പഞ്ചായത്തുകൾ തിരഞ്ഞെടുത്തു നൽകിയ ജലമിത്രങ്ങൾക്കുള്ള പ്രാരംഭഘട്ട പരിശീലനം 2024 ആഗസ്റ്റ് 6 ന് 11 മണിക്ക് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടത്തി. ഓരോ പഞ്ചായത്തിൽ നിന്നും സയൻസ് ബിരുദധാരികളായ ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ വൈദഗ്ധ്യവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള രണ്ട് ലോക്കൽ റിസോഴ്സ് പേഴ്സൺമാരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കണ്ടെത്തി. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാവശ്യമായ വിവര ശേഖരണം, ജിയോ കോർഡിനേറ്റ്സ് ശേഖരിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. ജലമിത്രങ്ങൾ പഞ്ചായത്തിലെ നിലവിലെ ജലസ്രോതസ്സുകളുടെ അവസ്ഥയും നിർദേശങ്ങളും മറ്റ് അനുബന്ധ വിവരങ്ങളും ശേഖരിച്ചു. ജന പ്രതിനിധികളുമായും പൊതുജനങ്ങളുമായും വിവര വിജ്ഞാന വിനിമയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. വകുപ്പിൽ നിന്നും തയ്യാറാക്കി നൽകിയ പ്രൊഫോർമയിൽ ജനപ്രതിനിധികളുമായി സംവദിച്ച് ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങൾ, കിണറുകൾ, കുളങ്ങൾ, തോടുകൾ എന്നിവയെ സംബന്ധിച്ച വിവര ശേഖരണം നടത്തുകയും നിർദ്ദേശങ്ങൾ ശേഖരിക്കുകയും ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓരോ പഞ്ചായത്തിലും ജലമിത്രങ്ങൾ സജീവമായി പ്രവർത്തിച്ചു. പ്രവർത്തന പുരോഗതിക്കായി അവലോകനങ്ങൾ ഓൺലൈൻ ആയും വകുപ്പ് ആസ്ഥാനത്ത് വച്ചും നടത്തുകയുണ്ടായി. ശേഖരിച്ച വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും മറ്റും ജലമിത്രങ്ങൾ വകുപ്പിൽ വരികയുണ്ടായി. ജലമിത്രങ്ങൾ ശേഖരിച്ച വിവരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/ഗ്രാമപഞ്ചായത്ത് അംഗങ്ങൾ/പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നൽകി കൃത്യത ഉറപ്പു വരുത്തി. പ്രൊജക്റ്റ് ലീഡർ ഡോ. അരുൺജിത്ത് പി., [സ്പെഷ്യലിസ്റ്റ് (സോയിൽ സയൻസ്)] പദ്ധതിയെക്കുറിച്ചും പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ്സ് നയിച്ചു. പ്രൊജക്റ്റ് സയന്റിസ്റ്റ് (ജിയോഗ്രഫി) ശ്രീമതി. ദീപിക ജെ., അഴൂർ, കഠിനംകുളം മംഗലപുരം, പോത്തൻകോട് എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്തു നൽകിയ ജലമിത്രങ്ങൾ എന്നിവർ പങ്കെടുത്തു. എല്ലാ ജലമിത്രങ്ങൾക്കും വേണ്ട നിർദ്ദേശങ്ങളും തുടർപരിശീലനങ്ങളും സമയാ സമയങ്ങളിൽ ഓൺലൈൻ/ഓഫ്‌ലൈൻ ആയി നൽകുകയുണ്ടായി.
