുകുന്നതിനുള്ള സംവിധാനം ഒരുക്കിയാൽ മഴക്കാലത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

  • കോണത്തുകുളം തോട്

          ഏകദേശം 300 മീറ്ററിനകത്ത് നീളവും ഒരു മീറ്ററിനകത്ത് വീതിയിലും ഉള്ള ഈ തോട് കോണത്ത് കുളത്തിന്റെ സമീപത്തുനിന്നും ആണ് ആരംഭിക്കുന്നത്. ചതുപ്പ് നിലങ്ങളിൽ നിന്നുമുള്ള ഊറ്റും കോണത്തുകുളത്തിൽ നിന്നും ഉള്ള ഊറ്റും ചേർന്നാണ് തോടായി ഒഴുകുന്നത്. ഈ തോട് ചെറുകായിൽക്കര തോടിൽ ചെന്നെത്തുന്നു.

പാർശ്വഭിത്തികൾ ഇല്ലാത്ത ഈ തോടിന്റെ ഇരുവശങ്ങളിൽ നിന്നും മണ്ണിടിഞ്ഞ് വീഴുകയും ജലം സുഗമമായി ഒഴുകുന്നതിനുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. തോടിന് ഇരുവശവും പാർശ്വഭിത്തികൾ നിർമ്മിച്ച് പായലും ചെളിയും കോരി വൃത്തിയാക്കിയാൽ സമീപപ്രദേശങ്ങളിൽ വെള്ളം കയറുന്നത് ഒഴിവാക്കാം.

  • ചിറക്കോണം തോട്

11-ആം വാർഡിലെ   ചിറക്കോണം ചിറ മുതൽ  13 - ആം വാർഡായ മുരുക്കുംപുഴ വാർഡിലൂടെ കരിപ്പുറം ഏലാ വഴി കടന്നുപോയി കായലിൽ ചെന്ന് അവസാനിക്കുന്ന ഒരു തോടാണിത്. ഏകദേശം 2 കിലോമീറ്ററോളം നീളവും, തോടിന്റെ പല ഭാഗങ്ങളിലും വീതി കൂടിയും കുറഞ്ഞും കാണപ്പെടുന്നു. പാർശ്വഭിത്തി ഇല്ലാത്തതിനാൽ മഴക്കാലങ്ങളിൽ സമീപപ്രദേശങ്ങളിൽ വെള്ളം കയറാറുണ്ട്.

   ഈ തോടിന്റെ ഇരുവശത്തും ജനങ്ങൾ താമസിക്കുന്നതിനാൽ പാർശ്വഭിത്തികെട്ടി സ്ലാബിട്ട് നടപ്പാത നിർമ്മിച്ചാൽ  ജനങ്ങൾക്ക് സഞ്ചാരയോഗ്യമാകും. കൂടാതെ തോടിലുള്ള ചെളിയും പായലും നീക്കം ചെയ്ത്, കുളവാഴകളും പുല്ലുകളും വെട്ടി മാറ്റി വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കിയാൽ മഴകാലത്ത് സമീപപ്രദേശങ്ങളിൽ വെള്ളം കയറുന്നത് ഒഴിവാക്കാം.

  • ചെക്കാലവിളാകം കൈത്തോട്

വരിക്ക മുക്ക് വാർഡിൽ ഏകദേശം 200 മീറ്ററോളം നീളവും, ഒന്നര മീറ്ററോളം വീതിയുമുള്ള, വറ്റാത്തതുമായ ചെറിയ ഒരു കൈത്തോടാണിത്. പാർശ്വഭിത്തികളൊന്നും ഇല്ലാത്തതിനാൽ മഴക്കാലം വരുമ്പോൾ തോട് കര കവിഞ്ഞൊഴുകുന്നു. ഈ തോട് അവസാനിക്കുന്നത് ചെറുകായിൽ കര തോട്ടിലാണ്.   

  • ചെറുകായിൽക്കര തോട്

         വാർഡ് പത്തിലും 10ലും, 12ലും, 13ലും കൂടി ഒഴുകുന്ന വലിയൊരു തോടാണ് ഇത്.

  • ചിറക്കോണം തോട്

വാർഡ് 11 ലും, 13 ലും കൂടി ഒഴുകുന്ന ഈ തോടിന് ഏകദേശം 2കിലോ മീറ്റർ നീളവും രണ്ടു മീറ്റർ വീതിയും ഉണ്ട്.

  • കരിപ്പുറം തോട്

ഏകദേശം 1500 മീറ്റർ നീളവും, രണ്ടു മീറ്ററോളം വീതിയുമുള്ള ഈ തോട് തീരദേശ റോഡിൽ പാണൂർ പള്ളിക്ക് പുറകിൽ കൂടി പോകുന്ന റോഡിൻറെ മധ്യഭാഗത്ത് കൂടി ഒഴുകി കായലിൽ ചെന്ന് അവസാനിക്കുന്നു. മഴക്കാലത്ത് ഈ തോടിൽ വെള്ളം നിറയുകയും റോഡിൽ കൂടിയുള്ള ഗതാഗത തടസ്സം രൂക്ഷമാവുകയും ചെയ്യുന്നു.

റോഡിന്റെ മധ്യ ഭാഗത്ത് ഒരു കലുങ്ക് കെട്ടി വെള്ളം ഒഴുകിപ്പോകുവാനുള്ള സംവിധാനം ഒരുക്കുകയും, ഈ തോടിന്റെ  ഇരുവശവും പാർശ്വഭിത്തി നിർമ്മിച്ച് പരിസരപ്രദേശങ്ങളിൽ വെള്ളം കയറുന്നത് തടയുകയും ചെയ്താൽ ഗതാഗത തടസവുo, യാത്രാ തടസവും മാറും.

  • തൊടിയിൽ തെളിനീർ തോട്

ഏകദേശം 800 മീറ്റർ നീളത്തിലും, 2 മീറ്റർ വീതിയിലുമായി കാണപ്പെടുന്ന ഈ തോട് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നടവഴിയിലൂടെയാണ് ഒഴുകുന്നത്. താൽക്കാലികമായി കെട്ടിയ തടയിണ വഴിയാണ് ജനങ്ങൾ നടക്കുന്നത്. കായൽ പ്രദേശമായതിനാൽ, എല്ലായിപ്പോഴും വെള്ളക്കെട്ട് ഉള്ള പരിസരമാണ്.

ആയതിനാൽ ഈ ഭാഗത്ത് ഒരു കലുങ്ക് കെട്ടുകയും, റോഡിന്റെ ഇരുവശവും കരിങ്കൽ പാർശ്വഭിത്തികൾ നിർമ്മിച്ച്, ജനങ്ങൾക്ക് നടന്നു പോകുന്നതിനുള്ള നടപ്പാതയും നിർമ്മിച്ചാൽ പരിസരപ്രദേശങ്ങളിൽ വെള്ളം കയറുന്നതും,യാത്ര തടസ്സവും മാറിക്കിട്ടും.

  • പാലത്തൊടി തോട്, ചിറയിൽ തോട്

ഏകദേശം ഒന്നര കിലോമീറ്റർ നീളത്തിലും, രണ്ട് മീറ്ററോളം വീതിയിലുമായി കാണപ്പെടുന്ന ഈ തോടിൽ പുരയിടങ്ങളിൽ നിന്നും വരുന്ന ഊറ്റും, സമീപ പ്രദേശത്തെ വീടുകളിൽ നിന്നും വരുന്ന പാഴ് വെള്ളവും ചേർന്നാണ് ഒഴുകുന്നത്. ഈ തോടിന്റെ മുകളിൽ കൂടിയാണ് റോഡ് കാണപ്പെടുന്നത്.മഴക്കാലമാകുമ്പോൾ ഈ തോട് നിറയുകയും ഗതാഗത തടസ്സം ഉണ്ടാവുകയും, പരിസരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്യുന്നു.

കുറച്ചു ദൂരം ഒഴുകി ഈ തോട് മറ്റൊരു തോട് ആയ 'ചിറയിൽ തോടുമായി' ചേർന്ന് കായലിൽ ചെന്ന് അവസാനിക്കുന്നു. ഈ രണ്ടു തോടിനും കലുങ്ക് കെട്ടി പാർശ്വഭിത്തികൾ നിർമ്മിച്ച് നട പാതകൾ ഒരുക്കിയാൽ പരിസരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്നതും, യാത്ര തടസവും മാറ്റാം.

  • മണ്ണാത്തൊടി തോട്

വാർഡ് 14 ലെ, കരിയിൽ കുളത്തിൽ നിന്നും വരുന്ന വെള്ളവും,പുരയിടങ്ങളിൽനിന്നും വരുന്ന ഊറ്റും, ക്ഷേത്രകുളത്തിലെ ഊറ്റും കൂടിചേർന്ന് ഒഴുകുന്ന ഒരു തോടാണിത്. ഏകദേശം ഒരു കിലോമീറ്ററോളം നീളത്തിലും, ഒന്നര മീറ്ററോളം വീതിയിലുമായി ഒഴുകുന്ന ഈ തോട് അവസാനിക്കുന്നത് കായലിലാണ്.  തോടിന്റെ ഇരുവശങ്ങളിലും പാർശ്വഭിത്തികൾ കെട്ടി നടപ്പാതകൾ നിർമ്മിച്ച്, പായലും, ചെളിയും, കുളവാഴകളും, മറ്റ് കുറ്റിച്ചെടികളും നീക്കം ചെയ്ത് തോടിന്റെ  സംഭരണശേഷി വർദ്ധിപ്പിച്ചാൽ പരിസരപ്രദേശങ്ങളിൽ വെള്ളം കയറുന്നത് ഒഴിവാക്കാം.

  • വെയിലൂർ ഏലത്തോട്

മംഗലപുരം പഞ്ചായത്തിലെ പ്രധാന തോടുകളിൽ ഒരെണ്ണമാണ് വെയിലൂർ ഏലത്തോട്. വാർഡ് 19, 16 (വെയിലൂർ, വാലികോണo) എന്നീ വാർഡുകളിൽ നിന്ന് വരുന്ന തോടുകളിൽ നിന്നുത്ഭവിച്ച് ഏകദേശം 2790 മീറ്ററോളം നീളവും, വാർഡുകളിൽ പല സ്ഥലത്തായി പല വീതിയിലുമായി (2, 3, 4 മീറ്റർ)കാണപ്പെടുന്ന ഈ തോട്, 18 (കോട്ടറക്കരി), 17 (മുല്ലശ്ശേരി), 14 (കോഴിമട) എന്നീ വാർഡുകളിലൂടെ ഒഴുകി കായലിൽ ചെന്ന് അവസാനിക്കുന്നു.

നല്ല രീതിയിൽ നീരൊഴുക്കുള്ള ഈ തോടിന്റെ പാർശ്വഭിത്തികൾ കരിങ്കൽ ഉപയോഗിച്ച് കെട്ടുകയും, ഇടിഞ്ഞുവീണ  മണ്ണ് കോരുകയും, ചെളിയും,പായലും നീക്കം ചെയ്യുകയും ചെയ്താൽ തോടിന്റെ സംഭരണശേഷി വർദ്ധിപ്പിച്ച് നീരൊഴുക്ക് വർദ്ധിപ്പിക്കാൻ കഴിയും.

  • വെള്ളാംകുളം തോട്

ഏകദേശം 400 മീറ്ററോളം നീളത്തിലും 3 മീറ്ററോളം വീതിയിലും ആയി കാണപ്പെടുന്ന ഈ തോട്, വെള്ളാംകുളത്തിൽ നിന്നും ഉത്ഭവിച്ച് കായലിൽ അവസാനിക്കുന്നു. (സർവ്വേ നമ്പർ 31-47). താഴെക്കുളം എന്ന പ്രദേശത്തുകൂടി ഒഴുകുന്ന ഈ തോടിന്റെ ഇരുവശങ്ങളും തകർന്നു കിടക്കുന്ന അവസ്ഥയിലാണ്. തോടിന്റെ ഇരുവശങ്ങളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. മഴക്കാലങ്ങളിൽ തോട് കരകവിഞ്ഞ് ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ കയറാറുണ്ട്. തോടിന്റെ മുകളിൽ ഇട്ടിരിക്കുന്ന സ്ലാബ് വഴിയാണ് ജനങ്ങൾ സഞ്ചരിക്കുന്നത്. പലസ്ഥലത്തും സ്ലാബുകൾ പൊളിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്.

ആയതിനാൽ തോടിന് ഇരുവശവും സംരക്ഷണഭിത്തി നിർമ്മിച്ച് നടപ്പാത ഒരുക്കി തോടിന്റെ ആഴവും, വീതിയും കൂട്ടി, നിലവിലുള്ള ചെളിയും പായലും നീക്കം ചെയ്ത് തോടിന്റെ സംഭരണശേഷി വർദ്ധിപ്പിച്ചാൽ പ്രദേശങ്ങളിൽ വെള്ളം കയറുന്നത് തടഞ്ഞ്,ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ കഴിയും.

തോടുകൾ ഇല്ല.

  • ഊറ്റുകുഴിത്തോട്

ഏകദേശം 900 മീറ്ററോളം നീളവും 2 മീറ്ററോളം വീതിയിലുമായി കാണപ്പെടുന്ന ഈ തോട് ഊറ്റുകുഴി കുളത്തിൽ നിന്നും ആരംഭിച്ച്, വെയിലൂർ ഏലത്തോടുമായി ചേർന്ന് കായലിൽ അവസാനിക്കുന്നു. ഭൂനിരപ്പിൽ നിന്നും താഴ്ന്ന പ്രദേശമായതിനാൽ എല്ലാ ഭാഗത്ത് നിന്നുമുള്ള വെള്ളം ഒഴുകി പോകുന്നത് ഈ തോട്ടിലൂടെയാണ്. ഈ പ്രദേശങ്ങളിൽ എല്ലായ്പ്പോഴും ഊറ്റുള്ളതായി കാണപ്പെടുന്നു.

ഈ തോടിന്റെ സമീപപ്രദേശങ്ങളിൽ വീടുകൾ ഉള്ളതിനാൽ എല്ലായ്പ്പോഴും പ്രത്യേകിച്ചും മഴക്കാലങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. ആയതിനാൽ എത്രയും വേഗം നവീകരിക്കേണ്ട ഒരു തോടാണിത്. തോടിന് ഇരുവശവും കരിങ്കൽ പാർശ്വഭിത്തികൾ നിർമ്മിക്കുകയും, ഇടിഞ്ഞുവീണ മണ്ണും, പായലും, ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടി സംഭരണശേഷി വർദ്ധിപ്പിക്കുകയും ചെയ്താൽ നീരൊഴുക്ക് വർദ്ധിപ്പിക്കാനും, സമീപപ്രദേശങ്ങളിൽ വെള്ളം കയറുന്നത് തടയാനും സാധിക്കും.

  • നെടുകമ്പിൽ തോട്

ഏകദേശം ഒന്നര കിലോമീറ്റർ ഓളം നീളവും ,രണ്ടര മീറ്ററോളം വീതിയും ഉള്ള ഈ തോട് മംഗലപുരം തുണ്ടിൽ ഭഗവതി ക്ഷേത്രത്തിൻറെ താഴ് വശത്തുള്ള  വയൽ പ്രദേശങ്ങളിൽ നിന്നും ഉത്ഭവിച്ച് നെടുകമ്പിൽ കുളത്തിന്റെ പരിസരത്തുകൂടി ഒഴുകി വെയിലൂർ ഏലാത്തോട്ടിൽ സംഗമിച്ച് കായലിൽ അവസാനിക്കുന്നു. തോടിന് പാർശ്വഭിത്തികൾ ഇല്ലാത്ത നിലയിലും, ചെളിയും പായലും നിറഞ്ഞ നിലയിലും ആണ് കാണപ്പെടുന്നത്. ആയത് വൃത്തിയാക്കി സംരക്ഷിച്ചാൽ കൃഷിക്കും, മറ്റ് ജലസേചന മാർഗ്ഗങ്ങൾക്കും ഉപയോഗിക്കാം.

  • പാറയിൽ തോട്

വാർഡ് 19 (വെയിലൂർ) ൽ നിന്നും ഒഴുകി, വാർഡ് 16 (വാലികോണം) ൽ ചേർന്ന് വെയിലൂർ ഏലാത്തോടു വഴി കായലിൽ അവസാനിക്കുന്നു. ഈ തോടിന്റെ ഇരുവശങ്ങളിലും ഉള്ള പുല്ലുകളും, കാടുകളും വൃത്തിയാക്കി, ഇടിഞ്ഞ് വീണ മണ്ണ് മാറ്റി, തോടിനുള്ളിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങളും നീക്കം ചെയ്ത്, പാർശ്വഭിത്തികളും സംരക്ഷിച്ചാൽ വെള്ളം സുഗമമായി ഒഴുകി പോകും.

  • പാട്ടത്തിൽ കോഴിമട തോട് (മുണ്ടക്കൽ മാടങ്കാവ് തോട്)

മുണ്ടയ്ക്കൽ കുളത്തിലും, സമീപപ്രദേശങ്ങളിലെ വീടുകളിലെ ഓടകളിൽ നിന്നും വരുന്ന വെള്ളം തോടായി ഒഴുകി, ഈ വാർഡിലെ മറ്റൊരു കുളമായ പൊട്ടക്കുളത്തിൽ നിന്ന് വരുന്ന തോടുമായി ചേർന്ന് വെയിലൂർ ഏലത്തോടു വഴി കായലിൽ അവസാനിക്കുന്നു.(സർവ്വേ നമ്പർ 25-138).

ഏകദേശം 1300 മീറ്ററോളം നീളവും, ഒന്നര മീറ്ററോളം വീതിയിലുമുള്ള ഈ തോടിന്റെ ഇരുവശവും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുകയും, ചെളിയും പായലും നീക്കം ചെയ്യുകയും ചെയ്താൽ വെള്ളം സുഗമമായി ഒഴുകി പോകും. 

  • മുല്ലശ്ശേരി കോഴിമട തോട് (വെയിലൂർ ഏലാത്തോട്)

മംഗലപുരം പഞ്ചായത്തിലെ നിലവിലുള്ള ഒരു വലിയ തോടായ വെയിലൂർ ഏലത്തോട്, ഈ വാർഡിൽ 1200 മീറ്റർ നീളത്തിലും, 3 മീറ്ററോളം വീതിയിലും കാണപ്പെടുന്നു. ഈ വാർഡിൽ ഈ തോടിന്റെ പാർശ്വഭിത്തികൾ അടുത്തകാലത്തായി  നിർമ്മിച്ച് നവീകരിച്ചിട്ടുണ്ട്. പക്ഷേ അടുത്ത വാർഡുകളിൽ ഈ തോടിന് പാർശ്വഭിത്തികൾ ഇല്ലാത്തതിനാൽ മഴക്കാലത്ത് ഒഴുകിവരുന്ന വെള്ളം  പരിസരങ്ങളിൽ കയറുകയും ജനങ്ങൾക്ക് മാറി താമസിക്കേണ്ടതായി വരുകയും ചെയ്യുന്നു.

ആയതിനാൽ തോടിന്റെ എല്ലാ ഭാഗത്തും പാർശ്വഭിത്തികൾ നിർമ്മിക്കുകയും തോടിലുള്ള ചെളിയും പായലും നീക്കം ചെയ്ത് വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്താൽ പരിസരപ്രദേശങ്ങളിൽ വെള്ളം കയറുന്നത് തടയാൻ സാധിക്കും.

  • വെയിലൂർ ഏലാത്തോട്

പല വാർഡുകളിലായി കാണപ്പെടുന്ന  ഈ തോട് ഈ വാർഡിൽ ഏകദേശം 600 മീറ്ററോളം നീളത്തിലും 3 മീറ്ററോളം വീതിയിലുമായി കാണപ്പെടുകയും മുല്ലശ്ശേരി കോഴിമട വാർഡുകൾ വഴി കായലിൽ അവസാനിക്കുകയും ചെയ്യുന്നു.

ഈ വാർഡിൽ തോടിന്  പാർശ്വഭിത്തികൾ നിർമ്മിച്ചിട്ടില്ല. ആയതിനാൽ പരിസര പ്രദേശങ്ങളിൽ വെള്ളം കയറുകയും കൃഷികൾ നശിക്കുകയും ചെയ്യാറുണ്ട്. ആയത് പരിഹരിച്ചാൽ കൃഷി നാശവും, പരിസര പ്രദേശങ്ങളിൽ വെള്ളം കയറുന്നതും തടയാൻ കഴിയും.

  • വാലിക്കോണം പാറയിൽ തോട്

ഏകദേശം 795 മീറ്റർ നീളവും 1.5-3 മീറ്റർ വീതിയുമുള്ള വെയിലൂർ വാർഡിൽ സ്ഥിതിചെയ്യുന്ന തോടാണ് വാലിക്കോണം പാറയിൽ തോട്.തോടിന്റെ ഉള്ളിലും  ഇരുവശങ്ങളിലും കാട് കയറിയിരിക്കുന്നു. കൂടാതെ തോടിന്റെ അതിരുകൾ ഇടിഞ്ഞു വീഴുന്നതിനുള്ള സാധ്യതയും കൂടുതലാണ്. തോടിന്റെ ഉള്ളിലും ഇരു വശങ്ങളിലുമുള്ള കാട് വൃത്തിയാക്കിയും തോടിന്റെ ഇരുവശവും പാർശ്വഭിത്തി നിർമ്മിച്ചും തോട് സംരക്ഷിക്കാവുന്നതാണ്.

  • ചിറക്കര ചെമ്പകമംഗലം തോട്

ഏകദേശം 770 മീറ്റർ നീളവും 1.5-3 മീറ്റർ വീതിയുമുള്ള ശാസ്തവട്ടം വാർഡിലെ തോടാണ് ചിറക്കര ചെമ്പകമംഗലം തോട്. ശാസ്തവട്ടം വാർഡിൽ കൂടി ഒഴുകുന്ന ഈ തോട് ചെമ്പകമംഗല ഏലാ തോട്ടിൽ സംഗമിച്ച് തുടർന്ന് ഒഴുകുന്നു. ഈ തോടിന്റെ ഇരുവശങ്ങളിലും കാടുകയറിയ അവസ്ഥയുണ്ട്. ആയതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടിന്റെ ഇരു വശവും വൃത്തിയാക്കണം, കൂടാതെ തോടിന്റെ കരഭാഗങ്ങളോട് ചേർന്ന് വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്. തോടിന്റെ ചില ഭാഗങ്ങളിൽ അതിരുകൾ ഇടിയുന്നുണ്ട്. ആയതിനാൽ തോടിന്റെ വശങ്ങളിൽ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാവുന്നതാണ്. കൂടാതെ തോടിന്റെ വീതിയുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും ഏറ്റക്കുറച്ചിലുകൾ കാണപ്പെടുന്നുണ്ട്. ആയത് പരിഹരിക്കുന്നതിനുള്ള ശ്രമം ഉണ്ടാകണം കൃത്യമായ വീതി കണ്ടെത്തി പാർശ്വഭിത്തി നിർമ്മിച്ച് കാട് വൃത്തിയാക്കി തോട് സുഗമമാക്കി ഒഴുക്കിയാൽ പരിസരവാസികൾക്ക് ഉപയോഗപ്രദമാക്കാവുന്നതാണ്.

  • അയത്തിയിൽ കോണം കുളം

18 മീറ്റർ ശരാശരി നീളവും 10 മീറ്റർ ശരാശരി വീതിയും 3 മീറ്റർ ശരാശരി ആഴവുമുള്ള കൈലാത്തുകോണം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു കുളമാണ് അയത്തിയിൽ കോണം കുളം. ഈ കുളം 12 മാസം വറ്റാത്തതും ജലലഭ്യതയുടെ ഉറവിടം ഉറവയിൽ നിന്നുമാണ്. ജലസേചനം, മത്സ്യകൃഷി, ഗാർഹിക ആവശ്യം എന്നിവയ്ക്കായി നവീകരണത്തിന് ശേഷം കുളം ഉപയോഗിക്കാവുന്നതാണ്.

അതിരുകളിൽ നിന്നും ഇടിഞ്ഞു വീണ മണ്ണ് കുളത്തിന്റെ ആഴം കുറയ്ക്കുകയും സംഭരണശേഷി കുറയ്ക്കുകയും ചെയ്തിരിക്കുന്നു. മണ്ണും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടി കരിങ്കൽ പാർശ്വഭിത്തി നിർമ്മാണവും കടവ് നിർമ്മാണവുമാണ് നിർദ്ദേശിക്കുന്ന പ്രവർത്തികൾ.

  • കൈലാത്തുകോണം പണയക്കൽ കുളം

14 മീറ്റർ ശരാശരി നീളവും 8 മീറ്റർ ശരാശരി വീതിയും 3 മീറ്റർ ശരാശരി ആഴവുമുള്ള ഈ കുളം കാടുപിടിച്ച്  ഉപയോഗ ശൂന്യമായി കിടക്കുന്നു. 12 മാസവും ജലലഭ്യതയുള്ള ഈ കുളത്തിന്റെ ഉറവിടം ചെമ്പകമംഗലം തോട്ടിൽ നിന്നുമാണ്.   കുളത്തിന്റെ മുകളിൽ കൂടി വലിയ മരങ്ങൾ വളർന്നു പന്തലിച്ച്  കാടുമൂടിക്കിടക്കുന്നു. കൂടാതെ ചെളിയും പായലും പുല്ലുകളും നിറഞ്ഞു കിടക്കുന്നു. നിലവിൽ പാർശ്വഭിത്തികൾ ഉണ്ടെന്നു പോലും മനസ്സിലാക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.

വശങ്ങളിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റിയും ചെളിയും പായലും നീക്കം ചെയ്തും പാർശ്വ ഭിത്തി അറ്റകുറ്റപ്പണികൾ നടത്തിയും കുളം ഉയോഗപ്രദമാക്കാവുന്നതാണ്.

  • വലിയ കുളം

22 മീറ്റർ ശരാശരി നീളവും 16 മീറ്റർ ശരാശരി വീതിയും 3 മീറ്റർ ശരാശരി ആഴവുമുള്ള കുളമാണിത്. 12 മാസവും ജലലഭ്യതയുള്ള കുളത്തിന്റെ ഉറവിടം ചെമ്പകമംഗലം തോടാണ്. കുളിക്കുന്നതിനും ജലസേചനം (ചെമ്പകമംഗലം ഏലായിലേക്കുള്ള പ്രധാന ജല സ്രോതസ്സ്) നടത്തുന്നതിനുമായി ഉപയോഗിക്കുന്നു. പായലും ചെളിയും ചെറിയ തോതിൽ കാണപ്പെടുന്നു.
പായലും ചെളിയും നീക്കം ചെയ്ത് ചീർപ്പു സ്ഥാപിച്ച് കുളം നവീകരിച്ചാൽ ജലസേചനം, മത്സ്യകൃഷി, ഗാർഹിക ആവശ്യം, നീന്തൽ, കന്നുകാലികളെ കുളിപ്പിക്കൽ എന്നിവയ്ക്ക് ഉപയോഗപ്രദമാക്കാം.

  • കൈലാത്തുകോണം മാടൻനട ക്ഷേത്രകുളം

കൈലാത്തുകോണം മാടൻനട ക്ഷേത്രം പബ്ലിക്‌ ട്രസ്റ്റ് വക ക്ഷേത്രകുളം ആറാട്ട് കുളമായാണ് ഉപയോഗിക്കുന്നത്. 5.5 മീറ്ററിലധികം ആഴമുള്ള ക്ഷേത്ര ആറാട്ട് കുളം ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നു.

നിലവിൽ 2 സ്വകാര്യ കുളങ്ങൾ ഉണ്ട്.

വാർഡ് 4 - പുന്നെക്കുന്നം

  • മുനമ്പൂചിറ

50 മീറ്റർ ശരാശരി നീളവും 50 മീറ്റർ ശരാശരി വീതിയും 4 മീറ്റർ ശരാശരി ആഴവുമുള്ള പുന്നെക്കുന്നം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതുകുളമാണ് മുനമ്പൂ ചിറ. ഈ ചിറ 12 മാസവും ജലലഭ്യത ഉള്ളതും ജലലഭ്യതയുടെ ഉറവിടം ഉറവയിൽ നിന്നുമാണ്.പുന്നെക്കുന്നം മാടൻ ഏലയുടെ തലക്കുളമാണ് ഈ ചിറ. ചിറയുടെ അതിരുകൾ പാർശ്വഭിത്തികളാൽ സംരക്ഷിച്ചിട്ടുണ്ടെങ്കിലും ചിറയിൽ പായലും ചെളിയും കാണപ്പെടുന്നു. ഈ ചിറ നവീകരണത്തിനു ശേഷം (പായലും ചെളിയും നീക്കം ചെയ്യൽ) ജലസേചനം, മത്സ്യകൃഷി, ഗാർഹിക ആവശ്യം, കന്നുകാലികളെ കുളിപ്പിക്കാൻ, നീന്തൽക്കുളമായിട്ടും ഉപയോഗിക്കാവുന്നതാണ്.

  • ഊരുക്കോണം ചിറ

50 മീറ്റർ ശരാശരി നീളവും 50 മീറ്റർ ശരാശരി വീതിയും 3 മീറ്റർ ശരാശരി ആഴവുമുള്ള പുന്നെക്കുന്നം വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതുകുളമാണ് ഊരുക്കോണം ചിറ. 12 മാസവും ജലലഭ്യതയുള്ള ഈ കുളത്തിന്റെ ജലലഭ്യത ഉറവയാണ്. പാർശ്വഭിത്തികളുടെ അഭാവം കാരണം അതിർത്തിയിൽ നിന്നും മണ്ണിടിഞ്ഞ് വീഴുന്നതിനാൽ കുളത്തിന്റെ സംഭരണശേഷി കുറയാനുള്ള സാധ്യത ഏറെയാണ്. കൂടാതെ കുളത്തിൽ പായലും ചെളിയും കാണപ്പെടുന്നു
കരിങ്കൽ പാർശ്വഭിത്തി നിർമ്മാണവും കടവ് നിർമ്മാണവും പായലും ചെളിയും നീക്കം ചെയ്യലുമാണ് നിർദ്ദേശിക്കുന്ന പ്രവർത്തികൾ. സമീപ പ്രദേശത്തെ തരിശു ഭൂമികൾ കൃഷി യോഗ്യമാക്കാനും മത്സ്യകൃഷിയ്ക്കും ഗാർഹിക ആവശ്യങ്ങൾക്കും കന്നുകാലികളെ കുളിപ്പിക്കുന്നതിനും ഈ കുളം നവീകരണത്തിനു ശേഷം ഉപയോഗിക്കാവുന്നതാണ്.

  • പുരമ്പൻ ചാണി ചിറ

20 മീറ്റർ ശരാശരി നീളവും 18 മീറ്റർ ശരാശരി വീതിയും 3 മീറ്റർ ശരാശരി ആഴവുമുള്ള പുന്നെക്കുന്നം വാർഡിൽ സ്ഥിതി ചെയ്യുന്ന കുളമാണിത്. വേനൽക്കാലങ്ങളിലൊഴിച്ച് ബാക്കിയുള്ള മാസങ്ങളിൽ ഈ കുളത്തിൽ ജലലഭ്യതയുണ്ട്.   ജല ലഭ്യതയുടെ ഉറവിടം ഉറവയും  പുരമ്പൻ ചാണി  ചിറയിൽ ഇറങ്ങി ഒഴുകുന്ന തോടുമാണ്. പാർശ്വഭിത്തികളുടെ അഭാവവും കടവുകൾ ഇല്ലായ്മയും വൃത്തിഹീനമായ പായലും കാടുകളും നിറഞ്ഞ അവസ്ഥയിലാണ്  കുളം.

പാർശ്വഭിത്തികൾ നിർമ്മിച്ചും പായലും ചെളിയും നീക്കം ചെയ്തും കടവുകൾ നിർമ്മിച്ചും കുളം നവീകരിച്ചാൽ കുളത്തി നടുത്തുള്ള ക്ഷേത്ര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും സമീപപ്രദേശത്തെ തരിശുഭൂമികൾ കൃഷി യോഗ്യമാക്കുന്നതിനും   സാധിക്കും. കൂടാതെ പരിസരവാസികൾക്ക് കുളിക്കുന്നതിനും തുണി അലക്കുന്നതിനും ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.

  • മുളക്കോട്ടുകോണം ചിറ

30 മീറ്റർ ശരാശരി നീളവും 15 മീറ്റർ ശരാശരി വീതിയും 2 മീറ്റർ ശരാശരി ആഴവുമുള്ള 12 മാസവും ജലലഭ്യതയുള്ളതും ജലലഭ്യതയുടെ ഉറവിടം ഉറവായുമായ കുടവൂർ വാർഡിൽ സ്ഥിതിചെയ്യുന്ന പൊതുകുളമാണ് മുളക്കോട്ടുകോണം ചിറ. ചെളിയും പായലും നിറഞ്ഞു കിടക്കുകയും കൂടാതെ ഭാഗികമായി പാർശ്വഭിത്തികളാൽ സംരക്ഷിച്ചിരിക്കുകയും  ചെയ്യുന്നു.  പാർശ്വ ഭിത്തികൾ ഉൾപ്പെടെ കാടുകയറി കിടക്കുന്നതിനാൽ പാർശ്വഭിത്തി നിർമ്മാണവും പൂർണമായ രീതിയിൽ നടപ്പിലായിട്ടുണ്ടോ എന്നത് വ്യക്‌തമല്ല.

ചെളിയും പായലും നീക്കം ചെയ്യൽ, ശേഷിക്കുന്ന വശങ്ങളിൽ പാർശ്വഭിത്തി നിർമ്മാണം, കടവ് നിർമ്മാണം എന്നിവയാണ് നിർദ്ദേശിക്കുന്ന പ്രവർത്തികൾ. നവീകരണത്തിനു ശേഷം സമീപപ്രദേശത്തെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കാൻ സാധിക്കും നിലവിലെ കൃഷിയിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട വിളവ് ലഭ്യമാക്കാൻ സാധിക്കും, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും.

  • കുടവൂർ ക്ഷേത്രക്കുളം

48 മീറ്റർ ശരാശരി നീളവും 28 മീറ്റർ ശരാശരി വീതിയും 2 മീറ്റർ ശരാശരി ആഴവുമുള്ള 12 മാസവും ജലലഭ്യതയുള്ള ജലലഭ്യതയുടെ ഉറവിടം ഉറവയാകുന്ന പൊതുകുളമാണിത്. നാലുവശവും പാർശ്വഭിത്തി നിർമ്മിച്ചിട്ടുണ്ട്. കടവുകളും നിർമ്മിച്ചിട്ടുണ്ട്. അടുത്ത കാലത്തായി കുളം നവീകരിച്ച നിലയിൽ വൃത്തിയോടു കൂടി കാണപ്പെടുന്നു. പ്രധാനമായും ക്ഷേത്ര ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെങ്കിലും ജലസേചനത്തിനും ഗാർഹിക ആവശ്യങ്ങൾക്കും കൂടി ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നതാണ്.

  • ഐക്കുട്ടിക്കോണം ചിറ

30 മീറ്റർ ശരാശരി നീളവും 28 മീറ്റർ ശരാശരി വീതിയും 3 മീറ്റർ ശരാശരി ആഴവുമുള്ള 12 മാസവും വറ്റാത്തതും ജലലഭ്യതയുടെ ഉറവിടം ഉറവയുമായ കുടവൂർ വാർഡിൽ സ്ഥിതി ചെയ്യുന്ന കുളമാണിത്. കുളം പൂർണ്ണ മായ രീതിയിൽ പായൽ നിറഞ്ഞ അവസ്ഥയിൽ കാണപ്പെടുന്നു. കടവുകളും, പാർശ്വഭിത്തികളും നിർമ്മിതമാണ്. പായലും ചെളിയും കോരി കടവുകളും, പാർശ്വഭിത്തികളും നവീകരിച്ച് കുളം ഉപയോഗപ്രദമാക്കാവുന്നതാണ്. ഈ കുളം നവീകരണത്തിനു ശേഷം സമീപ പ്രാദേശത്തെ തരിശു ഭൂമികൾ കൃഷി യോഗ്യമാക്കാൻ സാധിക്കും. നിലവിലെ കൃഷിയിൽ നിന്ന് കൂടുതൽ വിളവ് ലഭ്യമാക്കാൻ സാധിക്കും. ഗാർഹിക ആവശ്യങ്ങൾക്കും നീന്തൽ പരിശീലനത്തിനും കുളം ഉപയോഗിക്കാവുന്നതാണ്

  • മഞ്ചാടികുന്ന് കുളം

16 മീറ്റർ ശരാശരി നീളവും 6 മീറ്റർ ശരാശരി വീതിയും 2 മീറ്റർ ശരാശരി ആഴവുമുള്ള 12 മാസവും ജലലഭ്യതയുള്ള ജലലഭ്യതയുടെ ഉറവിടം ഉറവ ആയിട്ടുള്ള പൊതു കുളമാണിത്. പാർശ്വഭിത്തികളാൽ സംരക്ഷിക്കാത്തവയും കടവുകൾ ഇല്ലായ്മയും ഈ കുളം നേരിടുന്ന പ്രശ്നങ്ങളാണ്. നിലവിൽ പരിമിതമായ ജലസേചനത്തിനായി ഉപയോഗിക്കുന്നു.

റവന്യൂ വകുപ്പ് ഇടപ്പെട്ട് അതിർത്തി നിർണ്ണയിച്ച് മണ്ണ് കോരി ആഴം കൂട്ടി പാർശ്വ ഭിത്തി നിർമ്മാണവും, കടവ് നിർമ്മാണവുമാണ് നിർദ്ദേശിക്കുന്ന പ്രവൃത്തികൾ. പരിമിതമായ ജലസേചനത്തിനും ഗാർഹിക ആവശ്യങ്ങൾ, മത്സ്യകൃഷി തുടങ്ങിയവയ്ക്കായും നവീകരണത്തിനു ശേഷം കുളം ഉപയോഗിക്കാവുന്നതാണ്.

  • കണ്ടുകൃഷി നെല്ലുവിള കുളം

90 മീറ്റർ ശരാശരി നീളവും 30 മീറ്റർ ശരാശരി വീതിയും 1 മീറ്റർ ശരാശരി ആഴവുമുള്ള കുളമാണിത്. വറ്റാത്ത ഈ കുളത്തിന്റെ ജലലഭ്യത ഉറവയാണ്. പാർശ്വഭിത്തികളാൽ സംരക്ഷിക്കാത്തതും കടവുകൾ ഇല്ലാത്തതുമായ ഈ കുളം ഉപയോഗശൂന്യമായി ചെളിയും പായലും നിറഞ്ഞ് അതിർത്തി തിരിച്ചറിയാനാകാത്ത വിധം ഉപയോഗ ശൂന്യമായി കാണപ്പെടുന്നു.റവന്യൂ വകുപ്പ് ഇടപെട്ട് അതിരുകൾ നിർണ്ണയിച്ച് പായലും ചെളിയും നീക്കം ചെയ്ത് കരിങ്കൽ പാർശ്വഭിത്തി പണിത് ഉപയോഗ യോഗ്യമാക്കിയാൽ കണ്ടു കൃഷി ഏലായിലേക്കുള്ള പ്രധാന ജലസ്രോതസ്സായും, മത്സ്യകൃഷിയ്ക്കും, ഗാർഹിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാവുന്നതാണ്.

  • ഇടയാവണം ക്ഷേത്രകുളം

10 മീറ്റർ ശരാശരി നീളവും 5 മീറ്റർ ശരാശരി വീതിയും 2 മീറ്റർ ശരാശരി ആഴവുമുള്ള പൊതുകുളമാണിത്. ഈ കുളം 12 മാസവും വറ്റാത്തതും ജലലഭ്യതയുടെ ഉറവിടം ഉറവയുമാണ്. പാർശ്വഭിത്തികളാൽ സംരക്ഷിക്കാത്തവയും കടവുകൾ നിർമ്മിക്കാത്തതുമായ കുളമാണിത്. ഈ കുളത്തിന്റെ നിലവിലെ പ്രശ്നം അതിർത്തി തിരിച്ചറിയാനാകാതെ ഉപയോഗശൂന്യമായി ചെളിയും പായലും നിറഞ്ഞ് കാട് പിടിച്ചു കിടക്കുന്നു. റവന്യൂ വകുപ്പ് ഇടപെട്ട് അതിരുകൾ നിർണ്ണയിച്ച് ചെളിയും പായലും നീക്കം ചെയ്ത് കരിങ്കൽ പാർശ്വഭിത്തിയും കടവും പണിത് ഉപയോഗ യോഗ്യമാക്കേണ്ടതായുണ്ട്. നവീകരണത്തിനു ശേഷം സമീപ പ്രദേശത്തെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കാൻ സാധിക്കും. നിലവിലെ കൃഷിയിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട വിള ലഭ്യമാക്കാൻ സാധിക്കും. കുടിവെള്ള സ്രോതസ്സായും ഗാർഹിക ക്ഷേത്ര ആവശ്യങ്ങൾക്കായും ഉപയോഗിക്കാം.

  • കൈപ്പള്ളി കുളം

12 മീറ്റർ ശരാശരി നീളവും 10 മീറ്റർ ശരാശരി വീതിയും 3 മീറ്റർ ശരാശരി ആഴവുമുള്ള കുളമാണിത്. അറ്റകുറ്റപണികൾ ആവശ്യമായ പാർശ്വഭിത്തികളാൽ സംരക്ഷിച്ച കുളമാണിത്. കൂടാതെ അറ്റകുറ്റപണികൾ ആവശ്യമായ കടവുകളുമുണ്ട്. ചെളി കോരി പായൽ നീക്കം ചെയ്ത് കുളം ഉപയോഗപ്രദമാക്കിയാൽ പരിസരവാസികൾക്ക് അവരുടെ ജലസേചന ആവശ്യങ്ങൾക്കും കൂടാതെ തരിശു ഭൂമികൾ കൃഷിയോഗ്യമാക്കാനും സാധിക്കും.

കുളമില്ല

  • കോണത്ത് കുളം

20 മീറ്റർ ശരാശരി നീളവും 15 മീറ്റർ ശരാശരി വീതിയും 2 മീറ്റർ ശരാശരി ആഴവുമുള്ള 12 മാസവും ജലലഭ്യതയുള്ള ജലലഭ്യതയുടെ ഉറവിടം ഉറവയായിട്ടുള്ള പൊതു കുളമാണിത്. ഈ കുളത്തിന്റെ സമീപ പ്രാദേശങ്ങൾ കാട് പിടിച്ച് കിടക്കുന്നു. കുളത്തിന് കടവുകൾ നിർമ്മിച്ചിട്ടില്ല, ജനങ്ങൾ കുളിക്കുവാനും മറ്റും ഈ കുളത്തിനെ ആശ്രയിക്കുന്നു.

  • ചിറക്കോണം ചിറ

20 മീറ്റർ ശരാശരി നീളവും, 18 മീറ്റർ ശരാശരി വീതിയും, മൂന്ന് മീറ്റർ ശരാശരി ആഴവും ഉള്ള 12 മാസവും ജലലഭ്യതയുള്ളതും, ജലലഭ്യതയുടെ ഉറവിടം, ഉറവയും ആയിട്ടുള്ള 11- ആം വാർഡിലെ പൊതു കുളമാണിത്. മണ്ണാത്തൊടി ഏലായിലേക്കുള്ള പ്രധാന ജല സ്രോതസാണിത്. ഭാഗികമായി പാർശ്വഭിത്തികളാൽ സംരക്ഷിച്ചവയും കടവുകൾ ഇല്ലാത്തവയുമായ കുളമാണിത്. പായലും കുളവാഴകളും നിറഞ്ഞു കിടക്കുന്നതും, അതിരുകളിൽ വളർന്ന് പന്തലിച്ചു നിൽക്കുന്ന മരങ്ങൾ കുളത്തിനകത്തേക്ക് മറിയാൻ സാധ്യത ഉള്ളതുമായി കാണപ്പെടുന്നു. പാർശ്വഭിത്തികളാൽ സംരക്ഷിക്കാത്ത ഭാഗങ്ങളിൽ നിന്നും മണ്ണിടിഞ്ഞ് വീണ് കുളത്തിന്റെ സംഭരണശേഷി കുറയാനുള്ള സാധ്യതയും നിലവിലെ പ്രശ്നമായി കാണുന്നു. 

പായലും ചെളിയും നീക്കം ചെയ്ത് പാർശ്വഭിത്തി സംരക്ഷണവുമാണ് നിർദ്ദേശിക്കുന്ന പ്രവൃത്തികൾ. നവീകരണത്തിന് ശേഷം സമീപപ്രദേശത്തെ തരിശുഭൂമികൾ കൃഷിയോഗ്യമാക്കാൻ സാധിക്കുന്നതും, നിലവിലെ കൃഷിയിൽ നിന്ന് കൂടുതൽ വിള ലഭ്യമാക്കാൻ സാധിക്കുന്നതും, കാർഷിക കുടിവെള്ള ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്നതുമാണ്. 

കുളമില്ല

  • ശ്രീ കാളകണ്ടേശ്വര ക്ഷേത്രക്കുളം

സർവ്വേ നമ്പർ 368 ലെ ഏകദേശം മൂന്നര സെന്റിനകത്തും, രണ്ടു മീറ്റർ ആഴവും ഉള്ളതും, ജലലഭ്യതയുടെ ഉറവിടം ഉറവയും ആയ ഒരു ക്ഷേത്രക്കുളമാണിത്. ഈ കുളത്തിലുള്ള വെള്ളത്തിന് ഒഴുകി പോകുവാനുള്ള സംവിധാനമില്ല. നാലുവശവും പാർശ്വഭിത്തിയാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിൻറെ ആവശ്യത്തിനും, ജനങ്ങളും ഉപയോഗിച്ചിരുന്ന ഈ കുളം ഒഴുക്ക് ചാലില്ലാതെ വൃത്തിഹീനമായി കിടക്കുന്നു. ഈ കുളത്തിന്റെ മുൻവശത്ത് കൂടി തീരദേശ റോഡ് കടന്നുപോകുന്നുണ്ട്.

ആയതിനാൽ ഇവിടെ ഒരു കലുങ്ക് കെട്ടുകയും, ഓട കെട്ടി വശങ്ങളിലൂടെ വെള്ളം ഒഴുക്കി വിട്ട് കരിപുറം ഏലത്തോട് വഴി കായലിൽ ചെന്ന് അവസാനിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്താൽ ഈ കുളം ക്ഷേത്ര ആവശ്യങ്ങൾക്കും പ്രദേശവാസികൾക്കും പ്രയോജനപ്പെടുത്തുവാൻ കഴിയും.

  • കോഴിമട ക്ഷേത്രക്കുളം

             20 മീറ്റർ ശരാശരി നീളവും, 20 മീറ്റർ ശരാശരി വീതിയും, 4 മീറ്റർ ശരാശരി ആഴവുമുള്ള 12 മാസവും ജലലഭ്യതയുള്ളതും,  ജലലഭ്യതയുടെ ഉറവിടം ഉറവ ആയിട്ടുള്ളതുമായ ഒരു പൊതു കുളം ആണിത്. സംരക്ഷണഭിത്തിയും, കടവുകളും തകർന്ന് കിടക്കുന്നു. ആയത് നവീകരിച്ച് കുളം ഉപയോഗപ്രദമാക്കിയാൽ ക്ഷേത്ര ആവശ്യങ്ങൾക്കും, ഗാർഹിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാം.

  • കരിയിൽ കുളം

ഏകദേശം രണ്ട് സെന്റിന് അകത്തും ഒരു മീറ്റർ ആഴവും ഉള്ള ഈ കുളം കാണാൻ കഴിയാത്ത വിധം കാടുപിടിച്ചും, അതിർത്തി നിർണയിക്കാൻ കഴിയാത്ത വിധം കുളവാഴകളും പുല്ലും കയറി മൂടി കിടക്കുന്നു.

ആയതിനാൽ കാട് വെട്ടിത്തെളിച്ചും പാർശ്വഭിത്തികൾ കെട്ടിയും പായലും കുളവാഴകളും നീക്കം ചെയ്ത് കുളം നവീകരിച്ചാൽ നല്ലൊരു ജലസ്രോതസ്സായി ഉപയോഗിക്കാം.

  • ഇരട്ടക്കുളങ്ങര ക്ഷേത്രക്കുളം

          ഏകദേശം 10 സെന്റിന് അകത്തും രണ്ടര മീറ്റർ ഓളം ആഴവുമുള്ള ക്ഷേത്ര പരിസരത്തുള്ള ഒരു പൊതു കുളം ആണിത് . പായലും ചെളിയും നിറഞ്ഞ അവസ്ഥയിലുള്ള ഈ കുളം നവീകരിച്ചാൽ ക്ഷേത്ര ആവശ്യങ്ങൾക്കും, ജലക്ഷാമം വരുന്ന അവസ്ഥയിൽ ജനങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്നതാണ്.

  • വെള്ളാംകുളം

ഏകദേശം 20 സെന്റിനകത്തും,4 മീറ്ററോളം ആഴമുള്ളതുമായ കോഴിമട വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുകുളമാണിത്. പാർശ്വഭിത്തികളാൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഈ കുളം നല്ലൊരു ജലസേചന മാർഗമാണ്. കുളത്തിൽ ഭാഗികമായി കാണപ്പെടുന്ന പായലും ചെളിയും കോരി മാറ്റി കുളം  നവീകരിച്ചാൽ ജനങ്ങൾക്ക് ഉപയോഗപ്രദമാക്കാവുന്നതാണ്. നിലവിലുള്ള കുടിവെള്ള പദ്ധതിയും മെച്ചപ്പെടുത്താവുന്നതുമാണ്.

  • താഴെക്കുളം

ഇവ കൂടാതെ  ഒരു സ്വകാര്യ കുളവും  വാർഡിലുണ്ട്.  

കുളമില്ല

  • മുണ്ടുകോണം ചിറ

10 മീറ്റർ ശരാശരി നീളവും 6 മീറ്റർ ശരാശരി വീതിയും രണ്ടുമീറ്റർ ശരാശരി ആഴവുമുള്ള 12 മാസവും ജലലഭ്യതയുള്ളതും, ജല ലഭ്യതയുടെ ഉറവിടം ഉറവയും ആയിട്ടുള്ള ഒരു പൊതുകുളമാണിത്. പർശ്വഭിത്തികളാൽ സംരക്ഷിക്കാത്ത അതിരുകളും, കടവുകളുമില്ലാത്ത കുളമാണിത്. ഈ കുളത്തിന്റെ അതിർത്തി തിരിച്ചറിയാനാകാത്ത വിധം പായലും കുളവാഴകളും നിറഞ്ഞു മൂടിക്കിടക്കുന്നു. പാർശ്വഭിത്തികൾ ഇല്ലാത്തതിനാൽ ഈ ഭാഗങ്ങളിൽ നിന്നും മണ്ണിടിഞ്ഞ് വീണു കുളത്തിന്റെ സംഭരണശേഷി കുറയാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

അതിർത്തി നിർണയിച്ച് പായലും ചെളിയും നീക്കം ചെയ്ത് പാർശ്വഭിത്തിയും കടവും നിർമ്മിച്ച് കുളം നവീകരിച്ചാൽ പ്രദേശവാസികൾക്ക് ഉപയോഗപ്രദമാകും.

  • ഊറ്റു കുഴി കുളം

10 മീറ്റർ ശരാശരി നീളവും 4 മീറ്റർ ശരാശരി വീതിയും മൂന്നു മീറ്റർ ശരാശരി ആഴവുമുള്ളതും, 12 മാസവും വറ്റാത്തതും ജല ലഭ്യതയുടെ ഉറവിടം ഉറവയുമായ  വാലികോണം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു കുളമാണിത്. പാർശ്വഭിത്തികളാൽ സംരക്ഷിക്കാത്ത അതിരുകളും, കടവുകളും ഇല്ലാത്ത കുളമാണിത്. പായലും കുളവാഴകളും മരങ്ങളും  വളർന്ന് പന്തലിച്ചു നിൽക്കുന്നു. കൂടാതെ കുളം അതിർത്തികൾ കാണാൻ കഴിയാത്ത രീതിയിൽ കാടു മൂടി കിടക്കുന്നു. കുളം കരകവിഞ്ഞ് തോട് ആയി ഒഴുകുകയും, പരിസര പ്രദേശങ്ങളിലുള്ള  വീടുകളിൽ വെള്ളം കയറുന്നതിന് കാരണമാകുകയും ചെയ്യുന്നു. പാർശ്വഭിത്തികൾ ഇല്ലാത്തതിനാൽ ഈ ഭാഗങ്ങളിൽ നിന്നും മണ്ണിടിഞ്ഞ് വീണ് കുളത്തിന്റെ സംഭരണശേഷി കുറയ്ക്കുകയും ചെയ്യുന്നു.

പായലും ചെളിയും മരങ്ങളും നീക്കം ചെയ്ത് പാർശ്വഭിത്തികൾ കെട്ടി പരിസരപ്രദേശങ്ങളിൽ വെള്ളം കയറുന്നത് തടയേണ്ടത് അത്യാവശ്യമാണ്.

  • മാടൻ കാവ് കുളം

പഞ്ചായത്തിലെ 17 ആം വാർഡിൽ 7 സെന്റിനകത്തും ഏകദേശം മൂന്നു മീറ്ററോളം ആഴവുമുള്ള ഒരു പൊതു കുളമാണിത്. പായലും ചെളിയും കുളവാഴകളും സമീപമുള്ള മരശിഖരങ്ങളും കുളത്തിലേക്ക് കിടക്കുന്നതിനാൽ നിലവിൽ കുളം ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടാണ്.

ആയതിനാൽ ചെളിയും പായലും നീക്കം ചെയ്ത് കുളവാഴകളും മരശിഖരങ്ങളും വെട്ടി മാറ്റി ജലം ശുദ്ധീകരിച്ചാൽ ക്ഷേത്രാവശ്യങ്ങൾക്കും, പ്രദേശവാസികളുടെ ദൈനംദിന ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാവുന്നതാണ്.

  • മുല്ലശ്ശേരി ക്ഷേത്രക്കുളം

പതിനേഴാം വാർഡിൽ ഏകദേശം 5 സെന്റിനകത്ത്, 3 മീറ്ററോളം ആഴത്തിൽ സ്ഥിതിചെയ്യുന്നൊരു ക്ഷേത്രക്കുളം ആണിത്. നിലവിൽ കടവുകളും പാർശ്വഭി ത്തികളും കുറച്ചു ഭാഗങ്ങളിൽ തകർന്ന അവസ്ഥയിലാണ് കാണപ്പെടുന്നത്. കുളത്തിനകത്ത് ചെളിയും പായലും നിറഞ്ഞു കിടക്കുന്നു.

ചെളിയും പായലും നീക്കം ചെയ്ത് തകർന്ന പാർശ്വഭിത്തികളും കടവും കെട്ടി കുളം ഉപയോഗപ്രദമാക്കിയാൽ ക്ഷേത്രാവശ്യത്തിനും പ്രദേശവാസികൾക്കും മറ്റും പ്രയോജനകരമാകും.

  • പൊട്ടക്കുളം

ഏകദേശം രണ്ട് സെന്റിനകത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതുകുളമാണിത്. ജലലഭ്യതയുടെ ഉറവിടം ഉറവയാണ്.ഈ കുളത്തിനകത്ത് ഉറകൾ ഇറക്കി വെച്ച ഒരു കിണർ ഉണ്ട്. ഊറ്റടച്ചു കൊണ്ട് നിർമ്മിച്ച ഒരു ബണ്ടാണിത്. പരിസരവാസികൾ കുടിവെള്ളക്ഷാമം നേരിടുമ്പോൾ ഈ കിണറിനെ ആശ്രയിച്ചിരുന്നു.

ആയതിനാൽ തകർന്നു കിടക്കുന്ന പാർശ്വഭിത്തികൾ കെട്ടുകയും, പായലും ചെളിയും കോരി കുളം വൃത്തിയാക്കിയാൽ  ജനങ്ങൾക്ക് കുടിവെള്ളത്തിനും കുളിക്കുന്നതിനും നനക്കുന്നതിനും കൃഷിക്കും ഉപയോഗിക്കാവുന്നതാണ്.

കുളമില്ല

  • വാലിക്കോണം ചിറ

ഏകദേശം 20 സെന്റ് വസ്തുവിൽ സ്ഥിതി ചെയ്യുന്ന വെയിലൂർ വാർഡിലെ പൊതുകുളമാണിത്. ചെളിയും,പായലും നിറഞ്ഞു കിടക്കുകയും കുളത്തിന്റെ പരിസരം കാടു   മൂടി കിടക്കുകയും ചെയ്യുന്നു. കടവുകൾ സംരക്ഷണ ഭിത്തി എന്നിവ ഭാഗികമായി തകർന്ന നിലയിലാണ്. പായലും ചെളിയും നീക്കം ചെയ്ത് പാർശ്വഭിത്തികളും കടവും അറ്റകുറ്റപ്പണികൾ നടത്തി ജലം ഉപയോഗപ്രദമാക്കിയാൽ പ്രദേശവാസികളുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

  • ശാസ്തവട്ടം കുളം

60 മീറ്റർ ശരാശരി നീളവും 25 മീറ്റർ ശരാശരി വീതിയും 4 മീറ്റർ ശരാശരി ആഴവുമുള്ള 12 മാസവും ജലലഭ്യതയും ജലലഭ്യതയുടെ ഉറവിടം ഉറവയുമായിട്ടുള്ള പൊതു കുളമാണിത്. കുളം പൂർണ്ണമായും ചെളിയും പായലും നിറഞ്ഞ് കാട് കയറി ഉപയോഗ ശൂന്യമായി കിടക്കുന്നു.

ചെളിയും പായലും നീക്കം ചെയ്ത് കുളം വൃത്തിയാക്കിയാൽ ജലസേചനം, മത്സ്യകൃഷി, ഗാർഹിക ആവശ്യം കന്നുകാലികളെ കുളിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

  • ചിറക്കര കുളം

60 മീറ്റർ ശരാശരി നീളവും 40 മീറ്റർ ശരാശരി വീതിയും 4 മീറ്റർ ശരാശരി ആഴവും ഉള്ളതും ജലലഭ്യതയുടെ ഉറവിടം ശാസ്തവട്ടം ചെമ്പകമംഗലം തോടും ഉറവയുമായിട്ടുള്ള വേനൽ സമയങ്ങൾ ഒഴിച്ച് ബാക്കിയുള്ള മാസങ്ങളിൽ ജലലഭ്യതയുമുള്ള ശാസ്തവട്ടം വാർഡിലെ പൊതു കുളമാണിത്. ചെളിയും,പായലും, കാടും നിറഞ്ഞ് ഉപയോഗപ്രദമല്ലാത്ത രീതിയിൽ സ്ഥിതി ചെയ്യുന്ന കുളം വൃത്തിയാക്കിയാൽ പ്രദേശവാസികളുടെ ദൈനംദിന ആവശ്യങ്ങൾക്കും കൃഷി മത്സ്യകൃഷി തുടങ്ങിയ മറ്റാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്.

  • ശാസ്തവട്ടം ക്ഷേത്രകുളം

18 മീറ്റർ ശരാശരി നീളവും 15 മീറ്റർ ശരാശരി വീതിയും 2 മീറ്റർ ശരാശരി ആഴവുമുള്ള ക്ഷേത്രകുളമാണിത്. പാർശ്വഭിത്തികളാൽ സംരക്ഷിച്ച അതിരുകളും കടവുകളുമുള്ള ക്ഷേത്രകുളം പ്രധാനമായും ക്ഷേത്ര ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നു.

പദ്ധതി പ്രദേശത്ത് അവലംബിക്കാവുന്ന വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങൾ


അടിസ്ഥാന വിഭവങ്ങളായ മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവ തമ്മിലുള്ള സ്വാഭാവികമായ ബന്ധം നിലനിർത്തേണ്ടത് സുസ്ഥിരമായ വികസനത്തിന് അത്യാവശ്യമാണ്. ഇവ തമ്മിലുള്ള സന്തുലിതാവസ്ഥ പരിപാലിക്കപ്പെടേണ്ടതാണ്. ഈ അവസ്ഥക്ക് കോട്ടം തട്ടുമ്പോഴാണ് മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും പൊട്ടിപുറപ്പെടുന്നത്. ഓരോ പ്രദേശത്തിന്റെയും പൊതുവായ ഭൂപ്രകൃതി, ചരിവ്, നിലവിലുള്ള ഭൂവിനിയോഗ രീതികൾ, ജലവിഭവങ്ങൾ എന്നിവയെ സമഗ്രമായ പഠനത്തിന് വിധേയമാക്കി ശാസ്ത്രീയമായ അടിത്തറയോടെ വേണം പ്രദേശത്തെ ജലവും, അഥവാ ജലസമ്പത്തും പരിപാലിക്കപ്പെടേണ്ടത്.

ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.) സാങ്കേതികവിദ്യ ഉപയോഗിച്ച് നിലവിലെ ഭൂപ്രകൃതി, മറ്റു ഘടകങ്ങൾ എന്നിവ പരിഗണിച്ച് പദ്ധതി പ്രദേശത്ത് ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി നടത്താവുന്ന ചില ഇടപെടലുകൾ ചുവടെക്കൊടുക്കുന്നു. ഭൂപടത്തിലും രേഖപ്പെടുത്തിയിരിക്കുന്നു.  

ഭൂവിനിയോഗത്തിൽ നിർദേശിക്കുന്ന ഇടപെടലുകൾ

ഓരോ പ്രദേശത്തേയും ഭൂമിയുടെ സ്വഭാവത്തിനും നിലനിക്കുന്ന പ്രകൃതി വിഭവങ്ങളുടെ ലഭ്യതയ്ക്കും കാർഷിക പാരിസ്ഥിതിക അവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. കോണ്ടൂർ കയ്യാലകൾ (Contour Bunds) നിർമ്മിക്കൽ, കാർഷിക കുളങ്ങളുടെ (Farm Ponds) നിർമ്മാണം, മേല്‍ക്കൂരയില്‍ നിന്നും മഴവെള്ള സംഭരണം (Roof Top Rain Water Harvesting), സ്റ്റാഗേർഡ് ട്രെഞ്ചുകൾ (Staggered Trenches) തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കോണ്ടൂർ കയ്യാല നിർമ്മാണം

മൺകയ്യാല (മണ്ണ് കൊണ്ട്)  നിർമ്മാണം, കല്ലുകയ്യാല (കല്ല് കൊണ്ട്) നിർമ്മാണം എന്നിവ ഇതിൽപ്പെടുന്നു. ഉപരിതല ഒഴുക്കിനെ തടയാൻ പറമ്പുകളിൽ മണ്ണുകൊണ്ടോ കല്ലുകൊണ്ടോ നിർമ്മിക്കുന്ന തടസ്സങ്ങളാണിവ. മൺകയ്യാലകൾ, തിരണകൾ, കയ്യാലമാടൽ, കൊള്ള് എന്നിങ്ങനെ പ്രാദേശിക മായി വിവിധ പേരുകൾ ഇവയ്ക്കുണ്ട്. മണ്ണിളക്കുമ്പോൾ ലഭിക്കുന്ന ലാറ്ററൈറ്റ് (ഉരുളൻ കല്ലുകൾ) കല്ലുകൾ ലഭ്യമായ മലയോര മേഖലകളിൽ നിർമ്മിക്കുന്ന കല്ലുകയ്യാലകളും കോണ്ടൂർ വരമ്പുകളുടെ ഗണത്തിൽ വരും. കേരളീയ സാഹചര്യങ്ങളിൽ മൺ കയ്യാലകൾ പൊതുവെ 12 ശതമാനം വരെ ചരിവുള്ള പ്രദേശങ്ങൾക്ക് അനുയോജ്യമാണ് ഇവയ്ക്ക് മുകളിൽ പുല്ല്, കൈത (Pineapple) എന്നിവ വച്ചുപിടിപ്പിച്ച് ബലവത്താക്കാവുന്നതാണ്. മുഴുവൻ കൃഷിയിടവും ചരിവിനു കുറുകെ നിർമ്മിക്കുന്ന മൺ വരമ്പുകളാൽ ഖണ്ഡങ്ങളാക്കി തിരിച്ച് ഇടവരമ്പുകളും തീർത്ത് വീഴുന്ന മഴ വെള്ളം കയ്യാലകൾക്കിടയിൽ തന്നെ സംഭരിക്കുന്നു. കോണ്ടൂർ വരമ്പുകളും ഇടവരമ്പുകളും തീർത്തുകഴിയുമ്പോൾ ഇവ ഓരോന്നും ഒരു സൂക്ഷ്മ വൃഷ്ടിത്തടം (Micro catchement) പോലെ ജലം മണ്ണിൽ ശേഖരിച്ച് ഭൂജല പോഷണത്തിന് സഹായിക്കുന്നു. അങ്ങനെ പറമ്പുകളിൽ ജലാംശം വർദ്ധിപ്പിക്കുന്നതോടൊപ്പം കുളങ്ങളിലും കിണറുകളിലും വേനൽക്കാലത്ത് ജലസമൃദ്ധി ഉറപ്പുവരുത്താനും ഇവ സഹായിക്കുന്നു.

ചെറുകിട കർഷകർ ഉദ്ദേശ സമോച്ച രേഖ അടിസ്ഥാനമാക്കി മണ്ണ് കയ്യാലകൾ നിർമിച്ചു വരുന്നു. എങ്കിലും ഇവയുടെ നിർമ്മാണത്തിൽ ചില സാങ്കേതികതകളുണ്ട്. രണ്ട് കയ്യാലകൾ തമ്മിലുള്ള അകലം കണക്കാക്കുന്നത് ലംബ അകലം (Vertical interval) ഉപയോഗിച്ചാണ് VI= 0.3 (S/3 +2 )എന്ന ഈ സൂത്രവാക്യത്തിൽ 'S’ എന്നത് പറമ്പിന്റെ ചരിവും VI ലംബ അകലവുമാണ് ഉദാഹരണമായി 6% ചരിവുള്ള ഭൂമിയിൽ കയ്യാലകൾ തമ്മിലുള്ള ലംബ അകലം [0.3 (6/3+2) = 1.2 മീറ്റർ ആയിരിക്കും.

മൺവരമ്പുകൾക്ക് 60 മുതൽ 90 സെന്റിമീറ്റർ വരെ ഉയരം നൽകിവരുന്നു. കാലവർഷത്തിൽ, പ്രത്യേകിച്ചും കളിമണ്ണിന്റെ അംശം കൂടുതലുള്ള മൺതരങ്ങളിൽ, വരമ്പുകൾക്ക് നാശമുണ്ടാകാത്ത വിധം അധിക ജലം ഒഴുക്കിക്കളയാനുള്ള സംവിധാനം നൽകാവുന്നതാണ്.

12 ശതമാനത്തിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ മൺ കയ്യാലകൾക്ക് കൂടുതൽ ബലം ലഭിക്കുവാൻ പുരയിടങ്ങളിൽ മണ്ണിളക്കുമ്പോൾ ലഭ്യമായ കല്ലുപയോഗിക്കുന്നു. കല്ലുകയ്യാലകൾ എന്ന് വിളിക്കുന്ന ഇത്തരം നിർമ്മിതികൾ കേരളത്തിലെ കർഷകർക്കിടയിൽ ഏറെ സ്വീകാര്യമാണ് മണ്ണിളക്കുമ്പോൾ കല്ല് കൂടുതലുള്ള കൃഷി ഭൂമികളിൽ 12 % ത്തിൽ താഴെ ചരിവ് ഉള്ളപ്പോൾ പോലും കല്ല് കയ്യാലകൾ നിർമ്മിച്ചുവരുന്നു.ദീർഘകാലം കേടുപാടുകളില്ലാതെ നിലനിൽക്കുന്നതും പറമ്പുകളിൽ നിന്നും കല്ലൊഴിവായിക്കിട്ടുന്നതുമെല്ലാം ഇതിനു കാരണമാണ്. മൺ കയ്യാലകളുടെ അകലം ക്രമീകരണത്തിനുപയോഗിക്കുന്ന സൂത്രവാക്യം തന്നെ കല്ലുകയാലകൾക്കും ഉപയോഗിക്കാവുന്നതാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലകളിൽ കയ്യാല കൾ നിർമ്മിക്കുമ്പോൾ സുരക്ഷിതമായ നീർവാർച്ച ഉറപ്പാക്കുകയും, നീർച്ചാലുകൾക്ക് തടസ്സമുണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം. 396, 397, 171, 170, 169, 48, 157, 158, 181, 51, 180, 495, 494, 199, 198, 265, 5, 34, 35, 77, 79 മുതലായ സർവെ നമ്പറുകളിൽ മൺ കയ്യാലകൾ നിർമ്മിക്കുന്നത് പരിഗണിക്കാവുന്നതാണ്. 

കാർഷിക കുളം

ഉപരിതലപ്രവാഹം ശേഖരിക്കാനുതകുന്ന കുളങ്ങൾ ഭൂഗർഭജലവിതാനം ഉയർത്തുന്നതിന് അനിവാര്യമാണ്. കൃഷിയാവശ്യത്തിനും മറ്റ് ആവശ്യങ്ങൾ ക്കുമായി കുളങ്ങളുടെ പുനരുദ്ധാ രണവും പുതിയ ജലശ്രോതസ്സുകളുടെ വികസനവും ആവശ്യമാണ്. ഇതു വഴി ഭൂജലസ്രോതസ്സിന്മേലുളള ആശ്രയത്വം കുറയുകയും വേനൽക്കാലത്ത് കൂടുതൽ ജലം ലഭ്യമാകുകയും ചെയ്യും. 189, 252, 254, 261, 437, 393, 397, 333, 82, 313, 27 മുതലായ സർവെ നമ്പറുകളിൽ കാർഷിക കുളങ്ങൾ നിർമ്മിക്കുന്നത് പരിഗണിക്കാവുന്നതാണ്. 

മേല്‍ക്കൂരയില്‍ നിന്നും മഴവെള്ള സംഭരണം (Roof Top Rain Water Harvesting)

മേൽക്കൂരയിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ പി.വി.സി പാത്തികളിലൂടെ ഒഴുക്കി സംഭരണികളിലേക്കോ കിണറുകളിലേക്കോ മണ്ണിലേക്ക് ഊർന്ന്  ഇറങ്ങുന്നതിനായോ ഉള്ള സംവിധാനം ഒരുക്കന്നത് വഴി ഭൂഗർഭ ജല സ്രോതസ്സ് വർധിപ്പിക്കാവുന്നതാണ്.

ഫെറോ സിമെന്റ് സംഭരണി: ടാങ്കുകളിൽ ശേഖരിച്ച് നേരിട്ട് ഉപയോഗിക്കുന്ന ലളിതമായ രീതിയാണിത്. 15000 ലിറ്റർ സംഭരണശേഷിയുള്ള ഒരു ഫെറോ സിമന്റ് ടാങ്ക് നിർമ്മിച്ചാൽ 4 പേരടങ്ങുന്ന കുടുംബത്തിന് 4 മാസം വരെ പാചകാവശ്യങ്ങൾക്കുള്ള വെള്ളം 1000 ചതുരശ്ര അടി മേൽക്കൂര വിസ്തീർണ്ണത്തിൽ നിന്ന് കണ്ടെത്താവുന്നതാണ്.

കിണർ റീചാർജ്ജിംങ്: മഴയുള്ള സമയത്ത് മേൽക്കുരയിൽ നിന്നും മഴവെള്ളം പാത്തികളിൽ കുടി ശേഖരിച്ച് കിണറിന് മുകൾ വശത്തായി എടുത്ത കുഴികളിലേയ്‌ക്കോ, അല്ലെങ്കിൽ ഫിൽറ്റർ വഴി നേരിട്ടു കിണറിലേ‌ക്കോ ഇറക്കുന്ന രീതിയാണ് ഇത്. വേനൽക്കാലത്ത് ജലലഭ്യത വർദ്ധിപ്പിക്കുന്നതോടൊപ്പം കിണറ്റിലേക്കുള്ള ഉറവകൾ ശക്തി പ്പെടുത്തുവാനും ഈ മാർഗ്ഗം സഹായിക്കും. ഉപയോഗശൂന്യമായ കിണറുകളും കുഴൽക്കിണറുകളും ഇപ്രകാരം മഴവെള്ളം ഭൂജലത്തിലേക്ക് എത്തിക്കാൻ ഉപയോഗിക്കാവുന്നതാണ്. കാലക്രമേണ ഇവയിലും ഉറവകൾ എത്തി തുടങ്ങും.

പൊതു സ്ഥാപനങ്ങളിലും മറ്റും  സ്ഥല ലഭ്യത/അനുയോജ്യത എന്നിവ അനുസരിച്ച് കൃത്രിമ ഭൂജല പോഷണം ചെയ്യാവുന്നതാണ്. ഭൂപടത്തിൽ  ചിത്രീകരണം നൽകിയിട്ടുണ്ട്.  

സ്റ്റാഗേർഡ് ട്രെഞ്ചുകൾ (Staggered Trenches)

വ്യത്യസ്‌തമായ ചരിവുള്ള സാഹചര്യങ്ങളിൽ (8-33%) ഇത് അഭികാമ്യമാണ്. ഈ സാഹചര്യത്തിൽ, കിടങ്ങിന്റെ   നീളം ചെറുതായി സൂക്ഷിക്കുന്നു, അതായത് 2-3 മീറ്റർ, വരികൾ തമ്മിലുള്ള അകലം 3-5 മീറ്റർ വരെ വ്യത്യാസപ്പെടുന്നു. ഭൂപ്രകൃതിയുള്ള മലയോര പ്രദേശങ്ങൾക്ക് ഇത് ഏറെ അനുയോജ്യമാണ്. 129,  128, 153, 143, 144, 142, 127, 122, 245, 247, 242, 241, 246, 247, 356, 357, 348, 349, 350 മുതലായ സർവെ നമ്പറുകളിൽ സ്റ്റാഗേർഡ് ട്രെഞ്ചുകൾ ചെയ്യാവുന്നതാണ്.

നീർച്ചാലുകളിലും ജലാശയങ്ങളിലും നിർദേശിക്കുന്ന ഇടപെടലുകൾ

പ്രദേശത്തെ നീരൊഴുക്കിന്റെ വേഗത നിയന്ത്രിക്കുന്നതിനും, സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നതുമായ വിവിധതരം പ്രവർത്തനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ബ്രഷ് വുഡ് തടയണകൾ

നീരൊഴുക്ക് ശക്തിയാർജ്ജിക്കുന്ന ഇടങ്ങളിൽ ഇത്തരം തടയണകൾ നിർമ്മിക്കാം. ചാലിനു കുറുകെ നിരകളായി തളിർക്കുന്ന മരക്കുറ്റികൾ നടുകയും അവയ്ക്കിടയിൽ ചുള്ളി കമ്പുകൾ, മരച്ചില്ലകൾ, വള്ളിപ്പടർപ്പ് തുടങ്ങിയവ നിറച്ച് കെട്ടി ബലപ്പെടുത്തിയുമാണ് ബ്രഷ് വുഡ് തടയണകൾ ഉണ്ടാക്കുന്നത്. മരക്കുറ്റികൾ ക്രമേണ തളിർത്ത് തടയണകൾ ബലപ്പെടുകയും, നീരൊഴുക്കിന്റെ വേഗത കുറച്ച് മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നു.

മൂർത്തിക്കാവ് വയ്യേറ്റ് വാരം തോട് (സർവെ നമ്പർ 147, 84) മുക്കാൻതോട് (സർവെ നമ്പർ 58),  കണ്ടു കൃഷി ഡാം തോട് (സർവെ നമ്പർ 223), ചിത്രാഞ്ജലി തോട് (സർവെ നമ്പർ 360), മുറിഞ്ഞപാലം വലിയ തോട് (സർവെ നമ്പർ 195),  പാറയിൽ തോട് (സർവെ നമ്പർ 261) മുതലായവ ബ്രഷ് വുഡ് തടയണകൾ ചെയ്യാവുന്ന തോടുകളിൽ     ചിലതാണ്

ഗാബിയൻ ചെക്ക്ഡാം

നിശ്ചിത കട്ടിയുള്ള വേലിക്കമ്പി കൊണ്ട് തയ്യാറാക്കിയ ബോക്‌സുകൾക്കുള്ളിൽ കല്ലുകൾ നിറച്ച് നിർമ്മിക്കുന്ന തടയണകളാണിവ. കമ്പികൾ ഉപയോഗിക്കുന്നതിനാൽ പാറകൾ ഇളകാതിരിക്കുകയും, ദീർഘകാലം നിലനിൽ ക്കുകയും ചെയ്യും.